Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കഴിഞ്ഞ സാമ്പത്തിക വർഷം ദൈവത്തിന്റെ സ്വന്തം നാട് കണ്ട് മടങ്ങി പോയത് 10,96,407 വിദേശ വിനോദ സഞ്ചാരികൾ; ഇവർ വഴി രാജ്യത്തിന് കിട്ടിയത് 8764.46 കോടിയുടെ വിദേശ നാണ്യം; കൊറോണ എല്ലാം തകർത്തു; കോവിഡ് 19 കേരള ടൂറിസം വൻ പ്രതിസന്ധിയിൽ; ആശങ്കയിൽ നിക്ഷേപകരും തൊഴിലാളികളും; പിടിച്ചു നിൽക്കാൻ സർക്കാരിന്റെ തണൽ കൂടിയേ തീരു: ടൂറിസത്തിലെ പ്രതിസന്ധികളെ കുറിച്ച് ബേബി മാത്യൂ സോമതീരം എഴുതുമ്പോൾ

കഴിഞ്ഞ സാമ്പത്തിക വർഷം ദൈവത്തിന്റെ സ്വന്തം നാട് കണ്ട് മടങ്ങി പോയത് 10,96,407 വിദേശ വിനോദ സഞ്ചാരികൾ; ഇവർ വഴി രാജ്യത്തിന് കിട്ടിയത് 8764.46 കോടിയുടെ വിദേശ നാണ്യം; കൊറോണ എല്ലാം തകർത്തു; കോവിഡ് 19 കേരള ടൂറിസം വൻ പ്രതിസന്ധിയിൽ; ആശങ്കയിൽ നിക്ഷേപകരും തൊഴിലാളികളും; പിടിച്ചു നിൽക്കാൻ സർക്കാരിന്റെ തണൽ കൂടിയേ തീരു: ടൂറിസത്തിലെ പ്രതിസന്ധികളെ കുറിച്ച് ബേബി മാത്യൂ സോമതീരം എഴുതുമ്പോൾ

ബേബി മാത്യൂ സോമതീരം

രാജ്യത്തെ സകല മേഖലയും കോവിഡ് 19 വിതച്ച ദുരിതത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണല്ലോ, നമ്മുടെ സമ്പദ്വസ്ഥയുടെ ആണിക്കല്ലായ ടൂറിസം മേഖലയുടെ പതനം സംബന്ധിച്ച് മാരത്തോൺ ചർച്ചകൾ നടക്കുന്നുവെങ്കിലും ഉചിതമായ തീരുമാനങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല എന്ന വസ്തുത ചൂണ്ടിക്കാണിക്കാതിരിക്കാൻ ആകുന്നില്ല. കേരളത്തിൽ പ്രവാസി നിക്ഷേപം കഴിഞ്ഞാൽ കൂടുതൽ വിദേശ നാണ്യം നേടി തരുന്നതും 15 ലക്ഷത്തിലേറെ പേർക്ക് നേരിട്ടും അല്ലാതെയും ഉപജീവനം ഒരുക്കുന്നതുമായ ടൂറിസം മേഖലയ്ക്ക് സർക്കാർതലത്തിൽ നിന്നും കൈ അയച്ചുള്ള സഹായം ഉണ്ടായില്ലങ്കിൽ നാം നേരിടാൻ പോകുന്ന ദുരന്തം കോവിഡിനെക്കാൾ ഭീകരമായിരിക്കുമെന്ന് പറയാതെ വയ്യ.

കഴിഞ്ഞ സാമ്പത്തിക വർഷം ദൈവത്തിന്റെ സ്വന്തം നാട് കണ്ട് മടങ്ങി പോയത് 1096407 വിദേശ വിനോദ സഞ്ചാരികളാണ്. ഇവർ വഴി നമ്മുടെ രാജ്യത്ത് കഴിഞ്ഞ വർഷം മാത്രം 8764.46 കോടിയുടെ വിദേശ നാണ്യമാണ് ലഭിച്ചത്. മുൻ വർഷത്തെക്കാൾ 4.44ശതമാനത്തിന്റെ വർദ്ധനവ്. വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിലും 42ശതമാനത്തിന്റെ ഉയർച്ച ഉണ്ടായി. ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിലും 6.35ശതമാനത്തിന്റെ വർദ്ധനവാണ് സംസ്ഥാന ടൂറിസം സ്റ്റാറ്റിസ്റ്റിക്സ് വ്യക്തമാക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം ആഭ്യന്തര വിനോദ സഞ്ചാരികളിൽ നിന്നും കേരളത്തിന് ലഭിച്ച റവന്യു വരുമാനം 36258കോടിയാണ്.

കേരളത്തിലെ ടൂറിസം സീസണിൽ ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളിലാണ് 60ശതമാനം വരുമാനവും ലഭിക്കുന്നത്. ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ ബാക്കി 40 ശതമാനം ലഭിക്കുന്നു. സീസൺ അതിന്റെ പാരമ്യത്തിൽ എത്തി നിന്ന സമയത്ത് തന്നെ കോവിഡ് ഭീതി അലയടിച്ചതോടെ ടൂറിസം മേഖല മുഴുവനും സ്തംഭിച്ചു. പല ഹോട്ടലുകളിലും റിസോർട്ടുകളിലും ഇപ്പോഴും വിദേശികൾ സ്വദേശത്തേക്ക് മടങ്ങനാകാതെ കുടുങ്ങി കിടക്കുന്നു. ചില യൂറോപ്യൻ രാജ്യങ്ങൾ പ്രത്യേക വിമാനം അയച്ച് തങ്ങളുടെ പൗരന്മാരെ നാട്ടിൽ എത്തിച്ചിട്ടുണ്ട്. ഇറ്റലി അടക്കമുള്ള ചില രാജ്യങ്ങളിലെ സ്ഥിതി അതീവ ഗുരുതരമായതിനാൽ അവിടെ നിന്നും എത്തിയ വിനോദ സഞ്ചാരികളിൽ ഭൂരിഭാഗം പേരും മടങ്ങി പോകാൻ ഇഷ്ടപ്പെടുന്നില്ല.

കോവിഡ് ഭീതി ഒഴിഞ്ഞ് കേരളത്തിലെ ടൂറിസം മേഖല സാധാരണ ഗതിയിലാകണമെങ്കിൽ കുറഞ്ഞത് സെപ്റ്റംബർ മാസം വരെ എടുക്കും. മാർച്ച് മാസത്തെ ശമ്പളം പല സ്ഥാപനങ്ങൾക്കും നൽകാനായിട്ടില്ല. വരുമാനം പെട്ടന്ന് നിലച്ചതോ കടുത്ത സാമ്പത്തിക ബാധ്യതയോ ആണ് ജീവനക്കാരുടെ ശമ്പളം വൈകാൻ കാരണം. ഇതുകൊണ്ട് തന്നെ ടൂറിസം മേഖലയിലെ തൊഴിലാളികളൊക്കെ കടുത്ത ആശങ്കയിലുമാണ്. ഇനി അങ്ങോട്ട് ശമ്പളം വെട്ടികുറയ്ക്കുമോ ,കോവിഡ് കാലത്തെ ശമ്പളം കിട്ടുമോ ,ജോലി നഷ്ടപ്പെടുമോ ഇത്തരം ചിന്തകൾ അവരെ വേട്ടയാടുന്നുണ്ട്. ടൂറിസം രംഗത്തെ ചില മുൻ നിര വിദേശ മാർക്കറ്റിങ് കമ്പിനികൾ ഇതിനകം തന്നെ അടച്ചു പൂട്ടി കഴിഞ്ഞു. ഇത് കേരളത്തിലും സംഭവിക്കാം അങ്ങനെയെങ്കിൽ ഉണ്ടാകാൻ പോകുന്ന ഭവിഷത്തിനെ കുറിച്ച് ഓർത്ത് ടൂറിസം ജീവനക്കാർ ഉത്കണഠപ്പെടുന്നുണ്ട്. ടൂറിസം പ്രധാന ഉപജീവനമാക്കി കഴിയുന്ന 15 ലക്ഷത്തോളം പേരിൽ ചെറുകിട നിക്ഷേപകരും അസംഘടിത മേഖലയിൽ പണിയെടുക്കുന്നവരും ഉണ്ട് എന്നതാണ് യാഥാർത്ഥ്യം. ഇവരുടെ പ്രശ്നങ്ങൾ ഇതുവരെ ഒരു സർക്കാരിനു മുന്നിലും എത്തിയിട്ടില്ല.

ബീച്ചുകളിൽ പഴം വിൽക്കുന്നവർ, ടൂറിസ്റ്റുകൾക്ക് സൈക്കിൾ വാടകയ്ക്കു നല്കുന്നവർ, തുണി വിൽപ്പനക്കാർ, കരകൗശല സാധനങ്ങൾ വിൽക്കുന്നവർ, ജ്യൂസ് വിൽപ്പനക്കാർ, ബീച്ചിലേക്ക് ടെക്ക് കൊടുക്കുന്നവർ, കുട കൊടുക്കുന്നവർ വിവിധ ടൂറിസ്റ്റു കേന്ദ്രങ്ങളിൽ ചെറുകിട കച്ചവടങ്ങളിൽ ഏർപ്പെട്ടിരുന്നവർ ഇങ്ങനെ അസംഖ്യം ആളുകൾ ടൂറിസ്റ്റുകളെ കൊണ്ടും അനുബന്ധജോലികൾ ചെയ്തും ജീവിക്കുന്നു. ഇവരൊന്നും നിശ്ചിത വരുമാനക്കാരോ ഈ മേഖലയിലെ സമ്പന്നരോ അല്ല, ടൂറിസം നിലച്ചതോടെ ഇവരുടെ വീടുകളൊക്കെ പട്ടിണിയിലേക്ക് നീങ്ങുകയാണ്. സർക്കാരിന്റെ ഒരു ക്ഷേമ പദ്ധതിയിലും പെടാത്തതു കൊണ്ടു തന്നെ ഇവരുടെ പ്രശ്നങ്ങൾ അധികാരികൾക്ക് മുന്നിൽ എത്തിയിട്ടുമില്ല. കേരളത്തിലെ ടൂറിസം മേഖലയിൽ മാത്രം സർവ്വീസ് നടത്തിയിരുന്ന ടാക്സികളും ടമ്പോ ട്രാവലറുകളും കൂടി എൺപതിനായിരത്തോളം വരും. വിവിധ ബാങ്കുകളിൽ നിന്നു വായപ് എടുത്തും വട്ടി പലിശയ്ക്ക് പണം മറിച്ചും വാഹനം എടുത്ത പലരും തിരിച്ചടവ് മുടങ്ങിയ അവസ്ഥയിലാണ്.

ഹോം സ്റ്റേകൾ വഴി കേരളത്തിലെ ടൂറിസത്തിന് പുതിയൊരു തുരുത്ത് സമ്മാനിച്ച 5000ത്തോളം കുടുംബങ്ങളുണ്ട് നമ്മുടെ സംസ്ഥാനത്ത്. ടൂറിസ്റ്റുകളുടെ വരവ് ഇല്ലാതായതോടെ ഇവരിൽ പലരും അർദ്ധ പട്ടിണിയിലോ കടക്കെണിയലോ ആണ് . വിനോദ സഞ്ചാര മേഖലയിൽ നമുക്ക് അഭിമാനമായ ഉത്തരവാദിത്വ ടൂറിസത്തിന് കേരളത്തിൽ 17600 യൂണിറ്റുകളാണുള്ളത്. ഇത് വഴി ഒരു ലക്ഷത്തോളം പേർ ഉപജീവനം നേടുന്നുണ്ടായിരുന്നു. അപ്രതീക്ഷിതമായി എത്തിയ കോവിഡ് കാരണം അതും ഇല്ലാതായി. വിവിധ ടൂറിസ്റ്റു കേന്ദ്രങ്ങളിൽ മാത്രം സർവ്വീസ് നടത്തി ജീവിക്കുന്ന 30000 ഓട്ടോറിക്ഷ തൊഴിലാളികളും നമ്മുടെ സംസ്ഥാനത്തുണ്ട്.അസംഘടിതരായതു കൊണ്ടു തന്നെ അവരുടെ സ്ഥിതിയും പരിതാപകരമാണ്. റിസോർട്ടുകളിലും ഹോട്ടലുകളിലും വിനോദ സഞ്ചാരികൾക്ക് വേണ്ടി കലാപരിപാടികൾ അവതരിപ്പിക്കുന്നവർ, യോഗ ടീച്ചർമാർ, ആയുർവേദ തെറാപ്പിസ്റ്റുകൾ,ഗൈഡുകൾ, ദ്വിഭാഷികൾ, ഇങ്ങനെ സ്ഥിര ശമ്പളക്കാരല്ലാത്ത വിഭാഗവും ടൂറിസം മേഖലയിൽ ഉണ്ട്. ലോക് ഡൗൺ ആയതോടെ ഇവരിൽ നല്ലൊരു ശതമാനം പേരും ദുരിതത്തിലായി.

ഇവർക്കൊക്കെ തന്നെ സർക്കാരിന്റെ തണൽ കൂടിയേ തീരു.. കോവിഡ് ഭീക്ഷണി ഇല്ലാതായാലും ടൂറിസം മേഖല കരുത്താർജ്ജിക്കണമെങ്കിൽ ഈ മേഖലയിലുള്ളവർ കൂടിയേ തീരു, സമൂഹത്തിൽ മറ്റു വിഭാഗത്തിന് കൊടുക്കുന്ന പരിഗണനയും സഹായവും ടൂറിസം മേഖലയിലെ തൊഴിലാളികൾക്ക് കൂടി നൽകാൻ സർക്കാർ തയ്യാറാവണം. രണ്ടര ലക്ഷം കോടിയുടെ നിക്ഷേപമാണ് കേരളത്തിലെ വിനോദ സഞ്ചാര മേഖലയിലുള്ളത്. തൊഴിലാളികളെ പോലെ തന്നെ നിക്ഷേപകരും ആശങ്കയിലാണ്. തൊഴിലാളികളും തൊഴിൽ ദാതാക്കളും തമ്മിൽ ഇവിടെ ബലവത്തായ നല്ലൊരു സൗഹൃദ കണ്ണി രൂപപ്പെടണം. കോവിഡ് കാലത്തെ തൊഴിലാളികളുടെ ശമ്പളം ഇരു വിഭാഗവും കൂടി വഹിക്കണം. അല്ലെങ്കിൽ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ആപത് കാലത്തെ തൊഴിലാളി ശമ്പളം നല്കാനുള്ള കനിവ് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണം. വിനോദ സഞ്ചാര മേഖലയിലെ നിക്ഷേപകർക്ക് ബാങ്കുകൾ സോഫ്ട് ലോൺ നല്കിയെങ്കിലും പ്രശ്ന പരിഹാരത്തിന് മുതിരണം.നിക്ഷേപകരിൽ 99ശതമാനം പേരും ബാങ്ക് ലോണിലാണ് മുന്നോട്ട് പോയിരുന്നത്. വരുമാനം പൂർണമായും നിലച്ച സാഹചര്യത്തിൽ മോറട്ടോറിയം കുറഞ്ഞത് ഒരു വർഷത്തേക്ക് എങ്കിലും നീട്ടണം. ഈ കാലയളവിൽ പലിശ ഒഴിവാക്കണം. അല്ലെങ്കിൽ പലിശ 4ശതമാനമായി നിജപ്പെടുത്തണം.

കാർഷിക മേഖലയിലേതു പോലെ ടൂറിസം മേഖലയ്ക്കും സബ്സിഡി നടപ്പിലാക്കണം. ടൂറിസം മേഖലയുടെ ദൈനംദിന പ്രവർത്തനത്തിന് ഗസ്റ്റുകൾ ഇല്ലെങ്ങിൽ കൂടി ഭാരിച്ച തൂകയാണ് വേണ്ടി വരുന്നത്. ഈ സാഹചര്യത്തിൽ വൈദ്യുതി താരിഫ് കുറയ്ക്കാനും സബ്സിഡി പുനരാരംഭിക്കാനും ഡെപ്പോസിറ്റ് ഒഴിവാക്കാനുമുള്ള നടപടി സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകണം. വിവിധതരം ഫീസുകൾ, ജി എസ് ടി , കോർപ്പറേഷൻ ടാക്സ്,പിഎഫ്, ഇ എസ് ഐ വിഹിതം, ഇങ്ങനെ വിവിധ മേഖലകളിൽ കൂടി ഇളവുകൾ അനുവദിച്ചാലെ നമുക്ക് കേരളത്തിലെ ടൂറിസം മേഖലയെ പഴയ പ്രതാപത്തോടെ തിരിച്ചു പിടിക്കാനാവു. മഹാപ്രളയത്തിൽ നിന്നും ടൂറിസം മേഖല കരയറി വരുകയായിരുന്നു അതിനിടയിലാണ് അപ്രതീക്ഷിത ദുരന്തം നമ്മെ വേട്ടയാടാൻ എത്തിയത്. കേരളത്തിന്റെ കരുതൽ സമാനതകൾ ഇല്ലാത്തതാണ് കേരളമോഡൽ രാജ്യമെങ്ങും ചർച്ച ചെയ്യപ്പെടുകയും രാജ്യാന്തര തലത്തിൽ പോലും പ്രശംസകൾ ഏറ്റുവാങ്ങുകയും ചെയ്യുന്ന ഈ സമയത്ത് വിനോദ സഞ്ചാര മേഖലയ്ക്കും അവിടെ പണിയെടുക്കുന്നവർക്കും നമ്മുടെ സംസ്ഥാനത്തിന്റെ കൈതാങ്ങ് ഉണ്ടാകുമെന്ന് നമുക്ക് പ്രത്യാശിക്കാം.

(കേരള ട്രാവൽമാർട്ട് പ്രസിഡന്റാണ് ലേഖകനായ ബേബി മാത്യൂ സോമതീരം)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP