Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരള രാഷ്ട്രീയം മനസിലാക്കാൻ കഴിയാതെ പോകുന്നത് തരൂരിന്റെ പ്രശ്‌നം; കേരളത്തിന്റെ ആരോഗ്യ നേട്ടത്തിൽഎല്ലാ സർക്കാറുകൾക്കും പങ്കുണ്ട്; മദ്യ വിൽപ്പന ബാർ മുതലാളിമാരെ ഏൽപ്പിച്ച് സർക്കാർ അവരെ അതിസമ്പന്നരാക്കുന്നു; 19 പാർലമെന്റ് സീറ്റിൽ വിജയം കാണിക്കുന്നത് പ്രതിപക്ഷത്തിന്റെ ദുർബലതയല്ല; സ്പ്രിങ്‌ളറിന്റെ ലക്ഷ്യം പിണറായിയുടെ തിരഞ്ഞെടുപ്പ് വിജയം; സൈബർ ആക്രമണങ്ങളിൽ ചൂളിപ്പോകില്ല; വരുന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വരും; രമേശ് ചെന്നിത്തലയുടെ അഭിമുഖത്തിന്റെ രണ്ടാം ഭാഗം

കേരള രാഷ്ട്രീയം മനസിലാക്കാൻ കഴിയാതെ പോകുന്നത് തരൂരിന്റെ പ്രശ്‌നം; കേരളത്തിന്റെ ആരോഗ്യ നേട്ടത്തിൽഎല്ലാ സർക്കാറുകൾക്കും പങ്കുണ്ട്; മദ്യ വിൽപ്പന ബാർ മുതലാളിമാരെ ഏൽപ്പിച്ച് സർക്കാർ അവരെ അതിസമ്പന്നരാക്കുന്നു; 19 പാർലമെന്റ് സീറ്റിൽ വിജയം കാണിക്കുന്നത് പ്രതിപക്ഷത്തിന്റെ ദുർബലതയല്ല; സ്പ്രിങ്‌ളറിന്റെ ലക്ഷ്യം പിണറായിയുടെ തിരഞ്ഞെടുപ്പ് വിജയം; സൈബർ ആക്രമണങ്ങളിൽ ചൂളിപ്പോകില്ല; വരുന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വരും; രമേശ് ചെന്നിത്തലയുടെ അഭിമുഖത്തിന്റെ രണ്ടാം ഭാഗം

എം മനോജ് കുമാർ

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാറിനെ പുകഴ്‌ത്തുന്ന തിരുവനന്തപുരം എം പി ശശി തരൂരിന് പരോക്ഷ വിമർശനുമായി പ്രതിക്ഷ നേതാവ് രമേശ് ചെന്നിത്തല. ശശി തരൂരിന് കേരളത്തിലെ രാഷ്ട്രീയം ദൈനം ദിനം അറിയാൻ കഴിയാത്ത പ്രശ്‌നമുണ്ടെന്നാണ് ചെന്നിത്തല പറഞ്ഞത്. കോൺഗ്രസ് രാഷ്ട്രീയത്തിനുള്ളിൽ വേറെ ഒരു രാഷ്ട്രീയം ശശി തരൂർ പയറ്റുന്നില്ല. കോൺഗ്രസിനെതിരായ ഒരു രാഷ്ടീയം തരൂർ കളിക്കാറില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം മറുനാടൻ മലയാളിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.

അഴിമതിയിൽ മുങ്ങിക്കുളിച്ച സർക്കാർ തന്നെയാണ് കേരളം ഭരിക്കുന്നതെന്നും ചെന്നിത്ത അഭിമുഖത്തിൽ ആരോപിച്ചു. അഴിമതി അന്വേഷണത്തിന്റെ കാര്യത്തിൽ വരെ സർക്കാരിനു ഇരട്ടത്താപ്പാണ്. സിആൻഡ് എജി പറഞ്ഞ വിഴിഞ്ഞം കാര്യങ്ങൾ അന്വേഷിക്കണം എന്ന് ഉത്തരവിട്ടപ്പോൾ ഇതേ സിഎജി ചൂണ്ടിക്കാട്ടിയ ഡിജിപി നടത്തിയ അഴിമതി അന്വേഷിക്കുന്നില്ല. 40000 കോടിയുടെ പദ്ധതികൾ നടക്കുന്ന കിഫ്ബിയിലെ അഴിമതി അന്വേഷിക്കേണ്ടതില്ല എന്നാണു മുഖ്യമന്ത്രി പറയുന്നത്. അഴിമതി അന്വേഷണങ്ങളിൽ വരെ ഇരട്ടത്താപ്പാണ് സർക്കാരിനുള്ളത്. ഇനിയും വെളിപ്പെടുത്താത്ത നിഗൂഡ ലക്ഷ്യങ്ങൾ സ്പ്രിങ്‌ളർ കമ്പനിക്ക് ഉണ്ടെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മറുനാടന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറയുന്നു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് വ്യക്തികളുടെ വിവരങ്ങൾ അനലൈസ് ചെയ്ത് വരുന്ന തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ വിജയം ഉറപ്പ് വരുത്തുകയാണ് ഈ ഏജൻസിയുടെ ലക്ഷ്യം. മദ്യവ്യാപാരികളെ അതി സമ്പന്നരാക്കാൻ മദ്യനയം മാറ്റിയിരിക്കുന്നു. ഒരു കുപ്പി മദ്യത്തിന് ലഭിക്കുന്ന ഇരുപത് ശതമാനം കമ്മിഷൻ സർക്കാരിനു ലഭിക്കേണ്ടതാണ്. ബാറുകളിലെ കൗണ്ടറുകൾ വഴി ബീവറേജസ് രീതിയിൽ മദ്യവിൽപ്പന നടക്കുമ്പോൾ സർക്കാർ ഖജനാവിലേക്ക് പോകേണ്ട പണം ബാറുടമകൾക്ക് ലഭ്യമാക്കുകയാണ് സർക്കാർ ചെയ്യുന്നത്. കൊറോണയിൽ ഇടത് സർക്കാർ മികച്ചതാണോ എന്ന് പറയാൻ വിലയിരുത്താൻ സമയമായിട്ടില്ല. ഫേക്ക് ഐഡികൾ വഴി വ്യാപകമായ ട്രോൾ ആക്രമണമാണ് സൈബർ സഖാക്കൾ നടത്തുന്നത്. ഇതിനു മുന്നിൽ ഒരിക്കലും ചൂളിപ്പോകില്ല. ആരോഗ്യ-വിദ്യാഭ്യാസ രംഗത്ത് കഴിഞ്ഞ 22 സർക്കാരുകൾ നൽകിയ നേട്ടമാണ് സർക്കാരിനു മുന്നിലുള്ളത്. അവസാനത്തെ ഉരുളകഴിച്ച് വയറു നിറയുമ്പോൾ അവസാനത്തെ ഉരുള മാത്രമാണ് വയറു നിറച്ചത് എന്ന് പറയുന്ന രീതിയാണിത്. രമേശ് ചെന്നിത്തല മറുനാടന് നൽകിയ എക്‌സ്‌ക്ലൂസീവ് അഭിമുഖത്തിന്റെ രണ്ടാം ഭാഗത്തിലേക്ക്:

  • ശശി തരൂരിന് പ്രോത്സാഹനം, പ്രതിപക്ഷ നേതാവിന് ഇകഴ്‌ത്തൽ ഇത് സംഭവിച്ചുകൊണ്ടിരിക്കുന്നു?

ശശി തരൂർ കോൺഗ്രസ് എംപിയാണെങ്കിലും ദേശീയ-അന്തർദേശീയ തലത്തിൽ പ്രവർത്തിക്കുന്ന ഒരു പാരമ്പര്യമുണ്ട്. ആ രീതിയിലാണ് തരൂരിന്റെ പ്രവർത്തനവും രീതികളും. തരൂർ സർക്കാരിനെ അനുകൂലിച്ച് നടത്തുന്ന പ്രസ്താവനകളും ഈ രീതിയിൽ തന്നെ കണ്ടാൽ മതി. തരൂരിന്റെ പ്രവർത്തന രീതി ഇതായിരിക്കെ കേരള രാഷ്ട്രീയത്തിലും ഇതേ ഇടപെടൽ തന്നെയാണ് അദ്ദേഹം നടത്തുന്നത്. സിപിഎം അദ്ദേഹത്തിനു നൽകുന്ന പിന്തുണയും ഈ രീതിയിൽ കണ്ടാൽ മതി. ശശി തരൂരിന് കേരളത്തിലെ രാഷ്ട്രീയം ദൈനം ദിനം അറിയാൻ കഴിയാത്ത ഒരു പ്രശ്‌നമുണ്ട്. കോൺഗ്രസ് രാഷ്ട്രീയത്തിനുള്ളിൽ വേറെ ഒരു രാഷ്ട്രീയം ശശി തരൂർ പയറ്റുന്നില്ല. കോൺഗ്രസിനെതിരായ ഒരു രാഷ്ടീയം തരൂർ കളിക്കാറില്ല എന്നാണ് എന്റെ പൂർണവിശ്വാസം. പ്രതിപക്ഷ നേതാവിനെ വിമർശിക്കുന്ന ഒരു രീതി സിപിഎം കൈക്കൊള്ളുന്നുണ്ടെങ്കിലും കൊറോണ കാലത്ത് കേന്ദ്ര-കേരള സർക്കാരിനു നൽകുന്ന പിന്തുണ ഈ രീതിയിൽ തന്നെ തുടരും. പക്ഷെ വിമർശിക്കുന്ന കാര്യത്തിൽ നിലവിലെ രീതി തുടരും. ഇപ്പോൾ സർക്കാർ കിറ്റ് വിതരണം നടത്തും. കിറ്റ് പൂർണമായി ജനങ്ങളുടെ കയ്യിലെത്തിയോ? എല്ലാ സാധനങ്ങളും കിറ്റിലുണ്ടോ? എന്തൊക്കെ പരാതികളാണ് ഉയർന്നത്. ഞങ്ങൾ അത് ചൂണ്ടിക്കാണിക്കേണ്ടതില്ലേ?

മദ്യവിൽപ്പന ബാർ മുതലാളിമാർക്ക് നൽകി സർക്കാർ അവരെ അതിസമ്പന്നരാക്കുന്നു:

സംസ്ഥാനത്ത് മദ്യത്തിന്റെചില്ലറ വിൽപ്പന സ്വകാര്യ മേഖലയിൽ നിന്ന് എടുത്തുമാറ്റിയാണ് സർക്കാർ മേഖലയിൽ കൊണ്ട് വന്നത്. ചാരായ നിരോധനത്തിനു ശേഷം ബീവറേജസ് കോർപറേഷൻ യുഡിഎഫ് സർക്കാർ കൊണ്ട് വന്നതാണ്. ഇപ്പോൾ കൊറോണയുടെ മറവിൽ മദ്യവിൽപ്പന സ്വകാര്യ വ്യക്തികൾക്ക് സർക്കാർ കൈമാറുകയാണ്. അതാണ് ബാറുകളിലൂടെ കൗണ്ടറുകളിലൂടെ ബീവറേജസ് കോർപ്പറേഷന്റെ മദ്യം വിൽക്കുന്നത്. അതിനുള്ളിലെ പ്രശ്‌നം നമ്മൾ കാണണം. ബീവറേജസ് ഔട്ട്ലെറ്റിൽ ഒരു കുപ്പി മദ്യം വിറ്റാൽ അതിൽ ഇരുപത് ശതമാനം കമ്മിഷനുണ്ട്. ആ ഇരുപത് ശതമാനം ഇപ്പോൾ പോകുന്നത് സര്ക്കാരിലേക്കാണ്. ബാറിൽ വിൽക്കുന്നതിന്റെ കമ്മിഷൻ പോകുന്നത് ബാർ മുതലാളിമാർക്കാണ് പോകുന്നത്. ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന്റെ സ്വകാര്യ വിൽപ്പന സ്വകാര്യവ്യക്തികൾക്ക് കൈമാറിയാൽ വരുന്ന മറ്റൊരു അപകടം സെക്കന്റ്‌സ് മദ്യത്തിന്റെ അപകടമാണ്. സെക്കന്റ്‌സ് മദ്യം ഇനിയും വരും. അതിലൂടെ കോടികളാണ് ബാർ മുതലാളിമാർ ലാഭമുണ്ടാക്കാൻ പോകുന്നത്. കൊറോണയുടെ മറവിൽ എന്തും ചെയ്യുകയാണ് ഇടത് സർക്കാരും ചെയ്യുന്നത്. കേന്ദ്ര സർക്കാരും ചെയ്യുന്നത് ഇതേ രീതിയാണ്.

കേന്ദ്ര സർക്കാർ എല്ലാം സ്വകാര്യ വത്ക്കരിക്കുകയാണ്. കൽക്കരി വ്യവസായം സ്വകാര്യവത്ക്കരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നു. പല സംസ്ഥാനങ്ങളിലും പന്ത്രണ്ട് മണിക്കൂറായി തൊഴിൽ സമയം നീട്ടിയിട്ടുണ്ട്. തൊഴിൽ നിയമങ്ങൾ കേന്ദ്രം കാറ്റിൽപ്പറത്തുന്നു. ഇതേ രീതിയിൽ തന്നെയാണ് ഇന്ത്യൻ നിർമ്മിത വിദേശമദ്യ വ്യാപാരം പിണറായി സർക്കാർ സ്വകാര്യ വ്യക്തികൾക്ക് നൽകിയിരിക്കുന്നത്. ഇതെല്ലാം വലിയ അഴിമതിയാണ്. കൊറോണ കാലത്ത് ആരും ചോദ്യം ചെയ്യില്ല എന്ന രീതിയിൽ ഭരണകൂടവും ഭരണാധികാരികളും ഏകാധിപത്യപരമായ രീതികളാണ് കൈക്കൊള്ളുന്നത്. ജനങ്ങൾക്ക് പ്രതിഷേധമായി പ്രകടനം നടത്താൻ കഴിയില്ലെങ്കിലും ഇതിനെതിരെയുള്ള പ്രതിഷേധം ജനങ്ങളുടെ മനസിലുണ്ട് എന്നവർ മനസിലാക്കണം.

കേരളത്തിന്റെ ആരോഗ്യരംഗത്തുണ്ടായിരിക്കുന്ന നേട്ടം ഈ സർക്കാരിന്റെ നേട്ടമായി ചിത്രീകരിക്കാൻ ധാരാളം ശ്രമം നടത്തുന്നുണ്ട്. അത് പറഞ്ഞ എ.കെ.ആന്റണിയെ മോശമായി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നുണ്ട്. തിരുവിതാംകൂറിന്റെയോ കേരളത്തിന്റെയോ ചരിത്രം എടുത്താൽ ആരോഗ്യ രംഗത്ത് നമ്മുടെ നേട്ടത്തിനു വർഷങ്ങളുടെ പാരമ്പര്യമുണ്ട്. ബ്രിട്ടീഷ് ഭരണകാലത്തും മഹാരാജാക്കന്മാർ ഭരിച്ച കാലത്തും ആരോഗ്യരംഗത്ത് നാം നല്ല രീതിയിൽ മുന്നോട്ടു പോയിട്ടുണ്ട്. പിണറായി സർക്കാർ കേരളത്തിലെ ഇരുപത്തിരണ്ടാമത് ഗവണ്മെന്റാണ്. ആരോഗ്യരംഗത്തും വിദ്യാഭ്യാസ രംഗത്തും കേരളം നേടിയിട്ടുള്ള മാറ്റങ്ങൾക്ക് പിന്നിൽ ഈ ഇരുപത്തിരണ്ടു ഗവണ്മെന്റുകൾക്കും പങ്കുണ്ട്.

അവസാനത്തെ ഉരുളകൊണ്ടല്ല ഒരാളുടെ വയറു നിറയുന്നത്. അതിനു മുൻപുള്ള ഉരുളകൾ വയറിലുള്ളതുകൊണ്ടാണ് വയറു നിറയുന്നത്. സഖാക്കളുടെയും സൈബർ ഗുണ്ടകളുടെയും നിലപാട് അനുസരിച്ച് ആരോഗ്യ-വിദ്യാഭ്യാസ രംഗത്ത് നിലനിൽക്കുന്ന നേട്ടം ഈ പിണറായി സർക്കാരിനു മാത്രം അവകാശപ്പെട്ടതാണ് എന്നാണ്. പക്ഷെ എന്താണ് സംഭവിച്ചത് എന്ന് കേരളത്തിലെ ജനങ്ങൾക്കറിയാം. കേരളത്തിലേ ജനങ്ങൾ വിഡ്ഢികൾ ഒന്നുമല്ല. കേരളത്തിലെ ജനങ്ങൾക്ക് ആരോഗ്യകാര്യങ്ങളിലുള്ള നിർബന്ധം അത് കണക്കിലെടുക്കേണ്ടതാണ്. ദിവസവും രണ്ടു നേരം കുളിക്കാത്തവർ കേരളത്തിൽ ആരുണ്ട്? വസ്ത്രം, പരിസരശുചിത്വം എന്നിവ മലയാളികൾ ഇപ്പോഴും സൂക്ഷിക്കുന്ന ഒന്നാണ്. ആരോഗ്യ കാര്യങ്ങളിലുള അവബോധത്തിന്റെ കാര്യത്തിൽ കേരളത്തിലെ ജനങ്ങളുടെ നിലവാരം ഉയർന്നതാണ്. അതുകൊണ്ട് തന്നെയാണ് ആരോഗ്യ കാര്യങ്ങളിൽ കേരളം മുൻനിരയിൽ നിൽക്കുന്നത്. കൊറോണ മരണകാര്യത്തിൽ കേരളം പിന്നിലായത് ജനങ്ങളുടെ ഈ അവബോധം കാരണമാണ്.

  • സ്പ്രിംഗളർ സർക്കാരിന്റെ പിആർ ഏജൻസിയാണോ?

തീർച്ചയായും. സ്പ്രിംഗളർ സർക്കാരിന്റെ പി.ആർ.ഏജൻസിയാണ്. അന്തർദേശീയ തലത്തിലുള്ള അമേരിക്കൻ മീഡിയാ പ്ലാറ്റ്‌ഫോം കമ്പനിയാണ് സ്പ്രിംഗളർ. ആരോഗ്യ ഡാറ്റാ കളക്റ്റ് ചെയ്യാൻ മാത്രമല്ല സ്പ്രിംഗളറിനെ സർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്നത്. കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും ഡാറ്റ കളക്റ്റ് ചെയ്യുകയും അത് അനലൈസ് ചെയ്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെ ഓരോ വ്യക്തിയിലേക്കും എത്തിച്ചെരുകയാണ് സ്പ്രിംഗളർ ചെയ്യുന്നത്. ഇത് വരുന്ന തിരഞ്ഞെടുപ്പിൽ ഇത് അപഗ്രഥിച്ച് രാഷ്ട്രീയനേട്ടത്തിനാണ് സിപിഎം ശ്രമിക്കുന്നത്. ഡോണാൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രധാന പങ്കു വഹിച്ച ഏജൻസിയാണിത്. പിണറായി പറയുന്നത് പോലെ സ്പ്രിങ്‌ളർ ഡബ്ല്യുഎച്ച്ഒ ഏജൻസിയല്ല. ഡബ്ല്യുഎച്ച്ഒയ്ക്ക് ഒരുപാട് കമ്പനികൾ വിവരങ്ങൾ നൽകാറുണ്ട്. അതുപോലുള്ള കമ്പനിയാണ് സ്പ്രിങ്‌ളറും. കേരളത്തിനെ സഹായിക്കാൻ വന്ന മറുനാടൻ മലയാളിയായി സ്പ്രിങ്‌ളർ കമ്പനിയെ കാണേണ്ടതില്ല.

കച്ചവടക്കണ്ണോടുകൂടി കേരളത്തിന്റെ ആരോഗ്യ രഹസ്യങ്ങളെ സ്വന്തം വാണിജ്യതാത്പര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്ന കഴുകൻ കണ്ണുള്ള ഭീമനായിട്ട് തന്നെ കാണണം. ഞങ്ങൾ അത് ഫലപ്രദമായി അവതരിപ്പിച്ചപ്പോഴാണ് കള്ളി വെളിച്ചത്ത് വന്നത്. സ്പ്രിങ്‌ളർ ഒരു കാരണവശാലും വെറുതെ വിടില്ല. അതിനെതിരായുള്ള പോരാട്ടം തുടരും. വ്യക്തിയുടെ സ്വകാര്യത സംരക്ഷിക്കാൻ മാർക്‌സിസ്റ്റ് പാർട്ടിക്കും സർക്കാരിനും താത്പര്യമില്ലെങ്കിൽ ഞങ്ങൾക്ക് അതിനു താത്പര്യമുണ്ട്. അതിനു വേണ്ടിയുള്ള ശക്തമായ പോരാട്ടം തുടരുകയും ചെയ്യും. 58 വിദേശ പത്രങ്ങൾ കേരളാ സർക്കാരിനെക്കുറിച്ച് നിറംപിടിപ്പിച്ച നുണക്കഥകളാണ് എഴുതിയത്. വാഷിങ്ടൺ പോസ്റ്റിൽ വന്നത് കഴിഞ്ഞ മുപ്പത് വർഷമായി മാർക്‌സിസ്റ്റ് പാർട്ടിയാണ് കേരളം ഭരിക്കുന്നത് എന്നാണ് വന്നത്. എതിർപ്പ് വന്നപ്പോൾ വാഷിങ്ടൺ പോസ്റ്റിനു ഇത് തിരുത്തേണ്ടി വന്നു. ഐക്യരാഷ്ട്രസഭയിൽ നിന്നും കേരളത്തിനു അവാർഡ് സംഘടിപ്പിക്കാനും ശ്രമം നടന്നു. അതിന്റെയെല്ലാം പിന്നിൽ സ്പ്രിംഗളറാണ്. സ്പ്രിംഗളറിനോട് മാർക്‌സിസ്റ്റ് നേതാക്കൾക്കുള്ള താത്പര്യത്തിനു കാരണമേന്താണ്? അമേരിക്കൻ സെനറ്റർമാർ വരെ കേരളത്തിന്റെ കാര്യം പ്രകീർത്തിക്കുകയാണ്. അത് നല്ല കാര്യമാണ്. സാമ്രാജ്യത്വ ശക്തികളുടെ കുഴലൂത്തുകാരായി കേരള സർക്കാർ മാറേണ്ടതുണ്ടോ എന്ന് എനിക്കറിയില്ല. എന്തായാലും ഇതിന്റെയെല്ലാം പിന്നിൽ സ്പ്രിംഗളർ കമ്പനിയുണ്ട്. സ്പ്രിംഗളറിന്റെ ലക്ഷ്യങ്ങൾ വളരെ നിഗൂഡമാണ്. ഇതിനെക്കുറിച്ച് അന്വേഷണം വേണ്ടതുണ്ട്. സ്പ്രിങ്‌ളറുമായി ആർക്കൊക്കെ ബന്ധമുണ്ട് എന്നതും അന്വേഷിക്കേണ്ടതുണ്ട്.

  • പ്രതിപക്ഷം കേരളത്തിൽ ദുർബലമാണോ?

പ്രതിപക്ഷം കേരളത്തിൽ ദുർബലമാണെങ്കിൽ എങ്ങനെ 19 പാർലമെന്ററി സീറ്റുകളിൽ യുഡിഎഫ് വിജയിക്കും. ഒരു സീറ്റ് ആലപ്പുഴ സീറ്റ് മാത്രമാണ് യുഡിഎഫിന് കൈമോശം വന്നത്. ഇത്രയും വലിയ ഒരു പൊതുതിരഞ്ഞെടുപ്പിൽ യുഡിഎഫിന് ജയിക്കാൻ കഴിഞ്ഞത് ഞങ്ങൾ ദുർബലരായതുകൊണ്ടാണോ? ഞങ്ങൾ ശക്തരാണ്. അതിന്റെ കാര്യത്തിൽ ഒരു സംശയവുമില്ല. ജനപിന്തുണ പിൻബലമാക്കി ഞങ്ങൾ വീണ്ടും അധികാരത്തിൽ വരും. ബ്രൂവറി, സ്പ്രിങ്‌ളർ വിഷയത്തിൽ സർക്കാരിനു തിരിച്ചടി വന്നു. അവർ മുട്ടുകുത്തി. വസ്തുനിഷ്ഠമായി കാര്യങ്ങൾ ജനങ്ങൾക്ക് മുന്നിൽ അവതരപ്പിച്ചതിന്റെ വിജയമാണിത്. ഞങ്ങൾ പറയുന്ന ഒരു കാര്യവും തെറ്റല്ല. അത് ഭരണപക്ഷവും സിപിഎമ്മും അംഗീകരിക്കുന്നില്ല എന്ന് മാത്രമേയുള്ളൂ. അക്കൗണ്ടന്റ് ജനറൽ കൊണ്ടുവന്നതാണ് ഡിജിപിയുടെ അഴിമതി. മുഖ്യമന്ത്രിയുടെ വകുപ്പിന് കീഴിലുള്ള പൊലീസ് ഹെഡ്ക്വാർട്ടെഴ്‌സിലെ നഗ്‌നമായ അഴിമതിയാണ് എജി മുന്നോട്ടു കൊണ്ട് വന്നത്. മുഖ്യമന്ത്രി അത് അന്വേഷിക്കാൻ തയ്യാറായില്ല.

പിഎസി അത് അന്വേഷിക്കണമെന്നുള്ള നടപടികളുമായി ഞങ്ങൾ മുന്നോട്ടു പോകും. അത് അങ്ങനെ ഒളിച്ച് വയ്ക്കാൻ പിണറായി സർക്കാരിനെ ഞങ്ങൾ അനുവദിക്കില്ല. സിഎജി പറഞ്ഞ അഴിമതി അന്വേഷിക്കേണ്ട എന്ന് തീരുമാനമെടുത്ത മുഖ്യമന്ത്രി തന്നെയാണ് വിഴിഞ്ഞത്തിന്റെ കാര്യത്തിൽ സിഎജി പറഞ്ഞ കാര്യത്തിൽ അന്വേഷണത്തിനു ഉത്തരവിട്ടത്. അഴിമതിയെ മൂടിവയ്ക്കുന്ന ഒരു സർക്കാരാണിത്. കിഫ്ബി അഴിമതി ചെറുതാണോ? 40000 കോടി രൂപയുടെ പദ്ധതികളുള്ള കിഫ്ബിയിലെ അഴിമതി സിആൻഡ് എജി അന്വേഷിക്കേണ്ടതില്ല എന്നാണു പറയുന്നത്. ആരും ചോദിക്കാനും പറയാനും പാടില്ല. ഞങ്ങൾ ഇഷ്ടമുള്ളത് പോലെ ചെയ്യും എന്നാണ് നിലവിലെ രീതി. കോടികളുടെ അഴിമതിയാണ് കിഎഫ്ബിയിൽ നടക്കുന്നത്. ദിവസം 10000 രൂപ നൽകിയാണ് കിഫ്ബിയിൽ ആളുകളെ എടുക്കുന്നത്. അതും ഈ കൊറോണ കാലത്ത്. ഇതെല്ലാം സർക്കാരിന്റെ ധൂർത്തും അഴിമതിയുമാണ്. അഴിമതി ചോദ്യം ചെയ്താൽ പറയും നിങ്ങൾ കുത്തിത്തിരുപ്പ് ഉണ്ടാക്കുകയാണെന്ന്. കോടികളുടെ അഴിമതി നടക്കുമ്പോൾ കൊറോണയായതിനാൽ അത് പറയാൻ പാടില്ലെന്ന് എവിടെയാണ് എഴുതിവെച്ചിരിക്കുന്നത്. അഴിമതി മൂടിവയ്ക്കുന്ന അഴിമതിയിൽ മുങ്ങിക്കുളിച്ച, ധൂർത്തിനു പിറകെ പോകുന്ന ഒരു സർക്കാരാണ് കേരളം ഭരിക്കുന്നത്.

  • വല്ലാതെ സിപിഎം സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വരുന്നു?

സൈബർ ആക്രമണങ്ങൾ വരുമ്പോൾ എനിക്കിതിൽ ഒരസ്വസ്ഥതയുമില്ല. ജനങ്ങൾക്ക് എല്ലാം തിരിച്ചറിയാൻ കഴിയുന്നുണ്ട്. മുൻപ് സിപിഎം ആളുകളെ കത്തി ഉപയോഗിച്ചും ബോംബ് ഉപയോഗിച്ചുമാണ് കൊന്നുകൊണ്ടിരിക്കുന്നത്. അതിനുള്ള ഗുണ്ടകളെ സജ്ജമാക്കുകയാണ് പാർട്ടിയുടെ പ്രധാന പരിപാടികളിൽ ഒന്ന്. ഇപ്പോൾ ക്വട്ടേഷൻ സംഘങ്ങളുടെയും ഗുണ്ടകളുടെയും പ്രവർത്തനം തത്കാലം നിർത്തിവെച്ചിട്ട് സൈബർ ഗുണ്ടായിസം നടത്തുകയാണ്. ഞാൻ അവരെ വിമർശിക്കുമ്പോൾ അവർ എന്നെയും വിമർശിക്കുന്നു. എന്റെ വാർത്താ സമ്മേളനങ്ങളിൽ പറയുന്ന കാര്യങ്ങൾ അപ്പോൾ തന്നെ ട്രോളുകൾ ആയി ഇറങ്ങുകയാണ്. മെഷീൻ വച്ചാണ് അവർ അത് ചെയ്യുന്നത് എന്നാണ് മനസിലാക്കുന്നത്. സൈബർ ആക്രമണം കൊണ്ടൊന്നും കാര്യമില്ല. ജനങ്ങൾക്ക് കാര്യം അറിയാം. സൈബർ ആക്രമണം വന്നാലൊന്നും ഞങ്ങൾ ചൂളിപ്പോകില്ല. ജനങ്ങൾ ഇതെല്ലാം തിരിച്ചറിയുന്നുണ്ട്. ട്രോളുകളുടെ കാര്യത്തിൽ ജനങ്ങൾ മറുപടി പറയുന്നുണ്ട്. ധാരാളം ഫൈക്ക് ഐഡികളിൽ നിന്നുള്ള ആക്രമണമാണ് ഇവർ നടത്തുന്നത്. സ്വതന്ത്രരാണ് എന്ന് നമ്മൾ കരുതുന്ന പല ആളുകൾക്കും ഇവർ പണം നൽകുന്നുണ്ട്. സൈബർ ആക്രമണങ്ങൾ വിഷയമല്ല. ഉസ്മാന്റെ കാര്യത്തിൽ ട്രോളുകൾ പ്രവഹിച്ചു. ഡിജിപിക്ക് പരാതി നൽകിയതോടെ ഉസ്മാൻ ജീവിച്ചിരിപ്പുണ്ട് എന്ന് ആളുകൾക്ക് മനസിലായല്ലോ? പിണറായി വിജയന് മീഡിയ മാനിയയുണ്ടോ എന്ന് ജനങ്ങൾ തന്നെ വിലയിരുത്തട്ടെ.കൊറോണ കാര്യങ്ങൾ വിശദമാക്കാൻ 45 മിനിട്ട് പത്രസമ്മേളനം നടത്തുമ്പോൾ അതിൽ പതിനഞ്ചു മിനിറ്റ് പ്രതിപക്ഷത്തെ തെറിപറയാനാണ് ഉപയോഗിക്കുന്നത്.

  • വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തുമോ?

കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പ് വന്നപ്പോൾ പതിനഞ്ചു സീറ്റ് കിട്ടും എന്നായിരുന്നു സിപിഎം അവകാശവാദം. എന്നിട്ട് എന്തായി. 19 പാർലമെന്റ് സീറ്റിലും യുഡിഎഫ് തന്നെ വന്നു. ഇപ്പോഴും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അധികാരത്തിൽ വരുമെന്ന് സിപിഎം മനപായസമുണ്ണുകയാണ്. നല്ല ഭൂരിപക്ഷത്തോടെ യുഡിഎഫ് തന്നെ അധികാരത്തിൽ വരും. സിപിഎം കണക്കുകൂട്ടലുകൾ ഈ കാര്യത്തിൽ ശരിയാകില്ല. ജനങ്ങൾക്ക് അറിയാം വസ്തുതകൾ. യുഡിഎഫിനു നല്ല ജനപിന്തുണയുണ്ട്. വരുന്ന തിരഞ്ഞെടുപ്പ് യുഡിഎഫിന്റെത് തന്നെ. കൊറോണയും വെള്ളപ്പൊക്കവും ഒന്നും വോട്ടാകില്ല. ഏതു സർക്കാർ ആണെങ്കിലും ഇതു തന്നെ ചെയ്യും. കൊറോണയിൽ ഇടത് സർക്കാർ പെർഫെക്റ്റ് ആണെന്ന് വിലയിരുത്താൻ സമയമായിട്ടില്ല. ഒരു വർഷം ഇനിയും മുന്നിലുണ്ട്. യുഡിഎഫ് ഒരുമിച്ച് തിരഞ്ഞെടുപ്പിനെ നേരിടും. ഒരഭിപ്രായവ്യത്യാസവും നിലവിലില്ല. യുഡിഎഫ് അധികാരത്തിൽ വന്നാൽ ആരാണ് മുഖ്യമന്ത്രി എന്ന് ഇപ്പോൾ പറയാൻ കഴിയില്ല. അതൊക്കെ പാർട്ടി ആലോചിക്കേണ്ട കാര്യമാണ്.

  • എപ്പോഴും വായന ഒപ്പം കൊണ്ട് നടക്കുന്നു?

വായന മുൻപ് തന്നെയുള്ള ശീലമാണ്. വായനയ്ക്ക് ഞാൻ എപ്പോഴും സമയം നീക്കിവയ്ക്കാറുണ്ട്. നോവലും കവിതയും മറ്റു പുസ്തകങ്ങളും എപ്പോഴും വായിക്കും. അത് പോലും ട്രോൾ ആകുന്നുണ്ട്. സഖാക്കളെ ബോധ്യപ്പെടുത്താനല്ല പുസ്തക വായന. അതൊന്നും എന്തായാലും വിഷയമാക്കുന്നില്ല. പ്രഭാവർമ്മയുടെ ശ്യാമമാധവത്തിനു എഴുതിയ നിരൂപണം ശ്രദ്ധിക്കപ്പെട്ടിട്ടുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP