Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മരണത്തെ പേടിച്ച് വീട്ടിൽ കയറി കതകടച്ചിരുന്നാൽ രാജ്യം തകർന്നടിയുമെന്ന് തിരിച്ചറിഞ്ഞ് ലോക്ക്ഡൗണിന് ഇളവ് വരുത്തി രാജ്യഭരണം തുടരാൻ ആലോചിച്ച് യൂറോപ്യൻ രാജ്യങ്ങളും; ട്രംപിന് പിന്നാലെ റോം ഇളവ് കൊടുക്കും മുമ്പേ ലോക്ക്ഡൗൺ നീക്കാൻ നോർവേയും ഓസ്ട്രിയയും ഡെന്മാർക്കും ജർമനിയും; മരണം കുതിച്ചുയരുന്ന ബ്രിട്ടനും ഫ്രാൻസിനും മുമ്പിൽ ഇപ്പോഴും വഴികൾ അടഞ്ഞ് തന്നെ

മരണത്തെ പേടിച്ച് വീട്ടിൽ കയറി കതകടച്ചിരുന്നാൽ രാജ്യം തകർന്നടിയുമെന്ന് തിരിച്ചറിഞ്ഞ് ലോക്ക്ഡൗണിന് ഇളവ് വരുത്തി രാജ്യഭരണം തുടരാൻ ആലോചിച്ച് യൂറോപ്യൻ രാജ്യങ്ങളും; ട്രംപിന് പിന്നാലെ റോം ഇളവ് കൊടുക്കും മുമ്പേ ലോക്ക്ഡൗൺ നീക്കാൻ നോർവേയും ഓസ്ട്രിയയും ഡെന്മാർക്കും ജർമനിയും; മരണം കുതിച്ചുയരുന്ന ബ്രിട്ടനും ഫ്രാൻസിനും മുമ്പിൽ ഇപ്പോഴും വഴികൾ അടഞ്ഞ് തന്നെ

സ്വന്തം ലേഖകൻ

ലോകമെമ്പാടും ഭൂരിഭാഗം രാജ്യങ്ങളിലേക്കും ചുരുങ്ങിയ സമയത്തിനുള്ളിൽ കൊലയാളി വൈറസായ കൊറോണ പടരുകയും 74,767 പേരുടെ ജീവൻ കവരുകയും ചെയ്യുകയും മൊത്തം 1,347,235 പേർക്ക് കോവിഡ്-19 ബാധിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ ലോകത്തിലെ മിക്ക രാജ്യങ്ങളും ലോക്ക്ഡൗണിലാണ്. എന്നാൽ കൊറോണ പൂർണമായും ഇല്ലാതാവാൻ കണക്ക് കൂട്ടിയ സമയമൊന്നും മതിയാവില്ലെന്നും അത് വരെ മരണത്തെ പേടിച്ച് അടച്ച് പൂട്ടി വീട്ടിൽ കതകുകൾ അടച്ചിരുന്നാൽ തങ്ങൾ തകർന്നടിയുമെന്ന ആശങ്ക മിക്ക രാജ്യങ്ങൾക്കുമുണ്ടാകാൻ തുടങ്ങിയെന്നാണ് പുതിയ റിപ്പോർട്ട്.

ഇത്തരത്തിൽ രാജ്യം തകർന്നടിയുന്നത് ഒഴിവാക്കാനായി ലോക്ക്ഡൗണിൽ വരും നാളുകളിൽ ഇളവ് വരുത്താൻ നിരവധി യൂറോപ്യൻ രാജ്യങ്ങൾ ആലോചിച്ച് വരുകയാണ്. ഇത്തരത്തിൽ ലോക്ക്ഡൗണിന് ഇളവ് വരുത്തുമെന്ന യുഎസിന്റെ പാത പിന്തുടരാനാണ് മിക്ക യൂറോപ്യൻ രാജ്യങ്ങളും തീരുമാനിച്ചിരിക്കുന്നത്. റോമിൽ ഇത്തരത്തിൽ ലോക്ക്ഡൗണിൽ ഇളവ് വരുത്തുന്നതിന് മുമ്പേ ഇക്കാര്യം അനുവർത്തിക്കാൻ നോർവേയും ഓസ്ട്രിയയും ഡെന്മാർക്കും ജർമനിയും ആലോചന ത്വരിതപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കൊറോണ മരണങ്ങളും വൈറസ് വ്യാപനവും കുതിച്ചുയർന്ന് കൊണ്ടിരിക്കുന്ന ബ്രിട്ടനും ഫ്രാൻസിനും മുന്നിൽ ഇപ്പോഴും വഴികൾ അടഞ്ഞ് കിടക്കുന്നതിനാൽ ലോക്ക് ഡൗണിൽ ഇളവ് വരുത്തുന്നതിനെ കുറിച്ച് ഈ രാജ്യങ്ങൾക്ക് ആലോചിക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണ് നിലനിൽക്കുന്നത്.

ദിവസങ്ങളായി തുടരുന്ന ലോക്ക്ഡൗണിൽ ഏതെല്ലാം തരത്തിലുള്ള ഇളവുകളാണ് പ്രാവർത്തികമാക്കേണ്ടെന്ന വിശദാംശങ്ങൾ പുറത്ത് വിട്ട രാജ്യമായി ഇന്നലെ ഓസ്ട്രിയ മാറിയിട്ടുണ്ട്. ഇത് പ്രകാരം രാജ്യത്തെ ചെറിയ ഷോപ്പുകൾ ഏപ്രിൽ 14ഓടെയും വലിയ ഷോപ്പുകൾ മെയ്‌ ഒന്നോടെയും തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കുമെന്നാണ് ഓസ്ട്രിയ വ്യക്തമാക്കിയിരിക്കുന്നത്.ഈസ്റ്ററിന് ശേഷം ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കാൻ ഡെന്മാർക്കും ആലോചിക്കുന്നുണ്ട്. എന്നാൽ ഈ അവസരത്തിലും ആളുകളോട് തിങ്ങി നിറഞ്ഞ ട്രെയിനുകളിലും ബസുകളിലും സഞ്ചരിക്കുന്നത് കഴിയുന്നതും ഒഴിവാക്കാനും സാധ്യമായേടുത്തോളം വീട്ടിലിരുന്ന് ജോലി ചെയ്യാനും ഡെന്മാർക്ക് അധികൃതർ നിർദ്ദേശിക്കുന്നു.

ലോക്ക് ഡൗണിൽ ഇളവ് അനുവദിക്കുന്നതിന്റെ ഭാഗമായി ഓരോ റീജിയൺ തോറും സ്‌കൂളുകൾ അധികം വൈകാതെ വീണ്ടും തുറക്കുന്ന കാര്യം ജർമനി ഗൗരവമായി ആലോചിച്ച് വരുന്നുണ്ട്. കൂടാതെ പരിമിതമായ ആളുകളെ റസ്റ്റോറന്റകളിലേക്ക് പ്രവേശിപ്പിക്കാനും നീക്കമുണ്ട്.ഇൻഫെക്ഷൻ നിരക്ക് കുറഞ്ഞ നിരക്കിൽ തന്നെ തുടർന്നാൽ മാത്രമേ ഇത്തരത്തിൽ ഇളവ് അനുവദിക്കു എന്നാണ് ജർമനി പറയുന്നത്. കൊറോണ സംഹാരതാണ്ഡവമാടിയ ഇറ്റലി മറ്റേതൊരു യൂറോപ്യൻ രാജ്യത്തേക്കാൾ കൂടുതൽ കാലം ലോക്ക് ഡൗണിൽ തന്നെയാണുള്ളത്.ഇതിന് അൽപം ഇളവ്അനുവദിക്കാൻ രാജ്യംആലോചിക്കുന്നുണ്ട്.

ഇപ്പോൾ വൈറസിനെ പ്രതിരോധിച്ച് കൊണ്ട് സമൂഹം ജീവിക്കാൻ പഠിച്ചുവെന്നും അതിന്റെ ഭാഗമായിഅവർ മാസ്‌കുകൾ ധരിക്കുകയും കൂടുതൽ കോവിഡ്-19 ടെസ്റ്റുകൾക്ക് വിധേയരാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ലോക്ഡൗണിൽ ഇളവ് അനുവദിക്കാൻ ഇറ്റലി ആലോചിക്കുന്നത്. നോർവേയിൽ കൊറോണ കാരണം 74 മരണവും 5760 രോഗികളുമുണ്ടായിട്ടുണ്ടെങ്കിലും നിലവിൽ സാഹചര്യങ്ങൾ നിയന്ത്രണവിധേയമായതിനാൽ ലോക്ക്ഡൗൺ അവസാനിപ്പിക്കാൻ ഒരുങ്ങുന്നുവെന്നാണ് നോർവേ പറയുന്നത്. വൈറസ് പകർച്ചാ നിരക്ക് 0.7 ശതമാനമായതിനാലാണീ നടപടി. ഇത് പ്രകാരം ഏപ്രിൽ 12ന് ഇവിടെ ലോക്ക്ഡൗൺ അവസാനിപ്പിക്കും.

എന്നാൽ വൈറസിന്റെ വീര്യം ഫ്രാൻസിൽ കുറയാത്ത സാഹചര്യത്തിൽ ലോക്ക് ഡൗൺ നീക്കാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് ഡെപ്യൂട്ടി ഇന്റീരിയർ മിനിസ്റ്ററായ ലൗറന്റ് നുനെസ് പറയുന്നത്.ലോക്ക് ഡൗൺഅവസാനിപ്പിക്കാനായിട്ടില്ലെന്നാണ് ഫ്രഞ്ച് പ്രധാനമന്ത്രി എഡൗർഡ് ഫിലിപ്പ് കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നത്.ഫ്രാൻസിൽ 8078 കൊറോണ മരണങ്ങളും 70,478 രോഗികളുമാണുള്ളത്. യുകെയിൽ കൊറോണ ബാധിച്ച് 5373 പേർ മരിക്കുകയും രോഗബാധിതരുടെ മൊത്തം എണ്ണം 51,608 ആയി കുതിച്ചുയരുകയും ചെയ്തിരിക്കുന്നതിനാൽ രാജ്യത്തും അടുത്ത കാലത്തൊന്നും ലോക്ക് ഡൗൺ അവസാനിപ്പിക്കാനാവില്ലെന്നാണ് സർക്കാര് പറയുന്നത്.

ഈസ്റ്ററോടെ രാജ്യത്തെ കൊറോണ മരണങ്ങൾ മൂർധന്യത്തിലെത്തിയേക്കാമെന്നതിനാൽ കൂടുതൽ ജാഗ്രതയാണ് ഇനി വേണ്ടതെന്നാണ് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസറായ പ്രഫ. ക്രിസ് വിറ്റിയും ഫോറിൻ സെക്രട്ടറി ഡൊമിനിക് റാബും ഇന്നലെ വ്യക്തമാക്കിയിരിക്കുന്നത്.367,629 കൊറോണ രോഗികളുമായി ലോകത്തിലെ ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള രാജ്യമായിട്ടും മരണം 10,941 ആയി ഉയർന്നിട്ടും യുഎസിൽ ലോക്ക് ഡൗണിൽ ഇളവുകൾ അധികം വൈകാതെ ഏർപ്പെടുത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു.

ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടായിരുന്നു നിരവധി യൂറോപ്യൻ രാജ്യങ്ങൾ ലോക്ക്ഡൗണിൽ ഇളവ് ഏർപ്പെടുത്താൻ മുന്നോട്ട് വന്നത്. എന്നാൽ രോഗികളുടെ എണ്ണവും മരണവും കൂടുന്ന സാഹചര്യത്തിൽ ലോക്ക് ഡൗൺ യുഎസിൽ തുടരണമെന്ന് ആവശ്യപ്പെടുന്നവർ ഏറി വരുന്ന സാഹചര്യവുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP