Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

‘പരീക്ഷണങ്ങളുടെ കാലമാണിത്; പരസ്പരം പിന്തുണയ്ക്കാനും കൂട്ടത്തിൽ നമ്മുടെയത്ര ഭാഗ്യമില്ലാത്തവരെ സഹായിക്കാനുമുള്ള സമയവും; കൊറോണക്കെതിരായ പോരാട്ടത്തിൽ അതിർത്തികൾ അപ്രസക്തമെന്ന് ഹർഭജനും യുവരാജും; ഷാഹിദ് അഫ്രീദിക്ക് സഹായം നൽകിയതിന് ആരാധകരുടെ വിമർശനവും

‘പരീക്ഷണങ്ങളുടെ കാലമാണിത്; പരസ്പരം പിന്തുണയ്ക്കാനും കൂട്ടത്തിൽ നമ്മുടെയത്ര ഭാഗ്യമില്ലാത്തവരെ സഹായിക്കാനുമുള്ള സമയവും; കൊറോണക്കെതിരായ പോരാട്ടത്തിൽ അതിർത്തികൾ അപ്രസക്തമെന്ന് ഹർഭജനും യുവരാജും; ഷാഹിദ് അഫ്രീദിക്ക് സഹായം നൽകിയതിന് ആരാധകരുടെ വിമർശനവും

മറുനാടൻ ഡെസ്‌ക്‌

കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിൽ അതിർത്തികൾ പോലും അപ്രസക്തമാകുന്നു. കളിക്കളത്തിലെ ചിരവൈരികൾ പരസ്പരം കൈകൾ കോർക്കുന്നത് പാവങ്ങളായ മനുഷ്യരുടെ പട്ടിണി മാറ്റാനാണ്. പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് പിന്തുണയുമായി ഇന്ത്യൻ താരങ്ങളായ യുവരാജ് സിങ്ങും ഹർഭജൻ സിങ്ങുമാണ് രംഗത്ത് എത്തിയത്. പാക്കിസ്ഥാനിലെ പട്ടിണിപ്പാവങ്ങളെ സഹായിക്കാൻ അഫ്രീദി ഫൗണ്ടേഷന് സംഭാവന നൽകുക മാത്രമല്ല, മറ്റുള്ളവരോട് സഹായിക്കാൻ ആവശ്യപ്പെടുക കൂടിയാണ് താരങ്ങൾ.

വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യം പ്രതിസന്ധിയിലായതോടെ പട്ടിണിയിലായ പാക്കിസ്ഥാനിലെ ആളുകളെ സഹായിക്കുന്ന ഷാഹിദ് അഫ്രീദി ഫൗണ്ടേഷന് ഇരുവരും സാമ്പത്തിക സഹായവും നൽകി. ഇരുവരുടെയും അകമഴിഞ്ഞ പിന്തുണയ്ക്ക് നന്ദിയറിയിച്ച് അഫ്രീദി ട്വിറ്ററിലൂടെ രംഗത്തെത്തുകയും ചെയ്തു. കൊറോണ വൈറസ് വ്യാപനം പ്രതിസന്ധി സൃഷ്ടിച്ച നാൾമുതൽ സഹായ ഹസ്തവുമായി രംഗത്തുള്ള അഫ്രിദീയെയും അദ്ദേഹത്തിന്റെ ഫൗണ്ടേഷനെയും അഭിനന്ദിച്ച് ആദ്യം രംഗത്തെത്തിയ ക്രിക്കറ്റ് താരം ഹർഭജൻ സിങ്ങാണ്.

‘മുൻപെങ്ങുമില്ലാത്ത വിധം വളരെയധികം ബുദ്ധിമുട്ടേറിയ ഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. കൊറോണയ്ക്കെതിരായ പോരാട്ടത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഷാഹിദ് അഫ്രീദിയെയും ഷാഹിദ് അഫ്രീദി ഫൗണ്ടേഷനെയും നമുക്ക് ആവുന്ന വിധത്തിൽ സഹായിക്കാം’ – വസിം അക്രം, യുവരാജ് സിങ്, ഷോയ്ബ് അക്തർ എന്നിവരെ ടാഗ് ചെയ്ത് ഹർഭജൻ ട്വിറ്ററിൽ കുറിച്ചു. ഷാഹിദ് അഫ്രീദി ഫൗണ്ടേഷനു സഹായം നൽകുന്ന കാര്യം ട്വിറ്ററിലൂടെയാണ് യുവരാജും അറിയിച്ചത്.

‘പരീക്ഷണങ്ങളുടെ കാലമാണിത്. പരസ്പരം പിന്തുണയ്ക്കാനും കൂട്ടത്തിൽ നമ്മുടെയത്ര ഭാഗ്യമില്ലാത്തവരെ സഹായിക്കാനുമുള്ള സമയവും. നമുക്ക് നമ്മുടേതായ രീതിയിൽ സഹായങ്ങൾ ഉറപ്പാക്കാം. കൊറോണ വൈറസ് വ്യാപനത്തിന് എതിരായ ഈ നല്ല ഉദ്യമത്തിൽ ഷാഹിദ് അഫ്രീദിയേയും ഷാഹിദ് അഫ്രീദി ഫൗണ്ടേഷനെയും എളിയ രീതിയിൽ സഹായിക്കാനാണ് തീരുമാനം. നിങ്ങളും സംഭാവനകൾ നൽകുക’ – യുവരാജ് കുറിച്ചു.

ഇതിനെല്ലാം പിന്നാലെ ഇരുവർക്കും നന്ദിയറിയിച്ച് ഷാഹിദ് അഫ്രീദി തന്നെ രംഗത്തെത്തി. ‘താങ്കളുടെയും (യുവരാജ് സിങ്) എന്റെ സഹോദരൻ ഹർഭജൻ സിങ്ങിന്റെയും എല്ലാ പിന്തുണയ്ക്കും ഹൃദയം നിറഞ്ഞ നന്ദി. നിങ്ങൾ ഇരുവരും എന്നും ഞങ്ങളുടെ കരുത്താണ്. മനുഷ്യത്വത്തിന്റെ കാര്യം വരുമ്പോൾ അതിർത്തികൾ പോലും മായിച്ചുകളയുന്ന ബന്ധത്തിന്റെ തെളിവാണിത്. ‘യുവിക്യാൻ’ ക്യാംപെയിനുമായി ബന്ധപ്പെട്ട് താങ്കളുടെ പ്രവർത്തനങ്ങൾക്ക് എല്ലാ ആശംസകളും’ – അഫ്രീദി ട്വിറ്ററിൽ കുറിച്ചു.

അതേസമയം, ഷാഹിദ് അഫ്രീദിയെയും അദ്ദേഹത്തിന്റെ ഫൗണ്ടേഷനെയും സഹായിക്കാനുള്ള ഹർഭജൻ സിങ്ങിന്റെയും യുവരാജ് സിങ്ങിന്റെയും തീരുമാനത്തിനെതിരെ ട്വിറ്ററിൽ വിമർശനവും ഉയരുന്നുണ്ട്. പാക്ക് അധീന കശ്മീരിനെ മുൻനിർത്തി എക്കാലവും ഇന്ത്യയ്ക്കെതിരെ പോരാടുന്ന അഫ്രീദിയെ പിന്തുണയ്ക്കുന്നത് നല്ല സന്ദേശമല്ലെന്ന് ഒരു വിഭാഗം ആരാധകർ ചൂണ്ടിക്കാട്ടുന്നു. മുൻപ് ഇന്ത്യയ്ക്കെതിരെ പലതവണയായി അഫ്രീദി നടത്തിയ ട്വീറ്റുകളുടെ സ്ക്രീൻ ഷോട്ടുകൾ സഹിതമാണ് ആരാധകർ വിമർശനമുയർത്തുന്നത്. പ്രകടമായ രീതിയിൽ ഇന്ത്യാ വിരുദ്ധ അജൻഡയെ പിന്തുണയ്ക്കുന്ന അഫ്രീദിയുമായുള്ള സഹകരണം ശരിയല്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP