Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇരവിപേരൂരിൽ സമൂഹ അടുക്കളയെ ചൊല്ലി കോൺഗ്രസിലും ചേരിപ്പോര്; കൊറോണ കാലത്ത് അനാവശ്യ രാഷ്ട്രീയവിവാദമെന്ന വാട്‌സാപ്പ് ഗ്രൂപ്പിലെ യുദ്ധവും നിമിത്തമായി; കോൺഗ്രസ് പഞ്ചായത്ത് അംഗം പാർട്ടി വിട്ട് ഇടതുപക്ഷത്തേക്ക്; കൂറുമാറുന്നത് ആകെയുള്ള മൂന്ന് കോൺഗ്രസ് അംഗങ്ങളിൽ ഒരാളായ സാലി ജേക്കബ്; തമ്മിലടിയിൽ സ്‌കോർ ചെയ്ത് ഇടതുപക്ഷം

ഇരവിപേരൂരിൽ സമൂഹ അടുക്കളയെ ചൊല്ലി കോൺഗ്രസിലും ചേരിപ്പോര്; കൊറോണ കാലത്ത് അനാവശ്യ രാഷ്ട്രീയവിവാദമെന്ന വാട്‌സാപ്പ് ഗ്രൂപ്പിലെ യുദ്ധവും നിമിത്തമായി; കോൺഗ്രസ് പഞ്ചായത്ത് അംഗം പാർട്ടി വിട്ട് ഇടതുപക്ഷത്തേക്ക്; കൂറുമാറുന്നത് ആകെയുള്ള മൂന്ന് കോൺഗ്രസ് അംഗങ്ങളിൽ ഒരാളായ സാലി ജേക്കബ്; തമ്മിലടിയിൽ സ്‌കോർ ചെയ്ത് ഇടതുപക്ഷം

എസ്.രാജീവ്

തിരുവല്ല : ഇരവിപേരൂർഗ്രാമപഞ്ചായത്തിൽ കോൺഗ്രസ് പഞ്ചായത്ത് അംഗം പാർട്ടി വിട്ട് ഇടതുപക്ഷത്തേക്ക് ചേക്കേറുന്നു. അടുത്തിടെ സമൂഹ അടുക്കളയുടെ പേരിൽ രാഷ്ട്രീയ ചേരിപ്പോര് നടക്കുന്ന ഇരവിപേരൂർ ഗ്രാമപഞ്ചായത്തിലെ ആകെയുള്ള മൂന്ന് കോൺഗ്രസ് അംഗങ്ങളിൽ ഒരാളാണ് പാർട്ടി വിട്ടത്. ആറാം വാർഡ് അംഗം സാലി ജേക്കബാണ് കോൺഗ്രസ് വിട്ടതായി ചൊവ്വാഴ്ച പ്രഖ്യാപിച്ചത്. സമൂഹ അടുക്കളയുടെ പ്രവർത്തനത്തിന് എല്ലാ കോൺഗ്രസ് അംഗങ്ങളും സഹകരിച്ചിരുന്നതായി സാലി ജേക്കബ് പറയുന്നു.

എന്നാൽ കെട്ടിച്ചമച്ച ആരോപണത്തിന്റെ പേരിൽ കോൺഗ്രസ് നടത്തുന്ന സമരങ്ങൾ പരിഹാസ്യമായതിനാൽ സമരത്തോട് വിയോജിപ്പുണ്ടായിരുന്നതായി അവർ വെളിപ്പെടുത്തി. അനാവശ്യമായ രാഷ്ട്രീയ വിവാദം ഉണ്ടാക്കേണ്ട സാഹചര്യമല്ല ഈ കൊറോണക്കാലമെന്ന് പറഞ്ഞ് കോൺഗ്രസ്സിന്റെ വാട്‌സ് ആപ് ഗ്രൂപ്പിലും പോര് നടന്നിരുന്നു. ഇതിനിടെ കോൺഗ്രസ്സിലെ ചേരിപ്പോര് മണത്തറിഞ്ഞ ഇടതുപക്ഷ നേതാക്കൾ സാലി ജേക്കബിനെക്കണ്ട് വീണ്ടും മത്സരിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ ധാരണയായതാണറിവ്.

നിലവിൽ 17 അംഗ പഞ്ചായത്ത് ഭരണ സമിതിയിൽ ഇടതുപക്ഷത്തിന് മൂന്ന് സിപിഐ അംഗങ്ങൾ ഉൾപ്പെടെ 12 പേരാണുള്ളത്. ബിജെപിയും സ്വതന്ത്രനും ഓരോന്നുവീതം ബാക്കിയുള്ള മൂന്ന് കോൺഗ്രസ് അംഗങ്ങളിൽ ഇനി രണ്ട് പേർമാത്രമാണ് യുഡിഎഫെന്ന പേരിൽ ബാക്കിയുള്ളത്. രണ്ടായിരമാണ്ട് വരെ കോൺഗ്രസ്സിന്റെ കുത്തകയായിരുന്ന ഇരവിപേരൂർ 2010 മുതലാണ് പൂർണമായും ഇടതുപക്ഷ ഭൂരിപക്ഷ പ്രദേശമായി മാറിയത്. പിന്നീട് വന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് പ്രതിഫലിച്ചു. 2005 ൽ നാല് അംഗങ്ങളുള്ള ബിജെപിയിൽ 2010 ൽ എല്ലാവരും പരാജയപ്പെട്ടെങ്കിലും 2015 ൽ ഒരംഗത്തെ വിജയിപ്പിക്കാൻ കഴിഞ്ഞു. രാജി വച്ച സാലി ജേക്കബ് ഇടതുപക്ഷത്തെ ഏതെങ്കിലും ഘടകകക്ഷിയുടെ ഭാഗമാകുമെന്നാണറിയുന്നത്. അതേ സമയം ആറാം വാർഡിൽ പഞ്ചായത്തിലെ പ്രമുഖ കോൺഗ്രസ് നേതാവിനെ മത്സരിപ്പിക്കുമെന്നും ഇവിടെ അനായാസം വിജയിക്കുമെന്നും കോൺഗ്രസ് നേതാക്കൾ പറയുന്നു.

ജില്ലാ പഞ്ചായത്തിൽ കോഴഞ്ചേരി ഡിവിഷനെ പ്രതിനീധീകരിക്കുന്ന ജോർജ്ജ് മാമ്മൻ കൊണ്ടൂർ കോയിപ്രം ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ മത്സരിക്കാൻ ശ്രമം നടത്തുന്നതിനിടെയാണ് ഡിവിഷന്റെ ഭാഗമായ ഇരവിപേരൂരിൽ കോൺഗ്രസ് ചേരിപ്പോര് രൂക്ഷമായിരിക്കുന്നത്. ഇരുപത് വർഷമായി കോൺഗ്രസ്സിന് അന്യമായ ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് എങ്ങനെ തിരിച്ചു പിടിക്കുമെന്ന ആശങ്കയിലാണ് പ്രാദേശിക കോൺഗ്രസ് നേതൃത്വം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP