Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമേരിക്കയിൽ കോവിഡ് കൈവിട്ടു പോകുമ്പോൾ പുടിന്റെ സഹായം തേടി ട്രംപ്; കോവിഡ് ബാധിതരെ ചികിത്സിക്കാൻ അമേരിക്ക റഷ്യയിൽനിന്ന് വെന്റിലേറ്ററുകളും മെഡിക്കൽ ഉപകരണങ്ങളും വാങ്ങുന്നു; ഇന്നലെ മാത്രം ന്യൂയോർക്കിൽ മരിച്ചത് 669 പേർ; ലോകത്തെ ഏറ്റവും വലിയ നഗരത്തിലെ കോവിഡ് മരണം 2219 എത്തിയതോടെ വിറങ്ങലിച്ച് അമേരിക്ക; ആകെ രോഗബാധിതരുടെ എണ്ണം 83,901; ആഡംബരത്തിന്റെയും ഉല്ലാസത്തിന്റെയും ഉറങ്ങാത്ത നഗരത്തെ കോവിഡ് വിഴുങ്ങുമ്പോൾ

അമേരിക്കയിൽ കോവിഡ് കൈവിട്ടു പോകുമ്പോൾ പുടിന്റെ സഹായം തേടി ട്രംപ്; കോവിഡ് ബാധിതരെ ചികിത്സിക്കാൻ അമേരിക്ക റഷ്യയിൽനിന്ന് വെന്റിലേറ്ററുകളും മെഡിക്കൽ ഉപകരണങ്ങളും വാങ്ങുന്നു; ഇന്നലെ മാത്രം ന്യൂയോർക്കിൽ മരിച്ചത് 669 പേർ; ലോകത്തെ ഏറ്റവും വലിയ നഗരത്തിലെ കോവിഡ് മരണം 2219 എത്തിയതോടെ വിറങ്ങലിച്ച് അമേരിക്ക; ആകെ രോഗബാധിതരുടെ എണ്ണം 83,901; ആഡംബരത്തിന്റെയും ഉല്ലാസത്തിന്റെയും ഉറങ്ങാത്ത നഗരത്തെ കോവിഡ് വിഴുങ്ങുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്; അമേരിക്കയിൽ കോവിഡ് ബാധ പടർന്നു പിടിക്കുമ്പോൾ എങ്ങനെ നേരിടണം എന്ന കാര്യത്തിൽ വ്യക്തത ഇല്ലാത്ത അവസ്ഥയിലാണ് ഭരണാധികാരികൾ. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പോലും കൊവിഡ് ബാധയെ അവഗണിക്കുന്ന നടപടിയാണ് സ്വീകരിച്ചത്. ഇപ്പോൾ കർശന നടപടികളിലേക്ക് കടന്നിട്ടുണ്ട് സർക്കാർ. എങ്കിലും കാര്യങ്ങൾ നിയന്ത്രണത്തിൽ എത്തിക്കാൻ സാധിക്കുന്നില്ല. കോവിഡ് കൈവിട്ടു പോകുന്ന ഘട്ടം വന്നതോടെ ട്രംപ് റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിന്റെ സഹായവും തേടി. റഷ്യയിൽ നിന്നും വെന്റിലേറ്ററുകളും മറ്റ് മെഡിക്കൽ ഉപകരണങ്ങളും വാങ്ങാനാണ് അമേരിക്ക ഒരുങ്ങുന്നത്.

അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനും തമ്മിലുള്ള ടെലിഫോൺ സംഭാഷണത്തിന് ശേഷമാണ് ഈ നീക്കം. കൊറോണ നിയന്ത്രിച്ചില്ലെങ്കിൽ രണ്ടാഴ്ചക്കകം അമേരിക്കയിൽ രണ്ട് ലക്ഷത്തോളം പേർ മരണപ്പെടുമെന്ന് വൈറ്റ് ഹൗസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് അടിയന്തര സ്വഭാവത്തിൽ വന്റെിലേറ്ററുകളും മറ്റും വാങ്ങുന്നത്. മാർച്ച് 30നാണ് ഇരുരാജ്യത്തിന്റെയും പ്രസിഡന്റുമാർ തമ്മിൽ സംസാരിച്ചത്.

''ലോകം പ്രതിസന്ധി നേരിടുമ്പോഴെല്ലാം മാനുഷിക സഹായവുമായി യു.എസ് എത്താറുണ്ട്. എന്നാൽ, കോവിഡിനെ നേരിടാൻ ഞങ്ങൾക്ക് തനിച്ച് കഴിയില്ല. റഷ്യയിൽ നിന്ന് മെഡിക്കൽ ഉപകരണങ്ങൾ വാങ്ങാൻ അമേരിക്ക സമ്മതിച്ചിട്ടുണ്ട്. അവ ഏപ്രിൽ ഒന്നിന് ഫെമക്ക് (ഫെഡറൽ എമർജൻസി മാനേജ്മെന്റ് ഏജൻസി) കൈമാറി'' യു.എസ് വക്താവ് മോർഗൻ ഒർടാഗസ് പറഞ്ഞു. മുൻപും പ്രതിസന്ധി ഘട്ടങ്ങളിൽ ഇരുരാജ്യങ്ങളും പരസ്പരം സഹായിച്ചിട്ടുണ്ട്. ഭാവിയിലും ഇത് തുടരും. എല്ലാവരുടെയും ജീവൻ അപകടപ്പെടുത്തുന്ന പൊതു ശത്രുവിനെ മറികടക്കാൻ ഒരുമിച്ച് പ്രവർത്തിക്കേണ്ട സമയമാണിത് -അവർ കൂട്ടിച്ചേർത്തു.

കൊവിഡ് വിഴുങ്ങി ന്യൂയോർക്ക്

അമേരിക്കയിൽ ഇന്നലെ മാത്രം കോവിഡ് ബാധിച്ചു മരിച്ചത് 1220 പേരാണ്. 27,000 പുതിയ രോഗികളെ കണ്ടെത്തി. ന്യൂയോർക്ക് നഗരത്തിൽ മാത്രം 669 പേരാണ് ഇന്നലെ കോവിഡ് ബാധിച്ചു മരിച്ചത്. ഇതുവരെ 2219 പേർ കോവിഡിനാൽ മരണപ്പെട്ടു. 83,901 രോഗികളാണ് ലോകത്തെ ഏറ്റവും വലിയ നഗരത്തിൽ ഉള്ളത്. അമേരിക്കയിലെ കോവിഡ് മരണസംഖ്യ ഇപ്പോൾ ഇറ്റലിക്കും സ്‌പെയിനിനും തൊട്ടുപുറകിലാണ്. മൊത്തം രോഗബാധിതരുടെ എണ്ണത്തിൽ 2,14,482 രോഗികളുമായി ലോകരാജ്യങ്ങളിൽ ഒന്നാമതാണ്.

രാജ്യത്തെ മൊത്തം മരണങ്ങളിൽ 40 ശതമാനവും സംഭവിച്ചിരിക്കുന്നത് ന്യുയോർക്കിലാണ്. ഇതുവരെ 1941 മരണങ്ങൾക്ക് സാക്ഷ്യം വഹിച്ച ന്യുയോർക്കിൽ ഇതുവരെ 83,712 രോഗബാധിതരാണ് ഉള്ളത്. 18,997 രോഗികളും 267 മരണങ്ങളുമായി ന്യു ജഴ്‌സിയാണ് തൊട്ടുപുറകിൽ ഉള്ളത്. ഏകദേശം 1 ലക്ഷത്തിനും 2.4 ലക്ഷത്തിനും ഇടയിൽ ആളുകൾ അമേരിക്കയിൽ കൊറോണയുടെ ആക്രമണത്തിൽ മരണമടഞ്ഞേക്കാം എന്ന് ഔദ്യോഗിക വൃത്തങ്ങൾ പോലും കണക്കുകൂട്ടുന്ന സാഹചര്യത്തിൽ ജീവിതത്തിലെ ഏറ്റവും ദുരിതപൂർണ്ണമായ രണ്ടാഴ്‌ച്ചകളാണ് ഇനി വരാൻ പോകുന്നതെന്ന് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഇതൊരു ജീവന്മരണ പോരാട്ടമാണെന്ന് പറഞ്ഞ അദ്ദേഹം, ഈ ഇരുണ്ട ഗുഹയുടെ അവസാനത്തിൽ ഉള്ള പ്രകാശം അധികം താമസിയാതെ തന്നെ കാണാനാകുമെന്നും പറഞ്ഞു.

ചരിത്രത്തിൽ ഇതുവരെ അമേരിക്ക നേരിട്ടിട്ടുള്ള ഏറ്റവും വലിയ ജീവനഷ്ടങ്ങൾ രണ്ട് ലോകമഹായുദ്ധങ്ങളിലായിരുന്നു. ഒന്നാം ലോക മഹായുദ്ധത്തിൽ അമേരിക്കയ്ക്ക് ഏതാണ്ട് 53,000 പേരെ നഷ്ടപ്പെട്ടപ്പോൾ, രണ്ടാം ലോകമഹായുദ്ധം കവർന്നെടുത്തത് ഏകദേശം 2,91,000 അമേരിക്കക്കാരുടെ ജീവനാണ്. വർത്തമാനകാല സാഹചര്യം വിരൽചൂണ്ടുന്നത് ഏതാണ്ട് ഇതിനോട് ഒത്തുപോകുന്ന ഒരു മരണനിരക്ക് കോവിഡ് 19 മൂലവും ഉണ്ടാകുമെന്നു തന്നെയാണ്.

കൊറോണയുടെ, അമേരിക്കയിലെ എപ്പിസെന്ററായി മാറിയ ന്യുയോർക്കിലെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. താത്ക്കാലിക ആശുപത്രികളും, നേവിയുടെ ഹോസ്പിറ്റൽ ഷിപ്പും എത്തിയിട്ടുണ്ടെങ്കിലും വർദ്ധിച്ചുവരുന്ന രോഗബാധിതരുടെ എണ്ണം ആരോഗ്യസംരക്ഷണ മേഖലക്ക് കനത്ത സമ്മർദ്ദമാണ് നൽകുന്നത്. ന്യുയോർക്കിന്റെ ഇന്നത്തെ സാഹചര്യം ഒരു പാഠമാക്കി മറ്റ് സംസ്ഥാനങ്ങൾ വേണ്ട മുൻകരുതലുകൾ എടുക്കണമെന്ന് ന്യുയോർക്ക് ഗവർണർ അഭിപ്രായപ്പെട്ടു. കോവിഡ് രോഗം സ്ഥിരീകരിച്ചവരിൽ സിഎൻഎൻ വാർത്താ അവതാരകൻ ക്രിസ് കൂമോയു (49)മുണ്ട്.. ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ കൂമോയുടെ സഹോദരനും മുൻ ഗവർണർ പരേതനായ മരിയോ കൂമോയുടെ മകനുമാണ്. 'ഭയപ്പെടാതിരിക്കുക. വേദനാജനകമായ ദിവസങ്ങളാണു വരാനിരിക്കുന്നത്. ഇതൊരു പോരാട്ടമാണ്' ക്രിസ് കൂമോ പ്രതികരിച്ചു. അടുത്തുതന്നെ ടിവി ഷോയിൽ തിരിച്ചെത്താമെന്ന പ്രതീക്ഷയും പങ്കുവച്ചു.

ന്യുയോർക്കിലെ സ്ഥിതിഗതികൾ കൈവിട്ടുപോകുമെന്ന ഘട്ടമെത്തിയതോടെ ലോക്ക്ഡൗൺ കർശനമായി നടപ്പിലാക്കാൻ തീരുമാനിച്ച് ഭരണകൂടം രംഗത്തിറങ്ങിയിട്ടുണ്ട്. സോഷ്യൽ ഡിസ്റ്റൻസിങ് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ പാലിക്കാത്തവർക്കെതിരെ നടപടികൾ എടുക്കാൻ പൊലീസിന് പ്രത്യേക അധികാരം നൽകിയിട്ടുണ്ട്. നിയന്ത്രണങ്ങൾ പാലിക്കാൻ ജനങ്ങൾ തയ്യാറാകുന്നില്ലെങ്കിൽ സോഷ്യൽ ഡിസ്റ്റൻസിങ് നിയമം തന്നെ പാസാക്കേണ്ടിവരുമെന്നാണ് ഗവർണർ പറയുന്നത്. കാര്യങ്ങൾ അത്രക്ക് വഷളായിരിക്കുന്നു.

ഈ ആഴ്‌ച്ച മുതൽ പ്രവർത്തനം തുടെങ്ങിയ 1000 കിടക്കകളുള്ള നേവി ഹോസ്പിറ്റൽ ഷിപ്പായ യു എസ് എൻ എസ് കംഫർട്ടിൽ 12 ഓപ്പറേഷൻ തീയറ്ററുകളും അതിനൊത്ത ജീവൻ രക്ഷാ ഉപകരണങ്ങളും ഉണ്ട്. അതിനുപുറമെ സെൻട്രൽ പാർക്ക്, ജാവിറ്റ്‌സ് സെന്റർ, പ്ലാസ ഹോട്ടൽ സെയിന്റ് റെജിസ് ഹോട്ടൽ എന്നിവിടങ്ങളിൽ താത്ക്കാലിക ആശുപത്രികളും ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം തന്നെ യു എസ് ഓപ്പൺ ടൂർണമെന്റ് നടക്കാറുള്ള ഇൻഡോർ സ്റ്റേഡിയവും ഒരു ആശുപത്രിയാക്കി മാറ്റിയിട്ടുണ്ട്. മാത്രമല്ല, മരണസംഖ്യ വർദ്ധിക്കുവാൻ തുടങ്ങിയതോടെ നഗരത്തിന്റെ വിവിധഭാഗങ്ങളിൽ താത്ക്കാലിക മോർച്ചറികളും ഒരുക്കിയിട്ടുണ്ട്.

വൈറസ് ബാധ ഏറെയുള്ള സംസ്ഥാനങ്ങളിൽ മാത്രമാണ് ഇപ്പോൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഇത്‌കൊണ്ട് ഈ മഹാമാരിയെ ചെറുക്കാനാവില്ല എന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്.രാജ്യമൊട്ടാകെ , എല്ലാ സംസ്ഥാനങ്ങളിലും സോഷ്യൽ ഡിസ്റ്റൻസിങ് ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ കർക്കശമായി നടപ്പിലാക്കിയാൽ മാത്രമേ രോഗപ്രതിരോധം കാര്യക്ഷമമാകു എന്നാണ് ഇവരുടെ അഭിപ്രായം. ഇല്ലെങ്കിൽ, ഇന്ന് സർക്കാർ തന്നെ സൂചിപ്പിക്കുന്ന 1 ലക്ഷം മുതൽ 2.4 ലക്ഷം വരെ എന്നുള്ള മരണസംഖ്യ യാഥാർത്ഥ്യമാകും എന്നും ഇവർ പറയുന്നു.

ഇതിനിടയിൽ, ലോകത്തെ അധികം വൈകാതെ ഒരു പകർച്ചവ്യാധി ആക്രമിക്കുമെന്ന് 2015-ൽ പ്രവചിച്ച ബിൽ ഗേറ്റ്‌സും പറയുന്നത് രാജ്യവ്യാപകമായ ലോക്ക്ഡൗൺ ഇല്ലാതെ ഇന്നത്തെ സാഹചര്യത്തെ കാര്യക്ഷമമായി നേരിടാനാകില്ല എന്നാണ്. മുന്നോട്ട് പോകാനുള്ള അവസരങ്ങൾ അമേരിക്ക നശിപ്പിച്ചെങ്കിലും, ഇനിയും വൈകിയിട്ടില്ല ഇക്കാര്യത്തിൽ എന്നും അദ്ദേഹം സൂചിപ്പിച്ചു.ഏകദേശം 265 ദശലക്ഷം അമേരിക്കക്കാരാണ് ഇപ്പോൾ ലോക്ക്ഡൗൺ മൂലം വീടുകളിൽ ഒതുങ്ങിക്കൂടുന്നത്. അർക്കനാസ്, നോർത്ത് ഡക്കോട്ട, സൗത്ത് ഡക്കോട്ട തുടങ്ങി ചില സംസ്ഥാനങ്ങളിൽ ഇനിയും ലോക്ക്ഡൗൺ നടപ്പിലാക്കിയിട്ടില്ല. സംസ്ഥാനത്ത് ഇത് ഔദ്യോഗികമായി ലോക്ക്ഡൗൺ പ്രഖ്യാപിക്കില്ലെന്നും അത് ജനങ്ങളുടെ ഉത്തരവാദിത്തത്തിന് വിടുകയാണെന്നുമാണ് മിസ്സോറി ഗവർണർ പറഞ്ഞത്.

''തുരങ്കത്തിന്റെ അവസാനം നമ്മൾ വെളിച്ചം കാണും. പക്ഷേ, അവിടേക്കുള്ള യാത്ര ഏറെ ദുഷ്‌കരം. മുൻപു നാം അഭിമുഖീകരിച്ചിട്ടില്ലാത്ത സാഹചര്യം'' യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞതിങ്ങനെയാണ്. അതിനിടെ കൊറോണ വൈറസിനു വായുവിലൂടെ 8 മീറ്റർ വരെ സഞ്ചരിക്കാൻ കഴിയുമെന്നു യുഎസിലെ മാസച്യുസിറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ (എംഐടി) പഠനം പുറത്തുവന്നിരുന്നു. സാമൂഹിക അകലം ഒരു മീറ്റർ മതിയാകില്ലെന്നാണു പഠനം സൂചിപ്പിക്കുന്നത്. ചുമയും തുമ്മലും വഴി പുറത്തുവരുന്ന കണങ്ങൾ ശക്തമാണ്. ഇതുവഴി വൈറസ് 8 മീറ്റർ വരെയെത്താം. വൈറസിനു വായുസഞ്ചാര സാധ്യതയില്ലെന്ന ആദ്യ വിലയിരുത്തലുകളെയും എംഐടി പഠനം തള്ളുന്നു. മണിക്കൂറുകളോളം വായുവിൽ തുടരുകയും ചെയ്യും. വൈറസിന് നിലനിൽക്കാൻ പ്രതലങ്ങൾ വേണ്ടെന്നും അമേരിക്കൻ മെഡിക്കൽ അസോസിയേഷന്റെ ജേണലായ 'ദ് റിസർച്ചിൽ' പ്രസിദ്ധീകരിച്ച പഠനത്തിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP