Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാണിക്ക് വഴങ്ങാതെ വഴങ്ങും; കേരളാ കോൺഗ്രസിനെ ശാന്തരാക്കാൻ പുതിയ ഫോർമുലയുമായി ഉമ്മൻ ചാണ്ടി; മധ്യമേഖലാ ജാഥ പുനക്രമീകരിക്കും; ജോസ് കെ മാണിയെ ജാഥാ ക്യാപ്ടനായി അംഗീകരിക്കുകയുമില്ല; ഇന്നത്തെ യുഡിഎഫ് യോഗത്തിൽ സമവായ സാധ്യത തെളിയുന്നു; സുധീരന്റെ നിലപാട് നിർണ്ണായകമാകും

മാണിക്ക് വഴങ്ങാതെ വഴങ്ങും; കേരളാ കോൺഗ്രസിനെ ശാന്തരാക്കാൻ പുതിയ ഫോർമുലയുമായി ഉമ്മൻ ചാണ്ടി; മധ്യമേഖലാ ജാഥ പുനക്രമീകരിക്കും; ജോസ് കെ മാണിയെ ജാഥാ ക്യാപ്ടനായി അംഗീകരിക്കുകയുമില്ല; ഇന്നത്തെ യുഡിഎഫ് യോഗത്തിൽ സമവായ സാധ്യത തെളിയുന്നു; സുധീരന്റെ നിലപാട് നിർണ്ണായകമാകും

തിരുവനന്തപുരം: യു.ഡി.എഫ്. മേഖലാജാഥകൾ മാറ്റിവയ്ക്കണമെന്ന കേരളാ കോൺഗ്രസി(എം)ന്റെ ആവശ്യം ചർച്ചചെയ്യാൻ ഇന്നു ഘടകകക്ഷി നേതാക്കളുടെ യോഗം ചേരും. കെ എം മാണിയെ പിണക്കാതെയുള്ളതീരുമാനമാകും ഉണ്ടാവുക എന്നാണ് സൂചന. കോൺഗ്രസിലെ ഐ ഗ്രൂപ്പും കെപിസിസി അധ്യക്ഷൻ വി എം സുധീരനും മേഖലാ ജാഥകൾ മാറ്റി വയ്ക്കരുതെന്ന അഭിപ്രായക്കാരാണ്. എന്നാൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മനസ്സ് മാണിക്ക് അനുകൂലവും. ഈ സാഹചര്യത്തിൽ രണ്ട് ഫോർമുലകളേയും കൂട്ടിയോജിപ്പിക്കുന്ന പരിഹാരമാകും ഉണ്ടാവുക. എന്നാൽ മധ്യമേഖലാ ജാഥയുടെ ക്യാപ്ടനായി ജോസ് കെ മാണിയെ നിയോഗിക്കണമെന്ന ആവശ്യം യുഡിഎഫ് അംഗീകരിക്കാൻ ഇടയില്ല.

ബാർ കോഴ കേസ് അന്വേഷണം തീർന്നിട്ട് ജാഥ നടത്താമെന്നാണ് കേരളാ കോൺഗ്രസിന്റെ നിലപാട്. മുൻ നിശ്ചയപ്രകാരം ജാഥ നടക്കട്ടെയെന്നാണ് കോൺഗ്രസ് നിർദ്ദേശം. കേരളാ കോൺഗ്രസ് നയിക്കുന്നതും കെ.എം.മാണി ഉദ്ഘാടനം ചെയ്യുന്നതുമായ എറണാകുളം മേഖലാ ജാഥ മാറ്റിവച്ച് സമവായത്തിനുള്ള ആലോചനയാണ് മുന്നണി നേതൃത്വത്തിൽ നടക്കുന്നത്. മന്ത്രി കെ.എം.മാണി വിദേശയാത്രക്കുപോകുന്നതിനാൽ യു.ഡി.എഫ്. യോഗത്തിൽ അദ്ദേഹം പങ്കെടുക്കില്ല. മന്ത്രി പി.ജെ.ജോസഫും മറ്റു നേതാക്കളുമായിരിക്കും യോഗത്തിൽ പാർട്ടിയെ പ്രതിനിധീകരിക്കുക. യോഗത്തിനു മുമ്പ് കോൺഗ്രസ് നേതാക്കൾ കൂടിയാലോചന നടത്തും. മെയ് 19 മുതൽ 25 വരെയാണ് മേഖലാ ജാഥകൾ നിശ്ചയിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ ക്ലിഫ്ഹൗസിലാണു യുഡിഎഫ് യോഗം. കെ.എം. മാണിയുടെ വ്യക്തിപരമായ അസൗകര്യം പരിഗണിച്ച് മധ്യമേഖലാജാഥയുടെ സമയം പുനഃക്രമീകരിക്കുന്നതിനെക്കുറിച്ചാണു മുന്നണിനേതൃത്വത്തിന്റെ ആലോചന. ഒപ്പം മറ്റിടങ്ങളിലെ ജാഥയ്ക്കു കേരളാ കോൺഗ്രസി(എം)ന്റെ പൂർണസഹകരണം ഉറപ്പാക്കാനും നേതൃയോഗം ശ്രമിക്കും. ബാർ കോഴക്കേസിൽ അന്വേഷണം നീളുന്നതിനാൽ മേഖലാജാഥകൾ മാറ്റിവയ്ക്കണമെന്നായിരുന്നു കേരളാ കോൺഗ്രസിന്റെ ആവശ്യം. എന്നാൽ മാണിയുടെ വിദേശയാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഔദ്യോഗികമായി കേരളാ കോൺഗ്രസ് പുറത്ത് പറയുന്ന വിശദീകരണം.

എന്നാൽ, ജാഥ നിശ്ചയിച്ച സമയത്തുതന്നെ നടത്തണമെന്ന നിലപാടിലാണു മുസ്ലിം ലീഗ്, ജെ.ഡി. (യു), കേരളാ കോൺഗ്രസ് (ജേക്കബ്), ആർ.എസ്‌പി. എന്നിവ. ജാഥയുടെ കാര്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്നു കെപിസിസി. നിർവാഹകസമിതിയും തീരുമാനിച്ചിരുന്നു. ഘടകകക്ഷികളുടെ സമ്മർദത്തിനു വഴങ്ങില്ലെന്ന കെപിസിസി. അധ്യക്ഷൻ വി എം. സുധീരൻ പ്രഖ്യാപിക്കുകയും ചെയ്തു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും പരസ്യ നിലപാട് എടുത്തു. ഇതെല്ലാം മാണിയെ ചൊടിപ്പിച്ചു. ഇതോടെയാണു ജാഥകൾ മാറ്റിവയ്ക്കണമെന്ന ആവശ്യം അദ്ദേഹം ശക്തമായി ഉന്നയിച്ചത്.

വ്യക്തിപരമായ ചില കാര്യങ്ങൾക്ക് കെ.എം.മാണി വിദേശത്ത് പോകുന്നതിനാൽ ജാഥ കുറച്ചുനാളത്തേക്ക് മാറ്റിവെയ്ക്കണമെന്നാണ് കേരളാ കോൺഗ്രസ് നേതൃത്വം ഔദ്യോഗികമായി ആവശ്യപ്പെടുന്നത്. പാർട്ടിയുടെ ജില്ലാ കൺെവൻഷനുകൾ നടന്നുവരുന്നതും അവർ ചൂണ്ടിക്കാട്ടുന്നു. നാല് മേഖലാ ജാഥയും മാറ്റിവെയ്ക്കണമെന്നാണ് കേരളാ കോൺഗ്രസിന്റെ ആവശ്യം. എന്നാൽ ജാഥയ്ക്ക് മുന്നോടിയായുള്ള ആലോചനാ യോഗങ്ങളൊക്കെ പൂർത്തിയായി. അഴിമതിക്കേസായതിനാൽ അതിനുവേണ്ടി കാത്തിരിക്കാതെ മുൻ നിശ്ചയ പ്രകാരം ജാഥ നടക്കട്ടെയെന്നാണ് കോൺഗ്രസിന്റെ പക്ഷം.

ഒരുക്കങ്ങളെല്ലാം പൂർത്തിയായശേഷം ജാഥ മാറ്റിവയ്ക്കുന്നതു തെറ്റായ സന്ദേശം നൽകുമെന്നാണു മുന്നണി നേതൃത്വത്തിന്റേയും നിലപാട്. ഇതനുസരിച്ചു മറ്റു കക്ഷികളൊക്കെ ജാഥയ്ക്കു മുന്നിട്ടിറങ്ങുമ്പോഴും കേരളാ കോൺഗ്രസ് (എം) എല്ലാ ജില്ലകളിലും നിസംഗത പാലിക്കുകയാണ്. ചെറുമകളുടെ വിവാഹനിശ്ചയത്തിൽ പങ്കെടുക്കാൻ ഇന്നു ദുബായിലേക്കു പോകുന്ന മാണി ഒരാഴ്ച കഴിഞ്ഞേ മടങ്ങിയെത്തൂ. അതുകൊണ്ടു ജാഥ മാറ്റിവയ്ക്കണമെന്നാണ് അദ്ദേഹം മുന്നണി ചെയർമാൻ കൂടിയായ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടാവശ്യപ്പെട്ടത്. മധ്യമേഖലാജാഥ മാറ്റിവയ്ക്കുന്നത് ആലോചിക്കാമെന്ന ഉറപ്പാണത്രേ മുഖ്യമന്ത്രി നൽകിയിട്ടുള്ളത്.

ഇന്നു ചേരുന്ന യു.ഡി.എഫ്. നേതൃയോഗം മധ്യമേഖലാജാഥയുടെ സമയക്രമം മാണിയുടെ സൗകര്യാർഥം മാറ്റിയേക്കും. മറ്റു മേഖലാജാഥകളിൽ കേരളാ കോൺഗ്രസി(എം)ന്റെ സഹകരണവും ഉറപ്പാക്കും. ബാർ കോഴ കേസ് അന്വേഷണം മെയ് പകുതിയോടെ തീരുമെന്നായിരുന്നു ആദ്യ ധാരണ. ആഭ്യന്തര വകുപ്പ് ഇതനുസരിച്ചുള്ള സൂചനയാണ് നൽകിയിരുന്നത്. ഈ ധാരണയുണ്ടായിരുന്നതിനാലാണ് 19 മുതൽ ജാഥ ആസൂത്രണം ചെയ്തതും. എന്നാൽ അന്വേഷണം നീണ്ടതാണ് പ്രശ്‌നമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP