Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രോഗവിമുക്തന്റെ രക്തത്തിലെ പ്ലാസ്മ വേർതിരിച്ചെടുത്ത് രോഗബാധിതനായ ആൾക്ക് നൽകിയാൽ കോവിഡിനെ കീഴടക്കാം; ആന്റിബോഡി ഉപയോഗിച്ചതിനു ശേഷം രോഗമുണ്ടായിരുന്ന 10 പേർക്കും രോഗലക്ഷണങ്ങൾ കുറഞ്ഞുവെന്ന് അമേരിക്കയിലേയും ചൈനയിലേയും ശാസ്ത്ര ലോകം; പ്ലാസ്മയിലെ പരീക്ഷണ ചികിൽസയ്ക്ക് കേരളത്തിലെ ശ്രീചിത്രയും; എച്ച് ഐ വി മരുന്നും പ്രതീക്ഷ; മലേറിയയ്ക്കുള്ള മരുന്നിന് പിന്നാലെ കൊറോണയെ ചെറുക്കാൻ രണ്ട് വഴികൾ കൂടി തെളിയുന്നു; മാരക വൈറസിനെ മനുഷ്യകുലം ഉടൻ മെരുക്കും

രോഗവിമുക്തന്റെ രക്തത്തിലെ പ്ലാസ്മ വേർതിരിച്ചെടുത്ത് രോഗബാധിതനായ ആൾക്ക് നൽകിയാൽ കോവിഡിനെ കീഴടക്കാം; ആന്റിബോഡി ഉപയോഗിച്ചതിനു ശേഷം രോഗമുണ്ടായിരുന്ന 10 പേർക്കും രോഗലക്ഷണങ്ങൾ കുറഞ്ഞുവെന്ന് അമേരിക്കയിലേയും ചൈനയിലേയും ശാസ്ത്ര ലോകം; പ്ലാസ്മയിലെ പരീക്ഷണ ചികിൽസയ്ക്ക് കേരളത്തിലെ ശ്രീചിത്രയും; എച്ച് ഐ വി മരുന്നും പ്രതീക്ഷ; മലേറിയയ്ക്കുള്ള മരുന്നിന് പിന്നാലെ കൊറോണയെ ചെറുക്കാൻ രണ്ട് വഴികൾ കൂടി തെളിയുന്നു; മാരക വൈറസിനെ മനുഷ്യകുലം ഉടൻ മെരുക്കും

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: കൊറോണയ്ക്കുള്ള മരുന്ന് കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ലോകം. ഇതിനിടെ ഒരു സന്തോഷ വാർത്ത. രക്ഷപ്പെട്ട കോവിഡ്-19 രോഗികളിൽ നിന്നെടുത്ത ആന്റിബോഡി എടുത്തുള്ള ചികിത്സ 100 ശതമാനം വിജയമെന്ന് ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞർ പറയുന്നു. ചൈനയിലെ മൂന്ന് ആശുപത്രികളിലാണ് പ്രാരംഭ പഠനം നടത്തിയിരിക്കുന്നത്. ഇവയെക്കുറിച്ചുള്ള റിപ്പോർട്ട് പ്രസിദ്ധീകരിച്ചത് പ്രൊസീഡിങ്സ് ഓഫ് ദി നാഷണൽ അക്കാഡമീസ് ഓഫ് സയൻസസിലാണ്.

കോവിഡ്-19 ബാധിച്ച് രക്ഷപെട്ടവരിൽ നിന്നെടുത്ത ആന്റിബോഡി, രോഗബാധിതരായ 10 പേരിൽ കുത്തിവച്ചു നടത്തിയ പരീക്ഷണമാണ് വിജയകരമായെന്നു പറയുന്നത്. രക്ഷപ്പെട്ടവരിൽ നിന്നെടുത്തു കുത്തിവച്ച 'ഒരു ഡോസ് ആന്റിബോഡി'യാണ് മരുന്നായി മാറുന്നത്. ആന്റിബോഡി ഉപയോഗിച്ചതിനു ശേഷം രോഗമുണ്ടായിരുന്ന 10 പേർക്കും രോഗലക്ഷണങ്ങൾ കുറഞ്ഞു. ഇതിനൊപ്പം രോഗികളുടെ ശരീരത്തിൽ ഓക്സിജന്റെ അളവു വർധിക്കുകയും വൈറൽ പ്രശ്നങ്ങൾ ഒഴിഞ്ഞു തുടങ്ങിയതായും ശാസ്ത്ര ലോകം പറയുന്നു. ഇതിന് കാരണം ആന്റി ബോഡിയാണെന്നാണ് വിലയിരുത്തൽ. മലേറിയയുടെ മരുന്ന് കോവിഡ് ചികിൽസയ്ക്ക് ഉത്തമമാണെന്ന വാദം സജീവമാകുന്നതിനിടെയാണ് പ്ലാസ്മാ ചികിൽസയിലും പുതിയ പ്രതീക്ഷകൾ തെളിയുന്നത്.

രോഗംവന്നു പോയവരിൽ നിന്ന് ശേഖരിക്കുന്ന ഇമ്യൂൺ ആന്റിബോഡീസ്, രോഗമുള്ളവരിൽ കുത്തിവയ്ക്കുന്ന രീതിയെ വിളിക്കുന്നത് കോൺവാലസന്റ് പ്ലാസ്മ തെറാപ്പി എന്നാണ്. മുൻപ്, പോളിയോ, വസൂരി, മുണ്ടിനീര്, ഫ്ളൂ തുടങ്ങിയവയ്ക്ക് എതിരെയും ഈ രീതി പരീക്ഷിച്ചിട്ടുണ്ട്. മറ്റു പല രീതിയിലുമുള്ള ചികിത്സകളേക്കാൾ കോൺവാലസന്റ് പ്ലാസ്മാ തെറാപി പല രോഗങ്ങൾക്കും ഗുണകരമായ ചരിത്രം ഉണ്ട്. കേരളത്തിൽ ശ്രീചിത്രാ മെഡിക്കൽ സെന്ററും പ്ലാസ്മാ മരുന്ന് ഗവേഷണത്തിലേക്ക് കടക്കുകയാണ്. നിലവിൽ കൊറോണാവൈറസിനെതിരെ പ്രതിരോധകുത്തിവയ്‌പ്പ് സാധ്യമല്ലാത്തതിനാൽ, കോൺവാലസന്റ് പ്ലാസ്മാ തെറാപി പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നതിന് അമേരിക്കയുടെ ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷൻ അനുമതി നൽകിയിട്ടുമുണ്ട്.

പരീക്ഷണത്തിൽ ചില താത്പര്യജനകമായ കണ്ടെത്തലുകൾ നടത്തിയെന്നാണ് ഗവേഷകർ പറയുന്നത്. 46 കാരനായ രോഗിക്ക് ഒരു ഡോസ് കോൺവാലസന്റ് പ്ലാസ്മയാണ് നൽകിയത്. ഇതിലൂടെ അദ്ദേഹത്തിന് 24 മണിക്കൂറിനുള്ളൽ രക്ഷപ്പെടാനായി എന്നാണ് ഗവേഷകർ പറയുന്നത്. നാലു ദിവസത്തിനുള്ളിൽ തന്നെ രോഗലക്ഷണങ്ങൾ രോഗിക്കു വിട്ടുമാറിയതായും പറയുന്നു. ചികിത്സിച്ച 10 രോഗികളുടെ കാര്യത്തിലും ഇതു സംഭവിച്ചു. ഒരു 49 വയസ്സുകാരിക്ക് കടുത്ത കോവിഡ്-19 ബാധയായിരുന്നു. അവരിലും പരീക്ഷണം വിജയിച്ചു. കോൺവാലസന്റ് പ്ലാസ്മ തെറാപ്പി നടത്തിയ പത്തു രോഗികളിൽ ഒരാളുപോലും മരിച്ചില്ല എന്നതും നിർണ്ണായകമാണ്. പഠനങ്ങൾ ഇപ്പോഴും തുടരുകയാണ്. കോൺവാലസന്റ് പ്ലാസ്മ ഏതളവിൽ നൽകുന്നതാണ് ഗുണകരമാകുക എന്നതും ഏതു ഘട്ടത്തിലുള്ള രോഗിക്കാണ് ഇത് ഉപകാരപ്രദമാകുക എന്നതും ശാസ്ത്ര ലോകം വിശകലനങ്ങളിലൂടെ പഠന വിധേയമാക്കുകയാണ്.

അതിനിടെ പ്ലാസ്മാ ചികിത്സയിലൂടെ കോവിഡിനെ കീഴടക്കാനുള്ള പരിശ്രമത്തിന് കേരളവും വേദിയാകും. ഇതുസംബന്ധിച്ച് ചികിത്സാ പരീക്ഷണം നടത്താനുള്ള ശ്രീചിത്ര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ നിർദ്ദേശത്തിന് ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിൽ (ഐ.സി.എം.ആർ.) അനുമതി നൽകി. രോഗവിമുക്തനായ ഒരാളുടെ രക്തത്തിലെ പ്ലാസ്മ വേർതിരിച്ചെടുത്ത് രോഗബാധിതനായ ആൾക്ക് നൽകിയാൽ കോവിഡിനെ കീഴടക്കാനാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷണചികിത്സ. അമേരിക്കയിൽ ഈ ചികിത്സയ്ക്ക് അനുമതിയായിട്ടുണ്ട്. പരീക്ഷണത്തിനുള്ള ശ്രീചിത്രയുടെ നിർദ്ദേശം സംസ്ഥാന സർക്കാരിന്റെ വിദഗ്ധ സമിതി പരിശോധിച്ചശേഷം ഐ.സി.എം.ആറിന്റെ അനുമതിക്ക് സമർപ്പിക്കുകയായിരുന്നു. കോഴിക്കോട് ബേബി മെമോറിയൽ ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ വിഭാഗം സ്‌പെഷ്യലിസ്റ്റ് ഡോ. അനൂപ്കുമാറും ശ്രീചിത്രയുടെ പഠനത്തിൽ പങ്കുചേരും.

കോവിഡിൽനിന്ന് പരിപൂർണമായി മുക്തിനേടിയ ആളുടെ രക്തത്തിൽ ആ രോഗത്തിനെതിരായ ആന്റിബോഡി ഘടകങ്ങൾ ഉണ്ടാകും. പ്ലാസ്മയിലാണ് ഇത് ഉണ്ടാവുക. രോഗമുക്തനായ ആളുടെ രക്തത്തെ പ്ലാസ്മാഫെറസിസ് മെഷീനിലൂടെ കടത്തിവിടും. അത് രക്തകോശങ്ങളെ പ്ലാസ്മയിൽനിന്ന് വേർതിരിക്കും. ആ പ്ലാസ്മ ശീതീകരിച്ച് സൂക്ഷിക്കാം. ഇങ്ങനെ വേർതിരിച്ചെടുക്കുന്ന പ്ലാസ്മ ഉപയോഗിച്ചുള്ള ചികിത്സയാണ് കൺവാലിസന്റ് പ്ലാസ്മാ തെറാപ്പി എന്നും ആന്റിബോഡി ചികിത്സയെന്നും അറിയപ്പെടുന്നത്. ഐ.സി.എം.ആറിന്റെ അനുമതി ലഭിച്ച സാഹചര്യത്തിൽ ക്ലിനിക്കൽ പഠനത്തിന് രക്തം ശേഖരിക്കാൻ സാധാരണയിലേതിനേക്കാൾ ചില ഇളവുകൾകൂടി നേടേണ്ടതുണ്ട്. ഇതിനായി ഡ്രഗ്കൺട്രോളർ ഓഫ് ഇന്ത്യയ്ക്ക് അപേക്ഷ നൽകി. കൂടാതെ ശ്രീചിത്ര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെ എത്തിക്‌സ് കമ്മിറ്റിയുടെ അനുമതികൂടി ഈ പഠനത്തിനുവേണം.

അതിനിടെ കോവിഡ് ചികിത്സയ്ക്ക് എച്ച്‌ഐവി മരുന്ന് ഫലപ്രദമെന്ന് ചൈനയിലെ വുഹാനിൽ പ്രവർത്തിക്കുന്ന ഒരു പ്രാഥമിക ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു. ജനുവരി മുതൽ കോവിഡ് ബാധ സ്ഥിരീകരിച്ച നിരവധി രോഗികൾക്ക് എച്ച്‌ഐവി മരുന്നായ കലേത്ര ഉപയോഗിച്ചിരുന്നതായി വുഹാനിലെ ആശുപത്രിയിൽ സേവനമനുഷ്ഠിക്കുന്ന ഡോക്ടർമാരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ടു ചെയ്തു. കളമശ്ശേരിയിലും എച്ച് ഐ വി മരുന്ന് ഉപയോഗിച്ച് വിദേശിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വന്നിരുന്നു. ഈ മരുന്ന് ഫലപ്രദമാണെന്നാണ് അനുഭവമെന്നും ഡോക്ടർമാർ പറയുന്നു. ആബ്വൈ എന്ന കമ്പനി പേറ്റന്റോടെ ഉൽപാദിപ്പിക്കുന്ന ലോപിനാവിർ/റിട്ടോണവിർ എന്നീ മരുന്നുകളുടെ പേറ്റന്റ് ഇതര പതിപ്പാണ് കലേത്ര. ഇതിനോടൊപ്പം മറ്റൊരു മരുന്നായ ബിസ്മുത് പൊട്ടാസിയം സിട്രേറ്റുമാണ് രോഗികൾക്ക് നിർദ്ദേശിച്ചിരുന്നതെന്ന് വുഹാനിലെ ജിൻയിൻതാൻ ആശുപത്രി പ്രസിഡന്റ് സാങ് ദിങ്യു അറിയിച്ചു.

'ജിൻയിൻതാൻ ആശുപത്രിയിലെ രോഗികൾക്ക് ഈ മരുന്നുകൾ ജനുവരി ആറു മുതൽ നിർദ്ദേശിച്ചിരുന്നു. ഡിസംബറിൽ കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനു പിന്നാലെ ഇതിന് ആദ്യം ചികിത്സ തുടങ്ങിയ ആശുപത്രികളിലൊന്നാണ് ജിൻയിൻതാൻ. വുഹാനിൽ കോവിഡ് പാരമ്യത്തിലെത്തിയപ്പോൾ അഞ്ഞൂറോളം രോഗികളാണ് ഇവിടെ ചികിത്സയിലുണ്ടായിരുന്നത്. നിലവിൽ 123 പേർ ഈ ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ട്. എന്നാൽ കോവിഡ് ബാധിച്ച് ഗുരുതര നിലയിൽ ജിൻയിൻതാൻ ആശുപത്രിയിൽ കഴിഞ്ഞവരിലെ ചികിത്സ സംബന്ധിച്ച് ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിൻ മാർച്ചിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ 'അലുവിയ' എന്നും അറിയപ്പെടുന്ന കലേത്ര കോവിഡ് ചികിത്സയ്ക്കു അത്ര ഫലപ്രദമല്ലെന്നായിരുന്നു വിലയിരുത്തൽ. അതേസമയം, കോവിഡ് ബാധിതരെ ചികിത്സിക്കുന്നതിന് കലേത്രയുടെ ജനറിക് പതിപ്പിന് ഇസ്രയേൽ അംഗീകാരം നൽകുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP