Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോകം കീഴടക്കാനിറങ്ങിയ അലക്സാണ്ടർ ചക്രവർത്തി ഒരു നിസ്സാരക്കാരന്റെ കുത്തേറ്റാണ് മരിച്ചത്, മറ്റാരുടേയുമല്ല ഒരു കൊതുകിന്റെ; കൊതുക് പരത്തുന്ന പലവിധ രോഗങ്ങളിലാന്നാണ് മന്ത്; ഫൈലേറിയ ക്ലിനിക്കുകളിൽ രോഗികളുടെ മന്ത് ബാധിച്ച ഇടം സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകി വൃത്തിയാക്കും; സയൻസിന്റെ കാലുകഴുകൽ; ഡോ അഗസ്റ്റസ് മോറിസ് എഴുതുന്നു

ലോകം കീഴടക്കാനിറങ്ങിയ അലക്സാണ്ടർ ചക്രവർത്തി ഒരു നിസ്സാരക്കാരന്റെ കുത്തേറ്റാണ് മരിച്ചത്, മറ്റാരുടേയുമല്ല ഒരു കൊതുകിന്റെ; കൊതുക് പരത്തുന്ന പലവിധ രോഗങ്ങളിലാന്നാണ് മന്ത്; ഫൈലേറിയ ക്ലിനിക്കുകളിൽ രോഗികളുടെ മന്ത് ബാധിച്ച ഇടം സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകി വൃത്തിയാക്കും; സയൻസിന്റെ കാലുകഴുകൽ; ഡോ അഗസ്റ്റസ് മോറിസ് എഴുതുന്നു

ഡോ. അഗസ്റ്റസ് മോറിസ്

കാൽ കഴുകൽ

````````````

( 1 ) '' മിനിമം ചാർജ്ജ് കൊടുത്തു പോകാവുന്ന ദൂരത്തിനപ്പുറം ഞാൻ യാത്ര ചെയ്തിട്ടില്ല ''.... വല്ലാത്തൊരു നിർവികാരതയോടെ അയാൾ പറഞ്ഞു . ബസ്സിൽ കയറാൻ നേരം കാലുകളുടെ ഭാരവ്യത്യാസം കാരണം ബാലൻസ് തെറ്റും , മുണ്ട് മടക്കിയുടുക്കാൻ വയ്യ , തീക്ഷ്‌ണമായ അറപ്പ് നിറഞ്ഞ നോട്ടങ്ങൾ ...വയ്യ , സഹിക്കാൻ വയ്യ . എങ്ങോട്ടേക്കും ഇല്ല . മഴക്കാലമാകുമ്പോൾ നാടാകെ വെള്ളക്കെട്ട് . എല്ലാവരും വസ്ത്രങ്ങൾ പൊക്കിപ്പിടിച്ച് നടക്കുമ്പോൾ , സാരിയും പാവാടയും പൊക്കിപ്പിടിക്കാനാവാതെ നടന്നുപോകേണ്ട ഗതികേടിനെപ്പറ്റി ആ വീട്ടമ്മയും സങ്കടത്തോടെ സംസാരിച്ചു .

( 2 ) മനുഷ്യ ശരീരത്തിലെ രക്തചംക്രമണവ്യവസ്ഥയെ പറ്റി ...... പ്രാണവായു [ ഓക്സിജൻ ] ഏറെയുള്ള രക്തം ശരീരമെമ്പാടും എത്തിക്കുന്നത് ധമനികൾ [ artery ] .അവയിൽ നിന്നും ചെറു ശാഖകളായ ലോമികകളിലൂടെ [ capillary ] , കോശങ്ങളിൽ എത്തുന്നു . ജീവൻ നിലനിർത്താനാവശ്യമായ ഉപാപചയ പ്രവർത്തനങ്ങൾക് ശേഷം [ metabolism ] , മാലിന്യമായ കാർബൺ ഡൈ ഓക്സൈഡ് അടങ്ങിയ രക്തം സിരകളിലൂടെ [ vein ] തിരികെ ശ്വാസകോശത്തിലേക്ക് പോകുന്നു . സിരോവ്യൂഹത്തോടൊപ്പം ലസികാവ്യൂഹം [ lymphatic system ] എന്നറിയപ്പെടുന്ന മറ്റൊരു വ്യവസ്ഥയിലൂടേയും കുറച്ച് ഭാഗം തിരികെ പോകുന്നു . വെളുത്ത രക്താണുക്കൾ ,കൊഴുപ്പ്കണങ്ങൾ എന്നിവയാൽ സമ്പന്നമായ വെളുത്ത നിറത്തിലുള്ള ദ്രാവകം -- ലസികാ ദ്രവം [ lymph ] -- വഹിച്ച് കൊണ്ടുപോകുന്ന കുഴലുകൾ '' ലസികാ നാളികൾ '' എന്നറിയപ്പെടുന്നു .അതിലാണ് കഴല ഗ്രന്ഥികൾ അഥവാ lymph nodes എന്നറിയപ്പെടുന്ന , വെളുത്ത രക്താണുക്കളുടെ കോട്ടകൾ നിലകൊള്ളുന്നത് .

( 3 ) ലോകം കീഴടക്കാനിറങ്ങിയ അലക്‌സാണ്ടർ ചക്രവർത്തി , ഒരു നിസ്സാരക്കാരന്റെ കുത്തേറ്റാണ് മരിച്ചത് . മറ്റാരുടേയുമല്ല , ഒരു കൊതുകിന്റെ . കൊതുക് പരത്തുന്ന അസുഖങ്ങൾ നിരവധിയാണ് .അതിലൊന്നാണ് മന്ത് [ filaria ]. മന്തിന്റെ കുഞ്ഞുവിരകൾ , microfilaria , ലസികാവ്യൂഹത്തിൽ തടസ്സം സൃഷ്ടിക്കുന്നു , ലസികാനാളികൾ വല്ലാതെ വീർക്കുന്നു ,തൽഫലമായി രോഗം ബാധിച്ച അവയവവും വല്ലാതെ ചീർക്കുന്നു - ലളിതമായി പറഞ്ഞാൽ ഇതാണ് മന്ത് . കാലും വൃഷണവും മാറിടവും യോനീതടങ്ങളും കക്ഷവും മറ്റും വീർത്തുവരുന്ന അവസ്ഥ , രോഗത്തിന്റെ അന്തിമ ഘട്ടമാണ് . കുഞ്ഞുവിരകൾ അകത്തു കയറുമ്പോൾ നിസ്സാരമായ ഒരു ഗുളിക -- DEC -- കഴിച്ചാൽ മാറ്റിയെടുക്കാവുന്ന ഒരു രോഗം .പക്ഷേ , അജ്ഞത മൂലമോ , പിടിവാശി മൂലമോ ആൾക്കാർ അതിനെ സ്വീകരിക്കാതിരിക്കുമ്പോൾ , ഒരാൾ മന്ത് രോഗിയായി മാറുന്നു .

( 4 ) ലസികാദ്രവത്തിന്റെ സുഗമമായ ഒഴുക്ക് തടസ്സപ്പെടുമ്പോൾ , അതിൽ സൂക്ഷ്മാണുക്കൾ [ bacteria ] പെരുകാനിടവരുന്നു , അണുബാധ ഉണ്ടാകുന്നു . കടുത്ത വിറയലും പനിയും ഉണ്ടാകുന്നു . വ്രണങ്ങൾ ഉണ്ടാകാം . അതിൽനിന്നും ദുർഗന്ധം വമിക്കും . രോഗി വീണ്ടും ഒറ്റപ്പെടും .

( 5 ) രോഗികളുടെ ജീവിതം മെച്ചപ്പെടുത്താനും , അണുബാധ പോലെയുള്ള കാര്യങ്ങൾ ഒഴിവാക്കാനും ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശപ്രകാരം ആരംഭിച്ച പദ്ധതിയാണ് MMDP [ Morbidity Management & Disability Prevention ].അതിൽ രോഗബാധിത പ്രദേശം വൃത്തിയായി സൂക്ഷിക്കുക എന്നത് വലിയ പ്രാധാന്യം അർഹിക്കുന്നു .

( 6 ) സർക്കാർ ആശുപത്രികളിൽ പലയിടത്തും ഫൈലേറിയ ക്ലിനിക്കുകൾ ആരംഭിച്ചിട്ടുണ്ട് .അവിടെ രോഗികളുടെ മന്ത് ബാധിച്ച ഇടം സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകി വൃത്തിയാക്കുക , വിരലുകളുടെ ഇടയിലും മറ്റും ജലാംശം നിൽക്കാത്ത വിധത്തിൽ നന്നായി ഉണക്കിയെടുക്കുക , അണുബാധ ഉണ്ടാകാതെ നോക്കുക ,രോഗികൾക്കാവശ്യമായ മരുന്നും മറ്റും മുടക്കമില്ലാതെ നൽകുക , മനോബലം പകരുക , സാമൂഹ്യമായ അയിത്തം ഇല്ലായ്മ ചെയ്യുക -- അങ്ങനെ ഒരുപിടി കാര്യങ്ങൾ ഫൈലേറിയ ക്ലിനിക്കുകളിലൂടെ നടപ്പിലാക്കി വരുന്നു .

NB -- സയൻസിന്റെ കാലുകഴുകലിന് ജാതി മത ലിംഗ വർണ ഭാഷാ ദേശ വ്യത്യാസങ്ങളില്ല . അത് എല്ലാ ദിവസവും മുടക്കമില്ലാതെ ചെയ്യുന്ന ഒന്നാണ് . കഴിവതും എല്ലാവർക്കും പങ്കെടുക്കാവുന്ന പരിപാടി . തന്മയീഭാവം ഉള്ളവർക്ക് , മറ്റൊരുവന്റെ അവസ്ഥ സ്വയം ഉൾക്കൊള്ളാൻ കഴിയുന്ന ഏതൊരു മനുഷ്യനും ചെയ്യാൻ കഴിയുന്ന ഒന്ന് .അറിയുക , അസുഖം വരുന്നത് ആരുടേയും കഴിവുകേടല്ല & അസുഖം വരാതിരുന്നത് ആരുടേയും മിടുക്കുമല്ല .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP