Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് ഭീതിക്കിടെ രാത്രികാലങ്ങളിൽ അദൃശ്യമനുഷ്യനെത്തി വീടുകളുടെ വാതിലുകളിൽ തട്ടും; ചിലയിടങ്ങളിൽ ജനൽ ചില്ലകളിൽ കൈപാടുകൾ വരെ പതിഞ്ഞു; അസാധാരണ ഉയരമുള്ളയാൾ പ്രത്യേക തരം കോൽ ഉപയോഗിച്ചുകൊണ്ട് ചാടിമറയുന്നത് അതിവേ​ഗത്തിൽ; അദൃശ്യ മനുഷ്യന്റെ പേരിൽ വ്യാപകമായി ലോക്ക് ഡൗൺ ലംഘനം; ഉറക്കമില്ലാതെ നാട്ടുകാർ

കോവിഡ് ഭീതിക്കിടെ രാത്രികാലങ്ങളിൽ അദൃശ്യമനുഷ്യനെത്തി വീടുകളുടെ വാതിലുകളിൽ തട്ടും; ചിലയിടങ്ങളിൽ ജനൽ ചില്ലകളിൽ കൈപാടുകൾ വരെ പതിഞ്ഞു; അസാധാരണ ഉയരമുള്ളയാൾ പ്രത്യേക തരം കോൽ ഉപയോഗിച്ചുകൊണ്ട് ചാടിമറയുന്നത് അതിവേ​ഗത്തിൽ; അദൃശ്യ മനുഷ്യന്റെ പേരിൽ വ്യാപകമായി ലോക്ക് ഡൗൺ ലംഘനം; ഉറക്കമില്ലാതെ നാട്ടുകാർ

ജംഷാദ് മലപ്പുറം

മലപ്പുറം: കോവിഡ് ഭീതിക്കിടെ രാത്രികാലങ്ങളിൽ അദൃശ്യമനുഷ്യനെത്തുന്നു. പലയിടത്തും വീടുകളുടെ വാതിലുകളിൽ തട്ടും. ചിലയിടങ്ങളിൽ ജനൽ ചില്ലകളിൽ കൈപാടുകൾ പതിഞ്ഞു. പ്രത്യേക തരം കോൽ ഉപയോഗിച്ചുകൊണ്ട് വേഗത്തിൽ ചാടിമറയും. മലപ്പുറം ടപ്പാളിൽ അദൃശ്യ മനുഷ്യന്റെ പേരിൽ വ്യാപകമായി ലോക്ക് ഡൗൺ ലംഘനം നടക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി എടപ്പാൾ, ചങ്ങരംകുളം മേഖലയിൽ അദൃശ്വ മനുഷ്യനെ കുറിച്ചുള്ള പ്രചരണമാണ് നടക്കുന്നത്. ഇതേ തുടർന്ന് മേഖലയിൽ പലയിടത്തും ഇത്തരം മനുഷ്യന്റെ സാന്നിധ്യം കണ്ടതായി പ്രചരണമുണ്ടായി.

പലയിടത്തും വീടുകളുടെ വാതിലുകളിൽ തട്ടുന്നതായും പരാതി ഉയർന്നു. ഇതോടെ രാത്രികാലങ്ങളിൽ ചെറുപ്പക്കാരുടെ നേതൃത്വത്തിൽ വ്യാപക തിരച്ചിലാണ് നടക്കുന്നത്. ലോക്ക് ഡൗൺ കാലത്ത് പുറത്തിറങ്ങുന്നതിനും സംഘം ചേരുന്നതിനും വിലക്കുണ്ടെന്നിരിക്കെ ഇവ ലംഘിച്ചുകൊണ്ടാണ് തിരച്ചിൽ നടക്കുന്നത്. രാത്രി പത്ത് മണിയോടെ തുടങ്ങുന്ന തിരച്ചിൽ പലപ്പോഴും പുലർച്ചെ വരെ നീണ്ട് നിൽക്കുന്നുണ്ട്. ചിലയിടങ്ങളിൽ ജനൽ ചില്ലകളിൽ കൈപാടുകൾ പതിഞ്ഞതായും ചിലയിടങ്ങളിൽ ഇത്തരം രൂപം കണ്ടതായും ,പ്രത്യേക തരം കോൽ ഉപയോഗിച്ചു കൊണ്ട് വേഗത്തിൽ ചാടിമറയുന്നതായുമൊക്കെയാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ലോക് ഡൗൺ ലംഘനം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് പൊലീസ് പരിശോധന ശക്തമായി.ഇതിന് പിന്നിൽ സാമൂഹ്യ വിരുദ്ധരാണെന്ന സൂചനയാണ് പൊലീസ് നൽകുന്നത്. അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയിൽ പെട്ടാൽ ഉടനെ പൊലീസിനെ അറിയിക്കണമെന്നും നിയമം ലംഘിച്ച് പുറത്തിറങ്ങരുതെന്നും പൊലീസ് പറയുന്നു.

എന്നാൽ ഈ നിർദേശങ്ങളൊക്കെ കാറ്റിൽ പറത്തി യുവാക്കൾ വ്യാപകമായ തിരച്ചിലിലാണ്.കഴിഞ്ഞ ദിവസം രാത്രിയിലാണ് എരുവപ്രക്കുന്ന്, വട്ടംകുളം ചോലക്കുന്ന് തുടങ്ങിയ വിവിധ ഭാഗങ്ങളിൽ അദൃശ്യ മനുഷ്യനെ കണ്ടതായി പ്രചാരണമുണ്ടായി. ഇതോടെ യുവാക്കൾ ഉൾപ്പെടെയുള്ളവർ പുറത്തിറങ്ങി നിരീക്ഷണം ആരംഭിച്ചു. ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ കൂട്ടംകൂടരുതെന്ന അധികൃതരുടെ നിർദ്ദേശം ലംഘിച്ചു കൊണ്ട് പ്രദേശത്തെ പാടശേഖരത്തിൽ ഒട്ടേറെ പേർ സംഘടിച്ചത് നാട്ടുകാർക്ക് തലവേദനയായി. അതേ സമയം
ഇതിനു മുമ്പു കോക്കൂർ, പാവിട്ടപ്പുറം, കല്ലൂർമ, കാഞ്ഞിയൂർ, ചേലക്കടവ്, നരണിപ്പുഴ ഭാഗങ്ങളിൽ ഓടി മറയുന്ന അദൃശ്യമനുഷ്യനെ കാണുന്നതായും് നാട്ടുകാർ പറഞ്ഞിരുന്നു. വീടുകളുടെ വാതിലിൽ മുട്ടുക, പുറത്തെ ടാപ്പുകൾ തുറന്നിടുക തുടങ്ങിയവയാണത്രെ അജ്ഞാതന്റെ വികൃതികളെന്നും ഇവർ പറയുന്നു.

ശബ്ദം കേട്ട് വീട്ടുകാർ നോക്കുമ്പോൾ അസാധാരണ ഉയരമുള്ള ആൾ രൂപം ഓടി മറയുന്നതാണ് കാണുന്നതെന്ന് നാട്ടുകാർ പറയുന്നത്. ഇതോടെ ആളുകൾ സംഘടിച്ചെത്തി പരിശോധിക്കുകയും പൊലീസിന്റെ നേതൃത്വത്തിൽ തിരച്ചിൽ നടത്തുകയും ചെയ്തിട്ടും കണ്ടെത്താനായില്ല. നേരത്തേ, തൃശൂർ ജില്ലയിലെ പഴഞ്ഞി, കാട്ടകാമ്പാൽ കുന്നംകുളം, ചമ്മന്നൂർ ഭാഗങ്ങളിലും ഇത്തരം സംഭവങ്ങൾ ഉണ്ടായതായി പറയുന്നു. സാമൂഹിക വിരുദ്ധരുടെ നടപടിയാണിതെന്നും എവിടെയും മോഷണം നടന്നതായും ആക്രമിച്ചതായും പരാതികൾ ഇല്ലെന്നും ചങ്ങരംകുളം പൊലീസ് പറഞ്ഞു.

വിവിധ ഭാഗങ്ങളിൽ അദൃശ്യ മനുഷ്യന്റെ സാന്നിധ്യമുണ്ടെന്ന തരത്തിലുള്ള പ്രചാരണത്തിന്റെ പേരിൽ ആളുകൾ പുറത്തിറങ്ങി നടക്കുന്നത് ഒഴിവാക്കണമെന്ന് ചങ്ങരംകുളം എസ്‌ഐ ടി.ഡി.മനോജ് കുമാർ അറിയിച്ചു. യുവാക്കളിൽ പലരും 'അദൃശ്യ മനുഷ്യനെ' പിടികൂടാൻ കൂട്ടമായി പുറത്തിറങ്ങുകയാണ്.ഇത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും. സാമൂഹിക വിരുദ്ധർ രംഗത്തിറങ്ങി ഭീതി പരത്തുന്നുണ്ടോ എന്നത് പൊലീസ് പരിശോധിച്ചു വരികയാണ്. പുറത്തിറങ്ങി നടക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP