Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കീഴടങ്ങാത്ത ശത്രുവിന്റെ മുമ്പിൽ നിന്നു പിൻവാങ്ങി ശത്രുവിനു പിടിക്കാനാവാത്ത തരത്തിൽ ഒളിച്ചുകളയുന്നതും ഒരു യുദ്ധതന്ത്രമാണ്; ഈ യുദ്ധതന്ത്രമാണ് കൊറോണയെ നേരിടാനുള്ള 'സോഷ്യൽ ഡിസ്റ്റൻസിങ്'; അതിനു വേണ്ടത് ധീരതയോടെയുള്ള ആത്മസംയമനമാണ്: ഗുരു സ്വാമി മുനി നാരായണ പ്രസാദ് എഴുതുന്നു

കീഴടങ്ങാത്ത ശത്രുവിന്റെ മുമ്പിൽ നിന്നു പിൻവാങ്ങി ശത്രുവിനു പിടിക്കാനാവാത്ത തരത്തിൽ ഒളിച്ചുകളയുന്നതും ഒരു യുദ്ധതന്ത്രമാണ്; ഈ യുദ്ധതന്ത്രമാണ് കൊറോണയെ നേരിടാനുള്ള 'സോഷ്യൽ ഡിസ്റ്റൻസിങ്'; അതിനു വേണ്ടത് ധീരതയോടെയുള്ള ആത്മസംയമനമാണ്: ഗുരു സ്വാമി മുനി നാരായണ പ്രസാദ് എഴുതുന്നു

ഗുരു സ്വാമി മുനി നാരായണ പ്രസാദ്

 ധീരതയോടെ നേരിടാം

ലോകം മുഴുവൻ..മനുഷ്യരാശി മുഴുവൻ...ലോകചരിത്രത്തിൽ ഇന്നുവരെ ഉണ്ടായിട്ടില്ലാത്തതെന്നു പറയാവുന്ന ഒരു ജീവന്മരണപോരാട്ടത്തിലാണ്.ലോകത്തിലെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കൊറോണയുടെ വ്യാപനം ഭാരതത്തിൽ വളരെ കുറവാണ്. കേരളത്തിൽ എടുത്തുകൊണ്ടിരിക്കുന്ന നടപടികൾ അമേരിക്കയിൽ വരെ പ്രശംസ പിടിച്ചു പറ്റിയിരിക്കുന്നതായി അറിഞ്ഞു. ഭാരതം പൊതുവേയും ധീരമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.

വരാൻ പോകുന്ന സാമ്പത്തികത്തകർച്ചയെയും, ഉണ്ടാകാനിടയുള്ള ഭക്ഷ്യക്ഷാമത്തെയും പറ്റി ഗൗരവപൂർവ്വം നേതാക്കന്മാർ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. നമ്മൾ ഇല്ലാതായിത്തീർന്ന ലോകത്ത് ഉണ്ടാകുന്ന സാമ്പത്തികത്തകർച്ചയ്ക്കും ക്ഷാമത്തിനും എന്ത് അർത്ഥമാണ് ഉള്ളത്? അതുകൊണ്ട് നമ്മുടെ ജീവൻ നിലനിർത്തുകയാണ് മുഖ്യം.

എന്നാൽ ഈ ജീവന്റെ സ്ഥിതിയോ? മരണം നിശ്ചയം എന്നു തീർച്ച. അത് ഇന്നാകാം...നാളെയാകാം...കൊറോണ മുഖാന്തിരമാകാം...അല്ലാതെയാകാം. 'തസ്മാദപരിഹാര്യർത്ഥം നത്വം ശോചിതുമർഹസി' - അതുകൊണ്ട് പരിഹാരമില്ലാത്തതിന്റെ പേരിൽ ശോകിക്കരുത് - എന്നാണു ഗീതോപദേശം.

ജനനമരണങ്ങളിൽക്കൂടി അനാദിയും അനന്തവുമായി നീണ്ടുപോകുന്ന ജീവിതത്തെ നാരായണഗുരു കണ്ടത് 'അഹോ നാടകം നിഖിലവും!' എന്നാണ്.നാടകം ശോകാന്തമാകാം...ശുഭാന്തമാകാം... രണ്ടായാലും അത് നാടകമാണ്.നാടകം ആസ്വദിക്കാനുള്ളതാണ്...

നാടകം ശോകാന്തമാണെന്നും അതിലെ കഥാപാത്രങ്ങൾ നമ്മൾ തന്നെയാണെന്നും വന്നാലോ? അതുണ്ടാക്കുന്ന വ്യാകുലത വളരെ വലുതായിരിക്കും. ഇതു നാടകമാണെന്നുള്ള കാര്യം പോലും അപ്പോൾ നമ്മൾ മറക്കും. ഇത് നാടകം മാത്രമാണെന്ന് തിരിയെ നമ്മളെത്തന്നെ നമ്മൾ ഓർമ്മിപ്പിക്കേണ്ടിയിരിക്കുന്നു. അപ്പോൾ നമ്മൾ തന്നെ കഥാപാത്രങ്ങളായ ഈ നാടകം എങ്ങനെ അഭിനയിക്കണമെന്ന വിവേകമുണ്ടാകും.

ഈ വിവേകം നമുക്ക് ഈ യുദ്ധനാടകത്തിൽ നമ്മുടെ പങ്ക് ധീരമായി അഭിനയിക്കാൻ കഴിവുണ്ടാക്കിത്തരും. 'ധീരസ്തത്ര ന മുഹ്യതി' - ധീരൻ അവിടെ പതറിപ്പോകുകയില്ല - എന്നാണ് ഉപനിഷത്തുക്കൾ പഠിപ്പിക്കുന്നത്...അറിവുള്ളവർക്ക് ഉള്ളിലുണ്ടാകുന്ന ഉറപ്പാണ് ധീരത...

അങ്ങനെ ധീരതയോടെ...ആത്മസംയമനത്തോടെ...ഏതു പ്രയാസങ്ങളും സഹിക്കാനുള്ള സന്നദ്ധതയോടെ...നമുക്ക് ഈ കൊറോണയാകുന്ന ശത്രുവിനെ നേരിടാം. മനുഷ്യൻ വികസിപ്പിച്ചെടുത്ത ഒരു തന്ത്രത്തിനും ശാസ്ത്രത്തിനും ഈ ശത്രു കീഴടങ്ങുന്നില്ല. കീഴടങ്ങാത്ത ശത്രുവിന്റെ മുമ്പിൽ നിന്നു പിൻവാങ്ങി ശത്രുവിനു പിടിക്കാനാവാത്ത തരത്തിൽ ഒളിച്ചുകളയുന്നതും ഒരു യുദ്ധതന്ത്രമാണ്. ഈ യുദ്ധതന്ത്രമാണ് കൊറോണയുടെ കാര്യത്തിൽ ഫലപ്രദമെന്നും വന്നിരിക്കുന്നു. ഈ യുദ്ധതന്ത്രത്തിന് ഇപ്പോൾ കൊടുത്തിരിക്കുന്ന പേരാണ് 'സോഷ്യൽ ഡിസ്റ്റൻസിങ്' (Social Distancing)

അതിനു വേണ്ടത് ധീരതയോടെയുള്ള ആത്മസംയമനമാണ്. ഒപ്പം, നാളെ എന്തു വരുമെന്നതിനെപ്പറ്റിയുള്ള ആകുലതയില്ലാതെ, ഇപ്പോൾ ഈ നിമിഷത്തിൽ ചെയ്യേണ്ടത് ചെയ്യാനുള്ള മനക്കരുത്തും...ഫലം എന്തുമായിക്കൊള്ളട്ടെ...അത് സർവ്വനാശമാകാം... മനുഷ്യരുടെ വിവേകത്തിന്റെ വിജയമാകാം... ഓരോ നിമിഷത്തിലും നമുക്കു വേണ്ടത് ജീവിതത്തെ സംബന്ധിക്കുന്ന അറിവ്, ജീവിതം എത്ര അനിശ്ചിതത്വം നിറഞ്ഞതാണ് എന്ന അറിവ് ഉണ്ടായിരിക്കുകയാണ്...ഈ അറിവ് നമുക്ക് ഏതു പ്രതിസന്ധിയിലും ആത്മധൈര്യം തരും...മനസ്സിനെ ശാന്തവും ധീരവുമാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP