Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തിരിച്ചറിയാൻ കാത്തുനിൽക്കാതെ മൃതദേഹങ്ങൾ ലോറികളിൽ കയറ്റി കൂറ്റൻ ശവക്കുഴിയിലേക്ക് തള്ളുന്നു; അന്ത്യയാത്ര പറയാൻ ഒരാളും എത്തി നോക്കുന്നുപോലുമില്ല; ലോകം തങ്ങളുടെ കൈകളിൽ ആണെന്നു കരുതി ജീവിച്ചിരുന്ന അമേരിക്കക്കാരന്റെ ഭയാനകമായ അവസ്ഥ ഇങ്ങനെ; ന്യുയോർക്കിൽ മാത്രം 7067 പേർ മരിച്ചതോടെ അമേരിക്ക എല്ലാം കൈവിട്ട അവസ്ഥയിൽ; ഇതുവരെ രോഗം ബാധിച്ചത് 4,66,969 പേർക്കും മരണം സംഭവിച്ചത് 16,636 പേർക്കും

തിരിച്ചറിയാൻ കാത്തുനിൽക്കാതെ മൃതദേഹങ്ങൾ ലോറികളിൽ കയറ്റി കൂറ്റൻ ശവക്കുഴിയിലേക്ക് തള്ളുന്നു; അന്ത്യയാത്ര പറയാൻ ഒരാളും എത്തി നോക്കുന്നുപോലുമില്ല; ലോകം തങ്ങളുടെ കൈകളിൽ ആണെന്നു കരുതി ജീവിച്ചിരുന്ന അമേരിക്കക്കാരന്റെ ഭയാനകമായ അവസ്ഥ ഇങ്ങനെ; ന്യുയോർക്കിൽ മാത്രം 7067 പേർ മരിച്ചതോടെ അമേരിക്ക എല്ലാം കൈവിട്ട അവസ്ഥയിൽ; ഇതുവരെ രോഗം ബാധിച്ചത് 4,66,969 പേർക്കും മരണം സംഭവിച്ചത് 16,636 പേർക്കും

മറുനാടൻ മലയാളി ബ്യൂറോ

രണത്തിനു മുന്നിൽ അസമത്വങ്ങൾ ഇല്ലെന്ന് തെളിയിക്കുകയാണ് കൊറോണക്കാലം. വിതുമ്പിക്കരഞ്ഞ് അകമ്പടിസേവിക്കാൻ ഉറ്റവരില്ലാതെ, അന്ത്യകർമ്മങ്ങൾക്ക് പുരോഹിതരില്ലാതെ, കുന്തിരിക്കവും ചന്ദനത്തിരിയുമില്ലാതെ ആയിരങ്ങൾ യാത്രയാവുകയാണ് ഒരേ കുഴിയിൽ അടക്കപ്പെടാൻ. ന്യുയോർക്കിൽ മാത്രം മരണസംഖ്യ 7000 കടന്നപ്പോൾ കാണുന്ന കാഴ്ചയാണിത്.

ന്യുയോർക്കിലെ ഹാർട്ട്ലാൻഡ് പത്തൊമ്പതാം നൂറ്റാണ്ട് മുതൽക്കേ അനാഥപ്രേതങ്ങൾക്ക് അന്ത്യവിശ്രമം കൊള്ളാനുള്ള ഭൂമികയായിരുന്നു. അടുത്ത ബന്ധുക്കൾ ഇല്ലാത്തവരും അതുപോലെ ശവമടക്കിന് നിവർത്തിയില്ലാത്ത കുടുംബത്തിലെ അംഗങ്ങളുമെല്ലാം ഇവിടെയാണ് അടക്കം ചെയ്യപ്പെട്ടിരുന്നത്. ഇന്ന് കൊറോണക്കാലത്ത് ഈ അനാഥഭൂമിയിൽ അന്ത്യവിശ്രമം കൊള്ളാൻ വിധിക്കപ്പെട്ടവരിൽ സമൂഹത്തിന്റെ പല തലങ്ങളിൽ നിന്നുള്ളവരും ഉണ്ട്.

സാധാരണയായി ആഴ്‌ച്ചയിൽ 25 മൃതദേഹങ്ങളെങ്കിലും ഇവിടെ അടക്കം ചെയ്യപ്പെടുമായിരുന്നു. റിക്കേഴ്സ് ദ്വീപിലെ ജയിലിലെ അന്തേവാസികളായിരുന്നു ഇവിടെ ശവമടക്ക് നടത്തിയിരുന്നത്. എന്നാൽ കഴിഞ്ഞ മാസം കൊറോണയുടെ താണ്ഡവം ആരംഭിച്ചതോടെ മൃതദേഹങ്ങളുടെ ഒഴുക്ക് തുടങ്ങി. ന്യുയോർക്കിലാണ് കൂടുതൽ മരണങ്ങൾ എന്നതും ഇവിടത്തെ തിരക്ക് വർദ്ധിപ്പിച്ചു. ഇന്ന് ഓരോ ദിവസവും രണ്ട് ഡസൻ മൃതദേഹങ്ങൾ എങ്കിലും ഇവിടെ അടക്കം ചെയ്യപ്പെടുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്.

ദിനംപ്രതി കൂടിവരുന്ന മരണസംഖ്യ മറ്റ് മാർഗ്ഗങ്ങളൊന്നും തന്നെ തുറക്കുന്നില്ല. നഗരത്തിലെ സെമിത്തേരികളും മോർച്ചറികളും നിറയുമ്പോൾ ഹാർട്ട്ലാൻഡിൽ എത്തി ഒരേ കുഴിക്കുള്ളിൽ നിരവധി മൃതദേഹങ്ങൾ ഇട്ട് മൂടുക എന്നത് മാത്രമാണ് ഇപ്പോൾ അധികൃതർക്ക് മുന്നിലുള്ള ഏക വഴി.

തിരക്ക് വർദ്ധിച്ചപ്പോൾ ഋക്കേഴ്സ് ജയിലിലെ ജീവനക്കാരെ കൊണ്ട് മാത്രം കാര്യം നടക്കാതായതിനെ തുടർന്ന് ഇതിനായി ജോലിക്കാരെ ഇപ്പോൾ കരാർ വ്യവസ്ഥയിൽ എടുത്തിട്ടുമുണ്ട്. മാത്രമല്ല, കൊറോണ ബാധയുടെ വിശദാംശങ്ങൾ അറിയാവുന്ന തടവുപുള്ളികൾ ശവമടക്ക് ചടങ്ങിൽ പങ്കെടുക്കാൻ വിസമ്മതിക്കുകയും ചെയ്യുന്നുണ്ട്. ശവശരീരം, ഏതുവിധത്തിലുള്ള ദ്രവങ്ങളും ചോർന്നൊലിക്കാത്ത കവറിൽ ഭദ്രമായി പൊതിഞ്ഞ്, പൈൻ വൃക്ഷത്തടികൾ കൊണ്ട് നിർമ്മിച്ച പെട്ടിയിലാക്കിയാണ് അടക്കം ചെയ്യുന്നത്. 1919 ലെ സ്പാനിഷ് ഫ്ലൂ ഇരകളേയും 1980 കളിൽ ഏയ്ഡ്സ് പിടിപെട്ട് മരിച്ചവരേയും ഇവിടെയാണ് അടക്കിയിട്ടുള്ളത്.

രണ്ടാം ലോകമഹായുദ്ധത്തിന്റെ ഗതി മാറ്റി മറിച്ച പേൾഹാർബർ ആക്രമണത്തിന് സമാനമായ സാഹചര്യത്തെയാണ് അമേരിക്ക അഭിമുഖീകരിക്കാൻ പോകുന്നതെന്ന് അമേരിക്കൻ സർജൻ ജനറൽ ജെറോം ആദംസ ് പറയുന്നു. വരുന്ന ആഴ്ചയിൽ അമേരിക്കയിൽ ഒട്ടേറെ മരണങ്ങളുണ്ടാവുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. 'അടുത്തയാഴ്ചയെന്നത് നമ്മെ സംബന്ധിച്ച് പേൾഹാർബർ നിമിഷങ്ങളായിരിക്കും. അത് നമ്മുടെ 9/11 നിമിഷം പോലായിരിക്കും', വാർത്താസമ്മേളനത്തിൽ ജെറോം ആദംസ് പറഞ്ഞു. തങ്ങളുടെ ജീവിതത്തിനിടയിൽ അമേരിക്കക്കാർ നേരിടുന്ന ഏറ്റവും കഷ്ടതയേറിയ നിമിഷങ്ങളാവും ഇനി വരാൻ പോവുന്നത്. മരണനിരക്ക് കുത്തനെ ഉയരുന്നത് കുറച്ച് ഇതിനെ മറികടക്കണമെങ്കിൽ ഓരോരുത്തരും അവരവരുടെ കടമകൾ ചെയ്യേണ്ടതുണ്ടെന്നും ആദംസ് കൂട്ടിച്ചേർത്തു. അമേരിക്കൻ പകർച്ചവ്യാധി വിഭാഗം മേധാവി അന്തോണി ഫൗസി ആവർത്തിച്ചതും വരാനിരിക്കുന്നത് ഏറ്റവും മോശമേറിയ ആഴ്ചയാണെന്നാണ്. രാജ്യം ഏറ്റവും പ്രയാസമേറിയ ആഴ്ചയിലൂടെയാണ് കടന്നു പോകാനൊരുങ്ങുന്നതെന്നും ഇതിനെ താമസിയാതെ നമ്മൾ മറികടക്കുമെന്ന് ട്രംപും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ചൈനയിലെ വുഹാനിൽനിന്ന് ആരംഭിച്ച കോവിഡ് വൈറസ് ബാധ ഫെബ്രുവരിയിലാണ് അമേരിക്കയിലെത്തുന്നത്. ആയിരക്കണക്കിന് ആളുകൾ ഇതുമൂലം മരിച്ചു. നിയന്ത്രണ മാർഗ്ഗമായി ലോക്ഡൗൺ പ്രഖ്യാപിക്കുകയും പത്തിൽക്കൂടുതൽ ആളുകൾ ഒന്നിച്ചു ചേരുന്നത് നിരോധിക്കുകയും ചെയ്തു. രാജ്യാന്തര യാത്രകൾ ഒഴിവാക്കാൻ ഭരണകൂടം പൗരന്മാർക്ക് നിർദ്ദേശം നൽകി. മാർച്ച് 29 ന് നടന്ന പത്രസമ്മേളനത്തിൽ, സാമൂഹിക അകലം പാലിക്കാനുള്ള നിയമങ്ങൾ, ഒത്തുചേരാവുന്ന പരമാവധി ആളുകളുടെ എണ്ണം, യാത്രാ നിരോധനം എന്നിവ ഉൾപ്പെടെയുള്ള നിയന്ത്രണ മാർഗ്ഗനിർദ്ദേശങ്ങൾ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏപ്രിൽ 30 വരെ നീട്ടിയിരുന്നു.

ഇതേസമയം, കൊറോണ വൈറസിന്റെ ഉദ്ഭവസ്ഥാനമെന്ന് കരുതപ്പെടുന്ന ചൈനയിൽ ആശ്വാസത്തിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. ഏറ്റവും കൂടുതലായി പ്രശ്‌നം ബാധിച്ച വുഹാനിലെയും ഹുബെ പ്രവിശ്യയിലെയും കർശനമായ ലോക്ഡൗൺ നീക്കി. ഗതാഗത സൗകര്യങ്ങളും മറ്റും പുനഃസ്ഥാപിക്കുന്ന തിരക്കിലാണ് ചൈന ഇപ്പോൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP