Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാശ്മീർ പ്രശ്‌നം എന്നെങ്കിലും പരിഹരിക്കപ്പെടുമോ? നെഹ്റുവിനെ കുറ്റപ്പെടുത്തിക്കൊണ്ടാണോ കാശ്മീർ പ്രശ്‌നം പരിഹരിക്കേണ്ടത്? വെള്ളാശേരി ജോസഫ് എഴുതുന്നു

കാശ്മീർ പ്രശ്‌നം എന്നെങ്കിലും പരിഹരിക്കപ്പെടുമോ? നെഹ്റുവിനെ കുറ്റപ്പെടുത്തിക്കൊണ്ടാണോ കാശ്മീർ പ്രശ്‌നം പരിഹരിക്കേണ്ടത്? വെള്ളാശേരി ജോസഫ് എഴുതുന്നു

വെള്ളാശേരി ജോസഫ്

കാശ്മീരിൽ കഴിഞ്ഞ ദിവസം ഇന്ത്യയുടെ ഭാഗത്തുനിന്ന് 5 പേർ കൊല്ലപ്പെട്ടു. കാശ്മീരിൽ കൊല്ലപ്പെട്ട മേജർ അനൂജ് സൂദിന്റെ വിധവ അദ്ദേഹത്തിന്റെ ശവപ്പെട്ടിയിലേക്ക് ദുഃഖാർത്തയായി നോക്കി നിൽക്കുന്ന ഫോട്ടോ ഇന്നത്തെ മിക്ക പത്രങ്ങളിലും ഉണ്ട്. ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ മൊത്തത്തിൽ കൊല്ലപ്പെട്ടത് 5 പേരാണെങ്കിലും, ഇന്നത്തെ ഇന്ത്യയിലെ എല്ലാ പ്രശ്‌നങ്ങളിലും 'ഹിന്ദു വേഴ്സസ് മുസ്ലിം' എന്നുള്ള തരത്തിൽ വിഭാഗീയത കൊണ്ടുവരാൻ ശ്രമിക്കുന്ന ബിജെപി. - യും, സംഘ പരിവാറുകാരും കൊല്ലപ്പെട്ട സബ് ഇൻസ്പെക്ടർ ഷക്കീൽ കാസിയുടെ പേര് ബോധപൂർവം വിസ്മരിക്കുന്നു എന്ന ആക്ഷേപവും ഇതിനോടകം വന്നുകഴിഞ്ഞു. കൊല്ലപ്പെട്ട കേണൽ അശുതോഷ് ശർമ, മേജർ അനൂജ് സൂദ്, ലാൻസ് നായിക് ദിനേശ്, നായിക് രാജേഷ് - ഇവരുടെ പേരുകൾ മാത്രമേ ബിജെപി. - യും, സംഘ പരിവാറുകാരും അനുസ്മരിക്കുന്നുള്ളൂ എന്നാണ് ആക്ഷേപം. സബ് ഇൻസ്പെക്ടർ ഷക്കീൽ കാസിയുടെ പേര് എന്തുകൊണ്ട് ഇവരുടെ കൂടെ ചേർക്കപ്പെടുന്നില്ല എന്നു ചോദിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു.

സത്യത്തിൽ ചെച്‌നിയക്കാർക്കും, അഫ്ഗാനികൾക്കും, പാക്കിസ്ഥാനികൾക്കും ഇന്നത്തെ കാശ്മീരിന്റെ കാര്യത്തിൽ ഇടപെടേണ്ട ഒരു കാര്യവുമില്ല. അഫ്ഗാനിസ്ഥാനിൽ സോവിയറ്റ് അധിനിവേശം കഴിഞ്ഞപ്പോൾ പാക്കിസ്ഥാൻ സൗകര്യപൂർവം തീവ്ര ഇസ്ലാമിക സംഘടനകളിൽ പെട്ടവരെ കാശ്മീരിലേക്ക് വഴി തിരിച്ചുവിട്ടു. കാശ്മീർ പ്രശ്‌നം തീർത്തും വഷളായത് 1988-ൽ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള സോവിയറ്റ് സൈനിക പിന്മാറ്റത്തിനു ശേഷമാണ്. അഫ്ഗാനിസ്ഥാൻ, ചെച്‌നിയ എന്നിവിടങ്ങളിൽ നിന്നൊക്കെയുള്ള തീവ്ര ഇസ്ലാമിക സംഘടനകളിൽ പെട്ട ആയുധധാരികളായ തീവ്രവാദികളുടെ കാശ്മീരിലേക്കുള്ള കടന്നു കയറ്റം ആണ് പിന്നീട് കാശ്മീർ പ്രശ്‌നം തീർത്തും വഷളാക്കിയത്. 'ദ കാർപ്പറ്റ് വാഴ്‌സ്' എന്ന പുസ്തകത്തിൽ ഈ വിദേശ തീവ്രവാദികളുടെ ഇടപെടൽ നന്നായി പറയുന്നുണ്ട്. 1948-ലെ 'ഇൻസ്ട്രമെന്റ്റ് ഓഫ് അക്സെസഷൻ' പ്രകാരവും ഇന്ത്യ- പാക്കിസ്ഥാൻ അതിർത്തി നിർണയിച്ച 'റാഡ്ക്ലിഫ് എഗ്രിമെന്റ്റ് ' പ്രകാരവും പാക്കിസ്ഥാന് കാശ്മീരിൽ ഒരവകാശവും ഇല്ലാ. അതുകൊണ്ട് തന്നെ കാശ്മീരിന്റെ കാര്യത്തിൽ അവകാശവാദവും പറഞ്ഞുകൊണ്ട് പാക്കിസ്ഥാൻ വരുന്നത് ശുദ്ധ മൗഢ്യമാണ്.

ഇപ്പോൾ സൗദിയുടെ പിന്തുണയോടെ വഹാബിസം കാശ്മീരിലെ ഓരോ ഗ്രാമങ്ങളിലും ചുവട് പിടിക്കുകയാണ്. ഇതനുസരിച്ച് ദിവസം ചെല്ലുന്തോറും കാശ്മീർ മൗലികവാദ ആശയങ്ങളോട് അടുക്കുകയാണ്. ഈ മത തീവ്രവാദം വലിയ ഒരു പ്രശ്‌നമാണ് ഇന്നത്തെ കാശ്മീരിൽ. ഇസ്ലാമിക മത മൗലിക വാദത്തിന്റെ ഭാഗമായി പർദ്ദ കാശ്മീരിൽ 1980-കൾക്ക് ശേഷം അടിച്ചേൽപ്പിക്കുവാൻ തുടങ്ങി. പർദ്ദ ധരിക്കാത്തവരുടെ ദേഹത്തു മഷി ഒഴിക്കുക; മുഖത്ത് ആസിഡ് ഒഴിക്കുക; കാലിൽ വെടി വെയ്ക്കുക - ഇത്തരം കലാപരിപാടികൾ കാശ്മീരിൽ വ്യാപകമാകാൻ തുടങ്ങിയപ്പോൾ മുതലാണ് ഇഷ്ടമല്ലെങ്കിൽ കൂടി കാശ്മീരി സ്ത്രീകൾ പർദ്ദ ധരിക്കുവാൻ തുടങ്ങിയത്. മുട്ടിനു കീഴെ വരെ വരുന്ന നീളമുള്ള കുർത്ത പോലത്തെ ഒരു ഇറക്കുകുപ്പായമായിരുന്നു 1980-കളുടെ മുമ്പ് വരെ കാശ്മീരി സ്ത്രീകളുടെയും, പുരുഷന്മാരുടെയും വേഷം. കാശ്മീരിൽ മുഖം മറയ്ക്കുന്ന പർദ്ദ എങ്ങനെ വന്നു എന്ന് ചോദിക്കുന്ന ആൾക്ക് കാശ്മീരിലെ ഇന്നത്തെ പ്രശ്‌നങ്ങളുടെ ഉത്തരവും കിട്ടും. യുദ്ധങ്ങൾ അടിസ്ഥാനപരമായി ഒരു പ്രശ്‌നവും അവസാനിപ്പിക്കുന്നില്ല എന്നത് പോലെ തന്നെ മത തീവ്രവാദവും ഒരു പ്രശ്‌നവും അവസാനിപ്പിക്കുന്നില്ല. ഉള്ള പ്രശ്‌നങ്ങൾക്ക് ആക്കം കൂട്ടുവാൻ മാത്രമേ മത തീവ്രവാദങ്ങൾ ഉപകരിക്കൂ. അതാണ് ലോകത്തിൽ ഇപ്പോൾ നാം കാണുന്നതും. ബിജെപി. ഇന്ന് ഇന്ത്യാ മഹാരാജ്യത്ത് സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന മുസ്ലിം വിരോധവും കാശ്മീർ പ്രശ്‌നം പരിഹരിക്കാൻ ഒട്ടുമേ സഹായിക്കില്ല.

കാശ്മീർ വിഷയത്തിൽ മോദി സർക്കാർ ആകപ്പാടെ ചെയ്ത ഒരു നല്ല കാര്യം വിഘടന വാദി നേതാക്കളുടെ സുരക്ഷയും, 'സ്പെഷ്യൽ പ്രിവിലേജുകളും' ഒക്കെ എടുത്തു കളഞ്ഞതാണ്. കാശ്മീരിന്റെ കാര്യത്തിൽ ഒരു നല്ല കാര്യവും ചെയ്യുന്നില്ല എന്ന് മാത്രമല്ല; രണ്ടു രാജ്യങ്ങളിലെ സർക്കാരുകളുമായി സമർത്ഥമായി കളിച്ചു സ്വന്തം സ്വാർത്ഥ താൽപര്യങ്ങൾ സംരക്ഷിക്കുക മാത്രമാണ് ഈ വിഘടന വാദി നേതാക്കൾ ചെയ്തു കൊണ്ടിരുന്നത്. ഇവരാരും സ്വന്തം കുട്ടികളെ സൈന്യത്തിനെതിരെ കല്ലെറിയാൻ വിടില്ല. ഇവരുടെ ഒക്കെ കുട്ടികളും, പേര കുട്ടികളും പഠിക്കുന്നതും ജോലി ചെയ്യുന്നതും ഇന്ത്യയിലെയും വിദേശത്തെയും മുന്തിയ സ്ഥാപനങ്ങളിലാണ്. ഇവരെ കൊണ്ട് സത്യത്തിൽ സാധാരണക്കാരായ കാശ്മീരികൾക്ക് എന്ത് പ്രയോജനമാണ് ഉള്ളത്?

കാശ്മീർ പ്രശ്‌നം പരിഹരിക്കാൻ ബിജെപി. - ക്ക് കുറെ നാളുകളായി സുവർണാവസരമാണ് വീണുകിട്ടികൊണ്ടിരിക്കുന്നത്. 18 വർഷത്തിൽ ഏറെയായി അഫ്ഗാനിസ്ഥാനിൽ പയറ്റിയിട്ട് അമേരിക്കയ്ക്ക് വലിയ നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ല. അഫ്ഗാനിസ്ഥാനിൽ 60 ശതമാനം മിച്ചം ഏരിയ താലിബാന്റെ കയ്യിലാണ്. അതുകൊണ്ട് അമേരിക്ക ആകെ മൊത്തം കലിപ്പിലാണ്. അമേരിക്കൻ ദേശീയത മുഖ്യ രാഷ്ട്രീയ ആയുധമാക്കുന്ന ട്രംപ് ആണെങ്കിൽ ആ കലിപ്പ് മൊത്തം തീർക്കുന്നത് പാക്കിസ്ഥാനെതിരേ നിലപാടുകൾ കർക്കശമാക്കിയാണ്. പാക്കിസ്ഥാന്റെ സമ്പദ് വ്യവസ്ഥ ആണെങ്കിൽ മഹാമോശം. പഴയ പോലെ ഇന്ത്യക്കെതിരേ ഭീകരരെ ഇറക്കാനുള്ള പാങ്ങൊന്നും പാക്കിസ്ഥാന് ഇപ്പോൾ ഇല്ല. പക്ഷെ ഇതൊക്കെ മുതലാക്കണമെങ്കിൽ നല്ല രാഷ്ട്ര തന്ത്രജ്ഞതയുള്ള സർക്കാർ വേണം. രാഷ്ട്രതന്ത്രജ്ഞതയുടെ കാര്യത്തിൽ ഇപ്പോഴത്തെ ബിജെപി. നെതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ മഹാമോശമാണ്. അവിടെയാണ് പ്രശ്‌നം മുഴുവനും.

ബിജെപി. ഇപ്പോൾ നെഹ്റുവിൽ കുറ്റം ആരോപിച്ചുകൊണ്ടാണ് തങ്ങളുടെ കാശ്മീർ പോളിസിയുടെ നയ വൈകല്യങ്ങൾ മൂടി വെക്കുന്നത്. നെഹ്റുവിനെ പഴി പറഞ്ഞുകൊണ്ട് ബിജെപി.-ക്ക് കാശ്മീർ പ്രശ്‌നം പരിഹരിക്കാനാകുമോ? ഇല്ലെന്ന് വേണം പറയാൻ.

ഇനി നെഹ്റുവിന്റെ കാശ്മീർ നയം ഒന്ന് നോക്കാം. 1947 ഒക്‌റ്റോബർ 22-ന് പാക്കിസ്ഥാന്റെ നോർത്ത് വെസ്റ്റ് ഫ്രണ്ടിയർ പ്രോവിൻസിൽ നിന്നുള്ള ട്രൈബലുകളുടെ ആക്രമണം ഉണ്ടായപ്പോൾ നെഹ്റുവിന്റെ നേതൃത്വത്തിലാണ് ഇന്ത്യൻ സൈന്യം കാശ്മീരിൽ ഇടപെട്ടത്. കാശ്മീരി പണ്ഡിറ്റായ നെഹ്റുവിന്റെ കാശ്മീരിനോടുള്ള വൈകാരികമായ ബന്ധം തന്നെയായിരുന്നു അത്തരം ശക്തമായ പ്രതികരണത്തിന് പിന്നിൽ പ്രവർത്തിച്ച ഒരു പ്രധാന ഘടകം. ബിജെപി ഇപ്പോൾ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുന്ന മരണം വരെ കോൺഗ്രസുകാരനായ പട്ടേലിന് കാശ്മീർ ഇന്ത്യയോട് കൂട്ടി ചേർക്കുന്നതിലും, അതുവഴിയുള്ള പ്രശ്‌നങ്ങളിലും വലിയ താൽപര്യമൊന്നും ഇല്ലായിരുന്നു. ഇത് ചരിത്ര സത്യം.

1947 - ൽ എന്തുകൊണ്ട് കാശ്മീർ മുഴുവനും ഇന്ത്യയോട് ചേർക്കപ്പെട്ടില്ല എന്ന ചോദ്യം വരാം. ലോക രാഷ്ട്രങ്ങളുടെ മുന്നിൽ പാക്കിസ്ഥാനെ ആക്രമണകാരിയായി ചിത്രീകരിക്കുക ആയിരുന്നു നെഹ്റുവിന്റെ ഉദ്ദേശ്യം. പക്ഷെ പാശ്ചാത്യ സഖ്യ ശക്തിയായി പിന്നീട് മാറിയ പാക്കിസ്ഥാനെ കുറ്റപ്പെടുത്താൻ അമേരിക്കയും യൂറോപ്പും തയാറായില്ല. 1971-ൽ ഒരു കോടിയിൽ മിച്ചം അഭയാർത്ഥികൾ ഇന്ത്യയിലേക്ക് പ്രവഹിച്ചിട്ടും ഇന്ത്യയെ സപ്പോർട് ചെയ്യാൻ തയാറാതിരുന്നവരാണ് ഈ പാശ്ചാത്യ ശക്തികൾ. അമേരിക്കയാവട്ടെ, 'Seventh Fleet' എന്നറിയപ്പെട്ടിരുന്ന ഏഴാം കപ്പൽ പടയെ അയച്ച് ബംഗ്ലാദേശ് യുദ്ധസമയത്ത് ഇന്ത്യയെ പേടിപ്പിക്കാൻ വരെ നോക്കിയിരുന്നു. തക്ക സമയത്ത് മുൻ സോവിയറ്റ് യൂണിയന്റെ നേവി തുണച്ചതാണ് ഇന്ത്യക്ക് രക്ഷയായത്. ചില മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളൊക്കെ പാക്കിസ്ഥാന് വിട്ടുകൊടുത്ത് കാശ്മീർ പ്രശ്‌നം എന്നന്നേക്കുമായി പരിഹരിക്കാൻ ലാൽ ബഹാദൂർ ശാസ്ത്രിയുടെ കാലത്ത് വരെ ആലോചന ഉണ്ടായിരുന്നു.

1965-ൽ പ്രകോപനം ഒന്നും കൂടാതെ ഇന്ത്യയെ ആക്രമിച്ചതാണ് അത്തരം നടപടികളിൽ നിന്നെല്ലാം പിന്നീട് ഇന്ത്യ പിന്മാറാൻ കാരണം. ശാസ്ത്രി ഇനി പാക്കിസ്ഥാനുമായി കാശ്മീരിന്റെ കാര്യത്തിൽ ചർച്ചകൾ സാധ്യമല്ല എന്ന് ഷെയ്ക്ക് അബ്ദുള്ളയോട് പറയുന്നുമുണ്ട്. 'ഇന്ത്യ ആഫ്റ്റർ ഗാന്ധി' എന്ന പുസ്തകത്തിൽ ചരിത്രകാരൻ രാമ ചന്ദ്ര ഗുഹ ആ സംഭാഷണത്തെ പറ്റി നല്ലപോലെ വിവരിക്കുന്നുമുണ്ട്. പിന്നീട് പാക്കിസ്ഥാനിൽ നിന്ന് തീവ്രവാദി ആക്രമണങ്ങൾ തുടർച്ചയായി ഉണ്ടായപ്പോൾ കാശ്മീരിന്റെ കാര്യത്തിലും ഇന്ത്യ നിലപാട് കടുപ്പിച്ചു. അതാണ് കാശ്മീർ പ്രശ്‌നം പരിഹരിക്കപ്പെടാതെ പോയത്. കാശ്മീർ പാക്കിസ്ഥാൻ മാത്രവുമല്ല കൈവശപെടുത്തിയിരിക്കുന്നത്. പഴയ കാശ്മീരിന്റെ ഭാഗമായിരുന്ന അക്സായ് ചിന്നും, ഷഡ്ജം താഴ്‌വരയും ഇപ്പോൾ ചൈനയുടെ കൈവശമാണ്. ചുരുക്കം പറഞ്ഞാൽ 1947-ൽ മുഴുവൻ കാശ്മീരും ഇന്ത്യയോട് കൂട്ടിച്ചേക്കാത്തതല്ല യഥാർത്ഥ പ്രശ്‌നം. അല്ലെങ്കിൽ തന്നെ ഇന്ത്യയുടെ ഭാഗമായ കാശ്മീരിൽ ഇത്രയും നാളായിട്ട് സമാധാനം ഉണ്ടാക്കാൻ ഇന്ത്യക്ക് സാധിക്കുന്നില്ല. പിന്നെ പാക്കിസ്ഥാൻ അധിനിവേശ കാശ്മീരിനെ കുറിച്ച് കണ്ണീർ പൊഴിക്കുന്നതിന്റെ യുക്തി എന്താണ്?

നെഹ്രുവിന്റെ കാശ്മീരിനെ കുറിച്ചും, ചൈനയെ കുറിച്ചുമുള്ള തീരുമാനങ്ങളെല്ലാം കേന്ദ്ര മന്ത്രി സഭയുടെ കൂട്ടായ തീരുമാനങ്ങളായിരുന്നു. ഈയിടെ വി.പി. മേനോന്റെ ബന്ധു പോലും അത് പറഞ്ഞു. ബിജെപി. ഇപ്പോൾ വാഴ്‌ത്തുന്ന സർദാർ പട്ടേലിന് കാശ്മീർ ഇന്ത്യയോട് കൂട്ടിച്ചേർക്കുന്നതിൽ ഒട്ടും താല്പരൃമില്ലായിരുന്നു.

നെഹ്റുവിനെ പോലുള്ള ഒരു രാഷ്ട്രതന്ത്രജ്ഞതയിൽ നിപുണനായിരുന്ന ഒരു വ്യക്തിയെ കുറ്റം പറഞ്ഞുകൊണ്ടല്ല ബിജെപി. സർക്കാർ കാശ്മീർ പ്രശ്‌നം പരിഹരിക്കാൻ നോക്കേണ്ടത് എന്നത് കേവലം സാമാന്യബുദ്ധി മാത്രമാണ്. സ്വതന്ത്ര ഇന്ത്യ കണ്ടതിൽ വെച്ച ഏറ്റവും ദീർഘവീക്ഷണമുള്ള 'ഇൻസ്റ്റിറ്റിയുഷൻ ബിൽഡർ' ആയിരുന്നു ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റു. നെഹ്റു മൂലം നമ്മുടെ സമ്പദ് വ്യവസ്ഥയുടെ നേട്ടങ്ങൾ മാത്രം നോക്കിയാൽ മതി അത് മനസിലാക്കുവാൻ. സ്വതന്ത്ര ഇന്ത്യയിൽ ശക്തമായ വ്യവസായിക അടിത്തറ സൃഷ്ടിച്ചത് നെഹ്രുവായിരുന്നു. നമ്മുടെ സാമ്പത്തിക വ്യവസ്ഥയുടെ ഏറ്റവും വലിയ വിമർശകർ പോലും ആദ്യ കാലത്ത് പൊതു മേഖലയ്ക്ക് ഊന്നൽ നൽകി അതിലൂടെ 'ഹെവി ഇൻഡസ്ട്രീസ്' വളർന്നതിന് ശേഷം സ്വകാര്യ മേഖലയേയും പ്രോത്സാഹിപ്പിക്കാനാണ് നിർദ്ദേശം വെച്ചിട്ടുള്ളത്.

നെഹ്‌റുവിന്റെ വിമർശകർ രാമചന്ദ്ര ഗുഹയുടെ പുസ്തകവും - 'India after Gandhi - The History of the World's Largest Democracy', മുൻ CDS ഡയറക്റ്ററായിരുന്ന പുലപ്രെ ബാലകൃഷ്ണന്റെ- 'Economic Growth in India - History & Prospect' എന്ന പുസ്തകവും വായിക്കുന്നത് നന്നായിരിക്കും.

പുലപ്രെ ബാലകൃഷ്ണൻ കണക്കുകൾ വ്യക്തമായി ഉദ്ധരിച്ച് തന്നെ നെഹ്രുവിന്റെ സമയത്ത് ഇന്ത്യ ചൈനയേക്കാൾ വ്യവസായിക വളർച്ച നേടിയിരുന്ന കാര്യം അനുസ്മരിപ്പിക്കുന്നു. സ്വാതന്ത്ര്യം കിട്ടിയ 1947 ഓഗസ്റ്റ് 15 അർധരാത്രി മുതൽ 1964 മെയ് 27 വരെ 17 വർഷമാണ് നെഹ്‌റു ഇന്ത്യ ഭരിച്ചത്. നമുക്ക് ശക്തമായ ജുഡീഷ്യൽ സംവിധാനവും, സ്വതന്ത്ര മാധ്യമങ്ങളും, ജനാധിപത്യ സംവിധാനവും ഉണ്ടായത് നെഹ്രുവിന്റെ ആ 17 വർഷത്തെ ഭരണത്തിലൂടെയായിരുന്നു. അത് കൂടാതെയാണ് രാജ്യത്തിന്റ്റെ ശക്തമായ അടിത്തറയ്ക്കു വേണ്ടി ഐ.ഐ.ടി, ഐ.ഐ.എം, ഐഎസ്ആർഒ, സാഹിത്യ അക്കാഡമി, ആസൂത്രണ കമ്മീഷൻ - ഇവയെല്ലാം ഉണ്ടായത്.

വ്യവസായിക അടിത്തറയ്ക്കു വേണ്ടി ഇന്ത്യൻ സമ്പദ്് വ്യവസ്ഥയെ മാറ്റി മറിച്ച ഭീലായ് സ്റ്റീൽ പ്ലാന്റ്റ്, ഭക്രാ നൻഗൽ ഡാം - എന്നീ ബൃഹദ് പദ്ധതികളും നെഹ്രുവിന്റെ കാലത്ത് ഉണ്ടായി. ഒന്നുമില്ലായ്മയിൽ നിന്നാണ് നെഹ്‌റു ഇതെല്ലാം പടുത്തുയർത്തിയതെന്ന് ഓർക്കണം. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടപ്പോൾ അഭയാർത്ഥികളും, കടക്കെണിയും, വർഗീയവൽക്കരണത്തിലൂടെ വ്രണിതമായ ഒരു മനസുമായിരുന്നു രാജ്യത്തിന്റെ ആകെ കൈമുതൽ. ഇന്നിപ്പോൾ സോഷ്യൽ മീഡിയയിലൂടെ നെഹ്‌റുവിനെ വിമർശിക്കുന്നവരിൽ പലരും ഇത്തരം വിമർശന സ്വാതന്ത്ര്യം ഒന്നും നമ്മുടെ അയൽ രാജ്യങ്ങളിൽ പോലും ഇല്ല എന്ന വസ്തുത മനസിലാക്കുന്നില്ല. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പ്രോത്സാഹിപ്പിച്ച ആ 'ഫ്രീഡം ഓഫ് സ്പീച്'-ന്റ്റെ ഫലമാണ് ഈ വിമർശന സ്വാതന്ത്ര്യം എന്ന വസ്തുത പലരും മനസിലാക്കുന്നില്ല. ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രി ഉയർത്തി പിടിച്ച ആ പുരോഗമന മൂല്യങ്ങളാണ് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇന്ത്യയുടെ കരുത്ത്. ചുരുക്കം പറഞ്ഞാൽ ഇന്നിപ്പോൾ നെഹ്റുവിനെ പഴി പറഞ്ഞുകൊണ്ട് കാശ്മീർ പ്രശ്‌നം പരിഹരിക്കാമെന്ന് കരുതുന്നത് പാഴ്ശ്രമമാണ്. രാഷ്ട്ര നിർമ്മാണപ്രക്രിയ ത്വരിതപെടുത്തിയ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയുടെ സംഭാവനകളെ നന്ദിയോടെ സ്മരിച്ചു കൊണ്ടു വേണം ഇന്ത്യയുടെ മുന്നോട്ടുള്ള പ്രയാണം തുടരുവാൻ.

(ലേഖകന്റെ ഈ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്. അതിന് ലേഖകന്റെ ജോലിയുമായി ഒരു ബന്ധവുമില്ല)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP