Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മിംസിൽ നിന്ന് കൊറോണ സ്ഥിരീകരിച്ച മെഹ്‌റൂഫിനെ മാറ്റിയത് പരിയാരത്തേക്ക്; മരിച്ചപ്പോൾ അടക്കം ചെയ്തതും ഇവിടെ; മരണം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞിട്ടും കൊറോണ ബാധിച്ചത് എവിടെ നിന്നെന്നു സ്ഥിരീകരണമില്ല; സഞ്ചരിച്ചത് ന്യൂമാഹി, ചൊക്ലി, പന്ന്യന്നൂർ പഞ്ചായത്തുകളിൽ; പങ്കെടുത്തത് മതചടങ്ങുകളിലും വിവാഹ നിശ്ചയത്തിലും; മാഹിക്കാരനായതിനാൽ മരണം കേരള പട്ടികയിലല്ലെന്ന് കണ്ണൂർ കളക്ടർ; മരിച്ചത് കേരളത്തിലായതിനാൽ ലിസ്റ്റിൽ ഇല്ലെന്ന് പോണ്ടിച്ചേരിയും; മെഹ്‌റൂഫിന്റെ മരണത്തിൽ കേരളത്തിന്റെ ഒളിച്ചുകളി

മിംസിൽ നിന്ന് കൊറോണ സ്ഥിരീകരിച്ച മെഹ്‌റൂഫിനെ മാറ്റിയത് പരിയാരത്തേക്ക്; മരിച്ചപ്പോൾ അടക്കം ചെയ്തതും ഇവിടെ; മരണം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞിട്ടും കൊറോണ ബാധിച്ചത് എവിടെ നിന്നെന്നു സ്ഥിരീകരണമില്ല; സഞ്ചരിച്ചത് ന്യൂമാഹി, ചൊക്ലി, പന്ന്യന്നൂർ പഞ്ചായത്തുകളിൽ; പങ്കെടുത്തത് മതചടങ്ങുകളിലും വിവാഹ നിശ്ചയത്തിലും; മാഹിക്കാരനായതിനാൽ മരണം കേരള പട്ടികയിലല്ലെന്ന് കണ്ണൂർ കളക്ടർ; മരിച്ചത് കേരളത്തിലായതിനാൽ ലിസ്റ്റിൽ ഇല്ലെന്ന് പോണ്ടിച്ചേരിയും; മെഹ്‌റൂഫിന്റെ മരണത്തിൽ കേരളത്തിന്റെ ഒളിച്ചുകളി

എം മനോജ് കുമാർ

മാഹി: കൊറോണ ചികിത്സയ്ക്കിടെ കേരളത്തിൽ മരിച്ചിട്ടും കേരളത്തിലെ കൊറോണ മരണങ്ങളുടെ പട്ടികയിൽ മാഹി സ്വദേശിയുടെ പേരില്ല. മലയാള സിനിമയിലെ പഴയ പ്രൊഡക്ഷൻ കൺട്രോളർ പി.മെഹ്‌റൂഫ് (71)ന്റെ കാര്യത്തിലാണ് കേരളം ഈ അവഗണന തുടരുന്നത്. കൊറോണ ബാധിച്ച് കേരളത്തിൽ മരിച്ചിട്ട് ഒരു മാസത്തിലേറെയായിട്ടും ഇതുവരെ കേരളത്തിലെ കൊറോണ ബാധിത മരണങ്ങളുടെ ലിസ്റ്റിൽ മെഹ്‌റൂഫിന്റെ പേരില്ല. എന്തുകൊണ്ടാണ് മെഹ്‌റൂഫിന്റെ പേര് കൊറോണ മരണങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താത്തത് എന്ന കാര്യത്തിൽ ബന്ധുക്കൾക്ക് ഒരു അറിവുമില്ല. കൊറോണ മരണങ്ങളുടെ തോത് കുറച്ച് കാണിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മെഹ്‌റൂഫിന്റെ കാര്യത്തിൽ കേരളം ഒളിച്ചു കളി തുടരുന്നത് എന്നാണ് ആരോപണം ഉയരുന്നത്. ചികിത്സയും മരണവും കണ്ണൂരും പരിയാരത്ത് നിന്നും ആയിരിക്കെയാണ് ഈ മാഹി സ്വദേശിയുടെ മരണത്തിന്റെ കാര്യത്തിൽ സംസ്ഥാനത്തിന്റെ ഒളിച്ചു കളി തുടരുന്നത്. മെഹ്‌റൂഫിന്റെ മരണവും കൊറോണയുമെല്ലാം മാഹിയിൽ ഇപ്പോഴും വിവാദവിഷയമായി തുടരുകയാണ്.

മെഹ്‌റൂഫ് മാഹി സ്വദേശിയാണ്. മാഹിയുടെ കിടപ്പ് അനുസരിച്ച് പകുതി കേരളത്തിലും പകുതി പോണ്ടിച്ചേരിയുമാണ്. മെഹ്‌റൂഫിന്റെ വീടിരിക്കുന്നത് പോണ്ടിച്ചേരിയിൽപ്പെട്ട മാഹിയിലാണ്. പോണ്ടിച്ചേരിയിൽപ്പെട്ട മാഹിക്കാർ ആണെങ്കിലും കേരളക്കാർ ആയിട്ട് തന്നെയാണ് ഇവരെ കാണുന്നത്. സാങ്കേതിക പ്രശ്‌നം വരുമ്പോൾ മാത്രമാണ് സ്റ്റേറ്റ് പോണ്ടിച്ചേരി എന്ന പ്രശ്‌നം വരുന്നത്. പോണ്ടിച്ചേരി സ്വദേശിയാണെങ്കിലും മെഹ്‌റൂഫിന്റെ ചികിത്സയും മരണവും നടന്നത് കണ്ണൂരും പരിയാരത്തുമാണ്. മെഹ്‌റൂഫ് കൊറോണ ബാധിതനായാണ് മരിച്ചത് എന്ന് പ്രഖ്യാപനം കേരളത്തിന്റെ ഭാഗത്ത് നിന്നും തന്നെ വന്നിരിക്കെ കേരള ലിസ്റ്റിലാണ് മെഹ്‌റൂഫിന്റെ പേര് വരേണ്ടത്. മെഹ്‌റൂഫിനോട് കാണിക്കുന്ന ഈ അവഗണനയാണ് മാഹിയിൽ പുകയുന്നത്. കൊറോണ ബാധിതമരണങ്ങളുടെ കണക്ക് ഏറ്റവും കുറച്ച് കാണിക്കാനുള്ള ശ്രമത്തിലാണ് മെഹ്‌റൂഫിന്റെ പേര് ലിസ്റ്റിൽ ഉൾപ്പെടുത്താത്തത് എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. മെഹ്‌റൂഫിന്റെ പേര് കേരളത്തിന്റെ ലിസ്റ്റിൽ ഉൾപ്പെടുത്തിട്ടില്ലെന്നു കണ്ണൂർ കളക്ടർ 
ടി.വി.സുബാഷും സമ്മതിച്ചിട്ടുണ്ട്. മെഹ്‌റൂഫിന്റെ പേര് കൊറോണ ബാധിത മരണങ്ങളുടെ പട്ടികയിൽ ചേർത്തിട്ടില്ലെന്നാണ് കളക്ടർ മറുപടി നൽകിയത്. കണ്ണൂർ കളക്ടറുടെ മറുപടി ബന്ധുക്കളുടെ ആരോപണം ശരിവയ്ക്കുന്നതാണ്.

മരണം കഴിഞ്ഞു ഒരു മാസം കഴിഞ്ഞിട്ടും മെഹ്‌റൂഫിന് എവിടെനിന്ന് ആരിൽനിന്ന് കൊറോണ ബാധിച്ചുവെന്ന് സംസ്ഥാനത്തിനു ഒരു വിവരവുമില്ല. ചികിത്സയും മരണവും കേരളത്തിൽ ആയിട്ട്കൂടി രോഗിയുടെ സമ്പർക്കപ്പട്ടിക പുറത്ത് വിടുകയോ ആരിൽനിന്നു കൊറോണ ബാധിച്ചുവെന്ന് കണ്ടെത്താനുള്ള അന്വേഷണമോ ഇതുവരെ നടന്നിട്ടുമില്ല. കൊറോണ ബാധിച്ച് ഏതു സംസ്ഥാനത്ത് നിന്നാണ് മരിക്കുന്നത് ആ സംസ്ഥാനത്തെ കൊറോണ മരണങ്ങളുടെ ലിസ്റ്റിലാണ് ഈ മരണം രേഖപ്പെടുത്തുക. മെഹ്‌റൂഫ് കേരളത്തിൽ നിന്നാണ് മരിച്ചത് എന്നതിനാൽ സ്വാഭാവികമായും കേരള ലിസ്റ്റിലാണ് പേര് വരുന്നത്. പാലക്കാട് സ്വദേശി കോയമ്പത്തൂരിൽ കൊറോണ ബാധിച്ച് മരിച്ചപ്പോൾ തമിഴ്‌നാട് ലിസ്റ്റിലാണ് പേര് വന്നത്. അതിനാൽ മെഹ്‌റൂഫിന്റെ പേര് കേരള ലിസ്റ്റിൽ വരുകയും മെഹ്‌റൂഫിന്റെ സമ്പർക്കപ്പട്ടിക പുറത്ത് വിടുകയും സ്വാഭാവികമായും ചെയ്യേണ്ടിയിരുന്നു. പക്ഷെ കേരളം ഇതുവരെ ഈ കാര്യത്തിൽ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല.

മെഹ്‌റൂഫ് കൊറോണ ബാധിതനായി പരിയാരത്ത് നിന്നും മരിച്ചു എന്ന വിവരം പുറത്ത് വിട്ടത് മന്ത്രി ശൈലജ ടീച്ചറാണ്. എന്നിട്ടും കേരളത്തിന്റെ ലിസ്റ്റിൽ മെഹ്‌റൂഫിന്റെ പേരില്ല. ഇദ്ദേഹത്തിനു എവിടെ നിന്ന് കൊറോണ ബാധിച്ചുവെന്ന് കണ്ടുപിടിക്കാനുമുള്ള ശ്രമങ്ങളും നടന്നിട്ടില്ല. മെഹ്‌റൂഫിന് എവിടെവച്ചാണ് കൊറോണ പകർന്നത് എന്ന് അറിയാമെന്നാണ് തലശ്ശേരി എംഎൽഎ എ.ആൻ.ഷംസീർ വീഡിയോയിൽ വ്യക്തമാക്കുന്നത്. അത് പക്ഷെ എവിടെനിന്നാണ് എന്ന് ഷംസീറും വ്യക്തമാക്കുന്നില്ല. മെഹ്‌റൂഫിന് കൊറോണ ബാധിക്കുമ്പോൾ ബന്ധുക്കൾക്ക് സ്വാഭാവികമായും കൊറോണ വരേണ്ടതാണ്. ഒരു ബന്ധുവിനും കൊറോണ ബാധിച്ചിട്ടില്ല. ന്യൂമാഹി, ചൊക്ലി, പന്ന്യന്നൂർ പഞ്ചായത്തുകളിൽ മെഹ്‌റൂഫ് യാത്ര ചെയ്തിട്ടുണ്ട്. ഇതിനു പുറമേ പൊതുചടങ്ങുകളിലും പങ്കെടുത്തു. മാർച്ച് 15 മുതൽ 21 വരെ മതചടങ്ങുകളിലും വിവാഹ നിശ്ചയത്തിലും പങ്കെടുത്തിട്ടുണ്ട്.. പക്ഷെ ആർക്കും കൊറോണ ബാധിച്ചിട്ടില്ല.

മാർച്ച് ഇരുപത്തിനാല് മുതൽ രോഗങ്ങൾ മെഹ്‌റൂഫിനെ അലട്ടുന്നുണ്ട്. കഫക്കെട്ടാണ് പ്രശ്‌നമായത്. അതിനു തലശേരിയിൽ ചികിത്സ തേടിയതാണ്. ഏപ്രിൽ ഒന്നിനാണ് കണ്ണൂർ മിംസ് ആശുപത്രിയിൽ മെഹ്‌റൂഫിനെ പ്രവേശിപ്പിക്കുന്നത്. മാർച്ച് ഇരുപത്തിനാല് മുതൽ ബന്ധുക്കളുടെ പരിചരണയിലാണ് ഇദ്ദേഹം. ഏപ്രിൽ ഒന്ന് വരെ സ്ഥിതി ഇതാണ്. ആദ്യമേ കൊറോണ ബാധിതനാണെങ്കിൽ ഞങ്ങൾക്ക് കൂടി കൊറോണ ബാധിക്കേണ്ടതില്ലേ-മെഹ്‌റൂഫിന്റെ മകളുടെ ഭർത്താവായ നജീബ് മറുനാടനോട് പ്രതികരിക്കുന്നു. ഏപ്രിൽ ഒന്നിന് മിംസിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഏപ്രിൽ ആറിനാണ് കൊറോണ സ്ഥിരീകരിക്കുന്നത്. അതും മിംസിൽ നടത്തിയ ടെസ്റ്റിൽ. തുടർന്നു പരിചരണം സ്റ്റേറ്റ് ഏറ്റെടുത്തു. പരിയാരത്തേക്ക് മാറ്റി. ഏപ്രിൽ പതിനൊന്നിനു മരണവും സംഭവിച്ചു. ബന്ധുക്കളെ കാണിക്കാതെ, മൃതദേഹം മാഹിയിൽ എത്തിക്കാതെ പരിയാരത്ത് തന്നെയാണ് അടക്കിയത്.

പരിചരിച്ചവർക്ക് ആർക്കും കൊറോണയില്ല; കേരളത്തിന്റെ കൊറോണ മരണങ്ങളുടെ ലിസ്റ്റിൽ പേരുമില്ല: നജീബ്

മെഹ്‌റൂഫ് മരിച്ചതുകൊറോണ ബാധിച്ചാണ്. അത് കേരള സർക്കാർ പറഞ്ഞിട്ടുണ്ട്. ചികിത്സിച്ചത് കണ്ണൂരും പരിയാരത്തും. അടക്കിയതും കണ്ണൂരിൽ. പിന്നെ എന്തുകൊണ്ട് കൊറോണ ബാധിത മരണങ്ങളുടെ കേരള ലിസ്റ്റിൽ മെഹ്‌റൂഫിന്റെ പേരില്ല. സർക്കാർ കള്ളക്കളി നടത്തുകയാണ്. കേരളത്തിന്റെ കൊറോണ മരണങ്ങളുടെ തോത് കുറച്ച് കാണിക്കാനാണ് കേരളത്തിൽ മരിച്ച മെഹ്‌റൂഫിന്റെ പേര് കേരള സർക്കാർ കൊറോണ ലിസ്റ്റിൽ ഉൾപ്പെടുത്താത്തത്. സർക്കാരിന്റെ പെരുമാറ്റം മാനുഷിക രീതിയിലുള്ള പെരുമാറ്റമല്ല. സാധാരണ മരണമല്ല, കൊറോണ ബാധിച്ചുള്ള മരണമാണ് മെഹ്‌റൂഫിന്റെത്. എന്നിട്ടും സർക്കാർ അനീതി കാണിക്കുകയാണ്-മെഹ്‌റൂഫിന്റെ ഉറ്റബന്ധു നജീബ് മറുനാടനോട് പറഞ്ഞു.

മെഹ്‌റൂഫ് മരിച്ചതുകൊറോണ ബാധിച്ചാണ്. ഞങ്ങൾ താമസം മാഹിയിലാണ്. അത് പോണ്ടിച്ചേരി പരിധിയിൽ വരുന്ന മാഹിയിൽ. താമസം പോണ്ടിച്ചേരി മാഹിയിലും മരണം പരിയാരം മെഡിക്കൽ കോളെജിലുമായിരുന്നു. കൊറോണ ബാധിച്ച് മരിച്ചവരുടെ ലിസ്റ്റിൽ ഇതുവരെ മെഹ്‌റൂഫിന്റെ പേരില്ല. മരിച്ചതുകൊറോണ ബാധിച്ച് തന്നെയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ അത് പ്രഖ്യാപിച്ചിട്ടുമുണ്ട്. അപ്പോൾ കൊറോണ ബാധിച്ച് മരിച്ചവരുടെ കേരള ലിസ്റ്റിൽ അദ്ദേഹത്തിന്റെ പേര് കാണേണ്ടതാണ്. പക്ഷെ മാഹിയായതിനാൽ കേരളം ഉൾപ്പെടുത്തിയില്ല. മരിച്ചത് കേരളത്തിലായതിനാൽ പോണ്ടിച്ചേരി ലിസ്റ്റിലും മെഹ്‌റൂഫിന്റെ പേര് വന്നില്ല. ഞങ്ങൾ സംസ്ഥാനം പോണ്ടിച്ചേരിയായതിനാൽ പോണ്ടിച്ചേരി അധികൃതരെ ബന്ധപ്പെട്ടിരുന്നു. അവർ പേര് ഉൾപ്പെടുത്താം എന്നാണ് പറഞ്ഞത്. പക്ഷെ പിന്നീട് വിളിച്ചപ്പോൾ കേരള ലിസ്റ്റിൽ മെഹ്‌റൂഫിന്റെ പേര് വന്നു എന്നാണ് പറഞ്ഞത്. പക്ഷെ കേരള ലിസ്റ്റിൽ പേര് തിരഞ്ഞപ്പോൾ ലിസ്റ്റിൽ പേരില്ല. പാലക്കാട് സ്വദേശി കോയമ്പത്തൂരിൽ കൊറോണ ബാധിച്ച് മരിച്ചപ്പോൾ അത് തമിഴ്‌നാട് ലിസ്റ്റിൽ കയറി. അപ്പോൾ കേരളത്തിൽ മരിച്ചതിനാൽ കേരള ലിസ്റ്റിലാണ് പേര് വരേണ്ടത്. കേരളം പോണ്ടിച്ചേരിക്കും പോണ്ടിച്ചേരി കേരളത്തിലേക്കും തട്ടുകയാണ് മെഹ്‌റൂഫിന്റെ മരണം. കൊറോണ ബാധിച്ചുള്ള മരണമാണിത്. സാധാരണ മരണമല്ല. അപ്പോൾ കൊറോണ ബാധിച്ച് മരിച്ചവരുടെ ലിസ്റ്റിൽ പേര് വരേണ്ടതുണ്ട്. കേരളത്തിൽ മരിച്ചതിനാൽ കേരള ലിസ്റ്റിലാണ് പേര് വരേണ്ടത്. കൊറോണ ബാധിച്ചുള്ള മരണമാണിത്. സാധാരണ മരണമാണെങ്കിൽ ഞങ്ങൾ അത് തള്ളിക്കളഞ്ഞേനെ. അതുകൊണ്ട് തന്നെ നിയമവഴി സ്വീകരിക്കാനാണ് തീരുമാനം. നീതി തേടി സുപ്രീംകോടതി വരെ പോകണമെങ്കിൽ അതിനുള്ള തയ്യാറെടുപ്പിലാണ് ഞങ്ങൾ.

ഏപ്രിൽ ഒന്ന് മുതൽ കണ്ണൂർ ആസ്റ്റർ മിംസിൽ

ഏപ്രിൽ ഒന്നാം തീയതിയാണ് ഞങ്ങൾ മെഹ്‌റൂഫിനെ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഒന്നു മുതൽ അഞ്ചാം തീയതി വരെ ആശുപതിയിലുണ്ട്. അഡ്‌മിറ്റ് ആയ ദിവസം അന്ന് ഒരു ടെസ്റ്റും അവർ ചെയ്തിട്ടില്ല. കൊറോണ ആണെന്ന് ഞങ്ങളോട് പറഞ്ഞിട്ടുമില്ല. ഒന്നാം തീയതി മുതൽ അഞ്ചാം തീയതി വരെ ആശുപത്രിയിൽ കഴിയുമ്പോൾ കൊറോണയാണ് എന്നോ ടെസ്റ്റ് നടത്തി എന്നോ ഒന്നും തന്നെ പറഞ്ഞിട്ടില്ല. ആറാം തീയതി അവർ രാവിലെ ടെസ്റ്റ് എടുക്കുന്നു. വൈകുന്നേരം അവർ തന്നെ ടെസ്റ്റ് നടത്തി കൊറോണയാണെന്ന് പറയുന്നു. സംസ്ഥാന സർക്കാർ ഞങ്ങളോട് കൊറോണയാണെന്ന് പറഞ്ഞിട്ടില്ല. ഞങ്ങളെ അറിയിക്കേണ്ടതല്ലേ. ഒന്നും ഇതുവരെ പറഞ്ഞിട്ടില്ല. ഏപ്രിൽ ആറിനാണ് കൊറോണ സ്ഥിരീകരിക്കുന്നത്. കൊറോണയ്ക്ക് ഞങ്ങൾക്ക് ഐസൊലേഷൻ വാർഡ് ഉണ്ട്. ഞങ്ങൾ ട്രീറ്റ്‌മെന്റ് നടത്തും എന്നാണ് മിംസ് അധികൃതർ പറഞ്ഞത്. ഞങ്ങൾക്ക് പിന്നെ അവിടെ നിൽക്കാൻ കഴിയില്ല. ഞങ്ങൾ ക്വാറന്റൈനിൽ പോയി. മുപ്പത് ദിവസത്തോളം ഞങ്ങൾ ക്വാറന്റൈനിൽ കഴിയുകയും ചെയ്തിട്ടുണ്ട്. ഏഴാം തീയതിയാണ് ഞങ്ങൾ കാര്യം അറിയുന്നത്. കേരള സർക്കാർ മെഹ്‌റൂഫിനെ പരിയാരത്തേക്ക് മാറ്റി എന്ന് വാർത്തയിലൂടെയാണ് ഞങ്ങൾ അറിഞ്ഞത്. പോണ്ടിച്ചേരിയിലെ ആൾ ആണെങ്കിൽ അവർ പോണ്ടിച്ചേരി സർക്കാരിനോട് സംസരിക്കെണ്ടെ. അത് നടന്നിട്ടില്ല. നേരെ പരിയാരം മെഡിക്കൽ കോളെജിലേക്ക് മാറ്റുകയാണ് സർക്കാർ ചെയ്തത്. സർക്കാർ പരിയാരത്തേക്ക് കൊണ്ടുപോകുമ്പോൾ ഞങ്ങളെ വിളിച്ച് പറയേണ്ടേ? അതും പറഞ്ഞിട്ടില്ല. രോഗിയുടെ ബന്ധുക്കളെ വിവരം അറിയിക്കെണ്ടേ? ആ ബാധ്യത സർക്കാരിനുണ്ട്. സർക്കാർ ആ ബാധ്യത നിറവേറ്റിയില്ല. അവർ ഒന്നും ചെയ്തിട്ടില്ല. ഉറ്റ ബന്ധുക്കളായി ആളുകളുണ്ട്. ആരെയും സർക്കാർ വിവരം അറിയിച്ചില്ല. ഗുരുതരമായ വീഴ്ചയാണ് സർക്കാർ ഭാഗത്ത് നിന്നുമുണ്ടായത്.

മരണവും സംസ്‌കാരവും പരിയാരത്ത് വെച്ച്:

പരിയാരത്ത് വച്ചാണ് മെഹ്‌റൂഫ് മരിക്കുന്നത്. ഏപ്രിൽ പതിനൊന്നിനു രാവിലെയാണ് മരണം. പരിയാരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളാണ് മരിച്ച വിവരം അറിയിക്കുന്നത്. ഞങ്ങൾ പറഞ്ഞു. മാഹിയിലാണ് വയ്‌ക്കേണ്ടത്. അതിനാൽ മൃതദേഹം ഇവിടെ എത്തിക്കണം. അതിനു അവർ സമ്മതിച്ചു. നിങ്ങൾക്ക് വരാൻ കഴിയുമോ എന്നാണ് ചോദിച്ചത്. ഞങ്ങൾക്ക് വരാൻ കഴിയില്ല. ആളെ വിടാം എന്ന് പറഞ്ഞു. മാഹി പൊലീസ് വന്നു പറഞ്ഞു. കൊറോണ പ്രോട്ടോക്കോൾ പ്രകാരം ഇത്ര ദൂരം കൊണ്ടുപോകാൻ കഴിയില്ല. ഏറ്റവും അടുത്ത് സംസ്‌ക്കരിക്കണം എന്ന് പറഞ്ഞു. പത്ത് ദിവസമായി ഞങ്ങൾ ആരും കണ്ടിട്ടില്ല എന്നാണ് ഞങ്ങൾ പറഞ്ഞത്. മതചടങ്ങുകൾ ഉണ്ട് എന്നാണ് പറഞ്ഞത്. മാഹി സർക്കാർ ആദ്യം സംസാരിച്ചു. എന്തെങ്കിലും സംഭവിച്ചാൽ നിങ്ങൾ ആണ് ഉത്തരവാദി എന്ന് ഒഴുതി ഒപ്പിടണം എന്നാണ് മാഹി പൊലീസ് പറഞ്ഞത്. അത് ഞങ്ങൾ എഴുതി ഒപ്പിട്ടു നൽകി. പിന്നെ വന്നത് ന്യൂ മാഹി എസ്‌ഐയാണ്. ബോഡി കൊണ്ടുവരാൻ കഴിയില്ല എന്ന് എസ്‌ഐ പറഞ്ഞു. ഇവിടെ പ്രശ്‌നമുണ്ട്. നാട്ടുകാർക്ക് പ്രശ്‌നമുണ്ട് എന്നാണ് പറഞ്ഞത്. അപ്പോൾ ഞങ്ങൾ അഭിഭാഷകനുമായി സംസാരിച്ചു. പ്രോട്ടോക്കോൾ ലംഘിക്കാൻ കഴിയില്ല എന്നാണ് പൊലീസ് അഭിഭാഷകനെ അറിയിച്ചത്. ഇതോടെ ഞങ്ങൾ വഴങ്ങി. സംസ്‌ക്കരിച്ചത് പരിയാരത്താണ്. മകനെ മാത്രം ദൂരെ നിന്ന് കാണിച്ചു. പിന്നെ പരിയാരത്ത് പ്രോട്ടോക്കോൾ പ്രകാരം അടക്കം ചെയ്തു. മരണം കേരളത്തിലാണ്. സംസ്‌കാരവും കേരളത്തിലാണ്. പിന്നെ എന്തുകൊണ്ട് കേരളത്തിന്റെ ലിസ്റ്റിൽ വരുന്നില്ല. കേരള സർക്കാരുമായി ബന്ധപ്പെട്ടവർ ഞങ്ങളോട് ഒന്നും പറഞ്ഞില്ല. കൊറോണ ബാധിച്ചുള്ള മരണം എന്നതിനാൽ കേരള ലിസ്റ്റിൽ ഉൾപ്പെടുത്തും എന്ന് പിന്നീട് പറഞ്ഞു. അത് പ്രോസസിംഗിൽ ആണ് എന്നാണ് പറഞ്ഞത്. പക്ഷെ ഉൾപ്പെടുത്തിയിട്ടില്ല.

ഞങ്ങളുടെ വീട് കേരളത്തിൽ തന്നെയാണ്. അടുക്കളഭാഗം കേരളമാണ്. പക്ഷെ വീടിരിക്കുന്നത് പോണ്ടിച്ചേരിയിൽപ്പെടുന്ന മാഹിയിലും. പക്ഷെ മെഹ്‌റൂഫിന് എവിടെനിന്ന് കൊറോണ പടർന്നു എന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞോ. ഇവിടെ അദ്ദേഹവുമായി ഇടപെട്ട ആർക്കും കൊറോണയില്ല. ബന്ധുക്കൾ എല്ലാവരും ക്വാറന്റൈനിൽ കുടുങ്ങി. ആർക്കും കൊറോണയില്ല. മാർച്ച് ഇരുപത്തിനാല് മുതൽ അദ്ദേഹം സുഖമില്ലാതായതാണ്. വാർധക്യകാല പ്രശ്‌നങ്ങൾ. തലശ്ശേരിയിൽ അദ്ദേഹത്തെ കാണിച്ചതാണ്. കഫം കെട്ടി നിൽക്കുന്ന പ്രശ്‌നം മാത്രമാണ് ഉള്ളത് എന്നാണ് തലശ്ശേരി ആശുപത്രിയിൽ നിന്നും പറഞ്ഞത്. എക്‌സ്‌റേ എടുത്ത ശേഷം പറഞ്ഞു ലംഗ്‌സിൽ കഫക്കെട്ട് ഉണ്ട്. അത് വേറെ മരുന്നുകൊണ്ട് മാറ്റാം എന്നും പറഞ്ഞു. പിന്നെയും അതേ ആശുപത്രിയിൽ പോയി. ഇസിജി എടുക്കണം എന്ന് പറഞ്ഞു. ഹാർട്ട് ബീറ്റ് വളരെ ഹൈ ആണ്. അതിനാൽ ഓക്‌സിജൻ നൽകണം. ഇവിടെ കാർഡിയോളജിസ്റ്റ് ഇല്ലാ എന്നും പറഞ്ഞു. തലശ്ശേരി ഒരു ആശുപത്രിയിലും കാർഡിയോളജിസ്റ്റില്ല. അങ്ങിനെയാണ് ഏപ്രിൽ ഒന്നിന് കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ പോകുന്നത്. മിംസിൽ നിന്നും ഞങ്ങളോട് ചോദിച്ചത്. മെഹ്‌റൂഫ് ഗൾഫിൽ പോയിട്ടുണ്ടോ. ആരെങ്കിലും ഗൾഫിൽ നിന്നും വന്നിട്ടുണ്ടോ എന്നൊക്കെയാണ്. ഒന്നുമില്ല എന്നാണ് ഞങ്ങൾ പറഞ്ഞത്. കൊറോണ ടെസ്റ്റ് ചെയ്യണം അന്ന് ഞങ്ങൾ അപ്പോൾ തന്നെ മിംസിൽ പറഞ്ഞു. പക്ഷെ ഒന്നും അവർ ചെയ്തിട്ടില്ല.

ആദ്യം തന്നെ വെന്റിലേറ്ററിലേക്ക് മാറ്റി. വെന്റിലെറ്റർ വേണം എന്ന് അവരാണ് നിർബന്ധം പിടിച്ചത്. പക്ഷെ ഓക്‌സിജൻ അളവ് കൂടിയിട്ടുണ്ട്. പ്രശ്‌നമില്ലാ എന്നാണ് മിംസിൽ നിന്നും പറഞ്ഞത്. പക്ഷെ പിന്നീടും വെന്റിലെറ്റർ തന്നെ തുടർന്നു. പിന്നെ സ്ഥിതി ബെറ്റർ ആണ് എന്നാണ് പറഞ്ഞത്. പ്രശ്‌നമില്ലെങ്കിൽ വെന്റ്റിലേറ്ററിൽ നിന്നും മാറ്റാം എന്നാണ് പിന്നീട് പറഞ്ഞത്. ന്യൂമോണിയ വന്നു എന്നും അവർ പിന്നീട് പറഞ്ഞു. അതോടെ പിപിഇ കിറ്റ് ഒക്കെ ഇട്ടു ഡ്യൂട്ടി ചെയ്യുന്ന വാർഡിലേക്ക് മാറ്റി. ഇപ്പോൾ കുഴപ്പമില്ലെന്നും പറഞ്ഞു. പിന്നീട് പറഞ്ഞു ഇൻഫെക്ഷൻ ബ്ലഡിലേക്ക് കടന്നിട്ടുണ്ട്. സ്ഥിതി വഷളാണ് സർജറി വേണം എന്നൊക്കെ പറഞ്ഞു. ലംഗ്‌സിൽ വൈറസ് കാണുന്നു എന്ന് പറഞ്ഞു. എച്ച്വൺ എൻ വണ്ണോ അതോ കൊറോണയോ ആകാൻ സാധ്യതയുണ്ട് എന്നാണ് പറഞ്ഞത്. കൊറോണ ആണ് ടെസ്റ്റിൽ തെളിഞ്ഞു എന്ന് പറഞ്ഞു. കൊറോണയാണെങ്കിൽ അത് മുഖ്യമന്ത്രിയല്ലേ പ്രഖ്യാപിക്കെണ്ടത്, ആലപ്പുഴ വൈറോളജി ലാബിൽ അയക്കേണ്ട എന്നൊക്കെ ഞങ്ങൾ ചോദിച്ചു. ഞങ്ങൾ സർക്കാരിനു കൈമാറിയിട്ടുണ്ട് എന്ന് പറഞ്ഞു. പിറ്റേന്ന് കളക്ടർ വന്നു. സീൻ ആയി. പരിയാരത്തേക്ക് കൊണ്ടുപോയി. എഴാം തീയതിയാണ് പരിയാരത്തേക്ക് കൊണ്ട് പോകുന്നത്. പതിനൊന്നാം തീയതി മരിക്കുകയും ചെയ്തു.

ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചർ പറഞ്ഞത് മാഹിയിൽ നിന്ന് അസുഖമായി വന്നതാണ് എന്നാണ് പറഞ്ഞത്. എവിടെ നിന്ന് വന്നു എന്നറിയില്ല. തലശ്ശേരി വന്നു കാണിച്ച ശേഷം കണ്ണൂരിൽ എത്തിയതാണ് എന്നാണ് മന്ത്രി പറഞ്ഞത്. ഞങ്ങൾക്ക് രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. എന്നൊക്കെ മന്ത്രി പറഞ്ഞു. പരിയാരത്ത് തന്നെ അടക്കുകയും ചെയ്തു. കൊറോണയാണ് മരണകാരണം എന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞു. ചികിത്സിച്ചത് കണ്ണൂരിലും പരിയാരത്തും. മരിച്ചപ്പോൾ അടക്കിയത് പരിയാരത്തും. പിന്നെ എന്തുകൊണ്ട് കേരളത്തിന്റെ കൊറോണ ലിസ്റ്റിൽ പേര് വരുന്നില്ല-നജീബ് ചോദിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP