Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വൈറ്റമിൻ സി ശരീരത്തിലെ ജലാംശം ആൽക്കലൈൻ ആക്കി മാറ്റുമെന്നും അങ്ങനെ വൈറസ് നശിക്കുമെന്നും നിങ്ങൾക്ക് ആരാണ് പറഞ്ഞ് തന്നത്? ജനങ്ങൾ ഈ മണ്ടത്തരങ്ങൾ വിശ്വസിച്ച് പണി വാങ്ങരുത്; കൊറോണയെ തുരത്താൻ താത്വിക അവലോകനം നടത്തിയ നടൻ ശ്രീനിവാസനെ കണ്ടംവഴി ഓടിച്ച് സോഷ്യൽ മീഡിയ

വൈറ്റമിൻ സി ശരീരത്തിലെ ജലാംശം ആൽക്കലൈൻ ആക്കി മാറ്റുമെന്നും അങ്ങനെ വൈറസ് നശിക്കുമെന്നും നിങ്ങൾക്ക് ആരാണ് പറഞ്ഞ് തന്നത്? ജനങ്ങൾ ഈ മണ്ടത്തരങ്ങൾ വിശ്വസിച്ച് പണി വാങ്ങരുത്; കൊറോണയെ തുരത്താൻ താത്വിക അവലോകനം നടത്തിയ നടൻ ശ്രീനിവാസനെ കണ്ടംവഴി ഓടിച്ച് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് നടൻ ശ്രീനിവാസൻ എഴുതിയ കുറിപ്പിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മാധ്യമം പത്രത്തിലാണ് വൈറ്റമിൻ സി കൊറോണയെ പ്രതിരോധിക്കുമെന്നും ഹോമിയോയിൽ കൊവിഡ്19ന് മരുന്നുണ്ട് എന്നുമെല്ലാം ശ്രീനിവാസൻ എഴുതിയത്. എന്നാൽ, ഇത്തരം അടിസ്ഥാന രഹിതമായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും സമൂഹത്തെ ദ്രോഹിക്കുന്നതിൽ നിന്നും പിന്മാറണമെന്നുമാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്. ഡോക്ടർമാർ ഉൾപ്പെടെ ശ്രീനിവാസനെതിരെ ​രം​ഗത്തെത്തി.

ശ്രീനിവാസൻ‌റെ വാദങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ആരോഗ്യപ്രവർത്തകനായ ഡോക്ടർ ജിനേഷ് പിഎസ് രംഗത്ത് വന്നു. നിങ്ങൾ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് സാമൂഹ്യ ദ്രോഹമാണ് എന്ന് പറയാതെ വയ്യെന്നാണ് ഡോക്ടറുടെ പ്രതികരണം. വൈറ്റമിൻ സി കോവിഡിന് പ്രതിരോധം ആകുമെന്ന് പരിയാരം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ അടക്കം പറഞ്ഞു എന്നാണ് നിങ്ങൾ മാധ്യമം പത്രത്തിൽ എഴുതിയിരിക്കുന്നത്. ഇത് ഒരു ഡോക്ടറുടെ പേരിൽ പുറത്ത് വന്ന വ്യാജ സന്ദേശമാണ്. ലോകാരോഗ്യ സംഘടന അസുഖ വ്യാപനത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന ഗൂഢാലോചന സിദ്ധാന്തമാണ് നിങ്ങൾ എഴുതിയിരിക്കുന്നത്.

മുൻപൊരിക്കൽ മരുന്നുകൾ കടലിൽ വലിച്ചെറിയണം എന്ന് പത്രത്തിൽ എഴുതിയ വ്യക്തി ആണ് നിങ്ങൾ. എന്നിട്ട് നിങ്ങൾക്ക് ഒരു അസുഖം വന്നപ്പോൾ കേരളത്തിലെ ഏറ്റവും മുന്തിയ ആശുപത്രികളിലൊന്നിൽ ഏറ്റവും മികച്ച ചികിത്സ തേടിയ വ്യക്തിയാണ് നിങ്ങൾ. ആ നിങ്ങളാണ് ഇപ്പോൾ വീണ്ടും വ്യാജപ്രചരണങ്ങൾ നടത്തുന്നതെന്ന് ഓർക്കണമെന്ന് ജിനേഷ് പിഎസ് ഓർമിപ്പിച്ചു. അശാസ്ത്രീയമായ പ്രചാരണം നടത്തിയ ശ്രീനിവാസനെതിരെ സമൂഹ്യമാധ്യമങ്ങളിൽ വലിയ വിമർശനമാണ് ഉയരുന്നത്.

ജിനേഷ് പിഎസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്..

പ്രിയപ്പെട്ട ശ്രീനിവാസൻ,

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അഭിനേതാവ് താങ്കളാണ്. എന്നെപ്പോലെ നിരവധി കുറവുകൾ ഉള്ള ധാരാളം കഥാപാത്രങ്ങളെ അഭ്രപാളികളിൽ രേഖപ്പെടുത്തിയ നടനാണ് താങ്കൾ.

പക്ഷേ നിങ്ങൾ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് സാമൂഹ്യ ദ്രോഹമാണ് എന്ന് പറയാതെ വയ്യ.

വൈറ്റമിൻ സി കോവിഡിന് പ്രതിരോധം ആകുമെന്ന് പരിയാരം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ അടക്കം പറഞ്ഞു എന്നാണ് നിങ്ങൾ മാധ്യമം പത്രത്തിൽ എഴുതിയിരിക്കുന്നത്. ലോകാരോഗ്യ സംഘടന അസുഖ വ്യാപനത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന ഗൂഢാലോചന സിദ്ധാന്തമാണ് നിങ്ങൾ എഴുതിയിരിക്കുന്നത്.

സുഹൃത്തേ, വൈറ്റമിൻ സി ശരീരത്തിലെ ജലാംശം ആൽക്കലൈൻ ആക്കി മാറ്റും എന്ന്, അങ്ങനെ വൈറസ് നശിക്കുമെന്ന്... ഇതൊക്കെ നിങ്ങളോട് ആരു പറഞ്ഞു തന്നതാണ് ???

പരിയാരം മെഡിക്കൽ കോളജിലെ ഒരു ഡോക്ടറുടെ പേരിലിറങ്ങിയ വ്യാജ സന്ദേശം. കാർഡിയോളജി വിഭാഗത്തിലെ ഡോക്ടർ എസ് എം അഷ്റഫിന്റെ പേരിലിറങ്ങിയ വ്യാജസന്ദേശം... ഇതിനെതിരെ ഡോക്ടർ തന്നെ സൈബർ സെല്ലിൽ പരാതി കൊടുത്തു കഴിഞ്ഞു എന്ന വാർത്ത വായിച്ചിരുന്നു. അതാണോ താങ്കൾ കേട്ടത് ???

മുൻപൊരിക്കൽ മരുന്നുകൾ കടലിൽ വലിച്ചെറിയണം എന്ന് പത്രത്തിൽ എഴുതിയ വ്യക്തി ആണ് നിങ്ങൾ. എന്നിട്ട് നിങ്ങൾക്ക് ഒരു അസുഖം വന്നപ്പോൾ കേരളത്തിലെ ഏറ്റവും മുന്തിയ ആശുപത്രികളിലൊന്നിൽ ഏറ്റവും മികച്ച ചികിത്സ തേടിയ വ്യക്തിയാണ് നിങ്ങൾ.

ആ നിങ്ങളാണ് ഇപ്പോൾ വീണ്ടും വ്യാജപ്രചരണങ്ങൾ നടത്തുന്നത്.

ലോകത്തിൽ ആകെ മുക്കാൽ ലക്ഷത്തോളം പേർ മരിച്ച അസുഖമാണ്. അതിനെ തടയാൻ ലോകം പരമാവധി പൊരുതുകയാണ്. ലോകാരോഗ്യ സംഘടനയും ലോകത്താകമാനമുള്ള ആരോഗ്യപ്രവർത്തകരും അതിനു വേണ്ടി പരിശ്രമിക്കുകയാണ്. അപ്പോഴാണ് നിങ്ങളെ പോലെ ഒരാൾ മണ്ടത്തരങ്ങൾ പറയുന്നത്. കഷ്ടമാണ് കേട്ടോ...

നിങ്ങൾക്ക് അറിയില്ലാത്ത വിഷയങ്ങൾ പറയാതിരുന്ന് കൂടേ ? നിങ്ങളോട് പറഞ്ഞിട്ട് കാര്യമില്ല. ആരോഗ്യ വിഷയങ്ങളിൽ നിങ്ങളുടെ അഭിപ്രായം ചോദിച്ച മാധ്യമം പത്രത്തോടാണ് പറയേണ്ടത്. എവിടെയാണ് നിങ്ങളുടെ ഒക്കെ മാധ്യമ ധർമ്മം എന്ന് അറിഞ്ഞാൽ കൊള്ളാം.

ജനങ്ങളോട്,

ദയവുചെയ്ത് ഈ മണ്ടത്തരങ്ങൾ വിശ്വസിച്ച് പണി വാങ്ങരുത്.

വ്യക്തിഗത ശുചിത്വ മാർഗങ്ങൾ സ്വീകരിക്കുക. അത് മാത്രമേ പറയാനുള്ളൂ. നിങ്ങൾ വൈറ്റമിൻ സി കഴിച്ചാലും ഇല്ലെങ്കിലും വ്യക്തിഗത ശുചിത്വ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ മറക്കരുത്. എന്ത് ഭക്ഷണം കഴിക്കണം എന്നതൊക്കെ നിങ്ങളുടെ ഇഷ്ടം. പക്ഷേ ഇതൊക്കെ വിശ്വസിച്ച്, ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശങ്ങൾ അവഗണിച്ചാൽ പണി വാങ്ങും. അപ്പോൾ ശ്രീനിവാസൻ കൂടെ കാണില്ല എന്നുമാത്രമേ പറയാനുള്ളൂ.

തനിക്ക് അസുഖം വരുമ്പോൾ ഏറ്റവും മികച്ച ചികിത്സാസൗകര്യങ്ങൾ സ്വീകരിക്കുന്ന ഒരാൾ ജനങ്ങളെ വീണ്ടും വീണ്ടും തെറ്റിദ്ധരിപ്പിക്കരുത് എന്ന് ഒരിക്കൽ കൂടി പറയാതെ വയ്യ.

വൈറ്റമിൻ സി കൊവിഡിന് പ്രതിരോധം ആകുമെന്ന് പരിയാരം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ പറഞ്ഞു എന്നാണ് ശ്രീനിവാസൻ മാധ്യമം പത്രത്തിൽ എഴുതിയത്. പരിയാരം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ അടക്കം വിദഗ്ദ്ധർ വൈറ്റമിൻ സി കൊവിഡിന് പ്രതിവിധിയാണെന്ന് പറയുന്നുണ്ട്. വൈറ്റമിൻ സി ശരീരത്തിലെ ജലാംശം ആൽക്കലൈൻ ആക്കി മാറ്റും. അപ്പോൾ ഒരു വൈറസിനും നില നിൽക്കാനാവില്ലെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. പക്ഷേ അമേരിക്ക പോലുള്ള രാജ്യങ്ങൾ ആദ്യം തന്നെ ഈ വാദത്തെ എതിർത്തു. അവർക്ക് മരുന്നുണ്ടാക്കി വിൽക്കുന്നതിലാണ് താൽപര്യം. ലോകാരോഗ്യ സംഘനയും നമ്മുടെ ഐഎംഐയും അതിനെ പ്രോത്സാഹിപ്പിക്കുകയാണെന്നും ശ്രീനിവാസൻ ആരോപിക്കുന്നു.

ചെന്നൈയിൽ ഒരു സ്കാനിങ് മെഷീൻ കണ്ടു. ജപ്പാനിൽ നിന്നുള്ളതാണ്. കൈപ്പത്തിമാത്രം വച്ച് ദേഹം മുഴുവൻ സ്കാൻ ചെയ്യാം. നമ്മുടെ നാട്ടിൽ വലിയ ഗുഹയ്ക്കുള്ളിൽ എന്നത് പോലെ ആളുകളെ കയറ്റിയാണ് സ്കാനിങ്. അങ്ങനെ പേടിപ്പിച്ച് സ്കാൻ ചെയ്യുമ്പോൾ കൂടുതൽ പണം വാങ്ങാം. ഇവിടെ നഖത്തിനും മടിക്കും വരെ വേറെ വേറെ ഡോക്ടർമാരാണ്. എന്നാൽ ജപ്പാനിൽ ഫാമിലി ഡോക്ടർമാരാണ്. അവിടെ ഒരു ഡോക്ടറാണ് എല്ലാ രോഗവും പരിശോധിക്കുന്നത്. ഇവിടെ കൊവിഡിന് മരുന്നുണ്ടെന്ന് ഹോമിയോപ്പതി ഡോക്ടർമാർ പറയുന്നു. അതൊന്ന് പരിശോധിച്ച് നോക്കാൻ പോലും ആരും തയ്യാറാവുന്നില്ല. ഇതൊക്കെ തുറന്ന് പറഞ്ഞാൽ തെറ്റുകാരനാകുമെന്ന ഭയമുണ്ടെന്നുൂം ശ്രീനിവാസൻ എഴുതുന്നു. കൊവിഡ് ഉയർത്തിയ ഭീതിയിലാണ് എല്ലാവരും. എന്നാൽ ഇതിനെ ഞാനൊരു നന്മയായി കാണുന്നു. ജാതിക്കും മതത്തിനും അപ്പുറമായ ചിന്ത വളരാൻ ഈ അവസ്ഥ നമ്മളെ സഹായിച്ചെന്നാണ് ശ്രീനിവാസൻ പറയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP