Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എംഎൽഎയുടെ സ്റ്റാഫ് പൊലീസിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നു; ഡിവൈഎഫ്ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് സാജിദിന്റെ വീട്ടിൽ തോക്കുമായി പരിശോധനക്ക് എത്തിയ സിഐ ഗോപകുമാറിനെ യു പ്രതിഭ പിന്തുണയ്ക്കുന്നു; എംഎൽഎയോടുള്ള അമർഷം അണപൊട്ടിയപ്പോൾ കായംകുളത്ത് ഡിവൈഎഫ്ഐയിൽ കൂട്ടരാജി; 21 അംഗ ബ്ലോക്ക് കമ്മിറ്റിയിലെ 19 പേരും രാജിവെച്ചു; കൂട്ടരാജി തള്ളിയ സിപിഎം ജില്ലാ നേതൃത്വം അന്വേഷിച്ചു വിശദമായ റിപ്പോർട്ടു നൽകാൻ ആവശ്യപ്പെട്ടു; കായംകുളത്തെ സിപിഎമ്മിൽ പ്രശ്‌നങ്ങൾ തുടരുന്നു

എംഎൽഎയുടെ സ്റ്റാഫ് പൊലീസിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നു; ഡിവൈഎഫ്ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് സാജിദിന്റെ വീട്ടിൽ തോക്കുമായി പരിശോധനക്ക് എത്തിയ സിഐ ഗോപകുമാറിനെ യു പ്രതിഭ പിന്തുണയ്ക്കുന്നു; എംഎൽഎയോടുള്ള അമർഷം അണപൊട്ടിയപ്പോൾ കായംകുളത്ത് ഡിവൈഎഫ്ഐയിൽ കൂട്ടരാജി; 21 അംഗ ബ്ലോക്ക് കമ്മിറ്റിയിലെ 19 പേരും രാജിവെച്ചു; കൂട്ടരാജി തള്ളിയ സിപിഎം ജില്ലാ നേതൃത്വം അന്വേഷിച്ചു വിശദമായ റിപ്പോർട്ടു നൽകാൻ ആവശ്യപ്പെട്ടു; കായംകുളത്തെ സിപിഎമ്മിൽ പ്രശ്‌നങ്ങൾ തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: കായംകുളത്ത് സിപിഎമ്മിനുള്ളിൽ വിവാദം മുറുകുന്നു. സ്ഥലം എംഎൽഎ യു പ്രതിഭയുമായി പലകാര്യങ്ങളിലും അഭിപ്രായ വ്യത്യാസമുള്ള പാർട്ടിയിലെ പ്രതിഷേധം പലവിധത്തിലാണ് പുറത്തുവരുന്നത്. കായംകുളത്ത് ഡിവൈഎഫ്‌ഐയിൽ കൂട്ടരാജി വെച്ച സംഭവമാണ് ഇപ്പോൾ വിവാദത്തിന് ഇടയാക്കുന്നത്. 21 അംഗ ബ്ലോക്ക് കമ്മിറ്റിയിലെ 19 പേരും രാജിവെച്ചത് പാർട്ടി നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. കൂട്ടരാജിക്ക് ആധാരമായി പറയുന്നത്. യു പ്രതിഭ എംഎൽഎയും സിപിഎമ്മിലെ ഒരു വിഭാഗവും തമ്മിലുള്ള തർക്കമാണെന്നാണ്. ഇക്കാര്യം ഏഷ്യാനെറ്റ് ന്യൂസ് ചാനലാണ് റിപ്പോർട്ടു ചെയ്തത്.

ഡിവൈഎഫ്ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് സാജിദിന്റെ വീട്ടിലെ പൊലീസ് പരിശോധനയും രാജിക്ക് പിന്നിലെ വിഷയമായി മാറിയിട്ടുണ്ട്. തോക്കുമായാണ് സിഐ ഗോപകുമാർ പരിശോധനയ്ക്ക് എത്തിയതെന്ന് ഡിവൈഎഫ്ഐ നേതാക്കൾ ആരോപിക്കുന്നു. സിഐയെ പിന്തുണയ്ക്കുന്നത് എംഎൽഎയാണെന്നാണ് രാജിവെച്ചവർ പറയുന്നത്. എംഎൽഎയുടെ സെക്രട്ടറി സ്ഥലം സിഐയെക്കൊണ്ട് ഡിവൈഎഫ്ഐ നേതാക്കളെ ഭീഷണിപ്പെടുത്തുകയാണെന്നും ഇവർ ആരോപിച്ചു. ഡിവൈഎഫ്ഐയിലെ കൂട്ടരാജിയിൽ സിപിഎം ജില്ലാ നേതൃത്വം ഇടപെട്ടു. സംഭവത്തിൽ അന്വേഷിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ സിപിഎം ജില്ലാ സെക്രട്ടറി ആർ നാസർ ആവശ്യപ്പെട്ടു. ഡിവൈഎഫ്ഐ ജില്ലാ നേതൃത്വത്തോടും സിപിഎം ഏരിയാകമ്മിറ്റിയോടുമാണ് റിപ്പോർട്ട് തേടിയത്.

കായംകുളം സിപിഎമ്മിലും ഡിവൈഎഫ്‌ഐയിലും അഭിപ്രായ ഭിന്നതകൾ രൂക്ഷമാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. നേരത്തെ യു പ്രതിഭ എംഎൽഎക്കെതിരെ ഡിവൈഎഫ്‌ഐ പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്. കൊവിഡ് കാലത്ത് എംഎൽഎ ഓഫീസ് അടച്ചുപൂട്ടി വീട്ടിൽ ഇരിക്കുകയായിരുന്നു എന്നാണ് പ്രവർത്തകർ ആരോപിച്ചത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ എംഎൽഎ പങ്കാളി ആകുന്നില്ലെന്നും പ്രവർത്തകർ കുറ്റപ്പെടുത്തിയിരുന്നു. ഇതിനു മറുപടിയുമായി എംഎൽഎ ഫേസ്‌ബുക്കിലൂടെ രംഗത്തെത്തിയതോടെയാണ് പാർട്ടിയിൽ തർക്കം രൂക്ഷമായിരുന്നു.

യു.പ്രതിഭ എംഎൽഎയ്‌ക്കെതിരെ സംഘടിത ആക്രമണവുമായി കായംകുളത്തെ ഒരു വിഭാഗം ഡിവൈഎഫ്‌ഐ നേതാക്കളും രംഗത്തിറങ്ങിയിരുന്നു. ജില്ലാ കമ്മിറ്റി അംഗം ഉൾപ്പെടെയുള്ളവർ എംഎൽഎയുടെ പ്രവർത്തനങ്ങളെ കളിയാക്കി സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തി. എംഎൽഎയ്‌ക്കെതിരായ പോസ്റ്റുകൾ ഷെയർ ചെയ്യണമെന്ന പ്രാദേശിക നേതാവിന്റെ വാട്‌സാപ് സന്ദേശം പുറത്തായതോടെ സിപിഎം നേതൃത്വവും പ്രതിരോധത്തിലായ സംഭവവും പുറത്തുവന്നിരുന്നു.

ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗം മിനിസ ജബ്ബാർ, ഏരിയ വൈസ് പ്രസിഡന്റ് സാജി ഷാജഹാൻ എന്നിവരുടെ ഫേസ്‌ബുക് പേജുകളിലാണ് എംഎൽഎയ്‌ക്കെതിരായ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. സാജിദ് ഷാജഹാന്റെ പോസ്റ്റിലെ വരികൾ: 'ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് എംഎൽഎ ഓഫിസ് തുറന്ന് പ്രവർത്തിക്കേണ്ടത് ഈ സാഹചര്യത്തിൽ അത്യാവശ്യമാണ്.

എംഎൽഎ വീട്ടിൽ ഇരുന്നോ. പക്ഷേ, ഓഫിസ് തുറക്കുക... ഫോണിലൂടെയും സോഷ്യൽ മീഡിയയിലൂടെയും സഹായമെത്തിക്കുന്നതിന് പരിമിതികൾ ഉണ്ട്...' എന്നു തുടങ്ങുന്ന പോസ്റ്റിൽ 'മെഡിക്കൽ സ്റ്റോറുകളുടെ പേരുകൾ കായംകുളം നിവാസികൾക്കറിയാം. സൗജന്യമായി മരുന്നെത്തിക്കുന്നിടത്താണ് ഒരു ജനപ്രതിനിധിയുടെ വിജയം' എന്നും എംഎൽഎയുടെ 'ഓഫിസ് സ്റ്റാഫുകൾക്ക് ഓഫിസിൽ വന്നു പ്രവർത്തിക്കാൻ മടിയാണെങ്കിൽ ഡിവൈഎഫ്‌ഐ സഖാക്കൾ ഓഫിസിൽ വന്നു പ്രവർത്തിക്കാൻ തയ്യാർ ആണ്' എന്നും കളിയാക്കിയിട്ടുണ്ട്.

അതേസമയം തനിക്കെതിരായ വിമർശനങ്ങൾക്കു മറുപടിയായി എംഎൽഎ ഓഫിസ് പ്രവർത്തിക്കുന്ന ചിത്രമിട്ടാണ് യു. പ്രതിഭ പ്രതികരിച്ചത്. 'ചില കൊടിയ വിഷമുള്ള ഇനം മനുഷ്യർ ലോക്ഡൗൺ കാലത്തെ നമ്മുടെ ഒക്കെ ജോലിയെ വിമർശിക്കുന്നുവെന്നും വിഷം ചീറ്റുന്നുവെന്നും അറിഞ്ഞു. ആ വിഷസർപ്പങ്ങൾ കൊടിയ വിഷം ചീറ്റട്ടെ, നമ്മൾ തിരക്കിലാണ് വീട്ടിലിരുന്ന് നാട്ടിലെ ജോലി ചെയ്യുന്ന തിരക്കിൽ. മുഖ്യമന്ത്രി പറയുന്ന നിർദ്ദേശങ്ങൾ നടപ്പാക്കാൻ സദാ ജാഗരൂകരായി. ലോക്ഡൗൺ കഴിയട്ടെ, വാവ സുരേഷിനെ വിളിക്കണം. ചില വിഷസർപ്പങ്ങളെ മാളത്തിൽ നിന്ന് ഇറക്കാൻ' എന്നാണ് കഴിഞ്ഞ ദിവസം ഫേസ്‌ബുക്കിൽ എംഎൽഎ കുറിച്ചത്. ഇതോടെ ഈ വിഷയ മാധ്യമങ്ങളിൽ വലിയ തോതിൽ ചർച്ച ആയതോടെ പ്രതിഭ മാധ്യമങ്ങളെ വിമർശിച്ചും രംഗത്തെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP