Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊറോണയെ കരുതാൻ കേന്ദ്രം ജാഗ്രതാ നിർദ്ദേശം നൽകിയിട്ടും കൊല്ലം കളക്ടർ വിളിച്ചുകൂട്ടിയ യോഗത്തിൽ വൻആൾക്കൂട്ടം; സാമൂഹിക അകലം പാലിക്കേണ്ട സമയത്തെ ആൾക്കൂട്ടത്തെ ചോദ്യം ചെയ്ത് അഭിഭാഷകന്റെ എഫ്ബി പോസ്റ്റ്; കൂട്ടത്തിൽ ഒരുകൊറോണ രോഗി ഉണ്ടായിരുന്നെങ്കിൽ കൊല്ലത്തിന്റെ അവസ്ഥ എന്തെന്ന് ബോറിസ് പോൾ; പ്രകോപിതനായി അഭിഭാഷകനെതിരെ ജാമ്യമില്ലാ കെസ് എടുത്ത് കളക്ടർ അബ്ദുൾ നാസർ; വ്യക്തിവിരോധം തീർക്കുന്നുവെന്ന് മുഖ്യമന്ത്രിക്ക് ബോറിസിന്റെ പരാതിയും

കൊറോണയെ കരുതാൻ കേന്ദ്രം ജാഗ്രതാ നിർദ്ദേശം നൽകിയിട്ടും കൊല്ലം കളക്ടർ വിളിച്ചുകൂട്ടിയ യോഗത്തിൽ വൻആൾക്കൂട്ടം; സാമൂഹിക അകലം പാലിക്കേണ്ട സമയത്തെ ആൾക്കൂട്ടത്തെ ചോദ്യം ചെയ്ത് അഭിഭാഷകന്റെ എഫ്ബി പോസ്റ്റ്; കൂട്ടത്തിൽ ഒരുകൊറോണ രോഗി ഉണ്ടായിരുന്നെങ്കിൽ കൊല്ലത്തിന്റെ അവസ്ഥ എന്തെന്ന് ബോറിസ് പോൾ; പ്രകോപിതനായി അഭിഭാഷകനെതിരെ ജാമ്യമില്ലാ കെസ് എടുത്ത് കളക്ടർ അബ്ദുൾ നാസർ; വ്യക്തിവിരോധം തീർക്കുന്നുവെന്ന് മുഖ്യമന്ത്രിക്ക് ബോറിസിന്റെ പരാതിയും

എം മനോജ് കുമാർ

 തിരുവനന്തപുരം: കൊറോണ കാലത്ത് സംസ്ഥാനം മറ്റെല്ലാം മറന്ന് രോഗബാധ തടയാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കെ കൊല്ലം കളക്ടർ അഭിഭാഷകരെ പ്രതിചേർത്ത് പൊലീസിനെക്കൊണ്ട് ജാമ്യമില്ലാ കേസ് എടുപ്പിച്ചത് വിവാദമാകുന്നു. കൊറോണ സമയത്ത് കളക്ടർ അബ്ദുൽ നാസറിന് പറ്റിയ പാളിച്ച ചൂണ്ടിക്കാട്ടി കളക്ടർക്ക് എതിരെ ഫെയ്‌സ് ബുക്ക് പോസ്റ്റ് നടത്തിയതിനാണ് അഭിഭാഷകർ അടക്കമുള്ളവരെ പ്രതികളാക്കി കൊല്ലം വെസ്റ്റ് പൊലീസ് കേസ് എടുത്തത്. കളക്ടർ കൊല്ലം എസ്‌പിക്ക് നേരിട്ട് നൽകിയ പരാതിയിലാണ് കൊല്ലം വെസ്റ്റ് പൊലീസ് കേസ് എടുത്തത്. ഐപിസി 505, 189, 190, കേരള പൊലീസ് ആക്റ്റ് 120 (0) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. ഇതിൽ 505 ജാമ്യമില്ലാ വകുപ്പാണ്. സാമൂഹിക മാധ്യമങ്ങൾ ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി, അധികാരം ഉപയോഗിക്കാൻ കഴിയാത്ത വിധത്തിൽ അവരെ തടസപ്പെടുത്തി. എന്നൊക്കെയുള്ള പരാതികൾ വരുമ്പോൾ എഴുതി ചേർക്കുന്ന വകുപ്പാണ് ഇത്. ഇതോടെയാണ് വ്യക്തിവിരോധം തീർക്കാൻ കളക്ടർ പൊലീസിനെ ഉപയോഗിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകൻ ബോറിസ് പോൾ കളക്ടർക്ക് എതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.

സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പരാമർശങ്ങൾ നടത്തി എന്ന കൊല്ലം കളക്ടറുടെ പരാതിയിലാണ് അഭിഭാഷകർ ഉൾപ്പെടെയുള്ളവരെ പ്രതികളാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൊറോണയെ കേരളം ഭയന്ന് തുടങ്ങുമ്പോൾ കൊല്ലം കളക്ടർക്ക് പറ്റിയ പാളിച്ച ചൂണ്ടിക്കാട്ടിയാണ് താൻ ഫെയ്‌സ് ബുക്ക് പോസ്റ്റ് നടത്തിയത്. ഈ ഫെയ്‌സ് ബുക്ക് പോസ്റ്റിൽ കുപിതനായാണ് കൊറോണ കാലം മറയാക്കി തനിക്കെതിരെ പൊലീസിനെക്കൊണ്ട് കേസ് എടുപ്പിച്ചത് എന്നാണ് പരാതിയിൽ അഭിഭാഷകൻ വ്യക്തമാക്കുന്നത്. കേരള സർക്കാർ കൊറോണ ഭീതിയിൽ അതീവജാഗ്രതയിലാണ്. കൊല്ലത്തുകൊറോണ ഭീതി നിലനിൽക്കെ പ്രവർത്തനങ്ങളിൽ കളക്ടർക്കും അതിപ്രധാനമായ ഒരു പങ്കുണ്ട്. എന്നാൽ കൊറോണ കാലത്ത് കളക്ടറുടെ പിഴവ് ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം നടത്തിയ ഫെയ്‌സ് ബുക്ക് ചൂണ്ടിക്കാട്ടിയാണ് ഏപ്രിൽ ഒന്നാം തീയതി കളക്ടർ പൊലീസിനെക്കൊണ്ട് എഫ്‌ഐആർ ഫയൽ ചെയ്യിപ്പിച്ചത്. പരാതിക്കാധാരമായ ഫെയ്‌സ് ബുക്ക് പോസ്റ്റ് നടത്തിയത് മാർച്ച് പതിമൂന്നിനാണ്. കലക്ടർ യോഗം വിളിച്ചത് മാർച്ച് പന്ത്രണ്ടിന്. എന്നാൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നത് ഏപ്രിൽ ഒന്നിനും--പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഈ കൊറോണ കാലം വ്യക്തിവൈരാഗ്യം തീർക്കാൻ ഉപയോഗിക്കാമോ എന്നാണ് പരാതിയിൽ ബോറിസ് ചോദിക്കുന്നത്.

കൊറോണയുമായി ബന്ധപ്പെട്ടു കൊല്ലം കളക്ടർ കളക്ടറേറ്റ് ചേംബറിൽ വിളിച്ചു ചേർത്ത പൗരാവലി യോഗത്തെക്കുറിച്ചാണ് പരാതിയിൽ പറയുന്നത്. കൊറോണയുമായി ബന്ധപ്പെട്ടു കടുത്ത നിയന്ത്രണങ്ങൾ സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കെയാണ് കളക്ടർ പൗരാവലിയുടെ യോഗം വിളിച്ചു ചേർക്കുന്നത്. ആൾക്കൂട്ടം നിരോധിച്ച കാര്യം ജനങ്ങളെ അറിയിക്കാൻ ആൾക്കൂട്ട യോഗം കലക്ടർ വിളിച്ചു ചേർത്തതാണ് താൻ ഫെയ്‌സ് ബുക്കിൽ ചൂണ്ടിക്കാട്ടിയത്. യോഗത്തിൽ ഒരു കൊറോണ രോഗിയുണ്ടായിരുന്നെങ്കിൽ കൊല്ലത്തിന്റെ അവസ്ഥ എന്താകുമായിരുന്നുവെന്നാണ് ഫെയ്‌സ് ബുക്ക് പോസ്റ്റിൽ കുറിച്ചത്. കളക്ടർ വിളിച്ചു ചേർത്ത യോഗത്തിന്റെ പാകപ്പിഴയാണ് ഫെയ്‌സ് ബുക്ക് പോസ്റ്റിൽ വിഷയമാക്കിയത്. ഇത് കളക്ടറെ ചൊടിപ്പിച്ചു. നൂറിലധികം പേർ ആ പോസ്റ്റിൽ കമന്റിട്ടപ്പോൾ ഇതിൽ നിന്ന് അഭിഭാഷകരും സാമൂഹ്യപ്രവർത്തകരെയും തിരഞ്ഞുപിടിച്ചു പ്രതികളാക്കി കളക്ടർ എഫ്‌ഐആർ രജിസ്റ്റർ ചെയ്യിക്കുകയായിരുന്നു. നിലനിൽക്കാത്ത എഫ്‌ഐആറാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സർക്കാരിന്റെ പ്രഖ്യാപിത നയങ്ങൾക്ക് വിരുദ്ധമാണ് കളക്ടറുടെ നടപടി. ജനാധിപത്യത്തിൽ പൗരനുള്ള അഭിപ്രായ സ്വാതന്ത്ര്യം നിഷേധിച്ച് ഭീഷണിപ്പെടുത്താൻ കൊല്ലം ജില്ലാ കളക്ടർ പൊലീസ് സംവിധാനം ദുരുപയോഗിച്ചിരിക്കുന്നു. ഇത് കടുത്ത അധികാര ദുർവിനിയോഗം കൂടിയാണ്. അറസ്റ്റ് ഒഴിവാക്കാൻ വേണ്ടി ഈ പരാതിയിൽ അടിയന്തിര നടപടി വേണമെന്ന് അഭ്യർത്ഥിക്കുന്നു-പരാതിയിൽ പറയുന്നു.

കളക്ടറുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ വിവരം പത്രമാധ്യമങ്ങളിലൂടെയാണ് അഭിഭാഷകൻ അറിയുന്നത്. എഫ്‌ഐആർ ചോദിച്ച് സ്റ്റേഷനിൽ ചെന്നെങ്കിലും നൽകിയില്ല. എഫ്‌ഐആർ വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്യുന്ന പരിപാടിയുണ്ട്. ആ രീതിയിൽ അപ്ലോഡ് ചെയ്യാം എന്ന് കരുതിയപ്പോൾ അപ്ലോഡും ചെയ്തിരുന്നില്ല. ഇതിലുള്ള കള്ളക്കളി മനസിലാക്കി ബോറിസ് ഡിജിപി ലോക്‌നാഥ് ബഹ്‌റയ്ക്ക് മെയിൽ ചെയ്തു. നടപടി ക്രമത്തിലെ പാളിച്ചകൾ മനസിലാക്കിയ ഡിജിപി, എഫ്‌ഐആർ അപ്ലോഡ് ചെയ്യാൻ പൊലീസിന് നിർദ്ദേശം നൽകുകയായിരുന്നു. എഫ്‌ഐആർ ലഭിച്ചപ്പോഴാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എന്നത് മനസിലാക്കുന്നത്. ഇതോടെയാണ് മുഖ്യമന്ത്രിക്ക് ബോറിസ് പരാതി നൽകുന്നത്. കളക്ടറുടെ ഭാഗത്ത് നിന്നുള്ള ഗുരുതരമായ പാകപ്പിഴയാണ് ബോറിസ് ചൂണ്ടിക്കാട്ടിയത് എന്നാണ് കൊല്ലത്തെ അഭിഭാഷകർ മറുനാടനോട് വ്യക്തമാക്കിയത്. ആൾക്കൂട്ടം നിരോധിച്ച് സർക്കാർ ഉത്തരവ് ഇറക്കുകയാണ്. ലോകം കൊറോണയെ ഭീതിയോടെ കാണുന്നു. ഈ സമയത്താണ് കളക്ടർ ആൾക്കൂട്ട യോഗം വിളിച്ചു ചേർക്കുന്നത്. ആർക്കൊക്കെ കൊറോണയുണ്ടെന്നു ആർക്കുമറിയാത്ത സാഹചര്യമാണ്. യോഗത്തിൽ നൂറോളം ആളുകൾ തിങ്ങിക്കൂടിയിരുന്നു. കളക്ടർ പറയുന്നത് ആൾക്കൂട്ടം നിരോധിച്ചു എന്നാണ്. ആൾക്കൂട്ടത്തെ നിരോധിച്ച കാര്യം അറിയിക്കാൻ ആൾക്കൂട്ടത്തെ വിളിച്ചു ചേർക്കുന്ന വിചിത്രകാര്യമാണ് കലക്ടർ ചെയ്തത്. ഇത് ബോറിസ് ചൂണ്ടിക്കാട്ടി. ഇതോടെ കളക്ടർ ക്ഷുഭിതനായി. കളക്ടർ വിളിച്ചു ചേർത്ത യോഗം നടക്കുന്നത് മാർച്ച് പന്ത്രണ്ടിനാണ്. കൊറോണ കാര്യത്തിൽ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് ജാഗ്രതാ സന്ദേശവും കൊറോണയ്ക്ക് വേണ്ടിയുള്ള നിർദ്ദേശങ്ങളും നൽകുന്നത് ഫെബ്രുവരി ഇരുപത്തിയാറിനാണ്. അത് മറക്കരുത്. ഫെബ്രുവരി ഇരുപത്തിയാറു കഴിഞ്ഞു എത്ര ദിവസം കഴിഞ്ഞാണ് കളക്ടർ ആൾക്കൂട്ട യോഗം വിളിക്കുന്നത് എന്നതും ഓർക്കണം.

കലക്ടർ ക്ഷുഭിതനാകാൻ വേറെയും കാരണമുണ്ടെന്നു ഇതേ അഭിഭാഷകർ തന്നെ ചൂണ്ടിക്കാട്ടുന്നു. ഇതിനും മുൻപ് വേറെ ഒരു പ്രശ്‌നം വന്നു. കൊല്ലം ബാർ അസോസിയേഷൻ ഹാളിനകത്ത് അഭിഭാഷകർക്ക് വേണ്ടി ചായ നൽകുന്ന പരിപാടിയുണ്ട്. ഈ ചായ ഉണ്ടാക്കാൻ ഉപയോഗിക്കുന്നത് ഡൊമസ്റ്റിക്ക് സിലിണ്ടർ ആണെന്ന് ചൂണ്ടിക്കാട്ടി ആരോ കളക്ടർക്ക് ഊമക്കത്ത് അയച്ചു. കലക്ടർ സപ്ലൈ ഓഫീസർക്ക് നിർദ്ദേശം നൽകി. റെയിഡ് വൈകിയപ്പോൾ കളക്ടർ വീണ്ടും നിർദ്ദേശം നൽകി. ഇതിനെ തുടർന്നു താലൂക്ക് സപ്ലൈ ഓഫീസറും മൂന്നു നാല് ഉദ്യോഗസ്ഥരും വന്നു പരിശോധന നടത്തി. അത് കമേർഷ്യൽ സിലിണ്ടർ ആണെന്ന് താലൂക്ക് ഓഫീസർ റിപ്പോർട്ട് നൽകി. അപ്പോഴും ബോറിസ് ഫെയ്‌സ് ബുക്ക് പോസ്റ്റ് നടത്തി. കളക്ടറുടെ നടപടിക്ക് എതിരെയായിരുന്നു ഈ പോസ്റ്റും. കൊല്ലം ബാർ അസോസിയേഷൻ ഓഫീസിനുള്ളിൽ ഊമ പരാതിയുടെ പേരിൽ റെയ്ഡ്. കളക്ടറേറ്റിന്നകത്ത് കളക്ടർക്ക് എന്തൊക്കെ ജോലികളുണ്ട്. ഈ സമയം അതിനു വിനിയോഗിക്കാമായിരുന്നു. എത്രയോ വാഹനങ്ങൾ കളക്ടറെറ്റിൽ തുരുമ്പ് എടുത്ത് നശിക്കുന്നു. ഇത് ലേലം ചെയ്തു വിട്ടിരുന്നെകിൽ എത്ര തുക സർക്കാരിനു ലഭിക്കുമായിരുന്നു. ഇല്ലാത്ത പരാതിയുടെ പേരിൽ എന്തിനു സമയം കളയണം. എന്നൊക്കെയുള്ള ഫെയ്‌സ് ബുക്ക് പോസ്റ്റാണ് നടത്തിയത്. . ഇതാണ് കളക്ടറെ പ്രകോപിപ്പിച്ചിരുന്നു. ഇതിനു ശേഷമാണ് കൊറോണ യോഗത്തിൽ വീണ്ടും ഫെയ്‌സ് ബുക്ക് പോസ്റ്റ് നടത്തുന്നത്. പഴയ സംഭവം മറക്കാതിരുന്ന കളക്ടർ എല്ലാം ചേർത്ത് പൊലീസിനെക്കൊണ്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു-ഇതാണ് കേസിനു പിന്നിലെ കാര്യം-അഭിഭാഷകർ വിരൽചൂണ്ടുന്നു.

മുഖ്യമന്ത്രിക്ക് ബോറിസ് നൽകിയ പരാതി

ശ്രീ പിണറായി വിജയൻ,

ബഹു കേരള മുഖ്യമന്ത്രി,

തിരുവനന്തപുരം.

സർ,

ഞാൻ 25 വർഷമായി കൊല്ലത്ത് അഭിഭാഷകനാണ്. കൊല്ലം ബാർ അസോസിയേഷൻ സെക്രട്ടറിയായിരുന്നയാളും വിവിധ സാമൂഹ്യ സംഘടനാ ഭാരവാഹിയായിട്ടും മറ്റും പൊതുപ്രവർത്തനം നടത്തി വരുന്നയാളുമാണ്. കൊല്ലം ജില്ലാ കളക്ടറെ സാമൂഹ്യ മാധ്യമങ്ങളിൽ അധിക്ഷേപിച്ചു എന്നാരോപിച്ച് എനിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് ക്രിമിനൽ കേസ് കൊല്ലം വെസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്തതായി ഏപ്രിൽ 2ലെ പത്രങ്ങളിൽ വന്ന വാർത്തയിൽ നിന്നും അറിഞ്ഞിട്ടുള്ളതാണ്. അന്വേഷണത്തിൽ ക്രൈം 427/2020 നമ്പരായി IPC 505, 189, 190, ഗജ അര േ120 ( ീ) എന്നീ വകുപ്പുകൾ ചേർത്ത് തീർത്തും നിയമവിരുദ്ധമായിട്ടാണ് 1-4-2020 രാത്രി 10 മണിക്ക് ശേഷം കേസ് രജിസ്റ്റർ ചെയ്തതായി കാണുന്നത്. 20-02-2020 മുതൽക്കുള്ള എന്റെ വിമർശനപരമായ ഫേസ്‌ബുക്ക് പോസ്റ്റുകളാണ് കേസിന് ആധാരമാക്കിയിട്ടുള്ളത്.

സർക്കാരിന്റെ കോവിഡ് രോഗ പ്രതിരോധ പ്രവർത്തനകാലത്തെ ജില്ലാ കളക്ടറുടെ തിരക്കുകൾക്കിടയിൽ ഇത്രയും പഴയ പോസ്റ്റുകൾ നോക്കിയെടുത്ത് കേസെടുപ്പിച്ചതിൽ തന്നെ സംശയങ്ങളുണ്ട്. ഞാൻ എഴുതിയതൊക്കെയും ജില്ലാ കളക്ടറുടെ വീഴ്ചകളെക്കുറിച്ചാണ്. അതിൽ ഏറ്റവും പ്രധാനം മാർച്ച് 12ന് ജില്ലാ കളക്റ്റ്രേറ്റ് കോൺഫറൻസ് ഹാളിൽ കൊല്ലത്തെ പൗരാവലിയെ ക്ഷണിച്ച് വരുത്തി ഹാളിനുള്ളിൽ ആൾക്കൂട്ടം സൃഷ്ടിച്ച ശേഷം ആൾക്കൂട്ടം നിരോധിച്ച സർക്കാർ തീരുമാനം അറിയിക്കാനാണ് യോഗം വിളിച്ചതെന്ന് പറഞ്ഞ കളക്ടറുടെ പ്രവർത്തിയെക്കുറിച്ചാണ്. അന്ന് അവിടെ ഒരു കോവിഡ് രോഗിയുണ്ടായിരുന്നെങ്കിൽ ഉള്ള അവസ്ഥ ചിന്തനീയമാണ്. എന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ നൂറിന് മേൽ വ്യക്തികൾ കമന്റിട്ടിട്ടുണ്ട്. അതിൽ സാമൂഹ്യ പ്രവർത്തനങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച 3 പേരെ തെരഞ്ഞ് പിടിച്ച് എന്നോടൊപ്പം കൂട്ടുപ്രതികളാക്കിയിട്ടുമുണ്ട്.മേലിൽ കളക്ടറുടെ വീഴ്ചകൾ ആരും വിമർശിക്കരുതെന്ന സന്ദേശം ജനങ്ങളിലെത്തിക്കാനാണ് ഇത്തരമൊരു കള്ളക്കേസ് എടുപ്പിച്ച ശേഷം കളക്ടർ പത്രമാധ്യമങ്ങളിലൂടെ വാർത്ത പ്രസിദ്ധീകരിപ്പിച്ചതെന്ന് വ്യക്തമാണ്.

കടുത്ത സമ്മർദ്ദത്തിന് വിധേയമായാണ് നിയമപരമായി നിലനിൽക്കാത്ത FIR രജിസ്റ്റർ ചെയ്യാൻ കൊല്ലം വെസ്റ്റ് പൊലീസ് നിർബന്ധിതരായതെന്ന് ഞാൻ മനസ്സിലാക്കുന്നു. സർക്കാരിന്റെ പ്രഖ്യാപിത നയങ്ങൾക്ക് വിരുദ്ധമാണ് കളക്ടറുടെ നടപടി. ജനാധിപത്യത്തിൽ പൗരനുള്ള അഭിപ്രായ സ്വാതന്ത്ര്യം നിഷേധിച്ച് ഭീഷണിപ്പെടുത്താൻ കൊല്ലം ജില്ലാ കളക്ടർ പൊലീസ് സംവിധാനം ദുരുപയോഗിച്ചിരിക്കുന്നു. ഇത് കടുത്ത അധികാര ദുർവിനിയോഗം കൂടിയാണ്. ജാമ്യമില്ലാ വകുപ്പുകൾ ചേർത്തതിൽ നിന്നും അറസ്റ്റ് പോലെയുള്ള കൂടുതൽ കടുത്ത നടപടികൾ ഉടൻ ഉണ്ടാകുമെന്ന് ഞാൻ ഭയക്കുന്നു. ആയതിനാൽ വളരെ അടിയന്തിര സ്വഭാവമുള്ള പരാതിയായി ഇത് പരിഗണിച്ച് ഉചിതമായ നടപടികൾ കൊല്ലം ജില്ലാ കളക്ടർക്കെതിരെ സ്വീകരിച്ചും പൊലീസിന് ഉചിതമായ നിർദ്ദേശം നൽകിയും ഉത്തരവുണ്ടാകണമെന്ന് അപേക്ഷിക്കുന്നു. എകഞ ന്റെ പകർപ്പ് ഇതോടൊപ്പം ചേർക്കുന്നു.
എന്ന്,

വിധേയൻ,
അഡ്വ ബോറിസ് പോൾ,

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP