Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ് നിയന്ത്രണത്തിൽ കേരളം മറ്റു സംസ്ഥാനങ്ങളെയും രാജ്യങ്ങളെയും അപേക്ഷിച്ച് കൈക്കൊണ്ടെതെല്ലാം മികച്ച നടപടികൾ; ഈ നേട്ടം നിലനിർത്താൻ നിയന്ത്രണങ്ങൾ ഏപ്രിൽ 14ന് ശേഷം 21 ദിവസം കൂടി തുടരേണ്ടി വരുമെന്ന് വിദഗ്ധാഭിപ്രായം; മറ്റ് രാജ്യങ്ങളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും ആളുകൾ ഒഴുകിയെത്തിയാൽ കാര്യങ്ങൾ ഗുരുതരമാകാൻ ഇനിയും സാധ്യത; 16മുതൽ ലോക്ഡൗണിൽ ഉണ്ടാവുക ചെറിയ ഇളവുകൾ മാത്രം; നിയന്ത്രണങ്ങൾ തുടരണമെന്ന് കേരളം; കൊറോണയിൽ അതിർത്തി ജാഗ്രത തുടരും

കോവിഡ് നിയന്ത്രണത്തിൽ കേരളം മറ്റു സംസ്ഥാനങ്ങളെയും രാജ്യങ്ങളെയും അപേക്ഷിച്ച് കൈക്കൊണ്ടെതെല്ലാം മികച്ച നടപടികൾ; ഈ നേട്ടം നിലനിർത്താൻ നിയന്ത്രണങ്ങൾ ഏപ്രിൽ 14ന് ശേഷം 21 ദിവസം കൂടി തുടരേണ്ടി വരുമെന്ന് വിദഗ്ധാഭിപ്രായം; മറ്റ് രാജ്യങ്ങളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും ആളുകൾ ഒഴുകിയെത്തിയാൽ കാര്യങ്ങൾ ഗുരുതരമാകാൻ ഇനിയും സാധ്യത; 16മുതൽ ലോക്ഡൗണിൽ ഉണ്ടാവുക ചെറിയ ഇളവുകൾ മാത്രം; നിയന്ത്രണങ്ങൾ തുടരണമെന്ന് കേരളം; കൊറോണയിൽ അതിർത്തി ജാഗ്രത തുടരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ കോവിഡ് ലോക്ഡൗൺ ഏപ്രിൽ മാസം മുഴുവൻ തുടരും. അടുത്ത മാസം പകുതി വരെ ഭാഗീക നിയന്ത്രണങ്ങലും ഉണ്ടാകും. ലോക് ഡൗൺ് ഒറ്റയടിക്കു പിൻവലിക്കരുതെന്ന് കേന്ദ്ര സർക്കാരിനെ കേരളം അറിയിക്കും. ഇതോടെ കേന്ദ്ര സർക്കാർ സംസ്ഥാനത്തെ ലോക്ഡൗൺ നീട്ടുമെന്ന് ഉറപ്പായി. മൂന്നു ഘട്ടമായി ഇളവുകൾ നടപ്പാക്കാനാണു കേരളത്തിന്റെ നിർദ്ദേശം. 17 അംഗ വിദഗ്ധ സമിതി മുഖ്യമന്ത്രി പിണറായി വിജയനു സമർപ്പിച്ച റിപ്പോർട്ടിലെ ശുപാർശ സംസ്ഥാനം അംഗീകരിക്കും. ഏപ്രിൽ 15ന് ശേഷം ചില കടകൾക്ക് തുറക്കാൻ കേരളം അനുമതി നൽകിയേക്കും. എന്നാൽ ജില്ലകൾ എല്ലാം സീൽ ചെയ്ത് തന്നെയാകും പ്രതിരോധം നടത്തുക. പാലക്കാട് അതിർത്തിയിൽ പ്രത്യേക ജാഗ്രത പുലർത്തും.

ലോക്ഡൗൺ പിൻവലിക്കുന്നതിനു മാനദണ്ഡങ്ങൾ തയാറാക്കി. രോഗികളുടെ എണ്ണത്തിലെ കുറവ് ഉൾപ്പെടെ പരിഗണിക്കും. മാനദണ്ഡങ്ങൾ പാലിക്കുന്ന ജില്ലകൾക്കായിരിക്കും ഇളവുകൾ നൽകുക. ഇന്ത്യയിലെ കോവിഡ് ബാധിതരിൽ 80 % പേരും രാജ്യത്തെ 62 ജില്ലകളിളാണ് ഉള്ളത്. ലോക്ഡൗൺ അവസാനിച്ചാലും ഈ 62 ജില്ലകളിൽ കർശന നിയന്ത്രണങ്ങൾ തുടരും. കേരളത്തിൽ, ഹോട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ച കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളും ഈ പരിധിയിൽ വരുമെന്നാണു വിവരം. ഇതിനൊപ്പമാണ് കേരളവും ലോക് ഡൗൺ പൂർണ്ണമായും പിന്തുണയ്ക്കരുതെന്ന അഭിപ്രായവുമായി എത്തുന്നത്.

രാജ്യത്തെ 736 ജില്ലകളിൽ 274 ജില്ലകളിലാണ് ഇതുവരെ കോവിഡ് റിപ്പോർട്ട് ചെയ്തത്. ഇതിൽ ഏറ്റവും കൂടുതൽ കേസുകൾ കണ്ടെത്തിയ സ്ഥലങ്ങളിൽ 'വൈറസ് ഔട്ട്‌ബ്രേക്ക്' തടയാനുള്ള പ്രത്യേക മാർഗനിർദ്ദേശം കഴിഞ്ഞദിവസം കേന്ദ്രം പുറത്തിറക്കിയിരുന്നു. അതിനിടെ കോവിഡ്-19 രോഗം പടർന്നുപിടിക്കുന്നത് നിയന്ത്രിക്കുന്നതിനായി രാജ്യവ്യാപകമായി നടപ്പാക്കിയ ലോക്ഡൗൺ ഇപ്പോഴത്തെ കാലാവധിക്കുശേഷം അടുത്ത 21 ദിവസംകൂടി തുടരണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ വിദഗ്ധ സമിതി ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കു കത്ത് നൽകിയതായും ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം വർഗീസും സെക്രട്ടറി ഡോ. ഗോപികുമാറും അറിയിച്ചു.

ഇംഗ്ലണ്ട്, അമേരിക്ക, ഇറ്റലി, ജർമനി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലെയും രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളിലെയും പൊതുജനാരോഗ്യ വിദഗ്ധരുമായും കേരളത്തിലെ അൻപതോളം പൊതുജനാരോഗ്യ വിദഗ്ധരുമായും ഐ.എം.എ. ചർച്ചകൾ നടത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ നിർദ്ദേശം നൽകിയത്. കോവിഡ്-19 പകർച്ചവ്യാധി നിയന്ത്രണത്തിൽ കേരളം മറ്റു സംസ്ഥാനങ്ങളെയും രാജ്യങ്ങളെയും അപേക്ഷിച്ച് മികച്ച നടപടികളാണ് സ്വീകരിച്ചുവരുന്നത്. ആ നേട്ടം, നിലനിർത്തുന്നതിന് അടുത്ത 21 ദിവസവുംകൂടി ലോക്ഡൗൺ തുടരണം. കേരളത്തിലെ പ്രത്യേക സാഹചര്യംവെച്ച് വളരെയധികം ആളുകൾ മറ്റു സംസ്ഥാനങ്ങളിൽനിന്നും മറ്റു രാജ്യങ്ങളിൽനിന്നും വരുന്ന സാഹചര്യം ലോക്ഡൗൺ മാറ്റുമ്പോൾ ഉണ്ടായേക്കാമെന്നും ഐഎംഎ പറയുന്നു.

അതിനിടെ മരണനിരക്ക് കുറച്ചുനിർത്താനായത് കേരളത്തിന് നേട്ടമായെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പ്രതികരിച്ചു. സംസ്ഥാനത്തിന് പരിശോധനാ കിറ്റുകൾ കരുതലോടെ ഉപയോഗിക്കാനായി. കിറ്റുകൾ കരുതലോടെ ഉപയോഗിക്കുന്നതിൽ ലോക രാജ്യങ്ങൾ പോലും പരാജയപ്പെട്ടിടത്താണ് ഈ മാതൃക. കേരളത്തിൽ സമൂഹവ്യാപനമില്ല. കാസർകോട്ടുകാർ ഭയക്കേണ്ട. ആരോഗ്യ പ്രവർത്തകരുടെ ആരോഗ്യം സംരക്ഷിക്കാൻ സൂക്ഷ്മതലത്തിൽ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, സംസ്ഥാനത്തെ ലോക്ഡൗൺ എപ്പോൾ പിൻവലിക്കുമെന്ന് പറയാനാവില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ഇതോടെ ലോക് ഡൗൺ നീട്ടുമെന്ന സൂചന സംസ്ഥാന സർക്കാരും നൽകുകയാണ്. കോവിഡ് ബാധ തിരിച്ചറിയാൻ കേരളത്തിന് പുറത്തു നിന്ന് വരുന്നവർക്ക് അതിർത്തികളിൽ ദ്രുതപരിശോധന നടത്തുകയാണ് ഇപ്പോൾ. ലോക്ഡൗൺ കാലാവധി അവസാനിച്ചാലും പരിശോധന തുടരും. റാപ്പിഡ് ടെസ്‌ററ് വിപുലമാക്കാനും സർക്കാർ ഒരുങ്ങുകയാണ്.

സംസ്ഥാനത്ത് രോഗവ്യാപനം പിടിച്ചു നിർത്താൻ ഇതുവരെ കഴിഞ്ഞിട്ടുണ്ടെന്ന വിലയിരുത്തലിലാണ് സർക്കാർ. എന്നാൽ ലോക്ഡൗൺ കാലാവധി അവസാനിക്കുമ്പോൾ സ്ഥിതി വഷളായ ഇതര സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ പേരെത്തും. രോഗബാധിതരെ തിരിച്ചറിയുന്നതിനാണ് അതിർത്തികളിൽ ദ്രുതപരിശോധന നടത്താനുള്ള നീക്കം. ഇതു സംബന്ധിച്ച ശുപാർശ ആരോഗ്യവകുപ്പിന്റെ പരിഗണനയിലാണ്. പ്രാരംഭ റജിസ്‌ട്രേഷൻ നടത്താൻ ഇ മെയിൽ വിലാസം നല്കും. രക്തപരിശോധനയിലൂടെ വൈറസ് സാന്നിധ്യം തിരിച്ചറിയാനാകുന്ന റാപ്പിഡ് ടെസ്റ്റ് കിറ്റുകളുപയോഗിച്ചാകും പരിശോധന. ഐസിഎംആറിന്റെ അംഗീകാരമുള്ള സ്വകാര്യ ലബോറട്ടറികളുമായി സർക്കാർ കരാറിലേർപ്പെടും.

പരിശോധനയ്ക്ക് വിധേയരായ വ്യക്തികളുമായി പരിശോധനാ ഫലത്തെക്കുറിച്ച് ആശയവിനിമയം നടത്തുന്നത് സർക്കാർ മാത്രമായിരിക്കണമെന്നും ശുപാർശയിലുണ്ട്. കോവിഡ് സംശയിക്കുന്നവർ, രോഗലക്ഷണമുള്ളവർ, ആരോഗ്യപ്രവർത്തകർ, രോഗം നിർണയിക്കപ്പെടാതെ തന്നെ ശ്വസന സംബന്ധമായ പ്രശ്നങ്ങൾ മാറിയവർ, അതീവ ജാഗ്രതാ മേഖലകളിൽ പൊതുജനങ്ങളുമായി കൂടുതൽ സമ്പർക്കം പുലർത്തുന്നവർ എന്നിവരിലും ദ്രുതപരിശോധന നടത്തും. ഇതിനുള്ള കിറ്റുകൾ ഉറപ്പാക്കാനാണ് നീക്കം. ഇന്നലെ കേരളത്തിൽ 13 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. ഇതിൽ 9 പേർ കാസർഗോഡ് ജില്ലയിൽ നിന്നുള്ളവരും 2 പേർ മലപ്പുറത്ത് നിന്നും കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നിന്നും ഓരോരുത്തർക്കുമാണ് രോഗം ബാധിച്ചത്. കാസർഗോഡ് ജില്ലയിലുള്ളവരിൽ 6 പേർ വിദേശത്ത് നിന്നും വന്നവരും 3 പേർക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്. മലപ്പുറം, കൊല്ലം ജില്ലകളിൽ നിന്നുള്ളവർ നിസാമുദ്ദീനിൽ നിന്നും വന്നവരാണ്. പത്തനംതിട്ടയിലുള്ളയാൾ വിദേശത്ത് നിന്നും വന്നതാണ്.

കേരളത്തിൽ 327 പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. 3 പേരുടെ പരിശോധനാ ഫലം ഇന്ന് നെഗറ്റീവ് ആയി. കൊല്ലം, തൃശൂർ, കണ്ണൂർ ജില്ലകളിൽ നിന്നുള്ളവരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. നിലവിൽ 266 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതുവരെ ആകെ 59 പേർ രോഗമുക്തി നേടി ഡിസ്ചാർജായി. രണ്ട് പേർ മുമ്പ് മരണമടഞ്ഞിരുന്നു.

208 ലോക രാജ്യങ്ങളിൽ കോവിഡ് 19 പടർന്ന് പിടിച്ച സാഹചര്യത്തിലും കേരളത്തിൽ രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,52,804 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 1,52,009 പേർ വീടുകളിലും 795 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 122 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങൾ ഉള്ള 10,716 വ്യക്തികളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 9,607 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP