Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രളയകാലത്ത് സർക്കാരിന് കിട്ടിയത് കൈ അയച്ച് സഹായം; ദുരിത ബാധിതർക്ക് ഒന്നും കിട്ടിയില്ലെന്ന് മാത്രമല്ല സിപിഎം നേതാക്കൾ പണം തട്ടിയെന്നും തെളിഞ്ഞു; റീബിൽഡ് കേരളയ്ക്ക് ബജറ്റിൽ അനുവദിച്ച 1000 കോടി ചെലവായതുമില്ല; നവ കേരള സൃഷ്ടിക്ക് തടസ്സം ഉദ്യോഗസ്ഥർക്കിടയിലെ തമ്മിലടി; ലോക ബാങ്ക് വായ്പയും ആവിയായി പോയി; 2018ലെ സാലറി ചലഞ്ചിൽ പറഞ്ഞതൊന്നും നടന്നില്ല; ഇപ്പോഴത്തെ സാലറി കട്ടും കാറു വാങ്ങാനും അടിച്ചു പൊളിക്കാനും തന്നെ; കൊറോണ സാലറി ചലഞ്ചും കോടതി കയറും

പ്രളയകാലത്ത് സർക്കാരിന് കിട്ടിയത് കൈ അയച്ച് സഹായം; ദുരിത ബാധിതർക്ക് ഒന്നും കിട്ടിയില്ലെന്ന് മാത്രമല്ല സിപിഎം നേതാക്കൾ പണം തട്ടിയെന്നും തെളിഞ്ഞു; റീബിൽഡ് കേരളയ്ക്ക് ബജറ്റിൽ അനുവദിച്ച 1000 കോടി ചെലവായതുമില്ല; നവ കേരള സൃഷ്ടിക്ക് തടസ്സം ഉദ്യോഗസ്ഥർക്കിടയിലെ തമ്മിലടി; ലോക ബാങ്ക് വായ്പയും ആവിയായി പോയി; 2018ലെ സാലറി ചലഞ്ചിൽ പറഞ്ഞതൊന്നും നടന്നില്ല; ഇപ്പോഴത്തെ സാലറി കട്ടും കാറു വാങ്ങാനും അടിച്ചു പൊളിക്കാനും തന്നെ; കൊറോണ സാലറി ചലഞ്ചും കോടതി കയറും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 2018ൽ സാലറി ചലഞ്ച് പ്രളയത്തിന് വേണ്ടിയായിരുന്നു. 1500 കോടിയാണ് ഇതിലൂടെ സംസ്ഥാന സർക്കാർ നേടിയത്. ജീവനക്കാർ എതിർപ്പുമായി എത്തിയപ്പോൾ പ്രതിപക്ഷം സുപ്രീംകോടതി വരെ പോയി. പ്രത്യേക അക്കൗണ്ടിലേക്ക് ഈ തുക മാറ്റണമെന്ന അഭിപ്രായവും സർക്കാർ കേട്ടി. ഇപ്പോഴിതാ വീണ്ടും സാലറി ചലഞ്ച് എത്തുന്നു. ഇത്തവണ ഇതിനെ പിടിച്ചു പറിയായാണ് ജീവനക്കാരിൽ ഒരു ഭാഗം കാണുന്നത്. സാലറി കൊടുത്തേ മതിയാകൂവെന്നാണ് മന്ത്രിസഭാ തീരുമാനം. ഇത് കോടതിയിൽ ചോദ്യം ചെയ്യാൻ സാധ്യത ഏറെയാണ്. എന്നാൽ ജോലിയില്ലാതെ വീട്ടിലിരിക്കുന്നതിനാൽ സുപ്രീംകോടതി ജീവനക്കാരുടെ കാര്യത്തിൽ അനുകൂലമാകില്ലെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.

പ്രളയകാലത്ത് സർക്കാർ ജീവനക്കാരും സാധാരണ ജനങ്ങളുമുൾപ്പടെ ദുരിതാശ്വാസ നിധിയിലേക്ക് കൈ അയച്ച് സഹായം നൽകി. എന്നാൽ ആ പണം കൃത്യമായി വിനിയോഗിക്കുന്നതിൽ സർക്കാർ പരാജയപ്പെടുകയാണുണ്ടായത്. ദുരിതബാധിതർക്ക് സഹായം ലഭിച്ചില്ലന്നു മാത്രമല്ല, സിപിഎം നേതാക്കൾ പണം തട്ടിയെടുക്കുന്ന സംഭവവും ഉണ്ടായി. പാർട്ടി നേതാക്കൾ തന്നെ പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിച്ചപ്പോൾ ദുരിതാശ്വാസ ഫണ്ട് വകമാറ്റി ചെലവഴിച്ചും ധൂർത്തടിച്ചും സർക്കാരും അവർക്കൊപ്പം ചേരുകയാണുണ്ടായത്. ഇപ്പോൾ ദുരിതാശ്വാസത്തിന്റെ പേരിൽ വീണ്ടും ശമ്പളമുൾപ്പടെ പിടിച്ചെടുക്കാൻ തീരുമാനിക്കുമ്പോൾ എന്തു വിശ്വസിച്ച് പണം നൽകുമെന്ന ചോദ്യമാണ് ചർച്ചയാകുന്നത്.

ഈ സാഹചര്യത്തിലാണ് പ്രളയത്തിലെ ആശ്വാസ നടപടികൾ പൊളിഞ്ഞ വിഷയം ഉയർത്തിക്കൊണ്ടു വരുന്നതും. 2018ലെ പ്രളയത്തിൽ സർക്കാർ പ്രഖ്യാപിച്ച റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിക്കു കീഴിൽ ചില്ലിക്കാശ് പോലും ഇനിയും ചെലവഴിച്ചിട്ടില്ല. ചൊവ്വാഴ്ച അവസാനിച്ച കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 1000 കോടി രൂപയാണ് കേരളം പുനഃസൃഷ്ടിക്കാൻ മാറ്റിവച്ചിരുന്നത്. ഒരു രൂപ പോലും ചെലവഴിക്കാൻ സർക്കാരിനായില്ല. ഉദ്യോഗസ്ഥർക്കിടയിലെ തമ്മിലടിയാണ് ഇതിന് കാരണം. ്അതായത് ജീവനക്കാരിൽ നിന്നും പിരിച്ച പണം ഒന്നും ചെയ്തില്ല. ഇതിനിടെയാണ് സർക്കാരിന്റെ ധൂർത്തും മറ്റും ചർച്ചയാകുന്നത്. കാറു വാങ്ങാനും കമ്പ്യൂട്ടർ നേടാനും പിന്നെ ഓഫീസ് മോടി പിടിക്കലുമൊക്കെയായി അടിച്ചു പൊളിക്കുകയാണ് സർക്കാർ.

റിബിൽഡ് കേരളയ്ക്കായി ലോകബാങ്കിൽ നിന്നു ലഭിച്ച ആദ്യ ഗഡുവായ 1780 കോടി രൂപയും ഇതുവരെ ഉദ്ദേശിച്ച പദ്ധതികൾക്കായി ചെലഴിച്ചിട്ടില്ല. പകരം വകമാറ്റി ശമ്പളവും പെൻഷനും വിതരണം ചെയ്യുന്നതിനായി ചെലവിട്ടു. 7 ദിവസത്തിനകം റീബിൽഡ് കേരള അഥോറിറ്റിക്കു കൈമാറണമെന്നു നിർദ്ദേശിച്ചാണ് ലോകബാങ്ക് പണം നൽകിയത്. പണം ചെലവിട്ടെങ്കിലും പദ്ധതികൾ നടപ്പാവുന്ന മുറയ്ക്ക് നൽകുമെന്നാണ് സർക്കാരിന്റെ വിശദീകരണം. ഇത് കാരണം ലോക ബാങ്കിന് അധിക പലിശയും നൽകേണ്ടി വരും. ഈ പണം ശമ്പളവും പെൻഷനും നൽകിയെന്ന വസ്തുതയും സർക്കാർ തള്ളിക്കളയുന്നില്ല. അതുകൊണ്ട് തന്നെ കൊറോണക്കാലത്ത് ജീവനക്കാരുടെ ശമ്പളം കൂടിയേ തീരൂവെന്നാണ് പിണറായി സർക്കാരിന്റെ നിലപാടും. ഏതായാലും എല്ലാ ജീവനക്കാരിൽ നിന്നും ഒരു മാസത്തെ പിടിക്കുമെന്ന് ധനവകുപ്പും പറയുന്നു.

കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ സഹായത്തിനായി സാലറി ചലഞ്ചിന് അംഗീകാരം നൽകിയ മന്ത്രിസഭാ തീരുമാനത്തിനൊപ്പമാണ് പഴയ പ്രളയ കണക്കുകളും ജീവനക്കാർ ചർച്ചയാക്കുന്നത്. സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനാണ് തീരുമാനമായത്. എല്ലാ ജീവനക്കാരുടെയും ശമ്പളം ദുരിതാശ്വാസ നിധിയിൽ എത്തുന്നുണ്ടെന്ന് ഉറപ്പിക്കാനായി സാലറി ചലഞ്ചിൽ പങ്കെടുക്കാത്ത സർക്കാർ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കാനും തീരുമാനമായിട്ടുണ്ട്. സർക്കാർ ജീവനക്കാർ സാലറി ചലഞ്ചിൽ പങ്കെടുക്കണമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ജീവനക്കാരുടെ കൂടി തീരുമാനം അറിഞ്ഞ ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക. എല്ലാ സർക്കാർ ഉദ്യോഗസ്ഥരും ഒരുമാസത്തെ ശമ്പളം നിർബന്ധമായും നൽകണമെന്നാണ് നിലവിലെ തീരുമാനം. എല്ലാ മന്ത്രിമാരും ഒരു ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനും നിർദ്ദേശിച്ചിട്ടുണ്ട്. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവർ നിലവിൽ ഒരു ലക്ഷം രൂപ ദുരതാശ്വാസ നിധിയിലേക്ക് നൽകിയിട്ടുണ്ട്.

സർക്കാർ ജീവനക്കാരുടേയും അദ്ധ്യാപകരുടേയും സംഘടനകളുമായി ഈ വിഷയം മുഖ്യമന്ത്രി ചർച്ച നടത്തിയിരുന്നു. എൻജിഒ അസോസിയേഷൻ,എൻജിഒ യൂണിയൻ, എൻജിഒ സംഘം തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളുമായാണ് മുഖ്യമന്ത്രി ചർച്ച നടത്തിയത്.രണ്ടായിരം കോടിയാണ് സാലറി ചലഞ്ചിലൂടെ സർക്കാർ ലക്ഷ്യം. എന്നാൽ നിർബന്ധിതമായി ശമ്പളം ഈടാക്കുന്നതിനോട് പ്രതിപക്ഷ സർവീസ് സംഘടനകൾ യോജിക്കുന്നില്ല. പ്രളയ സമയത്ത് സർക്കാർ സാലറി ചലഞ്ച് വെക്കുകയും അതിന് തയ്യാറാകാത്തവരുടെ പേര് വിവരങ്ങൾ നൽകണമെന്ന ഉത്തരവ് വിവാദമാകുകയും ചെയ്തിരുന്നു. ഇത് കോടതിയിലും എത്തി. സമാന ഇടപെടൽ ഇത്തവണയും ഉണ്ടാകും. ഇവിടെ പ്രളയത്തിന്റെ കണക്കും കോടതിയിൽ അവർ ചർച്ചയാക്കും.

അതിനിടെ ആരോഗ്യ വകുപ്പിലേയും പൊലീസ് സേനയിലേയും ഉദ്യോഗസ്ഥരെ സാലറി ചലഞ്ചിൽ നിന്ന് ഒഴിവാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സ്വന്തം ആരോഗ്യവും കുടുംബാംഗങ്ങളുടെ ആരോഗ്യവും നോക്കാതെ വിശ്രമമില്ലാതെ കർമ്മനിരതരായ ഉദ്യോഗസ്ഥരുടെ സേവനം കണക്കിലെടുത്ത് മറ്റു സംസ്ഥാനങ്ങൾ ഇവർക്ക് ഒരു മാസത്തെ ശമ്പളം ഇൻസെന്റീവ് ആയി നൽകുകയാണ്. ഇതിന് സമാനമായി കേരളത്തിലും, കൊറോണ യുദ്ധമുഖത്ത് സേവനമനുഷ്ഠിക്കുന്നവർക്ക് ഒരു മാസത്തെ അധികശമ്പളം നൽകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അത്യന്തം വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിൽ കൊറോണ വ്യാപനം തടയാൻ ആരോഗ്യ പ്രവർത്തകരും പൊലീസുദ്യോഗസ്ഥരും അനുഷ്ഠിക്കുന്ന നിസ്തുലമായ സേവനം അംഗീകരിക്കപ്പെടേണ്ടതാണ്. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 50 ലക്ഷം ഇൻഷുറൻസ് പരിരക്ഷയ്ക്ക് ഇപ്പോഴും ഇവർ പുറത്താണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കൊറോണക്കാലത്ത് സർക്കാർ ജീവനക്കാരുടെ ശമ്പളമുൾപ്പടെ പിടിച്ചെടുത്ത് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കുന്ന സർക്കാർ ധൂർത്ത് നടത്തി ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്ക് സഞ്ചരിക്കാൻ ഹെലികോപ്ടർ വാങ്ങുന്നതിന് ഈ പ്രതിസന്ധിക്കാലത്ത് ഒന്നരക്കോടി രൂപ നൽകിയത് അംഗീകരിക്കാനാകില്ല. ഇവിടെ ഒന്നിനും പണമില്ലന്ന് വിലപിക്കുന്ന ധനമന്ത്രി തോമസ് ഐസക് ജനങ്ങളെ കബളിപ്പിക്കുകയാണ് ചെയ്യുന്നത്. ധൂർത്ത് അവസാനിപ്പിച്ച് സാമ്പത്തിക അച്ചടക്കം പാലിക്കുകയാണ് ധനമന്ത്രി ചെയ്യേണ്ടതെന്നും സുരേന്ദ്രൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP