Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൂന്ന് മാസത്തെ നികുതി കുറച്ചാലേ ബാറുകളിൽ ബീവറേജസ് വിൽക്കൂ എന്നു പറയുന്നത് ഒത്തുകളി മറയ്ക്കാനുള്ള ഗൂഢാലോചന; കൗണ്ടറുകൾ ഒരുക്കി വിൽപ്പന നടത്തി കോടികൾ കൊയ്യാൻ ഒരുങ്ങി ബാറുടമകൾ; ബീവറേജസിനെ വഴിയാധാരമാക്കി ബാറുകൾക്ക് മദ്യവിൽപ്പന കൗണ്ടർ തുടങ്ങുമ്പോൾ സർക്കാർ ഖജനാവിൽ നിന്നും ചോരുന്നത് കോടികൾ

മൂന്ന് മാസത്തെ നികുതി കുറച്ചാലേ ബാറുകളിൽ ബീവറേജസ് വിൽക്കൂ എന്നു പറയുന്നത് ഒത്തുകളി മറയ്ക്കാനുള്ള ഗൂഢാലോചന; കൗണ്ടറുകൾ ഒരുക്കി വിൽപ്പന നടത്തി കോടികൾ കൊയ്യാൻ ഒരുങ്ങി ബാറുടമകൾ; ബീവറേജസിനെ വഴിയാധാരമാക്കി ബാറുകൾക്ക് മദ്യവിൽപ്പന കൗണ്ടർ തുടങ്ങുമ്പോൾ സർക്കാർ ഖജനാവിൽ നിന്നും ചോരുന്നത് കോടികൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കാലത്തിന്റെ മറവിൽ ബാറുകളും സർക്കാറുകളും തമ്മിൽ ഒത്തുകളി. സംസ്ഥാനത്ത് മദ്യവിൽപ്പന പുനരാരംഭിക്കാൻ ഇരിക്കവേ ബീവറേജസ് കോർപ്പറേഷൻ വഴി മാത്രമല്ല മദ്യവിൽപ്പനക്ക് സർക്കാർ പ്ലാൻചെയ്യുന്നത്. ബാറുകാർക്കും സഹായകരമായ വിധത്തിൽ അവർക്ക് കൗണ്ടർ വിട്ടു നൽകി കൊണ്ടുള്ള തീരുമാനം കൈക്കൊള്ളുമ്പോൾ ഖജനാവിന് തന്നെയാണ് വലിയ നഷ്ടം വരാനിരിക്കുന്നത്. ബീവറേജസ് കോർപറേഷന്റെ വിൽപന കേന്ദ്രങ്ങൾക്കൊപ്പം ബാർ കൗണ്ടറുകൾ കൂടി തുറക്കുമ്പോൾ സർക്കാരിനു കോടികളുടെ നഷ്ടമാകുമ്പോൾ ബാറുടമകൾക്കു വൻ കൊയ്ത്തിനുള്ള അവസരമാണ് ഒരുങ്ങുന്നത്.

ബവ്‌കോ വിൽപന കേന്ദ്രങ്ങൾ വഴിയുള്ള മദ്യവിൽപനയിലൂടെ സർക്കാരിനു നേരിട്ടു കിട്ടേണ്ട വരുമാനം വിഭജിക്കപ്പെട്ടു പോകുന്നതിനു പിന്നിൽ അഴിമതിയുണ്ടെന്നു പ്രതിപക്ഷം ആരോപണത്തെ ശരിവെക്കുന്ന വിധത്തിലാണ് കാര്യങ്ങളുടെ പോക്ക്. ഈ അഴിമതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നതോടെ ഇപ്പോൾ പുതിയ തന്ത്രവുമായി ബാറുടമകളും രംഗത്തുവന്നു. ബാർ ലൈസൻസ് ഫീസ് കുറയ്ക്കണം എന്ന ആവശ്യമാണ് ഇവർ സർക്കാർ മുമ്പാകെ വെച്ചിരിക്കുന്നത്. എങ്കിൽ മാത്രമേ ബാറുകൾ വഴി മദ്യവിൽപ്പന നടത്തുകയുള്ളൂ എന്നാണ് ഇവർ ഇപ്പോൾ പറയുന്നത്. എന്നാൽ ഈ വാദത്തിന് പിന്നിലും ഗൂഢാലോചനയാണ്. സർക്കാറും ബാർ ഉടമകളും തമ്മിലുള്ള ഒത്തുകളി ഒഴിവാക്കാൻ വേണ്ടിയാണ് ഈ നീക്കമെന്നാണ് അറിയുന്നത്.

ബവ്‌കോ വഴി മദ്യവിൽപനയ്ക്കു സർക്കാർ തീരുമാനിച്ചതിനൊപ്പമാണു ബാറുകളിലൂടെയും അതേ വിലയ്ക്കു മദ്യം വിൽക്കാൻ തീരുമാനിച്ചത്. ഇതിനായി നിയമ ഭേദഗതി വരുത്തുകയും മദ്യം വാങ്ങാൻ ടോക്കൺ ഏർപ്പെടുത്താൻ മൊബൈൽ ആപ് വികസിപ്പിക്കുകയും ചെയ്തു. 'മദ്യം വിൽക്കാമോ' എന്നു ബാർ ഉടമകളുടെ സമ്മതപത്രവും തേടി. സംസ്ഥാനത്ത് 265 ബവ്‌കോ വിൽപന കേന്ദ്രങ്ങളും 35 കൺസ്യൂമർഫെഡ് വിൽപന കേന്ദ്രങ്ങളുമാണുള്ളത്. 2001819 സാമ്പത്തിക വർഷം മദ്യവിൽപനയിലൂടെ 12400 കോടി രൂപയോളം ഖജനാവിലേക്കു ലഭിച്ചു. നിലവിൽ 605 ബാറുകളും 387 ബീയർ ആൻഡ് വൈൻ പാർലറുകളും സംസ്ഥാനത്തുണ്ട്. ബവ്‌കോ വിൽപന കേന്ദ്രങ്ങൾ വഴിയുള്ള മദ്യവിൽപന വഴി പ്രതിദിനം ശരാശരി 40 കോടി രൂപയാണു ഖജനാവിൽ എത്തുന്നത്. ബാറുകളും വൈൻ പാർലറും ബവ്‌കോയും ഒരുമിച്ചു തുറക്കുമ്പോൾ ഈ വരുമാനം വിഭജിക്കപ്പെടും. അതായത്, ഖജനാവിൽ എത്തിയിരുന്നതിന്റെ മൂന്നിലൊന്നേ ഇനി ലഭിക്കൂ. മൂന്നിൽ രണ്ടും ബാർ ഉടമകൾക്ക്.

ഒരു കുപ്പി മദ്യം വിൽക്കുമ്പോൾ ബവ്‌കോയ്ക്ക് 20% ലാഭം കിട്ടിയിരുന്നത് ഇനി ബാറുടമകൾക്കും ലഭിക്കും. സർക്കാർ വികസിപ്പിക്കുന്ന ആപ്പിൽ ഉപഭോക്താവിനു വിൽപന കേന്ദ്രം തിരഞ്ഞെടുക്കാൻ കഴിയുന്നില്ലെങ്കിൽ, ആപ്പ് വികസിപ്പിച്ച സ്റ്റാർടപ് കമ്പനി ഇഷ്ടമുള്ള ബാറിലേക്ക് ഉപഭോക്താവിനെ തള്ളി വിടും. അവിടെയും നഷ്ടം സർക്കാരിനാണ്. മദ്യവിൽപ്പനയ്ക്ക് വെർച്വൽ ക്യൂ സംവിധാനം ഒരുക്കാൻ തെരഞ്ഞെടുത്ത ആപ്പിന്റെ ട്രയൽ തുടങ്ങിയിട്ടണ്ട്. എറണാകുളത്തെ സ്റ്റാർട്ട് അപ്പ് കമ്പനിയാണ് ആപ്പ് തയ്യാറാക്കിയത്. മദ്യവിൽപ്പന സംബന്ധിച്ച മാർഗനിർദേശങ്ങൾ ഇന്ന് പുറത്തിറക്കുമെന്നും വ്യാഴാഴ്ചയോടെ മദ്യവിതരണം തുടങ്ങിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ഔട്ട്ലറ്റുകളിൽ മദ്യവിതരണത്തിന് ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. പ്രതിദിനം ഏഴു ലക്ഷത്തോളംപേർ മദ്യം വാങ്ങാൻ എത്തുമെന്നാണ് കണക്കാക്കുന്നത്. മദ്യം വാങ്ങിക്കാനുള്ള ടോക്കണുകൾ ആപ്പിലൂടെ വിതരണം ചെയ്യാനാണ് നീക്കം. സമയം അനുസരിച്ച് ടോക്കൺ ലഭിക്കും. ടോക്കണിലെ ക്യൂആർ കോഡ് ബിവറേജസ് ഷോപ്പിൽ സ്‌കാൻ ചെയ്തശേഷം മദ്യം നൽകും. മൊബൈൽ നമ്പർ ഉപയോഗിച്ചാണ് ആപ്പിൽ രജിസ്റ്റർ ചെയ്യേണ്ടത്. അടുത്തുള്ള ഷോപ്പുകളും തിരക്കു കുറഞ്ഞ ഔട്ട്‌ലറ്റുകളും തിരഞ്ഞെടുക്കാൻ ഉപഭോക്താക്കൾക്ക് അവസരമുണ്ടാകും. ബിവറേജസിന്റെയും കൺസ്യുമർ ഫെഡിന്റെയും ഔട്ട്ലറ്റുകളും ബാറുകളും ബിയർ വൈൻ പാർലറുകളും ഉൾപ്പെടെ സംസ്ഥാനത്താകെയുള്ള 1200 ഓളം മദ്യവിതരണ ശാലകളുടെ വിവരം ആപ്പിൽ ഉൾപ്പെടുത്തും.

ബാറുകളിൽ മദ്യം പാഴ്‌സൽ നൽകാനുള്ള തീരുമാനത്തിന് പുറമേ ബാർ ലൈസൻസ് ഫീസിലും ഇളവ് നൽകാൻ സർക്കാർ ഒരുങ്ങുന്നതായി സൂചനയുണ്ട്. കോവിഡിന്റെ മറവിൽ ബാറുകളിൽ പ്രത്യക്ഷ കൗണ്ടർ അനുവദിക്കുന്നത് ബിവറേജസ് ഔട്ട് ലെറ്റുകളെ ബാധിക്കുമെന്നത് ഉറപ്പാണ്. വേണമെങ്കിൽ കോവഡു കാലത്ത് ബിവറേജിനെ കൊണ്ട് കൂടുതൽ താൽകാലിക കൗണ്ടറുകളും സംസ്ഥാനത്തുടനീളം തുറക്കാം. ഇതൊക്കെ അവസരമായി മുന്നിൽ ഉണ്ടായിട്ടും സർക്കാർ അതിന് തയ്യാറാകുന്നില്ലെന്നതാണ് വസ്തുത.

കേരളത്തിലെ മൊത്തം ബാറുകളുടെ എണ്ണം 598 ആണ്. ബിയർ ആൻഡ് വൈൻ പാർലറുകൾ 357. ആകെ 955 എണ്ണം. സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന ബിവറേജസ് ഔട്ട് ലെറ്റുകൾ 265, കൺസ്യുമർ ഫെഡ്ഡിന്റെ ഔട്ട് ലെറ്റുകൾ 36. ആകെ ഔട്ട് ലെറ്റുകൾ 301. ഈ 301 ഔട്ട് ലെറ്റുകളോടൊപ്പം ബാറുകളുടെ 955 ഔട്ട് ലെറ്റുകൾ കൂടെ പുതുതായി വരികയാണ്. അതിന്റെ അർത്ഥം സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഔട്ട്ലെറ്റുകളുടെ മൂന്നിരിട്ടി സ്വകാര്യ ഔട്ട്ലെറ്റുകൾ കേരളത്തിൽ വരാൻ പോകുന്നു എന്നാണ്. മദ്യം പാഴ്സലായി ബാറുകളിലൂടെ നൽകിയാൽ ബിവറേജസ് ഒട്ട് ലെറ്റുകളിലെ കച്ചവടെ പാടെ കുറയും. ഇത് ഫലത്തിൽ സർക്കാരിന്റെ വരുമാനത്തേയും ബാധിക്കും. എന്നിട്ടും ബാറുകളെ സഹായിക്കാനുള്ള പാഴ്സൽ സംവിധാനത്തിന് പിന്നിൽ അഴിമതിയാണെന്നാണ് ഉയരുന്ന ആരോപണം. 2018-19 ൽ ബിവറേജസിന്റെ വരുമാനം 12400 കോടി രൂപയാണ്. അത് ഗണ്യമായി കുറയാൻ പോവുകയാണ്. ബാറുകാരുമായി സിപിഎം ഉണ്ടാക്കിയിട്ടുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഫലമാണ് ഈ തിരുമാനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നു. ഇതിൽ മറ്റൊരു ആശങ്ക കൂടിയുണ്ട്. സെക്കന്റ്സ് എന്ന് പറയുന്ന വ്യാജ മദ്യം ഒഴുകാനുള്ള സാധ്യത.

സ്വകാര്യമേഖലക്ക് ചില്ലറ മദ്യവിപ്പന തിറെഴുതിക്കൊടുക്കുന്ന നയവ്യതിയാനം സമൂഹത്തിൽ അതീവ ഗുരുതരമായ പ്രശ്നങ്ങളാണ് ഉണ്ടാക്കാൻ പോകുന്നത്. 1984 ഫെബ്രുവരി 23 നാണ് സംസ്ഥാനത്ത് ബിവറേജസ് കോർപ്പറേഷൻ നിലവിൽ വന്നത്. അതിന് മുമ്പ് കേരളത്തിൽ മദ്യക്കച്ചവടം സ്വകാര്യമേഖലയിരുന്നു. അതിന്റെ ഫലമായി കേരളത്തിൽ അടിക്കടി മദ്യദുരന്തങ്ങളുണ്ടായി. ആ പശ്ചാത്തലത്തിലാണ് സർക്കാർ ഇത് ഏറ്റെടുക്കാൻ തിരുമാനിച്ചത്. അന്ന് പതിനാല് ജില്ലകളിൽ പതിനാല് ഔട്ട്‌ലറ്റുകളാണ് ആരംഭിച്ചത്. അതോടൊപ്പം സ്വകാര്യമേഖലയിലെ ചില്ലറ വിൽപ്പന 2002വരെ തുടർന്നു. അന്ന് ഒരു ചില്ലറ വിൽപ്പന ശാല അമ്പത് ലക്ഷം മുതൽ ഒരു കോടി വരെ രൂപക്കായിരുന്നു ലേലത്തിൽ പോയിരുന്നത്. അതനുസരിച്ച് ഇത്രയും വർഷങ്ങൾക്ക് ശേഷം ചില്ലറ വിൽപ്പന ശാലകൾ ലേലം ചെയ്താൽ മൂന്ന് കോടി മുതൽ അഞ്ച് കോടി വരെ കിട്ടാനുള്ള സാധ്യത ഉണ്ട്. അതാണ് സൗജന്യമായി ബാറുടമകൾക്ക് നൽകിയിരിക്കുന്നത്.

ഓരോ ബാറിൽ നിന്നും ഒരു ലക്ഷം രൂപ വീതം പിരിവു നടന്നുവെന്നാണ് യുഡിഎഫ് ആരോപണം. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടിയുള്ള സിപിഎം തയ്യാറെടുപ്പാണ് ഇതിന് പിന്നിലെന്നും ആരോപണമുണ്ട്. അതീവ രഹസ്യമായാണ് ചർച്ചകൾ നടക്കുന്നതെന്നും അവർ പറയുന്നു. ബിയർ പാർലറിൽ നിന്നും പിരിവ് നടക്കുന്നുവെന്ന ആക്ഷേപവും ഉണ്ട്. ബാറുകളിൽ മദ്യം വില കൂട്ടിയാണ് കൊടുക്കാറുള്ളത്. അതുകൊണ്ടാണ് സാധാരണക്കാർ ബിവറേജുകളേയും കൺസ്യൂമർ ഫെഡ് ഔട്ട് ലെറ്റുകളേയും കൂടുതലായി ആശ്രയിക്കുന്നത്. എന്നാൽ പാഴ്സൽ കൊടുക്കുമ്പോൾ ബിവറേജസുകളിലെ അതേ വിലയ്ക്ക് ബാറിലും കൊടുക്കണം. പ്രത്യക്ഷത്തിൽ നല്ല തീരുമാനമായി തോന്നുമെങ്കിലും ഇതിന് പിന്നിൽ മദ്യ കച്ചവടം ബാറിലേക്ക് കേന്ദ്രീകരിക്കാനുള്ള നീക്കമാണ്. രണ്ടിടത്തും വില ഒന്നാകുമ്പോൾ എല്ലാവരും തൊട്ടടുത്തുള്ള ബാറുകളിൽ പോയി പാഴ്സൽ വാങ്ങും. ഇതോടെ ബിവറേജിന്റെ കാര്യവും തീരും.

കോവിഡുകാലത്തെ താൽകാലിക സംവിധാനമായി ഇതിനെ സർക്കാർ ഉയർത്തിക്കാട്ടുന്നു. എന്നാൽ ചുരുങ്ങിയത് ഒരു കൊല്ലമെങ്കിലും കൊറോണയുടെ ഭീതി തുടരും. ഈ സാഹചര്യത്തിൽ നീണ്ട കാലത്തേക്ക് ബാറുകളിൽ പാഴ്സൽ വിൽപ്പന തകൃതിയായി നടക്കും. 2002 ൽ കേരളത്തിൽ സ്വകാര്യ മേഖലയിൽ മദ്യത്തിന്റെ ചില്ലറ വിൽപ്പന അവസാനിപ്പിക്കുകയാണുണ്ടായത്. മദ്യവിപണനത്തിന്റെ പൂർണ്ണ നിയന്ത്രണം അന്ന് സർക്കാർ ഏറ്റെടുത്തു. എന്നാൽ ഇപ്പോൾ കോവിഡിന്റെ മറവിൽ മദ്യത്തിന്റെ ചില്ലറ വിൽപ്പന കൗശലപൂർവ്വം സ്വകാര്യമേഖലക്ക് തീറെഴുതിക്കൊടുകയാണെന്നാണ് പ്രതിപക്ഷ ആരോപണം.

ഇതിന് പിന്നിൽ വലിയ അഴിമതിയുണ്ടെന്ന് യുഡിഎഫ് പറയുന്നു. ത്രിസ്റ്റാർ ഹോട്ടലുകളിൽ മാത്രമാണ് ബാർ ലൈസൻസ് കൊടുക്കാൻ കഴിയുന്നത്. ഇതുമായി ബന്ധപ്പെട്ടാണ് യുഡിഎഫിനെതിരെ ആരോപണങ്ങൾ എത്തിയത്. സംസ്ഥാനത്തുള്ള ടു സ്റ്റാർ ഹോട്ടലുകളെ എല്ലാം പിന്നീട് അധികാരത്തിൽ എത്തിയ ഇടതു പക്ഷം എല്ലാ ടു സ്റ്റാറുകളേയും ത്രി സ്റ്റാറുകളാക്കി ഉയർത്തി. വലിയ അഴിമതിയാണ് അന്ന് നടന്നത്. ഈ ശതകോടികൾ ഉപയോഗിച്ചായിരുന്നു പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇടതു പക്ഷത്തിന്റെ പ്രചാരണം. ഇപ്പോഴിതാ തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തു. അപ്പോൾ പുതിയ നീക്കം. പെട്രോളിന്റെ എക്സൈസ് നികുതിയിലെ സംസ്ഥാന വിഹിതം കുറച്ച് ജനങ്ങൾക്ക് ആശ്വാസം നൽകാത്ത പിണറായി സർക്കാരാണ് ബാറുകളുടെ ലൈസൻസ് ഫീസ് കുറയ്ക്കാൻ മുന്നിൽ നിൽക്കുന്നത്. ഇതിന് പിന്നിലും കോടികളുടെ അഴിമതിയാണെന്ന് പ്രതിപക്ഷം പറയുന്നു.

കോവിഡിന്റെ മറവിൽ സർക്കാർ നടത്തിയ തീവെട്ടി കൊള്ളയാണ് ബാറുകൾക്കും നൽകിയ ചില്ലറ വില്പനയ്ക്കുള്ള അനുമതി. രണ്ട് ദശാബ്ദങ്ങൾക്ക് ശേഷമാണ് മദ്യത്തിന്റെ ചില്ലറ വില്പനയിൽ സർക്കാരിന്റെ കുത്തക അവസാനിപ്പിച്ച് അത് മദ്യമുതലാളിമാരെ ഏല്പിക്കുന്നത്. കോടികളുടെ അഴിമതിയാണ് ഇതിന് പിന്നിൽ. മദ്യത്തിന്റെ ചില്ലറ വില്പനയിലൂടെ ബിവറേജസ് കോർപ്പറേഷന് ലഭിക്കുന്ന 20 ശതമാനം കമ്മീഷൻ സർക്കാരിന്റെ ഖജനാവിലേക്കാണ് പോകുന്നതെങ്കിൽ ബാറുകളിൽ ബിവറേജസ് നിരക്കിൽ വിൽക്കുന്ന മദ്യത്തിന്റെ കമ്മീഷൻ മദ്യമുതലാളിമാരുടെ പോക്കറ്റിലേക്കാണ് പോകുന്നത്. ബിവറേജസ് ഔട്ടലെറ്റുകളുടെ മൂന്നിരട്ടി ഔട്ട്‌ലെറ്റുകൾ ബാറുകളിൽ തുറക്കുന്നതോടെ ബിവറേജസ് ഔട്ടലെറ്റുകളിലെ വില്പന വല്ലാതെ ഇടിയുകയും അവ കാലക്രമത്തിൽ അടച്ചു പൂട്ടുകയും ചെയ്യും. സർക്കാരിന്റെ ലക്ഷ്യവും അതാണെന്നാണ് ഉയരുന്ന ആരോപണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP