Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

24 മണിക്കൂറിനുള്ളിൽ ന്യൂയോർക്കിൽ മരിച്ചത് അഞ്ച് മലയാളികൾ; ഭൂരിഭാഗം മലയാളി കുടുംബങ്ങളിലെ ഒരാളെങ്കിലും നഴ്‌സ് ആയത് രോഗവ്യാപനത്തിന് ആക്കം കൂട്ടുമെന്നും ഭീതി; രോഗം ബാധിച്ചവരോടു പോലും ജോലിക്കെത്താൻ പറയുന്ന സാഹചര്യമാണ് ആശുപത്രികളിലെന്ന് നഴ്‌സുമാർ; പനിബാധിച്ചവർക്കും ടെസ്റ്റുകൾ നടത്താൻ സംവിധാനമില്ല; ന്യൂയോർക്കിൽ മലയാളികൾ അതീവ ഭീതിയിലും ജാഗ്രതയിലും

24 മണിക്കൂറിനുള്ളിൽ ന്യൂയോർക്കിൽ മരിച്ചത് അഞ്ച് മലയാളികൾ; ഭൂരിഭാഗം മലയാളി കുടുംബങ്ങളിലെ ഒരാളെങ്കിലും നഴ്‌സ് ആയത് രോഗവ്യാപനത്തിന് ആക്കം കൂട്ടുമെന്നും ഭീതി; രോഗം ബാധിച്ചവരോടു പോലും ജോലിക്കെത്താൻ പറയുന്ന സാഹചര്യമാണ് ആശുപത്രികളിലെന്ന് നഴ്‌സുമാർ; പനിബാധിച്ചവർക്കും ടെസ്റ്റുകൾ നടത്താൻ സംവിധാനമില്ല; ന്യൂയോർക്കിൽ മലയാളികൾ അതീവ ഭീതിയിലും ജാഗ്രതയിലും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂയോർക്ക്: അമേരിക്കയിൽ കോവിഡ് എറ്റവും കൂടുതൽ ബാധിച്ച പ്രദേശമാണ് ലോകത്തിന്റെ വാണിജ്യ തലസ്ഥാനം എന്ന് അറിയപ്പെട്ുന്ന ന്യ്യോർക്ക്. അക്ഷരാർഥത്തിൽ ജനം മരിച്ചുവീഴുന്ന നഗരം. 24 മണിക്കൂറിനുള്ളിൽ ന്യൂയോർക്കിൽ അഞ്ച് മലയാളികൾ മരിച്ചതോടെ മലയാളി കുടുംബങ്ങളിലും വലിയ ഭീതിയാണ് ഉണ്ടായിരിക്കുന്നത്. ഇവിടെ എത്തിയ മലയാളി കുടുംബങ്ങളിൽ ഒരാളെങ്കിലും നഴ്സ് ഉണ്ടാകുമെന്നാണ് പൊതുവെ പറയുക. ഇതും രോഗവ്യാപനത്തിന് ആക്കം കൂട്ടുമെന്നും ഭീതി നിലനിൽക്കയാണ്. ആവശ്യത്തിന് സുരക്ഷാസംവിധാനങ്ങൾ പോലുമില്ലാതെയാണ് ഇവിടെ മലയാളികൾ ജോലിചെയ്യുന്നത്. കോവിഡ് സ്ഥിരീകരിച്ച് മരിച്ചവരേക്കാൾ രോഗ പരിശോധന നടത്താതെ മരിക്കുന്നവരാണ് അധികവും. നിലവിലുള്ള സാഹചര്യത്തിൽ രോഗം സ്ഥിരീകരിക്കുന്നതിനുള്ള സംവിധാനങ്ങളുടെ അഭാവമാണ് ഇതിനു മുഖ്യ കാരണമെന്നാണ് മലയാളികൾ പറയുന്നത്.

ആശുപത്രികളിൽ സുരക്ഷാ ഉപകരണങ്ങളുടെ അഭാവം രോഗം പകർന്നു കിട്ടുന്നതിന് ഇടയാക്കുന്നു എന്നതാണ് വസ്തുത. പലയിടത്തും വേണ്ടത്ര ജീവനക്കാരില്ല. പലരും രോഗം ബാധിച്ച് വീടുകളിൽ നിരീക്ഷണത്തിലാണ്. രോഗം ബാധിച്ചവരോടു പോലും ജോലിക്കെത്താൻ പറയുന്ന സാഹചര്യവും ആശുപത്രികളിലുണ്ടെന്നു നഴ്സുമാർ പറയുന്നു. പനിബാധിച്ച നഴ്സുമാർക്കു പോലും ടെസ്റ്റുകൾ നടത്താൻ സംവിധാനമില്ലാത്തതും ഇവിടുത്തെ സാഹചര്യം എത്രത്തോളം ഭീതിയുള്ളതാണെന്നു വ്യക്തമാക്കുന്നതാണ്. ഡോക്ടർമാരെ കാണുന്നതിനും മരുന്നു ലഭിക്കുന്നതിനുമുള്ള പ്രയാസമാണ് ആളുകൾ നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നം. പല ആശുപത്രികളും മറ്റു രോഗികളെ ഡിസ്ചാർജ് ചെയ്ത് സമ്പൂർണ കോവിഡ് പരിശോധനാ കേന്ദ്രങ്ങളാക്കി മാറ്റിയിട്ടുണ്ട്. ഇവിടെ ഗുരുതരാവസ്ഥയിൽ ഉള്ളവരെ മാത്രമാണ് ചികിത്സയ്ക്ക് പ്രവേശിപ്പിക്കുന്നതും. കടുത്ത ശ്വാസതടസമോ ജീവനു ഭീതിയുള്ള സാഹചര്യമോ ഉണ്ടെങ്കിൽ മാത്രം ആശുപത്രികളിലെത്തിയാൽ മതിയെന്നാണ് നിർദ്ദേശം.

അതുകൊണ്ടു തന്നെ രോഗികളിൽ പലരും വീടുകളിൽ തന്നെ കഴിയുകയാണ്. കഴിഞ്ഞദിവസം ശ്വാസതടസം നേരിട്ട് അബോധാവസ്ഥയിലായ കോവിഡ് 19 രോഗിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നെബുലൈസേഷനും മറ്റ് അവശ്യമരുന്നും നൽകി മണിക്കൂറുകൾക്കു ശേഷം വീട്ടിലേക്കു തിരിച്ചയയ്ക്കുകയായിരുന്നു. സമാന സാഹചര്യമാണ് മിക്ക രോഗികൾക്കും ഇവിടെയുള്ളത്. നെബുലൈസേഷനുള്ള ഉപകരണങ്ങൾ കടകളിൽ ലഭിക്കാനില്ലാത്തതും വീടുകളിൽ കഴിയുന്നവർക്ക് പ്രതിസന്ധിയാകുന്നുണ്ട്.നിർബന്ധിത ലോക്ഡൗൺ ഇല്ലാത്തതിനാൽ സ്വയം നിയന്ത്രിച്ച് വീടുകളിൽ കഴിയുന്നവർ ഒഴികെയുള്ളവർ ഇപ്പോഴും പുറത്തിറങ്ങി നടക്കുന്നത് പതിവ് കാഴ്ചയാണ്.

സൂപ്പർമാർക്കറ്റുകളിലും മെഡിക്കൽ ഷോപ്പുകളിലും നിയന്ത്രണമുണ്ടെങ്കിലും പൊതുസ്ഥലങ്ങളിൽ കാര്യമായ നിയന്ത്രണങ്ങളില്ല. ലോക്ഡൗൺ പ്രഖ്യാപിക്കാത്തതിനാൽ ജോലിക്ക് ചെന്നില്ലെങ്കിൽ സാലറി വെട്ടികുറയ്ക്കുകയോ ലീവായി കണക്കാകുകയോ ആണ് ചെയ്യുന്നത്. സാമ്പത്തിക കാരണങ്ങൾക്കൊണ്ട് മലയാളികൾ ഉൾപ്പടെ പലരും കമ്പനികളിൽ ജോലിക്ക് എത്തുന്നുണ്ട്. ഇതിനിടെ കൂടെ ജോലി ചെയ്തിരുന്ന പലരും മരിച്ച വിവരം പോലും അറിയുന്നത് ദിവസങ്ങൾ കഴിഞ്ഞാണ്. കമ്പനികൾ ജോലിക്കാർ എത്തുന്നത് കുറയാതിരിക്കാനായി ഇത്തരം വിവരങ്ങൾ പരമാവധി പുറത്തു വിടുന്നില്ലെന്നും ഷിബു കുര്യൻ പറഞ്ഞു

ഗുരുതരമായ രോഗമുണ്ടായിരുന്നവരോ വയോധികരോ ആണ് ഇതുവരെ മരിച്ചവരിൽ ഏറെയും. എന്നാൽ ഇതിൽ തന്നെ പലരുടെയും രോഗം സ്ഥിരീകരിച്ചിട്ടില്ല. ശ്വാസതടസ്സമോ പനിയോ മൂലം മരിച്ചെന്ന നിലയിലാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. രോഗം സ്ഥിരീകരിച്ച് മരിച്ചവരുടെ കാര്യത്തിൽ പ്രോട്ടോക്കോളുകൾ പിന്തുടരുന്നുണ്ടെങ്കിലും അല്ലാതെ മരിച്ചവരുടെ കാര്യത്തിൽ ഇതിൽ ഒരു കൃത്യതയില്ല എന്നതും രോഗവ്യാപനത്തിന് കാരണമാകുമെന്ന വിലയിരുത്തലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP