Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അമേരിക്കയുടേതും ബ്രിട്ടന്റേതും അലസത ആയിരുന്നെങ്കിൽ സ്വീഡന്റേത് അഹങ്കാരമായിരുന്നു; അതിന് അവർ വലിയ വില കൊടുത്തു തുടങ്ങി; തൊട്ടയൽപക്കത്തെ സ്‌പെയിനിൽ കൂട്ടമരണം സംഭവിക്കുന്നതു കണ്ടിട്ടും ജനങ്ങളെ അഴിഞ്ഞാടാൻ വിട്ടതിന്റെ ദുരന്തം കേവലം ഒരു കോടി ജനങ്ങൾ മാത്രമുള്ള സ്‌കാൻഡിനേവിയൻ രാഷ്ട്രത്തെ വേട്ടയാടുന്നു; ഇന്നലെ 114 പേർ മരിച്ചതോടെ തലയിൽ കൈവച്ച് ഒരു രാജ്യം

അമേരിക്കയുടേതും ബ്രിട്ടന്റേതും അലസത ആയിരുന്നെങ്കിൽ സ്വീഡന്റേത് അഹങ്കാരമായിരുന്നു; അതിന് അവർ വലിയ വില കൊടുത്തു തുടങ്ങി; തൊട്ടയൽപക്കത്തെ സ്‌പെയിനിൽ കൂട്ടമരണം സംഭവിക്കുന്നതു കണ്ടിട്ടും ജനങ്ങളെ അഴിഞ്ഞാടാൻ വിട്ടതിന്റെ ദുരന്തം കേവലം ഒരു കോടി ജനങ്ങൾ മാത്രമുള്ള സ്‌കാൻഡിനേവിയൻ രാഷ്ട്രത്തെ വേട്ടയാടുന്നു; ഇന്നലെ 114 പേർ മരിച്ചതോടെ തലയിൽ കൈവച്ച് ഒരു രാജ്യം

മറുനാടൻ മലയാളി ബ്യൂറോ

ലസതയും അമിത ആത്മവിശ്വാസവുമായിരുന്നു അമേരിക്കയേയും ബ്രിട്ടനേയും ദുരന്ത ഭൂമികൾ ആക്കിയതെങ്കിൽ, സ്വീഡന്റെ അഹങ്കാരമാണ് ഇപ്പോൾ ആ രാജ്യത്തെ തകർക്കുന്നത്. കേവലം ഒരു കോടി ജനങ്ങൾ മാത്രമുള്ള ഈ സ്‌കാൻഡിനേവിയൻ രാജ്യത്തിലെ 7,693 പേർ കോവിഡ് 19 രോഗികളാണ്. ഇതുവരെ 591 മരണങ്ങളും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

യൂറോപ്പിൽ കൊറോണയുടെ തേരോട്ടം ആരംഭിച്ച ആദ്യനാളുകളിൽ മറ്റ് പല യൂറോപ്യൻ രാഷ്ട്രങ്ങളേയും പോലെ സ്വീഡനും അതിനെ കാര്യമായി എടുത്തില്ല. ശാസ്ത്രത്തിലും ആധുനിക സാങ്കേതിക വിദ്യയിലും ഉള്ള മികവും, ഏഷ്യൻ രാജ്യങ്ങളേക്കാൾ താരതമ്യേന ഉയർന്ന ശുചിത്വവുമെല്ലാം തങ്ങളെ രക്ഷിക്കും എന്നായിരുന്നു അവർ വിശ്വസിച്ചിരുന്നത്. ചൈനയിൽ നിന്നെത്തിയ മാരണം ഒന്ന് തൊട്ടു തലോടി പോകുമെന്നാല്ലാതെ ഇത്ര ഭീകരത സൃഷ്ടിക്കുമെന്നവർ ഓർത്തില്ല.

ആദ്യത്തെ കുറച്ച് നാളുകൾ കഴിഞ്ഞതോടെ ഈ കൊലയാളി വൈറസിന്റെ പ്രഹരണശേഷി തിരിച്ചറിഞ്ഞ മിക്ക യൂറോപ്യൻ രാഷ്ട്രങ്ങളും ഇതിനെ നിയന്ത്രിക്കാനായി കടുത്ത നടപടികളിലേക്ക് തിരിഞ്ഞു. സമ്പൂർണ്ണ ലോക്ക്ഡൗൺ ഉൾപ്പടെയുള്ള നടപടികളുമായി എത്തിയപ്പോഴേക്കും സമയം തീരെ വൈകിയിരുന്നു. പിടിച്ചാൽ കിട്ടാത്ത വ്യാപ്തിയിലേക്ക് പടർന്ന കൊറോണ തന്റെ ജോലി ഭംഗിയായി നിർവ്വഹിക്കുവാൻ തുടങ്ങി.

ഇറ്റലിയിലും സ്പെയിനിലും ഒക്കെ ഈ ഭീകരതയുടെ ഔന്നത്യം കാണുവാനായി. ബ്രിട്ടനും ഫ്രാൻസുമൊക്കെ ഇപ്പോഴും ദുരിതക്കയത്തിൽ തുടരുന്നു. തൊട്ടടുത്ത സ്പെയിനിൽ ആയിരങ്ങൾ മരിച്ചുവീണിട്ടും ഒരു പാഠം പഠിക്കാൻ സ്വീഡൻ തയ്യാറായില്ല. അമിതമായ ആത്മവിശ്വാസമായിരുന്നില്ല, അഹങ്കാരം തന്നെയായിരുന്നു ഇതിന് കാരണം.

സ്വീഡൻ ജനതയുടെ പൊതു ആരോഗ്യ സ്ഥിതി മറ്റ് യൂറോപ്യൻ രാഷ്ട്രങ്ങളിലെ ജനങ്ങളുടേതിനേക്കാൾ കൂടുതലാണ്. മാത്രമല്ല മറ്റ് യൂറോപ്യൻ രാഷ്ട്രങ്ങളിൽ നിന്നും വിഭിന്നമായി, യുവാക്കൾ കൂടുതലാണ് സ്വീഡനിൽ. അതിനാൽ ഈ രോഗം തങ്ങൾക്ക് തീരെ ഭയക്കേണ്ട ഒന്നല്ല എന്നായിരുന്നു, സ്വീഡനിലെ ആരോഗ്യ വിഭാഗത്തിന്റെ വാദം പോലും.

ഒരു രോഗത്തിന്റെ പേരിൽ ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കുന്നതിനെതിരെ പ്രതിപക്ഷവും രംഗത്തെത്തിയതോടെ പ്രതിച്ഛായ വർദ്ധിപ്പിക്കുന്ന മത്സരത്തിൽ പിന്തള്ളപ്പെട്ട് പോകാതിരിക്കാൻ സ്വീഡിഷ്പ്രധാനമന്ത്രി സ്റ്റീഫൻ ലോഫ്വാനും രംഗത്തെത്തി. സ്വീഡിഷ ജനത പക്വതയുള്ളവരാണെന്നും, അവർക്ക് ഏത് സന്ദർഭത്തിൽ എന്ത് ചെയ്യണമെന്ന് നല്ല നിശ്ചയമുണ്ടെന്നും അതിനാൽ തന്നെ മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേത് പോലെ സമ്പൂർണ്ണ ലോക്ക്ഡൗൺ ആവശ്യമില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

കോളേജുകൾക്കും മറ്റ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചപ്പോൾ പക്ഷെ രാജ്യത്തെ പ്രൈമറി സ്‌കൂളുകളെല്ലാം തുറന്നു തന്നെ പ്രവർത്തിച്ചിരുന്നു, ഇന്നും പ്രവർത്തിക്കുന്നു. കഴിയുന്നത്ര ആളുകൾ വീടുകളിൽ നിന്നും ജോലി എടുക്കണമെന്നും, കഴിയുന്നത്ര സമയം വീടുകൾക്കുള്ളിൽ ചെലവഴിക്കണം എന്നും നിർദ്ദേശിച്ചപ്പൊൾ, അതെല്ലാം കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പാക്കാനുള്ള സംവിധാനം ഒരുക്കിയില്ല.

ടേബിൾ സ്പേസിലേക്ക് ചുരുക്കി എന്നതൊഴിച്ചാൽ ബാറുകളും റെസ്റ്റോറന്റുകളും തുറന്നു തന്നെ പ്രവർത്തിക്കുന്നു. അവിടങ്ങളിലെ തിരക്കിൽ നേരിയ കുറവ് അനുഭവപ്പെടുന്നുണ്ടെങ്കിലും, മറ്റ് യൂറോപ്യൻ രാജ്യങ്ങളിലെ നഗരങ്ങളിൽ ദൃശ്യമാകുന്ന വിജനത സ്വീഡനിലെ ഒരു നഗരത്തിലുമില്ല. മാത്രമാല്ല, ബ്രിട്ടനിൽ ഉൾപ്പടെ, രണ്ടുപേരിലധികം കൂടുന്നതിൽ വിലക്ക് നിലനിൽക്കുമ്പോൾ സ്വീഡനിൽ 500 പേർക്ക് വരെ കൂടാനുള്ള അനുമതി ഉണ്ടായിരുന്നു. രോഗവ്യാപനം കടുത്തതോടെ പല കോണുകളിൽ നിന്നും വിമർശനമുയർന്നപ്പോൾ ഈയിടെ മാത്രമാണ് അത് 50 പേരായി വെട്ടിച്ചുരുക്കിയത്.

കൊറോണ മൂലമുണ്ടായ അടിയന്തര സാഹചര്യം നേരിടാൻ സർക്കാരിന് പ്രത്യേക അവകാശങ്ങൾ നൽകുവാനുള്ള ഒരു ബില്ല് സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ചിരുന്നു. ഇതിന്മേൽ ചർച്ചകൾ നടക്കുകയാണ്. നിലവിലുള്ള നിയമത്തിന്റെ അടിസ്ഥാനത്തിൽ തന്നെ നടപടികൾ സ്വീകരിക്കാം എന്നിരിക്കെ പ്രത്യേക അധികാരത്തിനായി ശ്രമിക്കുന്ന സർക്കാർ നടപടി സംശയാസ്പദമാണെന്നാണ് പ്രതിപക്ഷത്തിന്റെ വാദം.

നോബേൽ ഫൗണ്ടേഷൻ തലവൻ ഉൾപ്പടെ 2000 ത്തോളം ഡോക്ടർമാരും ഗവേഷകരൂം കർശനമായ ലോക്ക്ഡൗൺ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് നിവേദനം നൽകിയിട്ട് പോലും ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കാൻ വൈകുകയാണ് ഭരണകൂടം. അധികാരത്തിന്റെ ഈ ഗർവ്വിന് കൊറോണ വിധിക്കുന്ന ശിക്ഷ പ്രവചനങ്ങൾക്കപ്പുറമായിരിക്കുംഎന്നതാണ് മറ്റ് പല രാജ്യങ്ങളിലേയും അനുഭവം കാണിക്കുന്നത്.

സ്വീഡൻ ഇനിയും അഹങ്കാരം വിട്ട് പ്രവർത്തനക്ഷമമാകുവാൻ തീരുമാനിച്ചിട്ടില്ലെങ്കിലും, അറിഞ്ഞുകൊണ്ട് ഒരു അപകടം ക്ഷണിച്ചു വരുത്താൻ അയൽക്കാരായ ഫിൻലാൻഡുകാർ തയ്യാറല്ല, അത്യാവശ്യ സാധനങ്ങളുടെ നീക്കമൊഴിച്ച് മറ്റെല്ലാ കാര്യങ്ങൾക്കും വിലക്കേർപ്പെടുത്തി സ്വീഡനുമായുള്ള അതിർത്തി ഫിൻലാൻഡ് ഇന്നലെ കൊട്ടിയടച്ചു. പ്രതിദിനം ആയിരക്കണക്കിന് ജോലിക്കാരും കുടുംബംഗങ്ങളും ഇരുഭാഗത്തേക്കും പോകുന്ന അതിർത്തിയാണിത്.

പുതിയ നിയമമനുസരിച്ച്, സ്വീഡനിൽ നിന്നും ഒരു തൊഴിലാളിക്ക് ഫിൻലാൻഡിൽ വരണമെങ്കിൽ, അയാൾ ഫിൻലാൻഡിൽ വരേണ്ടത് അത്യാവശ്യമാണെന്ന് കാണിച്ചുകൊണ്ട് തൊഴിൽ ഉടമയിൽ നിന്നും കത്ത് വാങ്ങിയിരിക്കണം. മാത്രമല്ല, ഫിൻലാൻഡിൽ എത്തിയാൽ 14 ദിവസത്തെ നിർബന്ധിത ക്വാറന്റൈനും വിധേയമാകണം. നോർവ്വേയുടെ അതിർത്തിയിലും ഇതുപോലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഫിൻലാൻഡ് ആലോചിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP