Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സർക്കാർ ഗ്യാരണ്ടിയിൽ അധിക വായ്പ നൽകുമ്പോൾ അത് നികുതി ദായകരുടെ തലയിൽ വരാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്? 15,000 രൂപയിൽ താഴെ ശമ്പളമുള്ള ജീവനക്കാർ മാത്രമുള്ള സ്ഥാപനങ്ങൾ ഏത് നാട്ടിലാണ് ഉള്ളത്? പലിശ രഹിത മോറട്ടോറിയം കൊടുത്ത് പിടിച്ച് നിൽക്കാൻ സഹായിക്കാൻ ആരെയാണ് പേടിക്കുന്നത്? ജീവനക്കാരുടെ ചട്ടങ്ങളിലും നിയമങ്ങളിലും മാത്രം പിടി മുറുക്കുന്ന ജനമനസറിയാത്ത ബ്യൂറോക്രസിക്ക് അടിമപ്പെട്ട് പോയ നിർമ്മല സീതാരാമൻ ആറ് ലക്ഷം കോടി വീതിച്ചു നൽകുന്നത് ആർക്ക് വേണ്ടി?

സർക്കാർ ഗ്യാരണ്ടിയിൽ അധിക വായ്പ നൽകുമ്പോൾ അത് നികുതി ദായകരുടെ തലയിൽ വരാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്? 15,000 രൂപയിൽ താഴെ ശമ്പളമുള്ള ജീവനക്കാർ മാത്രമുള്ള സ്ഥാപനങ്ങൾ ഏത് നാട്ടിലാണ് ഉള്ളത്? പലിശ രഹിത മോറട്ടോറിയം കൊടുത്ത് പിടിച്ച് നിൽക്കാൻ സഹായിക്കാൻ ആരെയാണ് പേടിക്കുന്നത്? ജീവനക്കാരുടെ ചട്ടങ്ങളിലും നിയമങ്ങളിലും മാത്രം പിടി മുറുക്കുന്ന ജനമനസറിയാത്ത ബ്യൂറോക്രസിക്ക് അടിമപ്പെട്ട് പോയ നിർമ്മല സീതാരാമൻ ആറ് ലക്ഷം കോടി വീതിച്ചു നൽകുന്നത് ആർക്ക് വേണ്ടി?

മറുനാടൻ ഡെസ്‌ക്‌

പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസം മുമ്പ്പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ കൊറോണ പാക്കേജിന്റെ ആദയ ​ഗഡുവിന്റെ വിശദാംശങ്ങൾ പുറത്ത് വരുമ്പോൾ സാധാരണക്കാരന് ആഹ്ലാദിക്കാൻ വകയൊന്നുമില്ല. ആറ് ലക്ഷം കോടി രൂപയുടെ പാക്കേജുകളുടെ വിശദാംശങ്ങൾ ഇന്നലെ കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിക്കുമ്പോൾ അതിന്റെ നേട്ടം ഉണ്ടാകുന്നത് ആർക്ക് എന്ന ചോദ്യം ബാക്കിയാകുകയാണ്. ഈ ആറ് ലക്ഷം കോടി രൂപയിൽ പകുതിയിലേറെയും ചെറുകിട സൂക്ഷ്മ ഇടത്തരം സ്ഥാപനങ്ങളുടെ അഭിവൃദ്ധിക്ക് വേണ്ടി ഉപയോ​ഗിക്കും എന്നാണ് മന്ത്രി പറഞ്ഞത്. എന്നാൽ, അതിൽ തന്നെ 3.7ലക്ഷം കോടി രൂപ കൊടുക്കാൻ പോകുന്നത് അധിക വായ്‌പ്പക്ക് വേണ്ടിയാണ്. അതായത്, ഒരു സ്ഥാപനം മുമ്പോട്ട് പോകാൻ ആവശ്യത്തിന് പണം ഇല്ലാതിരിക്കുമ്പോൾ അവർക്ക് കൂടുതൽ വായ്പ എടുക്കുന്നതിനുള്ള സൗകര്യങ്ങൾ ഇല്ലെങ്കിൽ അതിനുള്ള ​ഗ്യാരണ്ടിയായി സർക്കാർ നിന്നുകൊണ്ട് വായ്പ കൊടുക്കുക മാത്രം ചെയ്യുന്നു.

വാസ്തവത്തിൽ ഈ അധിക വായ്പ സ‍ൃഷ്ടിക്കുന്നത് ആശങ്കയും അനിശ്ചിതത്വവും മാത്രമാണ്. ലാഭത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ഒരു കമ്പനി കൊറോണക്കാലത്ത് പ്രവർത്തനം നിലച്ച് പോയെങ്കിൽ കൂടി അവർക്ക് ഇപ്പോഴും ലോൺ കിട്ടാൻ പ്രയാസം ഒന്നുമില്ല എന്ന് ഓർക്കേണ്ടതുണ്ട്.ആവശ്യമില്ലാതെ അവർ സർക്കാർ ​ഗ്യാരണ്ടിയിൽ നിലവിലുള്ള വായ്പയുടെ 20 ശതമാനം കൂടി കിട്ടുമ്പോൾ അത് എടുക്കുന്നവർ തിരിച്ചടയ്ക്കേണ്ടി വരും. അതും പലിശസഹിതം തിരിച്ചടയ്ക്കേണ്ടി വരും എന്നത് നിസ്സാര കാര്യമല്ല. ആവശ്യമില്ലാതെ ആര് ലോൺ എടുത്താലും അവരെല്ലാം നശിച്ച് പോയിട്ടുള്ളതാണ് ചരിത്രത്തിന്റെ ബാക്കിപത്രം. അതുകൊണ്ട് തന്നെ ആവശ്യമില്ലാതെ വായ്പ എടുക്കുന്നതിനുള്ള പ്രേരണ സർക്കാർ കൊടുക്കുകയാണ് എന്ന് പറയേണ്ടിവരും.

ഈ അധിക വായ്പയുടെ ​ഗ്യാരണ്ടിയായി പറയുന്നത് സർക്കാരാണ്. അതുകൊണ്ട് യാതൊരുവിധത്തിലുള്ള ഈടുമില്ലാതെ ബാങ്കുകൾ പണം കൊടുക്കേണ്ടി വരും. ചെറിയ തോതിൽ പ്രവർത്തിക്കുന്ന ചെറുകിട സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം അവർ ഇതിനോടകം എടുത്തിരിക്കുന്ന ലോണിന് ഇപ്പോൾ തന്നെ ബാങ്കിൽ വെച്ചിരിക്കുന്ന ഈടുകൾ മതിയാകും അധിക വായ്പക്കും ഉപയോ​ഗിക്കാൻ. അതേസമയം, കള്ള ഈടുകൾ വെച്ച് പണം എടുക്കുന്ന ഇടത്തരം കമ്പനികൾക്ക് 20 ശതമാനം കൂടി വായ്പ കിട്ടുമ്പോൾ അവർ തിരിച്ചടയ്ക്കാതിരിക്കുകയും അവർക്ക് നിലവിലുള്ള ഈടുകൾ ബാങ്കുകൾക്ക് ​ഗുണപ്രദമാകാതിരിക്കുകയും ചെയ്യുമ്പോൾ ആ പണം സർക്കാർ തിരിച്ചടയ്ക്കേണ്ട ​ഗതി ഉണ്ടാകുകയും സാധാരണക്കാരായ നികുതിദായകരുടെ പണം നഷ്ടമാകുകയും ചെയ്യുന്ന സാഹചര്യമാകും സൃഷ്ടിക്കപ്പെടുക.

അതേസമയം, തൊഴിൽ അവസരങ്ങൾ സംരക്ഷിക്കുന്നതിനോ സാമ്പത്തിക ഇടപാടുകൾ തുടരുന്നതിനോ ഒരുതരത്തിലുള്ള ​ഗുണവും ഉണ്ടാകുന്നുമില്ല. ഇതടക്കം മറ്റ് ചില പ്രഖ്യാപനങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും ഈ വായ്പാ ഇടപാടിലെ മാറ്റമാണ് ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. നിർമ്മല സീതാരാമന്റെയും മോദി സർക്കാരിന്റെയും ഏറ്റവും വലിയ വീഴ്‌ച്ച ജനമനസ്സറിയാത്ത ബ്യൂറോക്രാറ്റുകളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അതേപടി നടപ്പിലാക്കുന്നു എന്നതാണ്. ജനമനസ്സറിയാവുന്ന, ജനങ്ങളുടെ വികാരം അറിയാവുന്ന, ജനങ്ങൾക്കിടയിൽ‌ ജീവിക്കുന്ന നേതാക്കന്മാരും രാഷ്ട്രീയ പ്രവർത്തകരും പൊതുപ്രവർത്തകരും പറയുന്നതൊന്നും ഇവർ ശ്രദ്ധിക്കുന്നേയില്ല. ഇത്തരം ബ്യൂറോക്രാറ്റുകളാവട്ടെ എക്കാലത്തും ചട്ടങ്ങളും നിയമങ്ങളും മാത്രം മുറുകെ പിടിക്കുകയും അവർ പുറത്ത് വിടുന്ന എല്ലാ നിർ​ദ്ദേശങ്ങളും അത്തരം ചട്ടങ്ങളുടെയും നിയമങ്ങളുടെയും പരിധിയിൽ പെടുന്നതുമാകും. അതുകൊണ്ട് സാധാരണക്കാരന് ഒരു ​ഗുണവും ഉണ്ടാകുകയില്ല.

ഈ പ്രഖ്യാപനം വ്യക്തമാക്കുന്നതും ജനമനസ്സ് അറിയാത്ത ഉദ്യോ​ഗസ്ഥന്മാർ എഴുതിക്കൊടുത്തത് അതേപടി വായിച്ചു എന്ന് തന്നെയാണ്. സൂക്ഷ്മ ചെറുകിട സ്ഥാപനങ്ങൽ നേരിടുന്ന പ്രതിസന്ധികൾ എന്തൊക്കെയാണ്? അവർ ഇതിന് മുമ്പ് തന്നെ സാമ്പത്തികമായി നഷ്ടത്തിലാണ് ഓടിക്കൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥയും വിപണിയും എത്ര മോശമായിരുന്നു എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. എന്നിട്ടും അവർ ദൈനംദിനം ഉണ്ടാകുന്ന വിറ്റുവരവ് കൊണ്ട് പിടിച്ച് നിൽക്കുകയായിരുന്നു. ഒരു സുപ്രഭാതത്തിൽ അവരോട് കടകൾ അടച്ചിടാൻ പറഞ്ഞു. രണ്ട് മാസമായി അവരുടെ ഉത്പാദനം നിർത്തിവെച്ചിരിക്കുന്നു. കടകൾ അടച്ചിട്ടിരിക്കുന്നു. അവർ അതുവരെ ഉണ്ടാക്കിവെച്ചിരുന്ന സ്റ്റോക്കുകൾ മുഴുവൻ നശിച്ച് പോയിരിക്കുന്നു. മിക്ക ഉൽപ്പന്നങ്ങളും ഉപയോ​ഗിക്കാൻ കൊള്ളാതായിരിക്കുന്നു. വിറ്റ് വരവ് ഇല്ലാത്തതുകൊണ്ട് അവരുടെ വായ്പ അടവ് മുടങ്ങിയിരിക്കുന്നു.

ഇനി അവർ ആ സ്ഥാപനം തുറന്ന് പ്രവർത്തിക്കണം എങ്കിൽ ഒട്ടേറെ രൂപ അറ്റകുറ്റപ്പണിക്ക് വേണ്ടി മുടക്കണം. ഫാക്ടറികളും മറ്റും നശിച്ച് പോയിരിക്കുന്നു. മെഷീനുകൾ പലതും വീണ്ടും റിപ്പയർ ചെയ്യേണ്ട സാഹചര്യം ഉണ്ടായിരിക്കുന്നു. കരണ്ട് ചാർജ്ജും നികുതിയും അടക്കമുള്ളവയൊക്കെ ഇപ്പോഴും അവർ തുടർന്ന് കൊടുത്തുകൊണ്ടിരിക്കണം താനും. രണ്ടോമൂന്നോ ജീവനക്കാർ മുതൽ പത്തും ഇരുപതും ജീവനക്കാർ വരെയുള്ളവയാണ് ഇത്തരം സ്ഥാപനങ്ങളൊക്കെ. ഈ ജീവനക്കാരൊക്കെയും അവരുടെ കുടുംബം പോറ്റിയിരുന്നത് ഈ സ്ഥാപനത്തെ ആശ്രയിച്ചാണ്. അതുകൊണ്ട് തന്നെ അവർക്ക് ജീവിക്കാനുള്ള ശമ്പളം കൊടുക്കാതിരിക്കാനും നിവൃത്തിയൊന്നുമില്ല. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP