Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പെൻഷൻ വാങ്ങാൻ ഇന്ന് ട്രഷറിക്ക് മുമ്പിലെത്തുക സർവ്വീസിൽ നിന്ന് വിരമിച്ച അറുപത് വയസ്സു കഴിഞ്ഞ നാലു ലക്ഷത്തിൽ അധികം പേർ; പ്രായമായവരുടെ കത്തുമായി മക്കളും ചെറുമക്കളും റോഡിൽ ഇറങ്ങാനും സാധ്യത ഏറെ; ട്രഷറിക്ക് മുമ്പിൽ കോവിഡ് കാലത്തെ പ്രതിരോധ നിർദ്ദേശമെല്ലാം കാറ്റിൽ പറക്കും; കൊറോണയിൽ ഭയന്ന് വിറയ്ക്കുമ്പോൾ പെൻഷൻ വിതരണം ആശങ്ക തന്നെ

പെൻഷൻ വാങ്ങാൻ ഇന്ന് ട്രഷറിക്ക് മുമ്പിലെത്തുക സർവ്വീസിൽ നിന്ന് വിരമിച്ച അറുപത് വയസ്സു കഴിഞ്ഞ നാലു ലക്ഷത്തിൽ അധികം പേർ; പ്രായമായവരുടെ കത്തുമായി മക്കളും ചെറുമക്കളും റോഡിൽ ഇറങ്ങാനും സാധ്യത ഏറെ; ട്രഷറിക്ക് മുമ്പിൽ കോവിഡ് കാലത്തെ പ്രതിരോധ നിർദ്ദേശമെല്ലാം കാറ്റിൽ പറക്കും; കൊറോണയിൽ ഭയന്ന് വിറയ്ക്കുമ്പോൾ പെൻഷൻ വിതരണം ആശങ്ക തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : എത്ര കർശനമായി നിയമം നടപ്പാക്കിയാലും ഇന്ന് കേരളത്തിൽ ലോക് ഡൗൺ നിർദ്ദേശമെല്ലാം ലംഘിക്കപ്പെടും. ലോക്ഡൗൺ പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ സർവീസ് പെൻഷൻ വിതരണം ഇന്ന് ആരംഭിക്കാനിരിക്കെ ട്രഷറികളിലെ തിരക്ക് നിയന്ത്രിക്കുക വല്ലാത്ത വെല്ലുവിളിയാകും. കൊറോണയിൽ കൂടുതൽ കരുതലെടുക്കേണ്ടത് അറുപത് വയസ്സിന് മുകളിലുള്ളവരാണ്. ഇവരാണ് പെൻഷൻ വാങ്ങാൻ കൂട്ടത്തോടെ വീട്ടിൽ നിന്ന് പുറത്തിറങ്ങുക.

വിരമിച്ച ജീവനക്കാരുടെ ഒത്തുചേരലിനുള്ള വഴി കൂടിയാണ് ട്രഷറിയിലെ പെൻഷൻ വാങ്ങൽ. ഇത് സന്തോഷത്തോടെയാണ് വിരമിച്ചവർ കാണുന്നതും. അതുകൊണ്ട് തന്നെ പരമാവധി പേർ പെൻഷൻ വാങ്ങാൻ എത്തുമെന്നാണ് സർക്കാരിന്റേയും വിലയിരുത്തൽ. ഇവരെ എങ്ങനെ നിയന്ത്രിക്കുമെന്നതാണ് ഉയരുന്ന ചോദ്യം. വൈറസിന്റെ സമൂഹ വ്യാപനത്തിന് പോലും ഇത് സാഹചര്യമൊരുക്കും. ഈ സാഹചര്യത്തിൽ ട്രഷറികളിൽ പൊലീസിനെയും ആരോഗ്യ പ്രവർത്തകരെയും വിന്യസിക്കാനാണ് സർക്കാർ തീരുമാനം.

പെൻഷൻകാർ ട്രഷറിയിലും ബാങ്കിലും എത്തേണ്ട സമയക്രമം പുറത്തിറക്കി. 5.64 ലക്ഷം പെൻഷൻകാരിൽ 4.34 ലക്ഷവും ട്രഷറി വഴിയാണു പണം കൈപ്പറ്റുന്നത്. ഒരു ലക്ഷം പേർ ബാങ്ക് വഴിയും 30,000 പേർ പോസ്റ്റ് ഓഫിസ് വഴിയും കൈപ്പറ്റുന്നു. പെൻഷൻ വിതരണത്തിന് 9 മുതൽ വൈകിട്ട് 5 വരെ ട്രഷറി പ്രവർത്തിക്കും. ബാങ്കുകൾ നാലാം തീയതി വരെ രാവിലെ 10 മുതൽ 4 വരെ പ്രവർത്തിക്കും. നിശ്ചിത തീയതികളിൽ വാങ്ങാത്തവർക്ക് ഈ മാസം 7നു ശേഷം ഏതു പ്രവൃത്തി ദിവസവും വാങ്ങാം. നിശ്ചയിച്ച ക്രമം തെറ്റിച്ച് 7നു മുൻപ് എത്തുന്നവർക്ക് പെൻഷൻ നൽകില്ല.

ക്യൂവിൽ നിൽക്കുമ്പോൾ പരസ്പരം ഒരു മീറ്റർ അകലം പാലിക്കണമെന്നാണ് അറിയിപ്പ്. ഒരു സമയം പരമാവധി 5 പേരെ മാത്രമേ ഒരു കൗണ്ടറിനു മുന്നിൽ അനുവദിക്കൂ. ഓരോ ട്രഷറിയിലും 5 മുതൽ 6 വരെ കൗണ്ടറുകളുണ്ടാവും. ട്രഷറിയിലും ബാങ്കിലും ഹാൻഡ് വാഷും സാനിറ്റൈസറും ലഭ്യമാക്കും. സാനിറ്റൈസർ ഇടയ്ക്കിടെ ഉപയോഗിക്കാമെന്നും പറയുന്നു. പ്രായമായവരുടെ കത്തുമായി അടുത്ത ബന്ധുക്കൾക്കും പെൻഷൻ വാങ്ങാനാകും. ഇത്തരത്തിലെ കത്തുമായി ആളുകൾ കൂട്ടത്തോടെ റോഡിൽ ഇറങ്ങുമോ എന്ന സംശയവും സജീവമാണ്. അതുകൊണ്ട് തന്നെ പെൻഷൻ വിതരണം കൊറോണ ഭീതിക്ക് പുതിയ തലം നൽകും.

അതിനിടെ പോസ്റ്റ് ഓഫിസ് വഴി പെൻഷൻ കൈപ്പറ്റുന്നവർക്കു നാളെ മുതൽ ലഭിച്ചു തുടങ്ങുമെന്നു ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ വ്യക്തമാക്കി. ഇന്നലെ ബാങ്ക് അവധിയായതിനാൽ വിതരണം ചെയ്യാനുള്ള പെൻഷൻ തുക തപാൽ വകുപ്പിനു ട്രഷറിയിൽ നിന്നു കൈമാറി കിട്ടിയിട്ടില്ല. ഇന്നു പണം ലഭിച്ചാൽ നാളെ മുതൽ പെൻഷൻ തുക വീട്ടിലെത്തിച്ചു തുടങ്ങും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP