Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കോവിഡിലും എണ്ണവില വീഴ്ചയിലും ഗൾഫ് രാഷ്ട്രങ്ങളുടെ നട്ടെല്ലൊടിയുന്നു; തൊഴിൽ നഷ്ടമാവുന്നത് 17 ലക്ഷംപേർക്ക്; 2.5 ട്രില്യൺ ഡോളർ സമ്പത്തും നാമാവശേഷമാവുമെന്ന് പഠനം; സൗദി അറേബ്യ കടമെടുക്കുന്നത് 8000 കോടി; നികുതി രഹിത സമ്പദ് വ്യവസ്ഥയും ഇല്ലാതാവുന്നു; കേരളത്തിന് നഷ്ടമാവുന്നത് ഒന്നേകാൽ ലക്ഷം കോടി രൂപ; 5 ലക്ഷത്തോളം പ്രവാസികൾ നാട്ടിലേക്ക് എത്തുമ്പോൾ നെഞ്ചകം തകർന്ന് കേരളം; മലയാളിയുടെ പ്രവാസ ജീവിതത്തിനും അന്ത്യമാകുന്നോ?

കോവിഡിലും എണ്ണവില വീഴ്ചയിലും ഗൾഫ് രാഷ്ട്രങ്ങളുടെ നട്ടെല്ലൊടിയുന്നു; തൊഴിൽ നഷ്ടമാവുന്നത് 17 ലക്ഷംപേർക്ക്;  2.5 ട്രില്യൺ ഡോളർ സമ്പത്തും നാമാവശേഷമാവുമെന്ന് പഠനം; സൗദി അറേബ്യ കടമെടുക്കുന്നത് 8000 കോടി; നികുതി രഹിത സമ്പദ് വ്യവസ്ഥയും ഇല്ലാതാവുന്നു; കേരളത്തിന് നഷ്ടമാവുന്നത് ഒന്നേകാൽ ലക്ഷം കോടി രൂപ; 5 ലക്ഷത്തോളം പ്രവാസികൾ നാട്ടിലേക്ക് എത്തുമ്പോൾ നെഞ്ചകം തകർന്ന് കേരളം; മലയാളിയുടെ പ്രവാസ ജീവിതത്തിനും അന്ത്യമാകുന്നോ?

എം മാധവദാസ്

 എണ്ണക്കിണറുകളെ ഗർഭം ധരിച്ച് കിടക്കുന്ന നാട്! കാലിമേച്ചും മീൻപിടിച്ചും ജീവിച്ചിരുന്ന ഒരു ജനതയുടെ തലവര മാറ്റുകയായിരുന്നു കാൽച്ചുവട്ടിലെ ആ നിധി.1938 ൽ എണ്ണ സ്രോതസ്സ് കണ്ടുപിടിക്കുന്നതുവരെ സൗദി അറേബ്യഅടക്കമുള്ള ഗൾഫ് രാജ്യങ്ങൾ ലോകത്തിലെ ഏറ്റവും ദരിദ്രമായ രാജ്യങ്ങളുടെ പട്ടികയിൽ ആയിരുന്നു. പരിമിതമായ കാർഷികവൃത്തിയും, തീർത്ഥാടകരിൽനിന്നുള്ള വരുമാനവുമായിരുന്നു പ്രധാന സാമ്പത്തികസ്രോതസ്സ്. എണ്ണപ്പാടങ്ങൾ കണ്ടെത്തപ്പെട്ടതോടെ, ആടുകളെ മേച്ചും ഒട്ടകങ്ങളെ വളർത്തിയും കടലിനെ ആശ്രയിച്ചും കഴിഞ്ഞിരുന്ന അറേബ്യൻ ജനത സമ്പത്തിന്റെ പര്യായമായി. പെട്രോളിയത്തിന്റെ കണ്ടെത്തൽ മണൽരാജ്യത്തെ വൻ സാമ്പത്തികമുന്നേറ്റത്തിലേക്ക് നയിച്ചു. അറേബ്യൻ അമേരിക്കൻ ഓയിൽ കമ്പനി അരാംകോയുടെ കാർമ്മികത്വത്തിൽ എണ്ണ ഉൽപാദനം പുരോഗമിച്ചു. ഇവിടങ്ങളിൽ ജോലിക്കായി ആയിരക്കണക്കിന് വിദേശികൾ, പ്രത്യേകിച്ച് അമേരിക്കക്കാർ സൗദിയിലേക്ക് വരാൻ തുടങ്ങി.ബഹ്‌റൈൻ, കുവൈറ്റ്, ഖത്തർ, ഒമാൻ, സൗദി അറേബ്യ, യുഎഇ തുടങ്ങി ആറ് ഗൾഫ് രാജ്യങ്ങളിലും എണ്ണ വ്യവസായം ആരംഭിച്ചതോടെ ഗൾഫ് ഭൂമിയിലെ സ്വർഗമായി. അതുവരെ മലയായിലേക്കും സിങ്കപ്പൂരിലേക്കും കുടിയേറിയിരുന്ന മലയാളികൾ ഗൾഫിലേക്ക് കൂട്ടത്തോടെ എത്താൻ തുടങ്ങി.എണ്ണപ്പണത്തിൽ കെട്ടിപ്പടുത്ത ആ നാട് പതുക്കെ ഐടി ടൂറിസം ബാങ്കിങ്ങ് തുടങ്ങിയ അനുബന്ധമേഖലകളിലേക്കും കടന്നതോടെ വലിയൊരു തൊഴിൽ സാധ്യതയാണ് ലോകത്തിന് മുന്നിൽ ഉയർന്നത്.

പക്ഷേ ചരിത്രം പ്രഹസനമായും ആവർത്തിക്കുമെന്ന മാർക്സിന്റെ വാക്കുകൾ അന്വർഥമാക്കിക്കൊണ്ട്് എണ്ണതന്നെ ഇപ്പോൾ ഗൾഫ് രാജ്യങ്ങളെ തിരഞ്ഞുകൊത്തുകയാണ്. കോവിഡന്റെ ഭാഗമായി ലോകം സ്തംഭിച്ചതോടെ ക്രൂട് ഓയിലിന്റെ വില മൈനസിലേക്ക് താഴ്ന്നത് ഗൾഫ്രാജ്യങ്ങളുടെ നട്ടെല്ലൊടിച്ചിരിക്കയാണ്. എക്കണോമികസ് ടൈംസിന്റെ റിപ്പോ്ര്ട്ട് അനുസരിച്ച് ഇത് ഗൾഫ് ബൂമിന്റെ അവസാനമാണ്. ' 85 ശതമാനവും ഗൾഫ് രാജ്യങ്ങളുടെ വിപണി കെട്ടിപ്പടുത്തിരിക്കുന്നത് എണ്ണയുടെ ഒറ്റ പിൻ ബലത്താലാണ്. ഐടി, ടൂറിസം, ഇരുമ്പരുക്ക് വ്യവസായം, എന്നിവയൊക്കെയുണ്ടെങ്കിലും എണ്ണ എന്ന മെയിൻ പില്ലറിനെ അടിസ്ഥാനമാക്കിയാണ ഗൾഫിന്റെ സാമ്പത്തിക ചക്രം. അത് തകർന്നാൽ മറ്റുള്ളവക്കും പിടിച്ച് നിൽക്കാനാവില്ല. ബ്രേക്കില്ലാതെ ഓടിക്കൊണ്ടിരിക്കുന്ന സൈക്കിളാണ് സാമ്പത്തിക രംഗം. അത്് പതുക്കെയായാൽ പിന്നെ ആക്സിലറേറ്റ് ചെയ്യാൻ പണിയാണ്. കോവിഡ് കഴിഞ്ഞാലും എത്രകാലം കൊണ്ട് ശരിയാവും എന്ന് ആർക്കും പറയാൻ ആവില്ല'- സാമ്പത്തിക വിദഗ്ധൻ ഡെനി മാൽക്കം ച്ൂണ്ടിക്കാട്ടുന്നു.

ക്രൂഡ് ഓയിൽ വില ഇടഞ്ഞതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളിൽപെട്ട കേരളത്തിലെ പ്രമുഖ വ്യവസായി അറക്കൽ ജോയി ആത്മഹത്യചെയ്തത് ഈയടുത്താണ്. ഒന്നും രണ്ടുമല്ല മിനിമം 17 ലക്ഷംപേർക്ക് ഗൾഫിൽ ജോലി നഷ്ടമാവും എന്നാണ് കണക്ക്. ഇതിൽ 5ലക്ഷംപേർ മലയാളികൾ ആവുമെന്നാണ് അനൗദ്യോഗിക കണക്ക്. ഇവർ പ്രതിവർഷം അയക്കുന്ന ഒന്നേകാൽ ലക്ഷം കോടി രൂപയാണ് സത്യത്തിൽ വലിയ സാമ്പത്തിക മാന്ദ്യത്തിൽനിന്ന് കേരളത്തെയും കരകയറ്റിയിരുന്നത്. നിതാഖാത്ത് കാരണം നേരത്തെ ഒട്ടേറെ പ്രവാസികൾക്ക് ജോലി നഷ്ടമായിരുന്നു. നിതാഖത്തിന്റെ ക്ഷീണം മാറുന്നതിന് മുമ്പാണ് പ്രതിസന്ധി മഹാമാരിയുടെ രൂപത്തിൽ എത്തിയിരിക്കുന്നത്. കേരള സമ്പദ്ഘടനയുടെ നെടുംതൂൺ തന്നെ 2.5 ദശലക്ഷം വരുന്ന ഗൾഫ് മലയാളികളുടെ നിക്ഷേപവും സാമ്പത്തിക പിന്തുണയുമായിരിക്കേ ഇതിലൂടെ സംസ്ഥാനത്തിന്റെ ആശ്രിത സമ്പദ്വ്യവസ്ഥയിൽ വരാൻ പോകുന്നത് വൻ ആഘാതമായിരിക്കും.ഇനി എന്തുചെയ്യും എന്ന് ചോദിച്ചാൽ കേരള സർക്കാറിനും പ്രവാസി വകുപ്പിനും വ്യക്തമായ ഉത്തരവുമില്ല.

ഫോസിൽ ഇന്ധനങ്ങങ്ങൾ എല്ലാകാലവും ഉണ്ടാവില്ല എന്ന ഒറ്റക്കാരണത്താൽ മറ്റ് അനുബന്ധ മേഖലയിലേക്ക് വഴിമാറാൻ ഗൾഫ് രാജ്യങ്ങൾ ഏറെക്കാലമായി ശ്രമിച്ചിരുന്നു. തീർത്ഥാടനം ടൂറിസം ഐടി ഇരുമ്പുരുക്ക് വ്യവസായം എന്നിവയിലേക്കെല്ലാം കളം മാറ്റാൻ ശ്രമിച്ചെങ്കിലും വിപണിയുടെ അടിസ്ഥാനം എണ്ണപ്പണം തന്നെയായിരുന്നു. നിതാഖാതും സ്വദേശിവത്ക്കരണവുമെക്കെ പതുക്കെ സൗദി അടക്കമുള്ള രാജ്യങ്ങൾ നടപ്പാക്കുന്നതും ഈ പ്രതിസന്ധി മുന്നിൽ കണ്ടായിരുന്നു. ആഭ്യന്തര അട്ടിമറികൾ ഗൾഫിലും പശ്ചിമേഷ്യയിലും എപ്പോഴും സംഭവിക്കുന്നത് സാമ്പത്തിക പ്രതിസന്ധിയുടെകൂടി പശ്ചാത്തലത്തിലാണ്. ആ അർഥത്തിൽ 'മുല്ലപ്പൂ വിപ്ലവം' പോലുള്ളവയുടെ സാധ്യതയും രാഷ്ട്രീയ നിരീക്ഷകർ തള്ളിക്കയുന്നില്ല.

സൗദി അറേബ്യ 8000 കോടി കടമെടുക്കുന്നു

2012 ൽ അറേബ്യൻ ബിസിനസ് മാഗസിൻ നടത്തിയ പഠന റിപ്പോർട്ടിൽ ഗൾഫ് മേഖലയിലെ ഏറ്റവും വലിയ സമ്പന്ന രാജ്യമായിരുന്നു സൗദി അറേബ്യ. അറബ് മേഖലയിലെ 50 സമ്പന്നരിൽ ഇരുപത്തിമൂന്നു പേരും സൗദി സ്വദേശികളാണ്. 142.13 ദശലക്ഷം അമേരിക്കൻ ഡോളറിന്റെ സമ്പാദ്യം ഈ ഇരുപത്തിമൂന്നു പേർക്കുമായുണ്ട് ഫോബ്സ് മാഗസിൻ പട്ടികയിൽ അറബ് ലോകത്തെ ഏറ്റവും സമ്പന്നനെന്ന പദവി നിരവധി തവണ നേടിയ വ്യക്തിയാണ് സൗദി അറേബ്യയിലെ അൽ വലീദ് ബിൻ തലാൽ രാജകുമാരൻ. പക്ഷേ വെറും എട്ടുവർഷം കൊണ്ട് എല്ലാം തകരുകയണോ?

അംബരചുംബികളായ കെട്ടിടങ്ങളും കണ്ണെത്താ ദൂരത്ത് എകസ്പ്രസ് ഹൈവേകളുമുള്ള വിദേശരാജ്യങ്ങളോട് കിടപിടിക്കുന്ന സൗദി അറേബ്യ. ഗൾഫിലെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായിരുന്നു സൗദി. പക്ഷേ ഇന്ന് നിൽക്കക്കള്ളിയില്ലാതെ ആ രാജ്യവും കോടികൾ കടമെടുക്കുന്ന വാർത്തയാണ ഇപ്പോൾ പുറത്തുവരുന്നത്. ചരിത്രത്തിലാദ്യമായി സൗദി അറേബ്യ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കമ്മി ബഡ്ജറ്റാണ് അവതരിപ്പിച്ചത്.സൗദി അറേബ്യയുടെ വിദേശ കരുതൽ മൂലധനത്തിൽ വൻ ഇടിവാണ് ഉണ്ടായിരിക്കുന്നത്. മാർച്ചിലുണ്ടായ അതിവേഗ ഇടിവ് 2000ത്തിന് ശേഷം ആദ്യമാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

58000 കോടി ഡോളറാണ് കടമെടുക്കുന്നതെന്ന് അന്താരാഷ്ട്ര വിദഗ്ധരായ ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. ഗൾഫിലെ ഏറ്റവും ശക്തമായ സമ്പദ് വ്യവസ്ഥയുള്ള സൗദിയുടെ ഇടിവ് മേഖലയുടെ പൊതുവിലുള്ള ചിത്രമാണ് വ്യക്തമാക്കുന്നത്. വിദേശ മൂലധന ആസ്തി 10000 കോടി റിയാൽ കുറഞ്ഞുവെന്നാണ് സൗദി സെൻട്രൽ ബാങ്ക് നൽകുന്ന വിവരമെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. മൂലധന ആസ്തി 46400 കോടി ഡോളറായി കുറഞ്ഞു. 2000ന് ശേഷം ഇത്രയും കുറഞ്ഞ അളവിലെത്തുന്നത് ആദ്യമാണ്. സൗദി കടുത്ത ചെലവ് ചുരുക്കൽ നടത്തേണ്ടി വരുമെന്നാണ് അന്താരാഷ്ട്ര നാണയ നിധി നൽകുന്ന നിർദ്ദേശം. ഈ വർഷം 22000 കോടി റിയാൽ കടമെടുക്കാൻ സൗദി ആലോചിക്കുന്നുവെന്നാണ് ധനമന്ത്രി മുഹമ്മദ് അൽ ജദ്ആൻ വ്യക്തമാക്കിയിരുന്നു. നേരത്തെ 1900 കോടി ഡോളർ വിപണിയിൽ നിന്ന് സൗദി ഈ വർഷം കടമെടുത്തിരുന്നു.

കൊറോണ പ്രതിസന്ധി തീരാതെ എണ്ണ വില ഉയരാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രതിസന്ധി തീർന്നാലും മാസങ്ങൾ വേണ്ടിവരും വില ഉയരാൻ.ഈ സാഹചര്യത്തിൽ സൗദിയുടെ മെഗാ സിറ്റി ഉൾപ്പെടെയുള്ള വൻ പദ്ധതികൾ വൈകിയേക്കും. ചെലവ് ചുരുക്കൽ നടപ്പാക്കണമെന്നാണ് ഐഎംഎഫ് നിർദ്ദേശം.

തൊഴിൽ നഷ്ടമാവുന്നത് 17 ലക്ഷംപേർക്ക്

കോവിഡ് പ്രതിസന്ധി മൂലം ഈ വർഷം ഗൾഫ് രാജ്യങ്ങളിൽ 17 ലക്ഷത്തോളം തൊഴിൽ നഷ്ടമാകുമെന്നാണ് യു.എൻ ഏജൻസിയുടെ റിപ്പോർട്ട്. വൈറസ് വ്യാപനത്തിൽ നിന്നുള്ള പരിഭ്രാന്തി സമ്പദ്ഘടനകളേയും ബിസിനസ് രംഗങ്ങളേയും ഗുരുതരമായി ബാധിച്ചുകൊണ്ടിരിക്കെ യു.എൻ ഇക്കണോമിക് ആൻഡ് സോഷ്യൽ കമ്മിഷൻ ഫോർ വേസ്റ്റേൺ ഏഷ്യ (ഇ.എസ്.സി.ഡബ്ല്യു.എ)യുടെ മുന്നറിയിപ്പ് ഗൾഫ് രാജ്യങ്ങളോടൊപ്പം കേരളത്തിന്റെയും ചങ്കിടിപ്പ് കൂട്ടുന്നു.പൊതുവേ സാമ്പത്തിക മുരടിപ്പിലേക്ക് നീങ്ങിക്കഴിഞ്ഞിരുന്ന ഗൾഫ് രാജ്യങ്ങളിൽ കോവിഡ് വ്യാപനവും ക്രൂഡ് ഓയിൽ വില താഴ്ന്നതും പ്രതിസന്ധി അതിന്റെ മൂർധന്യത്തിലേക്ക് എത്തിച്ചിരിക്കയാണ്. ഇതിനകം ഉണ്ടാക്കിയ തൊഴിൽ നഷ്ടം ഭീമമാണ്.വിശേഷിച്ചും ഹോട്ടൽ, വ്യോമയാന മേഖലകളിൽ. ഹോട്ടലുകളും മറ്റും അടച്ചിട്ടതിനാൽ, ഇപ്പോൾത്തന്നെ അനവധി പേരെ ശമ്പളം ഇല്ലാത്ത അവധിയിലേക്ക് തൊഴിലുടമകൾ മാറ്റി നിർത്തിയിരിക്കുകയായിരുന്നു.



ഗൾഫ് മേഖലയിലെ തൊഴിലില്ലായ്മ 1.2 ശതമാനം വർധിക്കുമെന്നും ഇ.എസ്.സി.ഡബ്ല്യു.എ റിപ്പോർട്ടിൽ പറയുന്നു. 2008 ൽ അഭിമുഖീകരിച്ച സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് ഭിന്നമായി കോവിഡ് പ്രതിസന്ധി എല്ലാ മേഖലകളിലും തൊഴിലിനെയാണ് പ്രധാനമായും ബാധിക്കുകയെന്ന് ഇഎസ്സിഡബ്ല്യുഎ എക്സിക്യുട്ടീവ് സെക്രട്ടറി റോള ദാസ്തി പറഞ്ഞു.സമ്പദ്വ്യവസ്ഥകളും ബിസിനസ്സുകളും അപകടകരമായ തോതിലാണ് ജോലികൾ ഉപേക്ഷിക്കുന്നത്. റീട്ടെയിൽ, വിദ്യാഭ്യാസം, സോഷ്യൽ വർക്ക്, കമ്മ്യൂണിക്കേഷൻസ് തുടങ്ങിയ സേവന മേഖലകളിൽ ഗുരുതര പ്രശ്‌നങ്ങളുണ്ടാകുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.ഈ അവസ്ഥ ആഗോള സമ്പദ്വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം അഭൂതപൂർവമാണ്.ഇപ്പോഴത്തെ സൂചനകളനുസരിച്ച് സേവനമേഖലയിലുണ്ടാകാവുന്ന നഷ്ടം 50 ശതമാനം വരെയാകാനാണു സാധ്യത.

അറബ് രാജ്യങ്ങളുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 2020 ൽ ഏകദേശം 42 ബില്യൺ ഡോളർ കുറയുമെന്ന് റിപ്പോർട്ടിൽ പറയുന്നു. അടച്ചുപൂട്ടലിന്റെ കാലദൈർഘ്യം ഏറിയാൽ ഇപ്പോഴത്തെ കണക്കുകൾ അപ്രസക്തമാകുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.ജനുവരി മുതൽ മാർച്ച് പകുതി വരെയുള്ള കാലയളവിൽ 11 ബില്യൺ ഡോളർ എണ്ണ വരുമാനം ഈ മേഖലയ്ക്ക് നഷ്ടമായി.മേഖലയിലെ ബിസിനസുകൾക്ക് 420 ബില്യൺ ഡോളർ വിപണി മൂലധനം നഷ്ടപ്പെട്ടു. ഇത് മേഖലയിലെ മൊത്തം വിപണി മൂലധനത്തിന്റെ എട്ട് ശതമാനം വരും. വ്യാപാരത്തിലും ആഗോള ഗതാഗതത്തിലും അഭൂതപൂർവമായ കുറവു സംഭവിക്കുന്നതിനാൽ വരും ആഴ്ചകളിൽത്തന്നെ കണക്കുകൾ മാറിമറിയാം.

മിഡിൽ ഈസ്റ്റ് സമ്പദ്വ്യവസ്ഥയിൽ 40 വർഷത്തിനിടയിലെ ഏറ്റവുംവലിയ ആഘാതം ഉണ്ടാകുമെന്നാണ് അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്.)യുടെയും കണക്കുകൂട്ടൽ. കോവിഡും എണ്ണവിലത്തകർച്ചയും കാരണം അറബ് ലോകത്തിന്റെ സമ്പദ്വ്യവസ്ഥയിൽ 12 ശതമാനം ഇടിവുണ്ടാകുമെന്ന് ഐ.എം.എഫ്. പ്രവചിക്കുന്നു. ഗൾഫ് സമ്പദ്വ്യവസ്ഥ 3.3 ശതമാനം ചുരുങ്ങുമെന്നും 2008-09-ലെ സാമ്പത്തിക പ്രതിസന്ധിയെക്കാൾ മോശമാകുമെന്നുമാണ് ലോക സാമ്പത്തിക അവലോകന റിപ്പോർട്ടിൽ അവർ വ്യക്തമാക്കുന്നത്.

ഒപെക് ഇതര രാജ്യങ്ങളുടെ കൂട്ടായ തീരുമാനമനുസരിച്ച് എണ്ണ ഉത്പാദനം വെട്ടിക്കുറച്ചതിലൂടെ കൈവരിച്ച സാമ്പത്തികാവസ്ഥയ്ക്ക് വലിയ തിരിച്ചടിയാണ് എണ്ണ കയറ്റുമതിയിൽ മുൻപന്തിയിലുള്ള സൗദി അറേബ്യയും യു.എ.ഇ.യും ഖത്തറും നേരിടേണ്ടിവരിക. പശ്ചിമേഷ്യയിലെ രണ്ടാമത്തെ വലിയ ശക്തിയായ ഇറാനിലും ആറ് ശതമാനം ഇടിവുണ്ടാകും.അതേസമയം, കുവൈത്ത് 2018-നെ അപേക്ഷിച്ച് 2019-ൽ നേരിയ വളർച്ച കൈവരിച്ചിട്ടുണ്ട്. മൊത്തം ആഭ്യന്തര ഉത്പാദനം 130 ശതകോടി യു.എസ്. ഡോളറാണെന്നും കുവൈത്ത് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു.അതിനിടെ, കിട്ടാക്കടം പെരുകുന്നത് ഗൾഫ് മേഖലയിലെ ബാങ്കുകൾക്ക് വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്.

നികുതി രഹിത സമ്പദ് വ്യവസ്ഥ ഇല്ലാതാവുന്നു

ഗൾഫിൽനിന്ന് സ്വർണ്ണമടക്കം ഏത് സാധനവും വാങ്ങുന്നതിനുള്ള പ്രധാനകാരണം നികുതിയിലുള്ള വ്യത്യാസമാണ്. പതിറ്റാണ്ടുകളായി ഗൾഫിലുള്ള നികുതി കുറഞ്ഞ സമ്പദ്വ്യവസ്ഥ ഇതോടെ അവസാനിക്കയാണ്. ഇത് വരെ വൻ നികുതി പിരിക്കാതിരിക്കുന്ന രാജ്യങ്ങൾ വിവിധ ഉത്പന്നങ്ങൾക്ക് വാറ്റ് ഏർപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. യു.എ.ഇയിൽ ഇപ്പോൾ തന്നെ അഞ്ചു ശതമാനമായി നികുതി കൂട്ടിയിട്ടുണ്ട്. പുകയില ഉത്പന്നങ്ങളുടെ വില ഇരട്ടിയായും സോഫ്റ്റ് ഡ്രിങ്ക്‌സിന്റെ വില 50 ശതമാനവും വർധിപ്പിച്ചു.

സൗദി അറേബ്യയും ജനുവരി ഒന്ന് മുതൽ വാറ്റ് ഈടാക്കാൻ തുടങ്ങും. ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, എന്നെ രാജ്യങ്ങളും അടുത്ത വർഷം മുതൽ തന്നെ നികുതി ഏർപ്പെടുത്താൻ തീരുമാനമെടുത്തിട്ടുണ്ട്.സൗദി അറേബ്യ തീർത്ഥാടന ടൂറിസത്തെ കാര്യമായി പ്രോത്സാഹിപ്പിക്കുകയാണ്. ഹജ് യാത്രികരുടെ എണ്ണം വർധിപ്പിക്കുന്നതിനും അത് വഴി വരുമാനം ഉയർത്തുന്നതിനും അവർ ലക്ഷ്യമിടുന്നു. നേരത്തെ, ശമ്പളവും ആനുകൂല്യങ്ങളും വെട്ടികുറക്കുക, സബ്‌സിഡികൾ കുറക്കുക, ഇന്ധന വില ഉയർത്തുക തുടങ്ങിയ പല നടപടികളും സ്വീകരിച്ചുവെങ്കിലും വരുമാനം ഗണ്യമായി കുറയുന്ന പശ്ചാത്തലത്തിലാണ് പുതിയ നീക്കങ്ങൾ.

നികുതി ഏർപ്പെടുത്താനുള്ള നീക്കം പതിറ്റാണ്ടുകളായുള്ള നികുതി രഹിത സമ്പദ്വ്യവസ്ഥ എന്ന പേര് ഇല്ലാതാക്കുന്നതാണ്. ഗൾഫ് രാജ്യങ്ങളിൽ നിന്നും സാധനങ്ങൾ വാങ്ങുമ്പോഴുള്ള ഏറ്റവും വലിയ ആകർഷണവും ഇതായിരുന്നു. ഈ സൗകര്യം ഇല്ലാതാകുന്നത് സാധാരണ തൊഴിലാളികളുടെ ജീവിതം കഷ്ടത്തിലാകുമെന്ന് വിലയിരുത്തപെടുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അറബ് രാജ്യങ്ങളിലെ പൗരന്മാർക്ക് നൽകി പോന്നിരുന്ന പല അനുകൂലങ്ങളും ഇതിനകം നിർത്തലാക്കിയിട്ടുണ്ട്. നികുതി കൂടി ഏർപെടുത്തുന്നതോടെ സാധന വില ഉയരുന്നത് ജീവിത ചെലവ് ഉയർത്തുമെന്ന് ഉറപ്പാണ്. ഇത് ഈ മേഖലയിൽ ഗുരുതരമായ സാമൂഹ്യ, രാഷ്ട്രീയ പ്രത്യാഘാതം ഉണ്ടാക്കുമെന്ന ആശങ്കയും ശക്തമായി ഉയരുന്നുണ്ട്. അതോടൊപ്പം സ്വർണം അടക്കമുള്ളവയുടെ കള്ളക്കടത്തും ഇനി കുറയാനിടയുണ്ടെന്ന് പ്രമുഖ മാധ്യമമായ അറബ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

2.5 ട്രില്യൺ ഡോളറോളം വരുന്ന സമ്പത്ത് ഇല്ലാതാവും

ഫോസിൽ ഇന്ധനങ്ങങ്ങൾ എല്ലാകാലവും ഉണ്ടാവില്ല എന്ന ഒറ്റക്കാരണത്താൽ മറ്റ് അനുബന്ധ മേഖലയിലേക്ക് വഴിമാറാൻ ഗൾഫ് രാജ്യങ്ങൾ ഏറെക്കാലമായി ശ്രമിച്ചിരുന്നു. തീർത്ഥാടനം ടൂറിസം ഐടി ഇരുമ്പുരുക്ക് വ്യവസായം എന്നിവയിലേക്കെല്ലാം കളം മാറ്റാൻ ശ്രമിച്ചെങ്കിലും വിപണിയുടെ അടിസ്ഥാനം എണ്ണപ്പണം തന്നെയായിരുന്നു. നിതാഖാതും സ്വദേശിവത്ക്കരണവുമെക്കെ പതുക്കെ സൗദി അടക്കമുള്ള രാജ്യങ്ങൾ നടപ്പാക്കുന്നതും ഈ പ്രതിസന്ധി മുന്നിൽ കണ്ടായിരുന്നു.

അസംസ്‌കൃത എണ്ണവിലയിലെ ഇടിവ് ദിനംപ്രതി തുടരുന്നതോടെ ലോകത്തെ ഏറ്റവും വലിയ എണ്ണ ഉൽപ്പാദക കമ്പനിയായായ സൗദി അരാംകോ മെയ്‌ ഒന്ന് മുതൽ എണ്ണ ഉൽപ്പാദനം 85 ലക്ഷം ബാരലായി കുറച്ചിരുന്നു. രണ്ടാം ലോകമഹായുദ്ധ കാലത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് എണ്ണയ്ക്ക് ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയിരിക്കുന്നത്. എണ്ണ ഉൽപാദനം കുറച്ച് ഒപെക് രാജ്യങ്ങൾ വില പിടിച്ചു നിർത്താനുള്ള ശ്രമങ്ങൾ വർഷങ്ങളായി നടത്തിയിരുന്നെങ്കിലും വിജയിച്ചത് ചുരുക്കഗ ചിലകാലങ്ങളിൽ മാത്രമാണ്. എണ്ണ ഉൽപാദനം കുറയ്ക്കുന്നതും എണ്ണക്കിണറുകൾ പൂർണമായും അടച്ചിടുന്നതും വളരെയധികം ബുദ്ധിമുട്ടുള്ള കാര്യമാണ്. തുടർന്ന് ഉൽപാദനം പുനരാരംഭിക്കുന്നത് ചെലവേറിയതും കഠിനവുമായ കാര്യമാണ്. ഒരു രാജ്യം എണ്ണ ഉൽപാദനം കുറയ്ക്കുമ്പോൾ മറ്റു എണ്ണ ഉൽപാദക രാജ്യങ്ങളും ഈ നിലപാട് തള്ളിയാൽ വൻ തിരിച്ചടിയാകും ഉണ്ടാവുക. ബഹ്‌റൈൻ, കുവൈറ്റ്, ഖത്തർ, ഒമാൻ, സൗദി അറേബ്യ, യുഎഇ തുടങ്ങി ആറ് ഗൾഫ് രാജ്യങ്ങളിലായി ഉൽപ്പാദിപ്പിക്കപ്പെടുന്ന അഞ്ചിൽ ഒരു ഭാഗം എണ്ണയും കൊണ്ടുപോകുന്ന രാജ്യമെന്നതിന് പുറമേ ഈ രാജ്യങ്ങളുടെ പ്രധാന വ്യാപാര പങ്കാളിയും കൊറോണ വൈറസ് ബാധയിൽ സർവ്വവും തകർന്നിരിക്കുന്ന ചൈനയാണെന്നതാണ് അതിനുള്ള കാരണം.

രണ്ട് പതിറ്റാണ്ട് മുമ്പ് ബീജീംഗും ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളും തമ്മിലുള്ള എണ്ണ ഇതര വ്യാപാരം നാമമാത്രമായിരുന്നെങ്കിൽ ഇന്നത് 200 ബില്യൺ ഡോളറിനടുത്തുള്ള വമ്പൻ ഇടപാടാണ്. കൊറോണയെ തുടർന്ന് ഗൾഫിൽ ആദ്യമായി തിരിച്ചടി നേരിട്ടത് ടൂറിസം മേഖലയാണ്. 2018ൽ ഏകദേശം 1.6 മില്യൺ ചൈനീസ് സഞ്ചാരികളാണ് ഗൾഫ് രാജ്യങ്ങൾ സന്ദർശിച്ചത്. എന്നാൽ കോറോണ വൈറസ് ഭീതിയെ തുടർന്ന് വിമാനക്കമ്പനികൾ ചൈനയിലേക്കുള്ള സർവീസുകൾ നിർത്തലാക്കിയതിന് പിന്നാലെ ഗൾഫിൽ സഞ്ചാരികളുടെ പറുദീസയായിരുന്ന ദുബായിലേക്ക് ഉൾപ്പടെ ചൈനീസ് സഞ്ചാരികളുടെ ഒഴുക്ക് നിലച്ചു. ടൂറിസം മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ് ഇതെത്തുടർന്ന് ഉണ്ടായിരിക്കുന്നത്.

ആഴത്തിലുള്ള പരിഷ്‌കാരങ്ങൾ നടപ്പിലാക്കിയില്ലെങ്കിൽ ഗൾഫ് രാഷ്ട്രങ്ങളിലെ 2.5 ട്രില്യൺ ഡോളറോളം വരുന്ന സമ്പത്ത് 15 വർഷത്തിനുള്ളിൽ നാമാവശേഷമായേക്കുമെന്ന അന്താരാഷ്ട്ര നാണ്യനിധിയുടെ മുന്നറിയിപ്പിനൊപ്പമാണ് ഇടിത്തീ പോലെ കൊറോണയും ഗൾഫ് സമ്പദ് വ്യവസ്ഥകൾക്ക് പുതിയ വെല്ലുവിളി ഉയർത്തിയിരിക്കുന്നത്. എണ്ണയിലുള്ള ആശ്രിതത്വം കുറച്ച് വരുമാനമാർഗങ്ങൾ വൈവിധ്യവൽക്കരിക്കാനുള്ള തീവ്രശ്രമത്തിലാണ് ഗൾഫ് രാജ്യങ്ങളെങ്കിലും ഇപ്പോഴും ഇവിടങ്ങളിലെ ആകെ വരുമാനത്തിന്റെ 70 ശതമാനവും എണ്ണയിൽ നിന്ന് തന്നെയാണ്.

പലിശ നിരക്ക് കുറച്ച് കുവൈറ്റ്; ടൂറിസവും ഐടിയിലും പിടിച്ച് ദുബൈ

എണ്ണക്കും പകരം ഐടിയെയും ടൂറിസത്തെയും ശക്തമായി പ്രമോട്ട് ചെയ്യാനാണ് ദൂബൈ ഈ പ്രതിസന്ധി മറികടക്കാൻ കണ്ട പോംാവഴിയെന്ന് അറബ് ന്യുസ് പത്രം റിപ്പോർട്ട് ചെയ്യുന്നു. മദ്യശാലകളും ഡാൻസ്ബാറുകളും ധാരാളമുള്ള ബഹൈറൈനും ശ്രദ്ധിക്കുന്നത് ടൂറിസത്തിൽ തന്നെ. സൗദിയും ഒമാനും തീർത്ഥാടന വ്യവസായത്തിലും ഇരുമ്പുരക്ക് മേഖലകളിലും ഫോക്കസ് ചെയ്യുമെന്നാണ് അറിയുന്നത്. പക്ഷേ എവിടെയും ഭീതി മാത്രമാണ് ബാക്കി. വിപണി എങ്ങനെയാവുമെന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ല. സൗദി കൃഷിക്ക് കൂടതൽ ഫോക്കസ് കൊടുക്കാൻ സാധ്യതയുണ്ടെന്നും അറബ് ന്യൂസ റിപ്പോർട്ട് ചെയ്യുന്നു.ഈന്തപ്പഴംഗോതമ്പ്, ഈത്തപ്പഴം, ധാന്യങ്ങൾ എന്നിവ സമ്പദ്ഘടനയെ കാര്യമായി സ്വാധീനിക്കുന്ന വിളകളാണ്.

കഴിഞ്ഞ ദിവസം ചേർന്ന ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളുടെ യോഗത്തിൽ ഇത് സംബന്ധമായ വിഷയങ്ങൾ ചർച്ച ചെയ്തതായി ഒദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സമ്പദ്വ്യവസ്ഥയെ സംരക്ഷിക്കുന്നതിന് നിരവധി തീരുമാനങ്ങളും നടപടികളുമാണ് അംഗ രാജ്യങ്ങളുടെ നേതൃത്വത്തിൽ സ്വീകരിച്ചു വരുന്നത്. ടൂറിസം, റിയൽ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, നിർമ്മാണം തുടങ്ങിയ സകല മേഖലകളിലും വലിയ വെല്ലുവിളിയാണ് ഗൾഫ് രാഷ്ട്രങ്ങൾ നേരിടാൻ പോവുന്നത്. നിലവിലെ പ്രതിസന്ധി മറികടക്കാൻ കുറഞ്ഞത് ആറുമാസമെങ്കിലും സമയം എടുക്കുമെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. വലിയ തൊഴിൽ നഷ്ടത്തിലേക്കായിരിക്കും ഈ പ്രതിസന്ധി കൊണ്ടുചെന്നെത്തിക്കുക.

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുവാൻ സെൻട്രൽ ബാങ്ക് ഓഫ് കുവൈത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസമാണ് പലിശ നിരക്ക് വെട്ടിക്കുറച്ചത്. അതോടപ്പം 6 മാസത്തേക്ക് ഉപഭോക്തൃ വായ്പകൾ തിരിച്ചടയ്ക്കുന്നതിന് മൊറോട്ടോറിയവും പ്രഖ്യാപിച്ചിരുന്നു. മാർച്ച് 12 മുതൽ കുവൈറ്റ് ക്രെഡിറ്റ് ബാങ്ക് 800 ളം ഉപഭോക്താക്കൾക്കായി 4 ദശലക്ഷത്തിലധികം ദിനാറാണ് വിതരണം ചെയ്തത്. സാമ്പത്തിക മേഖലകളിൽ കോവിഡിന്റെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനായി പ്രത്യേക സാമ്പത്തിക സഹായ പാക്കേജും കുവൈറ്റ് കൗൺസിൽ ഓഫ് മിനിസ്റ്റേഴ്സ് പ്രഖ്യാപിച്ചിരുന്നു. ഉത്തേജക പാക്കേജിന്റെ ഫലമായി ചെറുകിട, ഇടത്തരം പദ്ധതികളുടെ ഉടമകൾക്ക് ദീർഘകാല വായ്പകൾ ലഭ്യമാകും.

കുവൈത്തിലെ 23 പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനികൾ കൊറോണയുടെ പാശ്ചാത്തലത്തിൽ 5800 ഓളം കടകൾക്കാണ് വാടക ഇളവ് നൽകിയിരിക്കുന്നത്. ഏകദേശം 26 ദശലക്ഷം ഡോളർ ഇതിലൂടെ വിപണിക്ക് സഹായകരമാകുമെന്ന് കുവൈറ്റ് റിയൽ എസ്റ്റേറ്റ് അസോസിയേഷൻ അറിയിച്ചു. വാണിജ്യ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം രാജ്യത്ത് എണ്ണായിരം കഫേകളും പതിനയ്യായിരത്തലിധികം റസ്റ്ററന്റുകളും ഏഴായിരം ആരോഗ്യ, സ്പോർട്സ് ക്ലബുകളുമാണ് ഉള്ളത് .

കേരളത്തിന് നഷ്ടമാവുന്നത് ഒന്നേകാൽ ലക്ഷം കോടി രൂപ

ആഗോള സമ്പദ് വ്യവസ്ഥയുമായി അഭേദ്യമായ ബന്ധമുള്ള ഒരു സമ്പദ് ഘടനയാണ് ഗൾഫ് രാജ്യങ്ങൾക്കുള്ളത്. ഇന്ന് ലോക രാഷ്ട്രങ്ങൾക്ക് സംഭവിച്ചിരിക്കുന്ന നിശ്ചലാവസ്ഥയും കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി തുടരുന്ന പെട്രോ - ഡോളർ വരുമാനത്തിലെ മൂല്യ തകർച്ചയും ഗൾഫ് പ്രതിസന്ധി മൂർഛിക്കാനാണ് സാധ്യത. ഗൾഫിൽ ഇനിയും വറുതിയുടെ കാലമോ എന്ന ചിന്ത ബലപ്പെടുന്നത് ഈ പശ്ചാത്തലത്തിലാണ്.2008 ൽ ആഗോള മാന്ദ്യത്തിൽ തുടങ്ങിയ ഗൾഫിന്റെ വികസന മുരടിപ്പ് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിലും കരിനിഴൽ വീഴ്‌ത്തിയിരുന്നു. വരും നാളുകളിൽ ഈ പ്രതിസന്ധി ഗൾഫ് രാജ്യങ്ങളിൽ തൊഴിലെടുക്കന്ന പ്രവാസികളെ സാരമായി ബാധിക്കും. 40 ലക്ഷത്തിലധികം വരുന്ന പ്രവാസി മലയാളികളിൽ 85% വും പണിയെടുക്കുന്നത് ഗൾഫ് മേഖലയിലാണ്. ഇതിൽ 30% ജീവനക്കാർക്കെങ്കിലും തൊഴിൽ നഷ്ടപ്പെടുമെന്നുള്ള സാഹചര്യവും യാഥാർത്ഥ്യമാണ്.

കേരളത്തിലെ കുടുംബങ്ങളിൽ 20% ആളുകൾ ഗൾഫിൽ ഉപജീവനം നടത്തുന്നവരാണ്. മറ്റൊരു 30% ഗൾഫിൽ ജീവ സന്ധാരണം നടത്തിയിരുന്നവരും. ഗൾഫിലെ ഈ വറുതിക്കാലം എത്രത്തോളം കേരളത്തിന്റെ സമ്പദ്ഘടനയെ ബാധിക്കുമെന്നത് ഈ കണക്കിൽ നിന്നും അനുമാനിക്കാവുന്നതാണ്. ആഗോള തൊഴിൽ വിപണിയിലെ മാറ്റങ്ങൾ കേരളത്തിൽ നിന്നുള്ള കുടിയേറ്റത്തിൽ പ്രതിഫലിച്ചിരുന്നു. ഗൾഫിലെവിടെയും അവിദഗ്ധ തൊഴിലാളികൾ മുതൽ പ്രൊഫഷണലുകൾ വരെയുള്ളവരുടെ സാന്നിദ്ധ്യം കൊണ്ട് സചേതനമായിരുന്നു കേരളീയ തൊഴിൽ ശക്തി. ഈ അവസ്ഥക്കാണ് മാറ്റം വരാൻ പോകുന്നത്. കോവിഡ് - 19 എന്ന മഹാമാരിയുടെ പ്രതിഫലനം ഗൾഫിൽ സൃഷ്ടിക്കുന്നത് പ്രവാസികളുടെ കുടിയിറക്കമായിരിക്കും. നമ്മുടെ മാനവ വിഭവശേഷി കുടിയേറ്റത്തിന്റെ വസന്തത്തിനായി കാത്തിരിക്കേണ്ടി വരും!

ഇന്ത്യയിൽനിന്നുമുള്ള ഗൾഫ് കുടിയേറ്റത്തിന്റെ കണക്ക് 80 ലക്ഷമെന്ന് കരുതപ്പെടുന്നു. ഗൾഫ് കുടിയേറ്റത്തിന്റെ കൃത്യമായ കണക്കുകൾ ലഭ്യമല്ല. കേരളത്തിൽ സി ഡി എസ് പറയുന്ന സ്ഥിതിവിവര കണക്കുകളാകട്ടെ സാമ്പിൾ അടിസ്ഥാനത്തിൽ തയ്യാറാക്കപ്പെട്ടതാണ്. കേരള മൈഗ്രേഷൻ സർവ്വേ കാണിക്കുന്നത് 24 ലക്ഷം കേരളീയർ പ്രവാസികളായി കഴിയുന്നുണ്ടെന്നാണ്. ഇത് യാഥാർഥ്യങ്ങൾക്കു നിരക്കുന്നതല്ല. എന്നാൽ, ഗൾഫിൽ നിന്നും തിരിച്ചെത്തിയവരുടെ കണക്ക് 12.52 ലക്ഷം പ്രവാസികൾ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് വിശ്വസനീയമാണ്.
ഗൾഫ് പ്രവാസി തൊഴിൽ മേഖലയിൽ നിന്നും വലിയ രീതിയിലുള്ള തിരിച്ചു പോക്കാണ് നാം പ്രതിക്ഷിക്കേണ്ടത്. ചുരുങ്ങിയ പക്ഷം 10 ലക്ഷം മലയാളികളെങ്കിലും തിരിച്ചുപോക്കിന് മനസ്സുകൊണ്ട് ഒരുങ്ങി കഴിഞ്ഞു. ഇത് കേരളത്തിന്റെ സമ്പദ്ഘടനയിൽ എങ്ങനെ പ്രതിഫലിക്കും? ഇവരുടെ അതിജീവനം, പുനരധിവാസം ഉയർത്തുന്ന സാമൂഹിക സാംസ്‌കാരിക വിഷയങ്ങൾ സങ്കീർണമായിരിക്കും. കേരളത്തിന്റെ വികസനത്തിൽ അരനൂറ്റാണ്ടിലധികമായി പ്രവാസികൾ വഹിച്ച പങ്ക് തർക്കമറ്റതാണ്. പ്രവാസികൾ സംസ്ഥാനത്തേക്ക് അയക്കുന്ന പണത്തിന് ഏറ്റ കുറച്ചിലുകൾ ഉണ്ടെങ്കിലും 2018-19 സാമ്പത്തിക വർഷത്തിലും ഒന്നേകാൽ ലക്ഷം കോടി രൂപ കേരളത്തിലെ ബാങ്കുകളിൽ എത്തിയിരുന്നു. ശരാശരി ഒരു ലക്ഷം കോടി രൂപ പോയ വർഷങ്ങളിൽ പ്രവാസികൾ കേരളത്തിൽ എത്തിച്ചിരുന്നു.



കൊറോണകാലത്ത്, ശമ്പളാദി ആനുകൂല്ല്യങ്ങൾ വെട്ടിക്കുറക്കാൻ കമ്പനികളെ പ്രേരിപ്പിക്കുകയാണ്. ഹോട്ടലുകൾ അടഞ്ഞുകിടക്കുന്നു. ജീവനക്കാർ തൊഴിൽ രഹിതരായി. പൊതുഗതാഗതം നിശ്ചലമായി. ഡ്രൈവറുമാർ പട്ടിണിയിലും. വീട്ടുജോലിക്കാരായ സ്ത്രീ തൊഴിലാളികളാണ് ഏറെ ദുരിതത്തിലായത്. നോർക്ക ഹെൽപ്പ് ഡെസ്‌ക്കും , ലോക കേരള സഭയും , പ്രവാസി സന്നദ്ധ സംഘടനകളുമാണ് ഇക്കൂട്ടർക്ക് അത്താണി! ബാങ്കിങ്, ധനകാര്യ സ്ഥാപനങ്ങൾ, ഇൻഷുറൻസ് കമ്പനികൾ, റിയൽ എസ്റ്റേറ്റ് മേഖല , നിർമ്മാണ തൊഴിലാളികൾ എന്നീ മേഖലകളിൽ കനത്ത പിരിച്ചുവിടൽ ഭീക്ഷണിയെ നേരിടുന്നു. വ്യോമയാന രംഗമാകട്ടെ പാടെ നിശ്ചലമായി. അതു കൊണ്ടു തന്നെ അനുബന്ധ വ്യവസായങ്ങളായ ട്രാവൽ ആന്റ ടൂറിസവും നിശ്ചലമായി. ഇതെല്ലാം ബാധിക്കുന്നത് ഇടത്തരക്കാരായ പ്രവാസി തൊഴിലാളികളെയാണ്.

കേരളത്തിലെ റീറ്റെയ്ൽ മേഖല, ഭവന നിർ്മാണ മേഖല തുടങ്ങിയവയെല്ലാം വൻതോതിൽ ഗൾഫ് പണത്തെ ആശ്രയിച്ചാണ് നിൽക്കുന്നത്. ഗൾഫിലെ തൊഴിൽ നഷ്ടവും കോവിഡ് മൂലം ഇവിടെയുള്ള ജനങ്ങക്കുള്ള സാമ്പത്തിക പ്രതിസന്ധിയും ജനങ്ങളുടെ ക്രയശേഷി വല്ലാതെ കുറയ്ക്കും. ആഭരണങ്ങൾ, വസ്ത്രങ്ങൾ, ആഡംബരവസ്തുക്കൾ എന്നിവയിൽ നിന്നെല്ലാം മാറി ആവശ്യ വസ്തുക്കൾ വാങ്ങുകയെന്ന ശീലത്തിലേക്ക് മലയാളികൾ ചുരുങ്ങുമ്പോൾ കേരളത്തിലെ വ്യാപാരമേഖലയെയും അത് പ്രതികൂലമായി ബാധിക്കും.കെറോണക്കുശേഷം മറ്റൊരു കെണിയും പ്രവാസികളെ കാത്തിരിക്കുന്നത്. ഇനി വിമാനയാത്രകൾക്ക് ചെലവേറും.
കൊവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധിയിൽ കനത്ത നഷ്ടം നേരിടുന്ന ഏവിയേഷൻ കമ്പനികൾ ആഭ്യന്തര, രാജ്യാന്തര യാത്രാ നിരക്കുകൾ കുത്തന ഉയർത്തിയേക്കും എന്നു റിപ്പോർട്ടുകൾ. ലോക്ക്ഡൗണിന് ശേഷം സാമൂഹ്യ അകലം പാലിച്ചു കൊണ്ടായിരിക്കും ഫ്ലൈറ്റ് യാത്രയും. അതിനാൽ തുക മൂന്നിരിട്ടി കൂടുമെന്നാണ് അറിയുന്നത്.

മലയാളിയുടെ പ്രവാസം ജീവിതം ഇനി എങ്ങനെയാവുമെന്ന് ആർക്കും പ്രവചിക്കാൻ ആവില്ലെന്ന് ചുരുക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP