Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബ്രിട്ടണിലെ ലിവർ പൂളിൽ ഒരു നഴ്സും എസെക്സിൽ ഒരു മിഡ്വൈഫും കൂടി മരണത്തിന് കീഴടങ്ങിയതോടെ കൊറോണ ബാധിച്ച് മരിക്കുന്ന നഴ്സുമാരുടെ എണ്ണം നാലായി; യുകെയിൽ ജോലി ചെയ്യുന്ന നഴ്സുമാരുടെ ആശങ്കയ്ക്ക് ഇനിയും പരിഹാരമില്ല

ബ്രിട്ടണിലെ ലിവർ പൂളിൽ ഒരു നഴ്സും എസെക്സിൽ ഒരു മിഡ്വൈഫും കൂടി മരണത്തിന് കീഴടങ്ങിയതോടെ കൊറോണ ബാധിച്ച് മരിക്കുന്ന നഴ്സുമാരുടെ എണ്ണം നാലായി; യുകെയിൽ ജോലി ചെയ്യുന്ന നഴ്സുമാരുടെ ആശങ്കയ്ക്ക് ഇനിയും പരിഹാരമില്ല

സ്വന്തം ലേഖകൻ

കൊറോണ ബാധിച്ച് എൻഎച്ച്എസ് ആശുപത്രികളിൽ ചികിത്സയിലുള്ള രോഗികളെ അടുത്ത് പരിചരിക്കുന്ന നഴ്സുമാരുടെ ജീവൻ അപകടത്തിലായിക്കൊണ്ടിരിക്കുന്നുവെന്ന ആശങ്കയ്ക്ക് അടിവരയിട്ട് കൊണ്ട് പുതിയ രണ്ട് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. ലിവർപൂളിൽ ഒരു നഴ്സും എസെക്സിൽ ഒരു മിഡ് വൈഫുമാണ് കൊറോണ ബാധിച്ച് മരിച്ചത്. ആശുപത്രികളിലെ കൊറോണ രോഗികളിൽ നിന്നും രോഗം പകർന്നാണ് ഇവരും മരിച്ചിരിക്കുന്നത്.ഈ രണ്ട് നഴ്സുമാർ കൂടി മരണത്തിന് കീഴടങ്ങിയതോടെ യുകെയിൽ കൊറോണ ബാധിച്ച് മരിക്കുന്ന നഴ്സുമാരുടെ എണ്ണം അഞ്ചായി ഉയർന്നിരിക്കുകയാണ്. ഇതോടെ എൻഎച്ച്എസിലെ മലയാളി നഴ്സുമാർ അടക്കമുള്ളവരുടെ ആശങ്ക ഇരട്ടിച്ചിരിക്കുകയാണ്.

എയിൻട്രീ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ദീർഘകാലമായി സ്റ്റാഫ് നഴ്സായി ജോലി ചെയ്ത് വന്നിരുന്ന ലിസ് ഗ്ലാനിസ്റ്റർ എന്ന 68 കാരി ഇക്കഴിഞ്ഞ വെള്ളിയാഴ്ച കൊറോണ മൂർച്ഛിച്ചതിനെ തുടർന്ന് മരിച്ചുവെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.വളരെക്കാലത്തെ പ്രവൃത്തിപരിയമുള്ള ഗ്ലാനിസ്റ്റർ യുവനഴ്സുമാർക്ക് വഴികാട്ടിയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇവരുടെ അപ്രതീക്ഷിതമായ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇവർ റോയൽ ലിവർപൂൾ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വച്ച് വെള്ളിയാഴ്ച മരിച്ചുവെന്ന് ലിവർ പൂൾ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ് ചീഫ് നഴ്സായ ഡയാനെ ബ്രൗൺ സ്ഥിരീകരിച്ചിട്ടുണ്ട്.

എസെക്സിലെ ഹാർലോയിലെ ദി പ്രിൻസസ് അലക്സാണ്ട്ര ഹോസ്പിറ്റലിലെ ലിൻസെ കവൻട്രിയാണ് കൊറോണ ബാധിച്ച് മരിച്ചിരിക്കുന്ന മിഡ് വൈഫ്.54 കാരിയായ ഇവർ വ്യാഴാഴ്ച മരിച്ചുവെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.കഴിഞ്ഞ പത്ത് വർഷങ്ങളായി കവൻട്രി ഇവിടെ മിഡ് വൈഫായി ജോലി ചെയ്ത് വരുന്നുണ്ട്. സമീപത്തെ മിഡ് എസെക്സ് ഹോസ്പിറ്റൽ സർവസസ് എൻഎച്ച്എസ് ട്രസ്റ്റിൽ വച്ചാണ് ഇവർ മരിച്ചത്. കോവിഡ്-19 സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവർ വീട്ടിൽ സെൽഫ് ഐസൊലേഷനിലായിരുന്നുവെങ്കിലും രോഗം വഷളയാതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

മാസ്‌ക് ധരിച്ച പ്രിൻസസ് അലക്സാണ്ട്രയിലെ സഹപ്രവർത്തകർ ഇടനാഴിയിലേക്ക് ഇറങ്ങി മരിച്ച സഹപ്രവർത്തകക്ക് ആദരാജ്ഞലി അർപ്പിച്ച് കുറച്ച് നേരം മൗനം പാലിച്ച് നിന്നിരുന്നു. കൊറോണ രോഗികളെ പരിചരിക്കുന്ന എൻഎച്ച്എസിലെ നഴ്സുമാർ അടക്കമുള്ള മരിച്ച് വീഴുന്ന സംഭവങ്ങൾ പതിവാകുന്നത് കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത് . വെള്ളിയാഴ്ച വാട്ട്‌ഫോർഡ് ജനറൽ ഹോസ്പിറ്റലിൽ കൊറോണ രോഗികളെ അടുത്ത് പരിചരിച്ചിരുന്ന 23 കാരനായ ഫിലിപ്പിനോ നഴ്‌സായ ജോൺ അലഗോസ് കോവിഡ്-19 ബാധിച്ച് മരിച്ചിരുന്നു.

കൂടാതെ വെസ്റ്റ് മിഡ്ലാൻഡ്സിലെ വാൽസാൽ മാനറിലെ 36കാരിയായ അരീമ നസ്രീൻ വെള്ളിയാഴ്ചയും കെന്റിലെ മാർഗററ്റിലെ ക്യൂൻ മദർ ഹോസ്പിറ്റലിൽ 38 കാരി എയ്മീ ഓ റൗർകെ വ്യാഴാഴ്ചയും കൊറോണ ബാധിച്ച് മരിച്ചിരുന്നു.ഇതിന് പുറമെ കൊറോണ പിടിപെട്ട് എൻഎച്ച്എസിലെ രണ്ട് ഹെൽത്ത് കെയർ അസിസ്റ്റന്റുമാരും മരിച്ചതും ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. നോർത്ത് ഈസ്റ്റ്ലണ്ടനിൽ ജോലി ചെയ്തിരുന്ന 57കാരനായ തോമസ് ഹാർവി, നോർത്ത് വെസ്റ്റ് ലണ്ടനിലെ ഹെൽത്ത് കെയർ അസിസ്റ്റന്റായ ട്രാസി ബ്രെന്നാൻ എന്നിവരാണ് വൈറസ് ബാധിച്ച് മരിച്ച ഹെൽത്ത് കെയർ അസിസ്റ്റന്റുമാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP