Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

12 മണിക്കൂറിനുള്ളിൽ 26 മരണം; പുതുതായി രോഗം പിടിപെട്ടത് അഞ്ഞൂറിൽ അധികം പേർക്ക്; ആകെ മരണസംഖ്യ 118 ആയി ഉയർന്നു; രോഗികളുടെ എണ്ണം 4289 ആയി ഉയർന്നു; ഇന്ത്യൻ പ്രതീക്ഷയ്ക്ക് വിരാമം കുറിച്ച് കോവിഡ് കത്തിപ്പടരുന്നു; ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള സംസ്ഥാനമായി മഹാരാഷ്ട്ര; ഇവിടെ മാത്രം മാത്രം മരിച്ചത് 45 പേർ; തമിഴ്‌നാട്ടിൽ കോവിഡ് ബാധിച്ച് മരിച്ചവരിൽ അഞ്ചിൽ നാല് പേരും നിസാമുദ്ദീൻ സമ്മേളനവുമായി ബന്ധമുള്ളവർ

12 മണിക്കൂറിനുള്ളിൽ 26 മരണം; പുതുതായി രോഗം പിടിപെട്ടത് അഞ്ഞൂറിൽ അധികം പേർക്ക്; ആകെ മരണസംഖ്യ 118 ആയി ഉയർന്നു; രോഗികളുടെ എണ്ണം 4289 ആയി ഉയർന്നു; ഇന്ത്യൻ പ്രതീക്ഷയ്ക്ക് വിരാമം കുറിച്ച് കോവിഡ് കത്തിപ്പടരുന്നു; ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള സംസ്ഥാനമായി മഹാരാഷ്ട്ര; ഇവിടെ മാത്രം മാത്രം മരിച്ചത് 45 പേർ; തമിഴ്‌നാട്ടിൽ കോവിഡ് ബാധിച്ച് മരിച്ചവരിൽ അഞ്ചിൽ നാല് പേരും നിസാമുദ്ദീൻ സമ്മേളനവുമായി ബന്ധമുള്ളവർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോവിഡ് വിരുദ്ധ പോരാട്ടത്തിൽ ഇന്ത്യൻ ശ്രമങ്ങൾ വിഫലമാകുമോ എന്ന ആശങ്ക ശക്തമാക്കി രാജ്യത്തെങ്ങും രോഗം പടർന്നുപിടിക്കുന്നു. കോവിഡ് ബാധിച്ച മരിച്ചവരുടെ എണ്ണം നൂറ് കടക്കുകയും കഴഞ്ഞ 12 മണിക്കൂറിനിടെ മരണനിരക്ക് ഉയരുകയും ചെയ്തതോടെ കടുത്ത ആശങ്കയാണ് ഉടലെടുത്തിരിക്കുന്നത്. ഇന്ത്യയിൽ കോവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 4289 ആയി ഉയർന്നു. കഴിഞ്ഞ 12 മണിക്കൂറിനുള്ളിൽ 26 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 118 ആയെന്ന് കേന്ദ്രആരോഗ്യ -കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 3666 പേർ ചികിത്സയിലാണെന്നും 291 പേർ രോഗമുക്തി നേടി ആശുപത്രിവിട്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് ബാധിതനായ ഒരാൾ രാജ്യം വിട്ടിട്ടുണ്ട്.

14 പേർക്കാണ് പുതുതായി വൈറസ്ബാധ കണ്ടെത്തിയത്. തബ്‌ലീഗ് ജമാഅത്തിന്റെ സമ്മേളനത്തിൽ പങ്കെടുത്തവരിൽ വൈറസ് കണ്ടെത്തിയതോടെയാണ് കോവിഡ് കേസുകളിൽ പ്രധാനമായും വർധനവുണ്ടായതെന്നും ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ വ്യക്തമാക്കിയിരുന്നു. സമ്മേളനവുമായി ബന്ധപ്പെട്ട് 17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഏറ്റവും കൂടുതൽ കോവിഡ് കേസുകളുള്ള മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 747 ആയി. മുംബൈയിൽ മാത്രം 406 കോവിഡ് ബാധിതരാണുള്ളത്. മഹാരാഷ്ട്രയിലാണ് ഏറ്റവു കൂടുതൽ കോവിഡ് മരണങ്ങൾ ഉണ്ടായത്. ഇവിടെ 45 പേർ മരിച്ചു. രണ്ടാം സ്ഥാനത്തുള്ളത് തമിഴ്‌നാടാണ് ഇവിടെ 571 പേർക്കാണ് കോവിഡ് ബാധിച്ചത്. കോവിഡ് ബാധിതരിൽ പകുതിയോട് അടുത്ത് തബ് ലീഗ് ബന്ധമുള്ളവർ ആണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഉത്തർപ്രദേശിൽ 16 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പ്രതിരോധം, വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗാമയി നടപ്പാക്കിയ ലോക്ക്ഡൗൺ തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് കേന്ദ്രമന്ത്രിസഭാ യോഗം ഇന്ന് ഉച്ചക്ക് ഒരു മണിയോടെ നടക്കും. വിഡിയോ കോൺഫറൻസിലൂടെയാണ് യോഗം നടക്കുകയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ചെന്നൈ സ്റ്റാൻലി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന 2 പേർ കൂടി മരിച്ചതോടെ തമിഴ്‌നാട്ടിൽ കോവിഡ് മരണം അഞ്ചായി. ദുബായിൽനിന്നു തിരിച്ചെത്തിയ രാമനാഥപുരം സ്വദേശിയും (71), ഡൽഹിയിൽ തബ്ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്ത ചെന്നൈ വാഷർമെൻപെട്ട് സ്വദേശിയു (60) മാണ് മരിച്ചത്. രാമനാഥപുരം സ്വദേശി മരിച്ചത് രണ്ടാം തീയതിയാണെങ്കിലും കോവിഡ് പരിശോധനാ ഫലം വന്നത് ഇന്നലെ രാവിലെയാണ്.
വാഷർമെൻപെട്ട് സ്വദേശിയെ ഈ മാസം ഒന്നിനാണു സ്റ്റാൻലി മെഡിക്കൽ കോളജിലെ ഐസലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. ശനി വൈകിട്ട് വരെ നില തൃപ്തികരമായിരുന്നു. അഞ്ചു മണിയോടെ ശ്വാസ തടസ്സം അനുഭവപ്പെട്ടു. സ്ഥിതി വഷളായതിനെത്തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയെങ്കിലും ഇന്നലെ പുലർച്ചെ ഒന്നരയോടെ മരിച്ചു.

ദുബായിൽനിന്നു മടങ്ങിയെത്തിയ രാമനാഥപുരം സ്വദേശിയെ ശ്വാസ തടസ്സമുൾപ്പെടെയുള്ള അസുഖങ്ങളെത്തുടർന്നു രണ്ടിനു രാവിലെ 9.45-നാണ് ഐസലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തിക്കുമ്പോൾ അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഇയാൾ രണ്ടു മണിക്കൂറിനു ശേഷം മരിച്ചു. മൃതദേഹം അന്നു തന്നെ രാമനാഥപുരത്തെത്തിച്ചു സംസ്‌കരിച്ചെങ്കിലും ഇന്നലെ രാവിലെയാണു പരിശോധനാ ഫലം പുറത്തുവന്നത്. തമിഴ്‌നാട്ടിൽ ഇതുവരെ മരിച്ച 5 പേരിൽ നാലും ഡൽഹി നിസാമുദ്ദീൻ സമ്മേളനവുമായി ബന്ധമുള്ളവരാണ്.

തമിഴ്‌നാട്ടിൽ ഇന്നലെ 86 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ തമിഴകത്ത് കോവിഡ് രോഗികൾ 571. ഇന്നലെ സ്ഥരീകരിച്ചവരിൽ ഒരാളൊഴികെ എല്ലാവരും ഡൽഹി സമ്മേളനത്തിൽ പങ്കെടുത്തവർ. ഇതുവരെ സംസ്ഥാനത്ത് 4612 സാംപിളുകളാണു പരിശോധിച്ചത്. 90824 പേർ ക്വാറന്റീനിലുണ്ട്. സർക്കാർ ആശുപത്രികളിലെ ഐസലേഷൻ വാർഡുകളിൽ 1848 പേർ ചികിൽസയിൽ കഴിയുന്നു. തമിഴ്‌നാട്ടിൽ കോവിഡ് രോഗികൾ ഏറ്റവും കൂടുതൽ ചെന്നൈ ഉൾപ്പെട്ട വടക്കൻ മേഖലയിലും കോയമ്പത്തൂർ ഉൾപ്പെടുന്ന പടിഞ്ഞാറൻ മേഖലയിലും. ഈ രണ്ടു മേഖലകളിലാണു സംസ്ഥാനത്തെ കോവിഡ് ബാധിതരിൽ 75%. എന്നാൽ, കാവേരി നദീതടമുൾപ്പെടുന്ന മധ്യ തമിഴ്‌നാട്ടിൽ ആകെ രോഗികളുടെ 10% മാത്രം. കോയമ്പത്തൂർ (58), ഡിണ്ടിഗൽ ( 43), തിരുനൽവേലി (38), ഈറോഡ് ( 32) എന്നിങ്ങനെയാണു ചെന്നൈയ്ക്കു പിറകിൽ രോഗികളുടെ എണ്ണം കൂടുതലുള്ള ജില്ലകൾ.

ഈ മാസം ആദ്യം മുതൽ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരിൽ കുതിച്ചു ചാട്ടമുണ്ടായെങ്കിലും രോഗ വ്യാപനം രണ്ടാംഘട്ടത്തിൽ തന്നെയെന്നു ആരോഗ്യ സെക്രട്ടറി ബീലാ രാജേഷ്. ഇതുവരെയുള്ള എല്ലാ രോഗികൾക്കും എവിടെ നിന്നു ബാധിച്ചുവെന്നു തിരിച്ചറിയാനായി. ഡൽഹി സമ്മേളനത്തിൽ പങ്കെടുത്തവരിൽ ചിലരുടെ സാംപിളുകൾ ഇനിയും വരാനുണ്ട്. സംസ്ഥാനത്ത് രോഗ വ്യാപനം ഏതു മാർഗത്തിലൂടെയാണെന്നറിയാൻ എപ്പിഡമോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹായം തേടിയിട്ടുണ്ട്. അവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ അടുത്ത ഘട്ടത്തിനു രൂപം നൽകുമെന്നു അവർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP