Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പരമാവധി ഒരു ദിവസം നടക്കുന്നത് 18000 സാമ്പിൾ പരിശോധന; കൊറോണയെ പിടിച്ചു കെട്ടണമെങ്കിൽ സമൂഹ വ്യാപനം തടഞ്ഞേ മതിയാകൂ; ദിനംപ്രതി ഒരുലക്ഷം ടെസ്റ്റുകൾ നടത്തണമെന്ന തിരിച്ചറവിലേക്ക് ഐസിഎംആർ; സ്വകാര്യ മേഖലയിലും ഗവേഷണ സ്ഥാപനങ്ങളിലുമായി കൂടുതൽ ലാബുകൾക്ക് അനുമതി നൽകി 24 മണിക്കൂറും ഇനി പരിശോധനകൾ; തബ് ലീഗ് സമ്മേളനത്തിലെ പ്രതിസന്ധി മറികടക്കാൻ അതിവേഗ രോഗ നിർണ്ണയത്തിന് കേന്ദ്ര നീക്കം; ആരോഗ്യ ഇൻഷുറൻസും സ്വകാര്യമേഖലയിലേക്ക്

പരമാവധി ഒരു ദിവസം നടക്കുന്നത് 18000 സാമ്പിൾ പരിശോധന; കൊറോണയെ പിടിച്ചു കെട്ടണമെങ്കിൽ സമൂഹ വ്യാപനം തടഞ്ഞേ മതിയാകൂ; ദിനംപ്രതി ഒരുലക്ഷം ടെസ്റ്റുകൾ നടത്തണമെന്ന തിരിച്ചറവിലേക്ക് ഐസിഎംആർ; സ്വകാര്യ മേഖലയിലും ഗവേഷണ സ്ഥാപനങ്ങളിലുമായി കൂടുതൽ ലാബുകൾക്ക് അനുമതി നൽകി 24 മണിക്കൂറും ഇനി പരിശോധനകൾ; തബ് ലീഗ് സമ്മേളനത്തിലെ പ്രതിസന്ധി മറികടക്കാൻ അതിവേഗ രോഗ നിർണ്ണയത്തിന് കേന്ദ്ര നീക്കം; ആരോഗ്യ ഇൻഷുറൻസും സ്വകാര്യമേഖലയിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കൊറോണയുണ്ടാക്കുന്ന സമൂഹ വ്യാപന അപകടസാഹചര്യം തിരിച്ചറിഞ്ഞ് പ്രതിദിനം 1 ലക്ഷം കോവിഡ് നിർണയ പരിശോധനകൾ വരെ നടത്താൻ ഒരുക്കവുമായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ). ഇതടക്കം അപകടഘട്ടത്തിൽ സ്വീകരിക്കേണ്ട നടപടികളുമായി പ്രവർത്തനപദ്ധതിയായി. സ്വകാര്യ മേഖലയിലും ഗവേഷണ സ്ഥാപനങ്ങളിലുമായി കൂടുതൽ ലാബുകൾക്ക് അനുമതി നൽകും. ഇതിലൂടെ വിമർശനം കുറയ്ക്കാനാണ് നീക്കം. ഉടൻ പ്രതിദിന പരിശോധന ശേഷി ഒരു ലക്ഷമാക്കാമെന്നാണു നീക്കം. പല ഷിഫ്റ്റുകളിലായി ലാബുകൾ 24 മണിക്കൂറും പ്രവർത്തിപ്പിക്കും.

കോവിഡ് പരിശോധനയിൽ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ വളരെ പിന്നിലാണെന്ന വിമർശനം സജീവമാണ്. മുംബൈയിലും ഡൽഹിയിലും തമിഴ്‌നാട്ടിലും കോവിഡ് പടർന്നു പിടിക്കുകയാണ്. ഇത് സമൂഹ വ്യാപനത്തിനുള്ള സാധ്യത ചർച്ചയാക്കുന്നുണ്ട്. പരിശോധനകൾ വേഗത്തിലാക്കി രോഗ ബാധിതരെ തിരിച്ചറിഞ്ഞാൽ മാത്രമേ രോഗത്തെ പിടിച്ചു കെട്ടാനാകൂ. ഈ സാഹചര്യത്തിലാണ് പരിശോധനാ സംവിധാനങ്ങളുടെ അപര്യാപ്തത ചർച്ചയായത്. ഇതോടെയാണ് കൂടുതൽ നടപടികൾ എടുക്കുന്നതും. നിലവിൽ രാജ്യത്തുള്ള 136 സർക്കാർ ലാബുകളിലും 59 സ്വകാര്യ ലാബുകളിലുമായി പരമാവധി പരിശോധനാശേഷി 18,000 ആണ്. എന്നാൽ കഴിഞ്ഞദിവസം നടന്നത് 11,795 ടെസ്റ്റ്.

കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജ്യത്ത് പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത് 508 കേസുകളാണ്. 5,351 പേർക്കാണ് ഇതുവരെ ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മരണസംഖ്യ 160 ആയി ഉയർന്നു. മഹാരാഷ്ട്രയിൽ ഇന്നലെ റിപ്പോർട്ട് ചെയ്തത് 150 പുതിയ കോവിഡ് 19 കേസുകൾ. ഇതിൽ നൂറെണ്ണം റിപ്പോർട്ട് ചെയ്തിരിക്കുന്നത് മുംബൈയിൽ നിന്നാണ്. ഇതോടെ സംസ്ഥാനത്തെ മൊത്തം കൊറോണ വൈറസ് കേസുകളുടെ എണ്ണം 1,018 ആയതായി മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അറിയിച്ചു. മുംബൈയിൽ മാത്രം 590 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അഞ്ചുപേർ മരിച്ചു. ഇതോടെ മരണസംഖ്യ 40 ആയി ഉയർന്നു. നിസ്സാമുദീനിലെ തബ് ലീഗ് സമ്മേളനമാണ് കോവിഡ് കൂടുതൽ പടരാൻ കാരണം. ഈ സാഹചര്യത്തിൽ കൂടിയാണ് പരിശോധന കൂട്ടേണ്ട അനിവാര്യത വരുന്നത്.

അതിനിടെ കോവിഡ് ചികിത്സയിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യപ്രവർത്തകർക്കായി കേന്ദ്ര ആരോഗ്യമന്ത്രാലയം ഏർപ്പെടുത്തിയ ഇൻഷുറൻസ് പദ്ധതി ആനുകൂല്യം സ്വകാര്യ ആശുപത്രികളിലെ ജീവനക്കാർക്കും ഇനി ലഭിക്കും. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടർമാരും നഴ്‌സുമാരും രോഗികളായതോടെയാണ് ഈ തീരുമാനം എത്തുന്നത്. ഇവർക്കു പുറമേ, വിരമിച്ചവർ, വൊളന്റിയർമാർ, കരാർ തൊഴിലാളികൾ, ദിവസവേതനക്കാർ, കേന്ദ്രസംസ്ഥാന സർക്കാരുകളുടെയും സ്വയംഭരണ ആരോഗ്യസ്ഥാപനങ്ങളുടെയും പുറംകരാർ ജീവനക്കാർ എന്നിവരും ഇൻഷുറൻസ് പരിധിയിൽ വരും.

പ്രധാനമന്ത്രി ഗരീബ് കല്യാൺ പാക്കേജിൽ 22.12 ലക്ഷം ആരോഗ്യപ്രവർത്തകർക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിലൂടെ കൊറോണ വൈറസ് ബാധിച്ചു മരണമടഞ്ഞാൽ 50 ലക്ഷം രൂപയാണ് ആശ്രിതർക്കു ലഭിക്കുക. മാർച്ച് 30 മുതൽ 90 ദിവസത്തേക്കാണ് ഇൻഷുറൻസ് കാലാവധി. പ്രായപരിധിയില്ല. പ്രീമിയം തുക മുഴുവൻ ആരോഗ്യ മന്ത്രാലയമാണ് വഹിക്കുക.

റെയിൽവേയുടെ പിപിഇ കിറ്റിന് അംഗീകാരം

ആരോഗ്യപ്രവർത്തകർക്കു വേണ്ട റെയിൽവേ തയാറാക്കിയ പിപിഇ (പഴ്‌സനൽ പ്രൊട്ടക്ഷൻ ഇക്യുപ്‌മെന്റ്) കിറ്റിനു ഡിആർഡിഒ അംഗീകാരം.

പഞ്ചാബിലെ ജഗധാരി വർക്ഷോപ്പിൽ നിർമ്മിച്ച കിറ്റിന്റെ മാതൃകയിൽ 17 റെയിൽ മേഖലകളിലും നിർമ്മാണം ആരംഭിക്കും. പ്രതിദിനം 1000 കിറ്റുകളാണു ലക്ഷ്യം. പകുതി റെയിൽവേ ഡോക്ടർമാർക്കും പാരാമെഡിക്കൽ സ്റ്റാഫിനും ബാക്കി രാജ്യത്തെ മെഡിക്കൽ മേഖലയ്ക്കുമായി നൽകും.

ജഗധാരിയിൽത്തന്നെ സാനിറ്റൈസേഷൻ ടണലും തയാറാക്കിയിട്ടുണ്ട്. പാവപ്പെട്ടവർക്കായി രാജ്യത്തെ 28 ഐആർസിടിസി കിച്ചനുകളിൽനിന്ന് ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്യുന്നുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP