Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ചുമട്ടു തൊഴിലാളിയുടെ കുടുംബാംഗങ്ങൾക്ക് കൊറോണ ടെസ്റ്റ് നടത്തി; എല്ലാവരുടെയും ഫലങ്ങൾ നെഗറ്റീവ്; റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ഉപയോഗിക്കെണ്ടെന്നു നിർദ്ദേശമുള്ളതിനാൽ നടത്തുന്നത് ശ്രവ പരിശോധന; കോട്ടയത്ത് സ്ഥിതിഗതികൾ നിരീക്ഷിക്കുന്നെന്നും കൊറോണ പ്രോട്ടോക്കോൾ അതേപടി പാലിക്കുന്നെന്നും ജില്ലാ കളക്ടർ മറുനാടനോട്; തൊഴിലാളിയുടെ കുടുംബാംഗങ്ങൾക്ക് ടെസ്റ്റ് നടത്തിയത് അറിഞ്ഞില്ലെന്ന് വാർഡ് കൗൺസിലർ; റെഡ് സോണിൽ തുടരവേ കോട്ടയത്ത് നിന്നും വരുന്നത് ആശങ്കയുടെ വാർത്തകൾ

ചുമട്ടു തൊഴിലാളിയുടെ കുടുംബാംഗങ്ങൾക്ക് കൊറോണ ടെസ്റ്റ് നടത്തി; എല്ലാവരുടെയും ഫലങ്ങൾ നെഗറ്റീവ്; റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ഉപയോഗിക്കെണ്ടെന്നു നിർദ്ദേശമുള്ളതിനാൽ നടത്തുന്നത് ശ്രവ പരിശോധന; കോട്ടയത്ത് സ്ഥിതിഗതികൾ നിരീക്ഷിക്കുന്നെന്നും കൊറോണ പ്രോട്ടോക്കോൾ അതേപടി പാലിക്കുന്നെന്നും ജില്ലാ കളക്ടർ മറുനാടനോട്; തൊഴിലാളിയുടെ കുടുംബാംഗങ്ങൾക്ക് ടെസ്റ്റ് നടത്തിയത് അറിഞ്ഞില്ലെന്ന് വാർഡ് കൗൺസിലർ; റെഡ് സോണിൽ തുടരവേ കോട്ടയത്ത് നിന്നും വരുന്നത് ആശങ്കയുടെ വാർത്തകൾ

എം മനോജ് കുമാർ

കോട്ടയം: കൊറോണ സ്ഥിരീകരിച്ച കോട്ടയത്തെ ചുമട്ടു തൊഴിലാളിയുടെ കുടുംബാംഗങ്ങൾക്ക് കൊറോണ ടെസ്റ്റ് നെഗറ്റീവ് എന്ന് ജില്ലാ കളക്ടർ പി.കെ.സുധീർ ബാബു. ചുമട്ട് തൊഴിലാളിയുടെ കുടുംബാംഗങ്ങൾ പന്ത്രണ്ടു പേരുണ്ടെന്നും ഇവർക്ക് കൊറോണ ടെസ്റ്റ് നടത്താത്തതിൽ ആശങ്കകളുണ്ടെന്നു മറുനാടൻ അറിയിച്ചപ്പോഴാണ് ഇവർക്ക് കൊറോണ ടെസ്റ്റ് നടത്തിയതായി കളക്ടർ അറിയിച്ചത്. ചുമട്ടു തൊഴിലാളിയുടെ കുടുംബങ്ങൾക്ക് കൊറോണ ടെസ്റ്റ് നടത്തിയിട്ടില്ല എന്ന് നിങ്ങൾക്ക് ലഭിച്ച വാർത്ത തെറ്റാണ്. ചുമട്ടു തൊഴിലാളിയുടെ കുടുംബാംഗങ്ങൾക്ക് കൊറോണ ടെസ്റ്റ് നടത്തുകയും അവർക്ക് കൊറോണയില്ലെന്ന് തെളിയുകയും ചെയ്തിട്ടുണ്ട്. ടെസ്റ്റ് നെഗറ്റീവ് ആണ്. ഇതിൽ ഭയപ്പെടാനില്ല. കൊറോണ റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ താത്കാലികമായി പരിശോധനയ്ക്ക് ഉപയോഗിക്കുന്നില്ല. അത് നിർത്തിവയ്ക്കാൻ നിർദ്ദേശം വന്നിട്ടുണ്ട്. കൊറോണ രോഗികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൊറോണ പ്രോട്ടോക്കോൾ അനുസരിച്ചാണ് ചെയ്യുന്നത്. ടെസ്റ്റ് ഓരോ മിനുട്ടിലും നടക്കുന്നുണ്ട്. അതിനാൽ ടെസ്റ്റ് നടത്തുന്നു എന്ന വിവരം പുറത്ത് നൽകുന്നത് സുസാധ്യമായ കാര്യമല്ല. അതിനാലാണ് ഇത്തരം കാര്യങ്ങൾ ഉയർന്നു വരുന്നത്. -കളക്ടർ പറഞ്ഞു.

കൊറോണ സ്ഥിരീകരിച്ച ചുമട്ടു തൊഴിലാളിയുടെ വീട്ടിൽ പന്ത്രണ്ടോളം അംഗങ്ങളുണ്ട്. പ്രായമായ മാതാപിതാക്കൾ കൂടിയുണ്ട്. ഇവരുടെ ടെസ്റ്റ് വൈകുന്നതിൽ നാട്ടുകാർക്ക് ആശങ്കയുണ്ടായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയപ്പോഴാണ് കൊറോണ ടെസ്റ്റ് നടത്തിയ കാര്യം കലക്ടർ വിശദീകരിച്ചത്. . ചുമട്ട് തൊഴിലാളിക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ, ഇയാൾ കൂടുതൽ ആളുകളുമായി ഇടപഴകിയതിനാൽ റാൻഡം ചെക്കിങ് വേണമെന്നും ആവശ്യം ഉയരുന്നുണ്ട്. പക്ഷെ കോട്ടയത്തുകൊറോണ ടെസ്റ്റുകൾ നടത്തുന്നതിൽ പരിമിതിയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ശ്രവ പരിശോധനകൾക്ക് സമയം കൂടുതൽ എടുക്കും. സാവകാശം മാത്രമേ ടെസ്റ്റുകൾ നടത്താനും കഴിയൂ. പക്ഷെ റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ തത്ക്കാലം ഉപയോഗിക്കുന്നില്ല എന്നാണ് കളക്ടർ പറഞ്ഞത്.

ചുമട്ട് തൊഴിലാളിയുടെ കുടുംബാംഗങ്ങളോട് തത്ക്കാലം ക്വാറന്റൈനിൽ തുടരാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഇവരുടെ ബ്ലഡ് ടെസ്റ്റ് എടുക്കുകയോ പരിശോധന നടത്തുകയോ ചെയ്തിട്ടില്ല എന്ന് പരാതി ഉയരുന്നിരുന്നു. ഭാര്യയും കുട്ടികളും മാത്രമല്ല സഹോദരനും സഹോദരിയും മാതാപിതാക്കളും അടങ്ങുന്ന വലിയ കുടുംബമാണ് ഇയാളുടെത്. പന്ത്രണ്ടോളം അംഗങ്ങൾ വീട്ടിൽ ഉള്ളതിനാൾ എത്രയും പെട്ടെന്ന് ഇവരുടെ കൊറോണ ടെസ്റ്റ് നടത്തണമെന്നാണ് ആവശ്യം ഉയരുന്നത്. കൊറോണ ടെസ്റ്റ് ഇതുവരെ നടത്തിയിട്ടില്ലെന്നാണ് ചുമട്ടു തൊഴിലാളിയുടെ കുടുംബം അധികൃതരെ വിളിച്ച് അറിയിച്ചിരിക്കുന്നത്. ചുമട്ടു തൊഴിലാളിയുടെ രണ്ടു കുട്ടികളിൽ ചെറിയ കുട്ടിക്ക് രണ്ടു വയസിൽ താഴെ മാത്രമാണ് പ്രായം. ടെസ്റ്റ് നടത്തിയിട്ടില്ലെന്ന് വാർഡ് കൗൺസിലർ അടക്കമുള്ള ആളുകളെ കുടുംബം വിളിച്ച് അറിയിച്ചിരുന്നു. ഇതോടെയാണ് വിവരം അറിഞ്ഞു മറുനാടൻ കളക്ടറുമായി ബന്ധപ്പെട്ടത്.

ചുമട്ടു തൊഴിലാളിക്ക് കൊറോണ വന്ന സാഹചര്യത്തിൽ റാൻഡം ടെസ്റ്റ് വേണമെന്ന ആവശ്യം കോട്ടയത്ത് നിന്നും ഉയരുന്നുണ്ട്. ഇവരുടെ വീടിനു അടുത്തടുത്ത് വീടുകളാണ്. അതിനാൽ സമീപവാസികൾക്കും ഈ കാര്യത്തിൽ ആശങ്കകളുണ്ട്. പതിനാലു പേരുടെ ടെസ്റ്റുകൾ ആണ് നടത്തിയത്. അതിൽ ഇയാൾക്ക് മാത്രമാണ് കൊറോണ സ്ഥിരീകരിച്ചത്. ചുമട്ടു തൊഴിലാളിക്ക് ഒപ്പം ജോലി ചെയ്യുന്ന മൂന്നു തൊഴിലാളികൾ കൂടി ഈ വാർഡിലുണ്ട്. ഇവരും ക്വാറന്റൈനിൽ തന്നെ തുടരുകയാണ്.

വീട്ടുകാരുടെ ഒരു ടെസ്റ്റും ഇതുവരെ നടത്തിയിട്ടില്ലെന്നാണ് അറിഞ്ഞത് എന്നാണ് വാർഡ് കൗൺസിലർ മറുനാടൻ മലയാളിയോട് പ്രതികരിച്ചത്. വലിയ കുടുംബമാണ് ഇവരുടേത്. അതിനാൽ ടെസ്റ്റ് വൈകിക്കരുത് എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷെ മുൻഗണനാ പ്രകാരം മാത്രമേ ടെസ്റ്റുകൾ നടത്താൻ കഴിയൂ എന്നാണ് ആശുപത്രി അധികൃതർ പ്രതികരിച്ചത്. പത്ത് മുന്നൂറോളം പേരുകൾ ലിസ്റ്റിലുണ്ട് എന്നാണ് ആശുപത്രി അധികൃതർ പ്രതികരിച്ചത്. അതിനാൽ സമയം എടുക്കും എന്ന മറുപടിയാണ് ആശുപത്രി അധികൃതർ നൽകിയത്. ശ്രവ പരിശോധന അടക്കമുള്ളവയ്ക്ക് മൂന്നു മണിക്കൂറിലധികം എടുക്കുന്നുണ്ട്. അതിനാൽ ചുമട്ട് തൊഴിലാളിയുടെ പരിശോധനാ ഫലം വൈകുമെന്നാണ് അറിയുന്നത്. ചുമട്ട് തൊഴിലാളിക്ക് എങ്ങനെ കൊറോണ വന്നുവെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. അതിനാൽ തന്നെ കുടുംബം അടക്കം ഇയാൾ ജോലിക്ക് പോയ സ്ഥലത്തുള്ളവർ അടക്കം ക്വാറന്റൈന് നിർദ്ദേശം നൽകിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർ അവരുടെ വീടുകളിൽ ഇന്നു പോകുന്നുണ്ട്. അതിനാൽ ഇവരിൽ നിന്നും വിവരങ്ങൾ ലഭ്യമായ ശേഷം തുടർ നടപടികൾ ആലോചിക്കും എന്നാണ് വാർഡ് കൗൺസിലർ മറുനാടനോട് പറഞ്ഞത്.

കൊറോണ ബാധിച്ചവർക്കാണ് നിലവിൽ ട്രീറ്റ്‌മെന്റ് ലഭ്യമാക്കുന്നത്. ഇവരുടെ കാര്യത്തിൽ ഒരു ലാഘവവും ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് വരുന്നില്ല. പക്ഷെ കൊറോണ രോഗിയുമായി സമ്പർക്കത്തിൽ ഉള്ളവരെ കണ്ടുപിടിക്കൽ, ഇവരെ ക്വാറന്റൈൻ ചെയ്യുന്നതിൽ വരുന്ന കാലതാമസം. ഇതൊക്കെ ആളുകളിൽ ആശങ്ക പരത്തുന്നുണ്ട്. കോട്ടയത്തെ ആശങ്കയും ഇത് തന്നെ. പരിശോധന നടത്താത്തതിനാൽ ചുമട്ടു തൊഴിലാളിയുടെ കുടുംബാംഗങ്ങളിൽ എത്ര പേർക്ക് കൊറോണ വന്നിട്ടുണ്ട് എന്നറിയാൻ നിലവിൽ നിവൃത്തിയില്ല. ഇതാണ് സമീപവാസികളിൽ ആശങ്ക പരത്തുന്നത്.

കോട്ടയത്ത് രണ്ടാംഘട്ടം കൊറോണ സ്ഥിരീകരിച്ച മൂന്നു പേരിൽ ഒരാളായിരുന്നു ഈ ചുമട്ടു തൊഴിലാളി. നാല് ദിവസം മുമ്പാണ് ചുമട്ടുതൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചത്. കൊറോണ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്നു കോട്ടയത്ത് അതീവ ജാഗ്രത തുടരുകയാണ്. ജില്ലയിലേക്കും പുറത്തേക്കുമുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്. അവശ്യ സേവനങ്ങൾക്കു മാത്രമാണ് യാത്ര അനുവദിക്കുന്നത്. രോഗബാധിതരുടെ വീടുകൾ ഉൾപ്പെടുന്ന മേഖലകളിൽ പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ച് പ്രത്യേക പിക്കറ്റ് പോസ്റ്റുകൾ ഏർപ്പെടുത്തി.

മണർകാട് പഞ്ചായത്തിൽ കൊറോണ രോഗം സ്ഥിരീകരിച്ച രണ്ടാമത്തെ ഡ്രൈവറുമായി ഒട്ടേറെ പേർ പ്രാഥമിക സമ്പർക്കം പുലർത്തിയതായി ആരോഗ്യവകുപ്പ് കണ്ടെത്തി. ഇവരോടു ക്വാറന്റീനിൽ കഴിയാൻ നിർദേശിച്ചു. ലോറിയിൽ കോഴിക്കോട്ടു പോയി വന്ന ശേഷം ഈ ഡ്രൈവർ കോട്ടയം മാർക്കറ്റിൽ പല തവണ എത്തി. പാമ്പാടി ഗവ. താലൂക്ക് ആശുപത്രിയിൽ പനിക്കു ചികിത്സ തേടി എത്തിയെന്നും ആരോഗ്യവകുപ്പ് കണ്ടെത്തി. വൈക്കം വെള്ളൂരിൽ കോവിഡ് സ്ഥിരീകരിച്ച നാഗർകോവിൽ സ്വദേശിയായ റെയിൽവേ ജീവനക്കാരന്റെ സമ്പർക്കപ്പട്ടികയിലുള്ള 59 പേരുടെ സ്രവം പരിശോധനയ്ക്കായി ഇന്നലെ ആരോഗ്യ വകുപ്പ് ശേഖരിച്ചു. പ്രാഥമിക സമ്പർക്കപ്പട്ടികയിൽ മാത്രം 35 പേരാണ് ഉള്ളത്. ദ്വിതീയ സമ്പർക്കപ്പട്ടിക കൂടി ചേർത്താൽ 75 പേരുണ്ട്. ബാക്കിയുള്ളവരുടെ സ്രവങ്ങൾ ഇന്നു പരിശോധിക്കും.

കോട്ടയത്തെ ഹോട്ട്‌സ്‌പോട്ടുകൾ ഇതാണ്: നഗരസഭയിൽ 2,16, 18, 20, 29, 36, 37 വാർഡുകൾ . ചങ്ങനാശേരി നഗരസഭയിലെ 33ആം വാർഡ്, വിജയപുരം, മണർകാട്, അയർക്കുന്നം, പനച്ചിക്കാട്, അയ്മനം, വെള്ളൂർ, തലയോലപ്പറമ്പ്, മേലുകാവ് പഞ്ചായത്തുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP