Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഐക്യദീപം കൊളുത്തിയപ്പോൾ ദേശീയ വൈദ്യുതി ഗ്രിഡിൽ ഉണ്ടായത് പ്രതീക്ഷിച്ചതിലും ഇരട്ടി വൈദ്യുത ഉപഭോഗത്തിന്റെ കുറവ്; കുറഞ്ഞത് 31,089 മെഗാവാട്ട് വൈദ്യുതി

ഐക്യദീപം കൊളുത്തിയപ്പോൾ ദേശീയ വൈദ്യുതി ഗ്രിഡിൽ ഉണ്ടായത് പ്രതീക്ഷിച്ചതിലും ഇരട്ടി വൈദ്യുത ഉപഭോഗത്തിന്റെ കുറവ്; കുറഞ്ഞത് 31,089 മെഗാവാട്ട് വൈദ്യുതി

സ്വന്തം ലേഖകൻ

കോട്ടയം: ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാന പ്രകാരം രാജ്യം ഒന്നടങ്കം വൈദ്യുതി വിളക്കുകൾ അണയ്ക്കാനുള്ള തീരുമാനം ഏറ്റെടുത്തപ്പോൾ ദേശീയ വൈദ്യുതി ഗ്രിഡിൽ പ്രതീക്ഷിച്ചതിലും ഇരട്ടി വൈദ്യുത ഉപഭോഗത്തിന്റെ കുറവ്. ഏപ്രിൽ 5ന് രാത്രി 9ന് ഒമ്പത് മിനറ്റ് രാജ്യത്തെ വൈദ്യുതവിളക്കുകൾ ഒന്നിച്ച് അണച്ചപ്പോൾ് 31,089 മെഗാവാട്ടിന്റെ കുറവാണ് അനുഭവപ്പെട്ടത്. രാജ്യത്തെ വൈദ്യുതി വിളക്കുകൾ മാത്രം അണച്ചാൽ പരമാവധി 14,000 മെഗാവാട്ട് കുറവുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ എല്ലാ കണക്കു കൂട്ടലുകളും തെറ്റിച്ചു കൊണ്ട് വൈദ്യുതി ഉപഭോഗത്തിൽ വൻ കുറവ് ഉണ്ടാവുക ആയിരുന്നു. ദേശീയ വൈദ്യുതി ഗ്രിഡിൽ ഉണ്ടായ വ്യതിയാനങ്ങളെ കുറിച്ച് കേന്ദ്ര പൊതുമേഖല സ്ഥാപനമായ പവർ സിസ്റ്റം ഓപറേഷൻ കോർപറേഷൻ ലിമിറ്റഡ് (പൊസോകോ) പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇതു വ്യക്തമാക്കുന്നത്.

രാജ്യത്തെ വലിയ ഫാക്ടറികളും വ്യവസായ സ്ഥാപനങ്ങളും ഗ്രിഡിൽ ഉണ്ടാകാൻ സാധ്യതയുള്ള വ്യതിയാനം മുന്നിൽ കണ്ട് മണിക്കൂറുകൾക്ക് മുൻപു തന്നെ ജനറേറ്ററുകളിലേക്ക് മാറി, ഗാർഹിക ഉപഭോക്താക്കൾ വീടുകളിലെ ലൈറ്റുകൾ അണയ്ക്കുന്നതിനു പകരം എളുപ്പത്തിൽ മെയിൻ സ്വിച്ച് തന്നെ ഈ സമയം ഓഫ് ചെയ്തു, പ്രതീക്ഷിച്ചതിലും അനേകം മടങ്ങ് ജനങ്ങൾ ആഹ്വാനം ഏറ്റെടുത്തു തുടങ്ങിയ കാരണങ്ങളാണ് ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.

ഈ സമയം വൈദ്യുതിയുടെ ആവൃത്തി 50.26 ഹെർട്‌സിനും 49.70 ഹെർട്‌സിനുമിടയ്ക്കു ചാഞ്ചാടി. എന്നാൽ അതിനെ അതിജീവിച്ച് ഗ്രിഡിനെ നിലനിർത്താൻ സാങ്കേതിക വിദഗ്ദ്ധർക്കായി. ദേശീയ ഗ്രിഡിൽ അനുവദനീയമായ ഫ്രീക്വൻസി ബാൻഡ് 49.90- 50.05 ഹെർട്‌സ് ആണ്. വൈദ്യുതവിളക്കുകൾ അണച്ച് തിരികളും മറ്റും കത്തിക്കാനുള്ള പ്രഖ്യാപനം വന്നശേഷം കേന്ദ്ര ഊർജമന്ത്രാലയം അതിനെ നേരിടാൻ നടത്തിയ തയ്യാറെടുപ്പുകളും നടത്തി.

ഗ്രിഡ് തകർച്ചയുണ്ടായാൽ വൈദ്യുതി ഉൽപാദനം പുനഃസ്ഥാപിക്കാനായി പ്രധാനപ്പെട്ട ഉൽപാദന നിലയങ്ങളിൽ ഡീസൽ ജനറേറ്ററുകളടക്കം തയാറാക്കി നിർത്തണമെന്ന നിർദേശമടക്കം നൽകി. വിഷയത്തെ ശാസ്ത്രീയമായി സമീപിച്ചതും സാങ്കേതിക വിദ്യയുടെ സഹായത്തോടെ സ്വീകരിച്ച മുൻകരുതലുകളും ഫലപ്രദമാവുകതന്നെ ചെയ്തു, വൈദ്യുതിക്ക് മുടക്കം വന്നില്ല. രാജ്യത്തെ ജലവൈദുതി ഉൽപാദനം രാത്രി 8.45ഓടെ പരമാവധി ആക്കി. തുടർന്ന് 8.45നും രാത്രി 9.10നും ഇടയ്ക്ക് ജലവൈദ്യുതി ഉൽപാദനം 17,543 മെഗാവാട്ട് കുറച്ച് ആകെ ജലവൈദ്യുതി ഉൽപാദനം 8016 മെഗാവാട്ടിൽ എത്തിച്ചു. രാത്രി 9.10 മുതൽ അതു വീണ്ടും കൂട്ടി രാത്രി 9.27 ന് 19,012 മെഗാവാട്ടിലെത്തിച്ചു. ഇതു കൂടാതെ താപനിലയങ്ങളിലെയും കാറ്റാടി നിലയങ്ങളിലെയും ഉൽപാദനം ക്രമീകരിച്ച് രാത്രി 8.45നും 9.10നും ഇടയ്ക്ക് 10,950 മെഗാവാട്ടും കുറച്ചു.

രാജ്യത്തു പല സ്ഥലങ്ങളിലും ലോഡ് ഷെഡിങ്ങും ഏർപ്പെടുത്തി. ഉൽപാദനം വളരെ പെട്ടെന്ന് നിയന്ത്രിക്കാനാകുന്ന ജലവൈദ്യുത നിലയങ്ങളിലെ ക്രമീകരണങ്ങളാണു കാര്യങ്ങളെ വരുതിക്കു നിറുത്തിയത്. കേരളത്തെ ഇതിനു പ്രധാനമായി സഹായിച്ചത് ഇടുക്കിയിലെ ജല വൈദ്യുത പദ്ധതികളായിരുന്നു. 350 മെഗാവാട്ടിന്റെ കുറവാണ് ഈ സമയത്ത് കേരളത്തിൽ അനുഭവപ്പെട്ടത്. പറയുന്നതു പോലെ ലളിതമല്ല ഇതൊക്കെ നടപ്പാക്കുന്നത്. അതു കൃത്യതയോടെയും സൂക്ഷ്മതയോടെയും ചെയ്ത കേരളത്തിൽ നിന്നടക്കമുള്ള ആയിരക്കണക്കിന് സാങ്കേതിക വിദഗ്ധരും എൻജിനീയർമാരും തൊഴിലാളികളും മുമ്പെങ്ങുമില്ലാത്തവിധമുണ്ടായ ഒരു വെല്ലുവിളിയെയാണു വിജയകരമായി നേരിട്ടതെന്നും മധുലാൽ പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP