Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഫ്ഗാൻ ആശുപത്രി ആക്രമണത്തിന് പുറകിൽ ഐ എസ് എന്ന് അമേരിക്ക; പ്രസവ വാർഡ് തേടിയെത്തി അമ്മമാരെ കൊന്നത് ക്രൂരതയുടെ തോത് വർദ്ധിപ്പിച്ച് ലോകത്തെ ഭയപ്പെടുത്താൻ; സ്ത്രീകളും നവജാത ശിശുക്കളും ഉൾപ്പടെ 24 പേരുടെ മരണത്തിനിടയാക്കിയ തീവ്രവാദി ആക്രമണത്തെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകൾ

അഫ്ഗാൻ ആശുപത്രി ആക്രമണത്തിന് പുറകിൽ ഐ എസ് എന്ന് അമേരിക്ക; പ്രസവ വാർഡ് തേടിയെത്തി അമ്മമാരെ കൊന്നത് ക്രൂരതയുടെ തോത് വർദ്ധിപ്പിച്ച് ലോകത്തെ ഭയപ്പെടുത്താൻ; സ്ത്രീകളും നവജാത ശിശുക്കളും ഉൾപ്പടെ 24 പേരുടെ മരണത്തിനിടയാക്കിയ തീവ്രവാദി ആക്രമണത്തെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകൾ

മറുനാടൻ മലയാളി ബ്യൂറോ

കാബൂളിലെ ദഷ്ട് ഇ ബാർച്ചി ആശുപത്രിയിൽ കഴിഞ്ഞദിവസം നടന്ന അരുംകൊല ഒരല്പമെങ്കിലും മനുഷ്യത്വം അവശേഷിക്കുന്ന ആരുടേയും ഉറക്കം കെടുത്തുന്നതായിരുന്നു. ഭൂമിയിലേ എത്തിനോക്കിയിട്ട് അധികനേരം ആകാത്ത പിഞ്ചുകുട്ടികളും അമ്മമാരും വെടിയുണ്ടകൾക്കിരയായത് ഒരു ഞെട്ടലോടെ മാത്രമേ ലോകത്തിന് ഓർക്കാനാകൂ. എന്നാൽ സ്ത്രീകളും കുട്ടികളും മരിക്കാനിടയായത് ആക്രമണത്തിനിടയിൽ തീവ്രവാദികൾക്ക് സംഭവിച്ച കൈയബദ്ധമല്ലെന്നാണ് പുറത്ത് വരുന്ന വിവരം. അവർ ഉന്നം വച്ചത് അമ്മമാരേയും കുട്ടികളേയും തന്നെയായിരുന്നു.

മെഡിസിൻ സാൻസ് ഫ്രണ്ടിയേഴ്സ് (എം എസ് എഫ്) എന്ന സംഘടയാണ് ഈ ആശുപത്രിയുടെ ചുമതലക്കാർ. ഈ അന്താരാഷ്ട്ര സംഘടനയുടെ അഫ്ഗാൻ പ്രവർത്തനങ്ങളുടെ ചുമതലക്കാരനായ ഫ്രെഡറിക് ബോണോറ്റ് പറയുന്നത് തീവ്രവാദികൾ ഉന്നം വച്ചത് അമ്മമാരേയായിരുന്നു എന്നാണ്. ആശുപത്രിയിലേക്കുള്ള പ്രവേശന കവാടത്തിനോട് ചേർന്ന് മറ്റ് വാർഡുകൾ ഉണ്ട്. അവിടെയെങ്ങും നിൽക്കാതെ, ആക്രമണം അഴിച്ചുവിടാതെ അവർ ഏറെ അകത്തുള്ള പ്രസവവാർഡിലേക്കാണ് നേരെ കയറിച്ചെന്നതും ആക്രമണം അഴിച്ചു വിട്ടതും എന്നതുതന്നെ ഇതിന് തെളിവാണെന്നാണ് അദ്ദേഹം പറയുന്നത്.

ആമിന എന്ന കുഞ്ഞ് ഈ ലോകത്തേക്ക് കടന്നുവന്നിട്ട് കേവലം രണ്ടുമണിക്കൂർ മാത്രമേ ആയിട്ടുണ്ടായിരുന്നുള്ളു, ഈ കൊടും കുറ്റവാളികൾ അവൾ കിടക്കുന്ന വാർഡിലേക്ക് തോക്കുമായി എത്തുമ്പോൾ. അമ്മയുടെ മുലപ്പാൽ ഞൊട്ടിനുണയുവാനുള്ള ഭാഗ്യം പോലും അവൾക്ക് നൽകാതെ ആ മനുഷ്യ പിശാചുക്കൾ അവളുടെ അമ്മയുടെ നെഞ്ചിലേക്ക് നിറയൊഴിക്കുകയായിരുന്നു. രണ്ട് മണിക്കൂർ മാത്രം പ്രായമുള്ള കുഞ്ഞിന് നേരെയും തോക്ക് ചൂണ്ടാൻ ആ നരാധമന്മാർ മടിച്ചില്ല, പക്ഷെ ഉന്നം തെറ്റിയ വെടിയുണ്ട് തുളച്ച് കയറിയത് ആ പിഞ്ചുകാലിലായിരുന്നെന്നു മാത്രം.

അവളെ ഒരു ശസ്ത്രക്രിയക്ക് വിധേയമാക്കി വെടിയുണ്ട എടുത്തു മാറ്റിയെങ്കിലും, പരിക്കേറ്റ കാലിന്റെ അവസ്ഥ എന്തായിരിക്കും എന്നറിയാൻ ഇനിയും കാത്തിരിക്കേണ്ടിവരുമെന്നാണ് ഡോക്ടർമാർ പറയുന്നത്. കാൽ മുറിച്ചു കളയാൻ ഇടവരുത്തല്ലെ എന്ന് പ്രാർത്ഥിക്കുകയാണ് അവളുടെ പിതാവും മറ്റ് ബന്ധുക്കളും. ഇന്നത്തെ അഫ്ഗാൻ സമൂഹത്തിൽ അംഗഭംഗം വന്ന ഒരു പെൺകുട്ടിയുടെ ജീവിതം നരകതുല്യമാണെന്ന യാഥാർത്ഥ്യമാണ് അതിനു കാരണം.

ആമിനയോളം ഭാഗ്യം പക്ഷെ മറ്റ് പലർക്കും ഉണ്ടായില്ല. പതിനാറ് പിഞ്ച് ആത്മാക്കളാണ് പുറംലോകം കാണാനാകാതെ, സ്വപ്നങ്ങളും നെഞ്ചിലൊതുക്കി ഗർഭപാത്രത്തിനകത്തു തന്നെ ജീവൻ വെടിഞ്ഞത്. പ്രസവ വാർഡിൽ കിടന്നിരുന്ന 16 ഗർഭിണികളേയാണ് ഈ ക്രൂരർ ഗർഭസ്ഥ ശിശുക്കൾക്കൊപ്പം ഇല്ലാതെയാക്കിയത്. പ്രസവം കഴിഞ്ഞ 8 സ്ത്രീകളും രണ്ടു കുട്ടികളും കൂടി ഇവരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.

ആക്രമണത്തിനിടയിൽ, ജീവനും കൊണ്ടോടി ഒരു ഇരുട്ടുമുറിയിൽ ഒളിച്ചിരുന്ന ഗർഭിണി പ്രസവിച്ച കഥ ആരുടേയും ഹൃദയം തകർക്കുന്നതാണ്. അവരോടൊപ്പം അവിടെ ഒളിച്ച ഒരു മിഡ്വൈഫും മറ്റു ചില സ്ത്രീകളും ചേർന്നാണ് പ്രസവമെടുത്തത്. പുറത്തുവന്ന കുഞ്ഞിന്റെ കരച്ചിൽ പുറത്ത് കേൾക്കാതിരിക്കാൻ വായപൊത്തിപ്പിടിക്കേണ്ടി വന്ന കാര്യം പറയുമ്പോൾ ആ മിഡ്വൈഫ് ഏങ്ങലടിക്കുന്നുണ്ടായിരുന്നു. കൈകൾ കൊണ്ട് പൊക്കിൾ കൊടി മുറിക്കേണ്ടിവന്നതും പിന്നെ അവിടെയുള്ള സ്ത്രീകളുടെ ശിരോവസ്ത്രങ്ങൾ ഊരിയെടുത്ത് അമ്മയേയും കുഞ്ഞിനേയും പുതപ്പിച്ചതുമൊക്കെ കേൾക്കുമ്പോൾ മനസ്സാക്ഷിയുള്ള ആരുടെ മനസ്സും വിറങ്ങലിച്ചുപോകും.

അഫ്ഗാനിസ്ഥാനിലെ പൊതുവേ അശാന്തമായ മേഖലയിലാണ് ഈ ആശുപത്രി സ്ഥിതിചെയ്യുന്നത്. ദിവസേന 74 പേരോളമെങ്കിലും ഇവിടെ അക്രമങ്ങളിൽ മരിക്കാറുണ്ടായിരുന്നു എന്നാണ് കണക്ക്. എന്നാൽ പിന്മാറ്റത്തിനുള്ള മുന്നോടിയായി അമേരിക്ക താലിബാനുമായി ഉണ്ടാക്കിയ ഉടമ്പടി ഈ മേഖലയിൽ സ്വാതന്ത്ര്യം കൊണ്ടുവരുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്.

മേഖലയിൽ സമാധാനം പുലരാൻ ആഗ്രഹിക്കാത്ത ഇസ്ലാമിക് സ്റ്റേറ്റ്സാണ് ഈ കൊടും ക്രൂരതക്ക് പിന്നിൽ എന്നാണ് അമേരിക്ക പറയുന്നത്. സമാധാനത്തിന് തയ്യാറായെത്തിയ താലിബാനെ പ്രതികൂട്ടിൽ നിർത്തി സമാധാന ശ്രമങ്ങൾ തകർക്കുക എന്നതാണ് അവരുടെ ലക്ഷ്യമെന്നും അമേരിക്ക ആരോപിക്കുന്നു.ഈ ആക്രമണത്തിനു ശേഷംഒരു ശവസംസ്‌കാര ചടങ്ങിനിടയിൽ ഒരു ചാവേർ നടത്തിയ ആക്രമണത്തിൽ 32 പേർ മരണമടഞ്ഞിരുന്നു. ഇതിന്റെ ഉത്തരവാദിത്തം ഐ എസ് ഏറ്റെടുത്തിട്ടുണ്ടെങ്കിലും ആശുപത്രി ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP