Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാൽകഴുൽ ശുശ്രഷയോ വിശുദ്ധവാരത്തിന്റെ കുമ്പസാരമോ ഇല്ലാതെ പെസഹ വ്യാഴം ആചരിക്കാൻ ക്രൈസ്തവ സമൂഹം; അപ്പൻ മക്കളുടെയും മക്കൾ മാതാപിതാക്കളുടെയും കാലുകൾ കഴുകി ചുംബിക്കാൻ നിർദ്ദേശം നൽകി ഇടവകൾ; വ്യക്തിഗത കുമ്പസാരവും ഇത്തവണയില്ല; വിശ്വാസികൾക്ക് പെസഹ സന്ദേശം പകർന്ന് ആലഞ്ചേരി പിതാവും

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ലോക്‌ഡോണിൽ പെസഹവ്യാഴം ആചരിച്ച് ക്രൈസ്തവർ. കാൽകഴുൽ ശുശ്രഷയോ വിശുദ്ധവാരത്തിന്റെ കുമ്പസാരമോ ഇല്ലാതെയാണ് ക്രൈസ്തവ സമൂഹം ഇന്ന് പെസഹ ആചരിക്കുന്നത്. കുരിശുമരണത്തിനു മുമ്പ് ശിഷ്യന്മാർക്കൊപ്പം ക്രിസ്തു അന്ത്യ അത്താഴം കഴിച്ചതിന്റെ ഓർമയിലാണ് പെസഹ ആചരിക്കുന്നത്. അന്ത്യ അത്താഴ വേളയിൽ ക്രിസ്തു ശിഷ്യന്മാരുടെ കാലുകൾ കഴുകിയിരുന്നു. ഇതിന്റെ ഓർമയ്ക്കായി ദേവാലയങ്ങളിൽ നടത്തുന്ന കാൽകഴുകൽ ശുശ്രൂഷ ഇത്തവണ ഉണ്ടാവില്ല.

ചില വൈദികർ ഇടവകാംഗങ്ങൾക്ക് പ്രത്യേകമായി നിർദ്ദേശം നൽകിയിട്ടുണ്ട്. വീടുകളിൽ അപ്പൻ മക്കളുടെയും മക്കൾ മാതാപിതാക്കളുടെയും കാലുകൾ കഴുകി ചുംബിക്കാൻ നിർദ്ദേശം നൽകിയവരുണ്ട്. പൊതു നിർദേശമില്ലെങ്കിലും പല പള്ളികളിലും ഇത്തരം രീതികൾ ചെയ്യുന്നുണ്ട്.

'താലത്തിൽ വെള്ളമെടുത്ത്...' എന്ന ഗാനം കുടുംബമായി വീടുകളിൽ പാടി, അതിന്റെ വീഡിയോ പള്ളിയുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ട വൈദികരുമുണ്ട്. വിശുദ്ധവാരത്തിലെ മറ്റൊരു പ്രധാന കർമമായ വ്യക്തിഗത കുമ്പസാരവും ഇത്തവണ ഉണ്ടാകില്ല. ഓൺലൈനിൽ കുമ്പസാരിപ്പിക്കാമോ എന്നു ചോദിച്ച് ധാരാളംപേർ വിളിക്കുന്നതായി വൈദികർ പറയുന്നു. ഒരു വർഷം മുഴുവൻ കുമ്പസാരിക്കാത്തവരും വിശുദ്ധവാരത്തിൽ അത് ചെയ്യാറുണ്ട്.

ചെയ്ത പാപങ്ങൾ ക്രമമായി ഓർക്കാനും അതിൽ പശ്ചാത്തപിക്കാനും മേലിൽ ചെയ്യില്ലെന്ന് പ്രതിജ്ഞയെടുക്കാനുമാണ് വിശ്വാസികളോട് ഇത്തവണ പറഞ്ഞിട്ടുള്ളത്. വൈദികനോട് തുറന്നുപറയുന്നതും അദ്ദേഹം നിർദേശിക്കുന്ന പ്രായശ്ചിത്തങ്ങൾ ചെയ്യുന്നതും ഇപ്പോൾ വേണ്ടെന്നാണ് നിർദ്ദേശം. ഏറ്റവുമടുത്ത അവസരത്തിൽ നേരിട്ട് കുമ്പസാരിച്ചാൽ മതി.

പെസഹ ദിനത്തിൽ വീടുകളിൽ നടത്താറുള്ള അപ്പം മുറിക്കൽ ചടങ്ങ് വീടുകളിൽ മാത്രമായി പരിമിതപ്പെടുത്തണം. കുടുംബ കൂട്ടായ്മകളോ ബന്ധുക്കളുടെ ഒത്തുചേരലോ ഇതിന് വേണ്ട. ദുഃഖവെള്ളിയാഴ്ച ക്രൂശിതരൂപ ചുംബനവും കുരിശിന്റെ വഴിയും പരിഹാര പ്രദക്ഷിണവും ഉണ്ടാകില്ല.

ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് പെസഹ ആചരണത്തിൽ സന്ദേശം നൽകി സിറോ മലബാർസഭ ബിപ്പ് മാർ ആലഞ്ചേരി പിതാവും രംഗത്തെത്തി. വാക്കുകളിലേക്ക്.

'കൊറോണവൈറസ് ബാധയുടെ സാഹചര്യത്തിൽ ദേവാലയങ്ങളിൽ ഇക്കുറി കാൽകഴുകൽ ശുശ്രൂഷയില്ല. എന്നാൽ, ആ ശുശ്രൂഷയുടെ ചൈതന്യം ഉൾക്കൊള്ളാൻ ഏവർക്കും സാധിക്കും. ക്രിസ്തു പറഞ്ഞു: ''നിങ്ങൾ എന്നെ ഗുരു എന്നും കർത്താവ് എന്നും വിളിക്കുന്നു. അതു ശരിതന്നെ, ഞാൻ ഗുരുവും കർത്താവുമാണ്. നിങ്ങളുടെ കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ പാദങ്ങൾ കഴുകിയെങ്കിൽ, നിങ്ങളും പരസ്പരം പാദങ്ങൾ കഴുകണം. എന്തെന്നാൽ, ഞാൻ നിങ്ങൾക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന് ഞാൻ നിങ്ങൾക്കൊരു മാതൃക നൽകിയിരിക്കുന്നു'' (യോഹ. 13:13-15).

ക്രിസ്തുവിന്റെ ഈ വാക്കുകൾക്ക് രണ്ടു മാനങ്ങളുണ്ട്. ഒന്ന്, താൻ തിരഞ്ഞെടുത്ത പന്ത്രണ്ടുപേർ അവരുടെ ശുശ്രൂഷയിൽ പുലർത്തേണ്ട മനോഭാവം. രണ്ട്, ക്രിസ്തുശിഷ്യന്മാർ എല്ലാവർക്കുമുണ്ടായിരിക്കേണ്ട സാമൂഹികമായ ശുശ്രൂഷാമനോഭാവം. മനുഷ്യസമൂഹത്തിനു മുഴുവൻ ഈ ചൈതന്യം പ്രചോദനം പകരുന്നതാണ്.

ക്രിസ്തുവിന്റെ കാൽകഴുകൽ ശുശ്രൂഷയുടെ സാമൂഹികമാനമാണ് ഈവർഷം കൂടുതൽ പ്രസക്തമാകുന്നത്. കൊറോണബാധിച്ചവരെ പരിചരിക്കുന്ന ഡോക്ടർമാർ, നഴ്‌സുമാർ, മറ്റ് ആരോഗ്യപ്രവർത്തകരൊക്കെയാണ് ഇപ്പോൾ യഥാർഥ കാൽകഴുകൽ ശുശ്രൂഷ നടത്തുന്നത്. അവരിലൂടെ ഇന്ന് കർത്താവായ ക്രിസ്തു രോഗികളുടെയും ഈ വൈറസിന്റെ പേരിൽ നിരീക്ഷണത്തിലായവരുടെയും കാലുകൾ കഴുകുകയാണ്. ഇവർക്കും രോഗം പടരാതിരിക്കാൻ അക്ഷീണം പ്രവർത്തിക്കുന്ന ഭരണാധികാരികൾക്കും നിയമപാലകർക്കുമെല്ലാം ആത്മാർഥമായ സഹകരണം നൽകിക്കൊണ്ട് 'നിങ്ങളും പരസ്പരം പാദങ്ങൾ കഴുകണം' എന്ന ക്രിസ്തുവിന്റെ വാക്കുകളെ നമുക്ക് അന്വർഥമാക്കാം.'

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP