Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സമയം വൈകിയെത്തുന്ന ഒരദ്ധ്യാപകന് വിദ്യാർത്ഥിയോട് താനെന്തുകൊണ്ട് വൈകി വന്നു എന്ന് ചോദിക്കാനുള്ള അർഹതയില്ല; അതു പോലെ ഈ ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ച അദ്ധ്യാപകന് തന്റെ വിദ്യാർത്ഥികളോട് മറ്റുള്ളവരെ സഹായിക്കണമെന്ന് പറയാനുള്ള അർഹതയുമില്ല; ശമ്പളം മാറ്റിവെക്കൽ ഉത്തരവ് കത്തിച്ച അദ്ധ്യാപക സംഘടനയുടെ നടപടി അങ്ങേയറ്റം ലജ്ജാകരം; കുട്ടികളുടെ റോൾ മോഡൽ ആകേണ്ടവർക്ക് യോജിച്ചതല്ല കത്തിക്കലെന്ന് ഡോ എംൻ കാരശ്ശേരി മറുനാടനോട്

സമയം വൈകിയെത്തുന്ന ഒരദ്ധ്യാപകന് വിദ്യാർത്ഥിയോട് താനെന്തുകൊണ്ട് വൈകി വന്നു എന്ന് ചോദിക്കാനുള്ള അർഹതയില്ല; അതു പോലെ ഈ ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ച അദ്ധ്യാപകന് തന്റെ വിദ്യാർത്ഥികളോട് മറ്റുള്ളവരെ സഹായിക്കണമെന്ന് പറയാനുള്ള അർഹതയുമില്ല; ശമ്പളം മാറ്റിവെക്കൽ ഉത്തരവ് കത്തിച്ച അദ്ധ്യാപക സംഘടനയുടെ നടപടി അങ്ങേയറ്റം ലജ്ജാകരം; കുട്ടികളുടെ റോൾ മോഡൽ ആകേണ്ടവർക്ക് യോജിച്ചതല്ല കത്തിക്കലെന്ന് ഡോ എംൻ കാരശ്ശേരി മറുനാടനോട്

ജാസിം മൊയ്ദീൻ

കോഴിക്കോട്; കൊറോണ പ്രതിരോധത്തിന്റെ ഭഗമായി സർക്കാർ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും മറികടക്കാൻ സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും ഓരോ മാസത്തിലും ആറ് ദിവസത്തെ ശമ്പളം മാറ്റിവെക്കുമെന്ന ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പ്രതിപക്ഷത്ത് നിന്നും തുടക്കത്തിലെ ഇതിനെതിരെ പ്രതിഷേധമുയർന്നിരുന്നെങ്കിലും ആദ്യമായി ഈ ഉത്തരവിനെതിരെ പരസ്യമായി പ്രതികരിച്ചത് കോൺഗ്രസ് അനുകൂല അദ്ധ്യാപക സംഘടനയായ കെപിഎസ്ടിഎ ആണ്. വീടുകളിൽ ഈ ഉത്തരവ് കത്തിച്ചുകൊണ്ടാണ് അവർ തങ്ങളുടെ ഈ പ്രതിഷേധം സംഘടിപ്പിച്ചത്. ഇന്നലെ മുതൽ സമൂഹമാധ്യമങ്ങളിൽ ഇതിനെതിരെ നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തുവന്നത്.

മുഖ്യമന്ത്രിയും ധനകാര്യ വകുപ്പ് മന്ത്രിയുമെല്ലാം ഈ നടപടിയെ വിമർശിച്ചുകൊണ്ട് രംഗത്തെത്തി. ഈ വിഷയത്തിൽ മറുനാടൻ മലയാളിയുമായി പ്രതികരിക്കുകയാണ് എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനും അതിലുപരി കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലും കോളേജുകളിലും നീണ്ട 34 വർഷം അദ്ധ്യാപകനുമായിരുന്ന ഡോ. എംഎൻ കാരശ്ശേരി.

കാരശ്ശേരിയുടെ വാക്കുകളിലേക്ക്

34 വർഷം അദ്ധ്യാപകനായി ജോലി ചെയ്തിരുന്ന ആളാണ് ഞാൻ. എട്ടുവർഷമാകുന്നു സർവ്വീസിൽ നിന്ന് വിരമിച്ചിട്ട്. ഒരു പ്രതിസന്ധി ഘട്ടത്തിൽ സർക്കാറിനെ സഹായിക്കണമെന്ന് പറഞ്ഞുകൊണ്ടുള്ള ആ ഉത്തരവ് കത്തിച്ച കോൺഗ്രസ് അനുകൂല അദ്ധ്യാപക സംഘടനയുടെ നടപടി അങ്ങേയറ്റം ലജ്ജാകരമാണ്. സർക്കാറിന്റെ ഇത്തരത്തിലുള്ള എല്ലാ പ്രവർത്തനങ്ങൾക്കും മറ്റാരേക്കാളുമേറെ മുന്നിൽ നിന്ന് നയിക്കേണ്ടവരാണ് അദ്ധ്യാപകർ. വ്യക്തിപരമായി ഇത്തരം പ്രവർത്തനങ്ങളിൽ പങ്കാളികളാവേണ്ടവരാണ് അദ്ധ്യാപകർ. പൂർണ്ണമായ അർത്ഥത്തിലല്ലെങ്കിലും സമൂഹത്തിൽ അദ്ധ്യാപകർക്ക് ഇന്നും ഒരു മാതൃക സ്ഥാനമുണ്ട്. പ്രത്യേകിച്ച് സകൂൾ അദ്ധ്യാപകർക്ക്. കുട്ടികൾ അവരെ വിലയിരുത്തുന്നുണ്ട്. മാതൃകയാക്കുന്നുണ്ട്.

നാട്ടിലൊരു പ്രതിസന്ധി വരുമ്പോൾ മറ്റുള്ളവരെ സഹായിക്കണമെന്ന് കുട്ടികളെ പഠിപ്പിക്കേണ്ടവരാണ് അദ്ധ്യാപകർ. അദ്ധ്യാപകന്റെ പ്രധാനപ്പെട്ട ജോലിയെന്നത് കുട്ടികളുടെ സ്വഭാവ രൂപീകരണമാണ്. കുട്ടികളൊന്നും കേട്ട് പഠിക്കുകയില്ല. അവരെല്ലാം കണ്ടാണ് പഠിക്കുന്നത്. അവരെപ്പോഴും മാതൃകയാക്കുന്നത് അദ്ധ്യാപകരെയാണ്. അത്തരം അദ്ധ്യാപകരിൽ നിന്ന് നല്ലതല്ല അവർ കാണുന്നതെങ്കിൽ അത് ആ വിദ്യാർത്ഥിയുടെ സ്വഭാവ രൂപീകരണത്തെ കൂടി ബാധിക്കും. സമയം വൈകിയെത്തുന്ന ഒരദ്ധ്യാപകന് വിദ്യാർത്ഥിയോട് താനെന്തുകൊണ്ട് വൈകി വന്നു എന്ന് ചോദിക്കാനുള്ള അർഹതയില്ല. അതുപോലെത്തന്നെ ഈ ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ച അദ്ധ്യാപകന് തന്റെ വിദ്യാർത്ഥികളോട് മറ്റുള്ളവരെ സഹായിക്കണമെന്ന് പറയാനുള്ള അർഹതയില്ല. സകൂൾ വിദ്യാർത്ഥികൾ മാതൃകയാക്കുന്ന അദ്ധ്യാപകരിൽ നിന്ന് ഇത്തരമൊരു നടപടിയുണ്ടായത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

അദ്ധ്യാപകർക്ക് വളരെ വലിയ ശമ്പളം കിട്ടുന്നൊരു സംസ്ഥാനമാണ് കേരളം. ആഴ്ചയിൽ അഞ്ച് ദിവസമാണ് അദ്ധ്യാപകർ ജോലി ചെയ്യുന്നത്. ബാക്കിയുള്ള ദിവസം അവർ ഒരു ജാലിയും ചെയ്യുന്നില്ല എന്ന് പറയുന്നില്ല. എങ്കിലും അവർക്ക് സകൂളിൽ പോകേണ്ടതില്ലല്ലോ. ഇപ്പോഴത്തെ സർക്കാർ ഉത്തരവിൽ പറയുന്ന ആറ് ദിവസമെന്നത് അവർ വീട്ടിലിരിക്കുന്ന ഈ ദിവസങ്ങളാണെന്ന് കരുതിയാൽ മതി. പിന്നെ അതെന്ന് തിരിച്ചു തരും എന്ന കാര്യത്തിൽ വ്യക്തത വരുത്താൻ പറയുന്നത് ന്യായമാണ്. പക്ഷെ സർക്കാറിന്റെ ഇത്തരം പരിപാടികളോട് നിസ്സഹകരണം പ്രഖ്യാപിക്കുക എന്നത് സത്യം പറഞ്ഞാൽ സാമൂഹ്യ വിരുദ്ധമായൊരു നടപടിയാണ്. നേരത്തെ തന്നെ കോവിഡ് 19 വ്യാപനത്തെ കുറിച്ച് ഗൗരവമായി മനസ്സിലാക്കുകയും അതിന് വേണ്ട പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തൊരു സർക്കാറാണ് കേരളത്തിലുള്ളത്. നമ്മൾ രാഷ്്ട്രീയം മാറ്റിവെക്കേണ്ട സമയം കൂടിയാണിത്. രാഷ്ട്രമുണ്ടെങ്കിലല്ലെ രാഷ്ട്രീയമൊള്ളൂ. ഇത്തരത്തിലുള്ള കക്ഷി രാഷ്ട്രീയത്തിന്റെ ഇടുങ്ങിയ ചുമരുകൾക്കുള്ളിലല്ല നമ്മൾ നിൽക്കേണ്ടത്. പ്രത്യേകിച്ച് അദ്ധ്യാപകർ. ഈ സമയത്ത് ഇത്തരത്തിലൊരു പ്രതിഷേധമുണ്ടായതിൽ ഒരു അദ്ധ്യാപകനെന്ന നിലയിൽ എനിക്ക് അങ്ങേയറ്റം ഖേദമുണ്ട്.

ഞാൻ കരുതുന്നത് ഈ നിലപാടിൽ നിന്ന് അവർ പിന്നോട്ട്പോകും എന്നാണ്. അതല്ല കക്ഷി രാഷ്ട്രീയത്തിന്റെ കണക്കിലാണ് അവരിതിനെ കാണുന്നതെങ്കിൽ അവരുടെ പാർട്ടിക്കാരിലും അല്ലാത്തവരിലും നല്ല അഭിപ്രായമല്ല ഈ നടപടിയുണ്ടാക്കുക. സർക്കാറിന്റെ പ്രവർത്തനങ്ങളുടെ ഫലമായി ഭരിക്കുന്ന പാർട്ടിക്ക് സൽപേരുണ്ടായിപ്പോകുമെന്ന് വിഷമം കാണിക്കേണ്ട സമയമല്ലിത്. ഇനി അങ്ങനെയാണ് ഇവരിതിനെ കാണുന്നതെങ്കിൽ അവരുടെ ഈ നിലപാട് അവർക്ക് തിരിച്ചടിയാകും. കാരണം ഒരു സാമൂഹിക പ്രശ്നം വന്നപ്പോൾ, ലോകം മുഴുവൻ ഒരു മൂന്നാം ലോകയുദ്ധത്തിലേർപ്പെട്ടിരിക്കുമ്പോൾ ആറ് ദിവസത്തെ ശമ്പളം കൊടുക്കാൻ മടികാണിക്കുകയും ആ മടി പ്രകടിപ്പിക്കാൻ ഒരു തരത്തിലുമുള്ള ലജ്ജയുമില്ലാത്തവരാണ് ഇവിടുത്തൊരു അദ്ധ്യാപക സംഘടന എന്ന് സമൂഹം വിലയിരുത്തും.

വോട്ട്ബാങ്കിനെ വിചാരിച്ചാണ് അവരിത് ചെയ്യുന്നതെങ്കിൽ വോട്ട് ബാങ്കിന്റെ കാര്യത്തിലും ഈ നടപടി അവർക്ക് തിരിച്ചടിയാകും. അതുകൊണ്ട് കേരള സർക്കാർ ഇപ്പോൾ ചെയ്യുന്ന മഹത്തരമായ പ്രവർത്തിയോടൊപ്പം കൂടെ നിൽക്കുകയും അതിൽ അഭിമാനംകൊള്ളുകയുമാണ് കേരളീയരെന്ന നിലയിൽ നമ്മളിപ്പോൾ ചെയ്യേണ്ടത്. ലോകത്തെ മനുഷ്യരെല്ലാവരും ഒരു വശത്തും ഒരു വൈറസ് മറുഭാഗത്തുമായി ഒരു മൂന്നാംലോക മഹായുദ്ധം നടക്കുകയാണ്. അതിൽ നല്ല നിലയിൽ തന്നെ വൈറസ് വ്യാപനത്തെ തടയാനും രോഗമുക്തി നേടാനും സാധിച്ച ഒരു സംസ്ഥാനത്ത് നിന്നാണ് ഒരു അദ്ധ്യാപക സംഘടന ഇത്തരം നിലപാടെടുത്തിരിക്കുന്നത് വളരെ പെട്ടെന്നുതന്നെ അവർ ഈ നിലപാടിൽ നിന്ന് പിന്മാറണമെന്നാണ് എനിക്ക് അവരോട് അഭ്യർത്ഥിക്കാനുള്ളത്. അവർ ഈ നിലപാട് പിൻവലിക്കുമെന്നാണ് താൻ കരുതുന്നതെന്നും ഡോ. എംഎൻ കാരശ്ശേരി മറുനാടൻ മലയാളിയോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP