Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജൂൺ 1 മുതൽ ദിവസവും 200 നോൺ എസി ട്രെയിനുകൾ; ഓൺലൈൻ ബുക്കിങ് ഉടൻ ആരംഭിക്കും; എല്ലാവർക്കും നോൺ എസി സെക്കൻഡ് ക്ലാസ് ട്രെയിനുകളിൽ ടിക്കറ്റ് ബുക്ക് ചെയ്യാം; ശ്രമിക് ട്രെയിനുകൾക്ക് പുറമേയാണ് ഈ 200 ട്രെയിനുകളും എന്ന് റെയിൽവെ മന്ത്രി പിയൂഷ് ഗോയൽ; ശ്രമിക് ട്രെയിനുകളുടെ എണ്ണം ദിവസം 400 ആയി വർദ്ധിപ്പിക്കും; കുടുങ്ങികിടക്കുന്ന കുടിയേറ്റ തൊഴിലാളികളെ ഏതാനും ദിവസങ്ങൾക്കകം വീടുകളിൽ എത്തിക്കുമെന്നും പീിയൂഷ് ഗോയൽ

ജൂൺ 1 മുതൽ ദിവസവും 200 നോൺ എസി ട്രെയിനുകൾ;  ഓൺലൈൻ ബുക്കിങ് ഉടൻ ആരംഭിക്കും; എല്ലാവർക്കും നോൺ എസി സെക്കൻഡ് ക്ലാസ് ട്രെയിനുകളിൽ ടിക്കറ്റ് ബുക്ക് ചെയ്യാം; ശ്രമിക് ട്രെയിനുകൾക്ക് പുറമേയാണ് ഈ 200 ട്രെയിനുകളും എന്ന് റെയിൽവെ മന്ത്രി പിയൂഷ് ഗോയൽ; ശ്രമിക് ട്രെയിനുകളുടെ എണ്ണം ദിവസം 400 ആയി വർദ്ധിപ്പിക്കും; കുടുങ്ങികിടക്കുന്ന കുടിയേറ്റ തൊഴിലാളികളെ ഏതാനും ദിവസങ്ങൾക്കകം വീടുകളിൽ എത്തിക്കുമെന്നും പീിയൂഷ് ഗോയൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ജൂൺ 1 മുതൽ ദിവസവും 200 നോൺ എസി പാസഞ്ചർ ട്രെയിനുകൾ ആരംഭിക്കുമെന്ന് റെയിൽവെ മന്ത്രി പീയൂഷ് ഗോയൽ. ഈ ട്രെയിനുകളിലെ യാത്രയ്ക്ക് വേണ്ടിയുള്ള ഓൺലൈൻ ബുക്കിങ് ഉടൻ ആരംഭിക്കും. എല്ലാവർക്കും ഈ നോൺ എസി സെക്കൻഡ് ക്ലാസ് ട്രെയിനുകളിൽ ടിക്കറ്റ് ബുക്ക് ചെയ്യാം. ശ്രമിക് ട്രെയിനുകൾക്ക് പുറമേയാണ് ഈ 200 ട്രെയിനുകളും എന്ന് പീയൂഷ് ഗോയൽ തന്റെ ട്വീറ്റിൽ പറഞ്ഞു.

കുടുങ്ങികിടക്കുന്ന കുടിയേറ്റ തൊഴിലാളികളെ ഉടനടി സംസ്ഥാന സർക്കാരുകൾ രജിസ്റ്റർ ചെയ്യിക്കണം. ഇതിന്റെ വിവരങ്ങൾ റെയിൽവേക്ക് കൈമാറുകയും വേണമെന്ന് പിയൂഷ്ഗോയൽ അറിയിച്ചു. ആവശ്യമാണെങ്കിൽ 200 സ്പെഷ്യൽ ട്രെയിനുകൾ എന്നത് എണ്ണം വർദ്ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത രണ്ടുദിവസത്തിനകം ശ്രമിക്ക് ട്രെയിനുകളുടെ എണ്ണം ദിവസവും 400 ആയി കൂട്ടും. കുടിയേറ്റക്കാർ എവിടെയാണോ അവിടെ തുടരണം. ഏതാനും ദിവസങ്ങൾക്കകം റെയിൽവെ അവരെ വീടുകളിൽ എത്തിക്കുമെന്നും പീയൂഷ് ഗോയൽ അറിയിച്ചു.

അതേസമയം, ലോക് ഡൗൺ മൂലം കഷ്ടപ്പെടുന്ന കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാൻ ആരംഭിച്ച ട്രെയിൻ സർവ്വീസുകൾക്ക് ഇനി അതാത് സംസ്ഥാനങ്ങളുടെ അനുമതി ആവശ്യമില്ലെന്ന് റെയിൽവെ വ്യക്തമാക്കി. നേരത്തെ, ലക്ഷ്യസ്ഥാനത്തുള്ള സംസ്ഥാനം അനുമതി നൽകാത്തത് വലിയ പ്രതിസന്ധിയായിരുന്നു. ഇതിനെ തുടർന്നുണ്ടായിട്ടുള്ള പ്രശ്‌നങ്ങൾക്ക് കേന്ദ്ര നിർദ്ദേശപ്രകാരം പരിഹാരമായി.

ശ്രമിക് ട്രെയിനുകൾക്ക് സംസ്ഥാനങ്ങളുടെ അനുമതി വേണ്ട

കുടിയേറ്റ തൊഴിലാളികളുമായി പോകാൻ റെയിൽവേ ഏർപ്പെടുത്തിയ ശ്രമിക് സ്‌പെഷ്യൽ ട്രെയിനുകൾക്ക് ഇനി ലക്ഷ്യസ്ഥാനത്തുള്ള സംസ്ഥാനങ്ങളുടെ അനുമതി ആവശ്യമില്ലെന്ന് റെയിൽവേ വ്യക്തമാക്കി.കത്തുകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും കേന്ദ്രമന്ത്രിമാരും വിവിധ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരുമായും തമ്മിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇതിന്റെ പേരിൽ തർക്കത്തിലായിരുന്നു. പശ്ചിമബംഗാൾ, ജാർഖണ്ഡ്, ഛത്തീസ്‌ഗണ്ഡ് എന്നീ സംസ്ഥാനങ്ങളായിരുന്നു ഇതിൽ പ്രധാനം.

രാജ്യത്തെ വിവിധയിടങ്ങളിൽ നിന്ന് പശ്ചിമബംഗാളിലേക്ക് വരുന്ന ട്രെയിനുകൾക്ക് അനുമതി കൊടുക്കാത്തതിനെ തുടർന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും തമ്മിൽ സംസാരിച്ചിരുന്നു. പ്രത്യേക സാഹചര്യം പരിഗണിച്ചാണ് തൊഴിലാളികൾക്കുള്ള ട്രെയിനുകൾക്കുള്ള അധികാരം സംസ്ഥാനങ്ങൾക്ക് നൽകിയിരുന്നത്. സംസ്ഥാനങ്ങൾ ട്രെയിനുകൾക്കുള്ള ആവശ്യമായ സ്റ്റോപ്പുകളും അറിയിപ്പുകളും കുടിയേറ്റ തൊഴിലാളികളെ കൃത്യമായി അറിയിക്കണമെന്നും കേന്ദ്രം നിർദ്ദേശിച്ചു.

ശ്രമിക് ട്രെയിനുകൾ റദ്ദാക്കിയതിനെ തുടർന്ന് ഗുജറാത്തിൽ കുടിയേറ്റ തൊഴിലാളികൾ കഴിഞ്ഞ ദിവസം വാഹനങ്ങൾ കൊള്ളയടിക്കുകയും തകർക്കുകയും ചെയ്തിരുന്നു. രാജ്കോട്ടിലെ ഷാപ്പർ വ്യവസായ മേഖലയിലാണ് സംഭവം. ഉത്തർപ്രദേശിലേക്കും ബിഹാറിലേക്കുമുള്ള ശ്രമിക് ട്രെയിനുകൾ റദ്ദാക്കിയതിനെ തുടർന്നായിരുന്നു കുടിയേറ്റ തൊഴിലാളികൾ വാഹനങ്ങൾക്ക് നേരെ ആക്രമണം നടത്തിയത്.

ഉത്തർപ്രദേശ്-മധ്യപ്രദേശ് അതിർത്തിയിലും വൻസംഘർഷമുണ്ടായി. കുടിയേറ്റ തൊഴിലാളികൾ ബാരിക്കേഡുകൾ തകർത്ത് ഉത്തർപ്രദേശിലേക്ക് കടന്നു. പൊലീസ് ലാത്തി ചാർജ് നടത്തി ബാരിക്കേഡ് പുനഃസ്ഥാപിച്ചു. കുടിയേറ്റ തൊഴിലാളികൾ കാൽനടയായി വരരുതെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രഖ്യാപനത്തിന് പിന്നാലെ യുപി അതിർത്തികളിൽ വൻ പ്രതിസന്ധിയാണ് രൂപപ്പെട്ടിരിക്കുന്നത്.

കുടിയേറ്റ തൊഴിലാളികളുടെ കാൽനട യാത്ര അനുവദിക്കരുത്

അതിനിടെ, കുടിയേറ്റ തൊഴിലാളികൾ വാഹനാപകടത്തിൽ കൂട്ടത്തോടെ മരിക്കുന്നതിനിടെ സംസ്ഥാനങ്ങൾക്ക് നിർദ്ദേശങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം രംഗത്ത്. റോഡിലൂടെയും റെയിൽവേ ട്രാക്കിലൂടെയും തൊഴിലാളികൾ കാൽനടയായി സഞ്ചരിക്കുന്നത് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. കൂടുതൽ ട്രെയിനുകൾ ഏർപ്പെടുത്തി തൊഴിലാളികൾക്ക് സഞ്ചാര സൗകര്യമൊരുക്കണമെന്നും ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ചീഫ് സെക്രട്ടറിമാർക്കയച്ച കത്തിൽ ആവശ്യപ്പെടുന്നു.കുടിയേറ്റ തൊഴിലാളികളെ സ്വദേശങ്ങളിലെത്തിക്കുന്നതിന് കൂടുതൽ ട്രെയിനുകൾ ഓടിക്കുന്നതിന് റെയിൽവേ മന്ത്രാലയവുമായി ബന്ധപ്പെട്ട് സൗകര്യങ്ങളൊരുക്കണമെന്ന് കത്തിൽ നിർദ്ദേശിക്കുന്നു.

ഒരു കുടിയേറ്റ തൊഴിലാളിയും റോഡിലൂടെയോ റെയിൽവേ പാളത്തിലൂടെയോ കാൽനടയായി യാത്രചെയ്യുന്നില്ലെന്ന കാര്യം സംസ്ഥാനങ്ങൾ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെടുന്ന കേന്ദ്രം നിലവിൽ വീടുകളിലേക്ക് കാൽനടയായി സഞ്ചരിക്കുന്ന തൊഴിലാളികൾക്ക് വഴിയിൽ വിശ്രമകേന്ദ്രങ്ങൾ ഒരുക്കുകയും ഭക്ഷണവും വെള്ളവും ലഭ്യമാക്കുകയും വേണമെന്നും നിർദ്ദേശിക്കുന്നു.ഇതിനായി ജില്ലാ ഭരണകൂടങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ കെട്ടിടങ്ങൾ കണ്ടെത്തണമെന്നാണ് കേന്ദ്രം പറയുന്നത്. ഇവിടെ ഭക്ഷണം, അണുവിമുക്തമാക്കുന്നതിനുള്ള സൗകര്യങ്ങൾ, ചികിത്സാസൗകര്യങ്ങൾ, വിശ്രമ സൗകര്യങ്ങൾ എന്നിവ ഉണ്ടായിരിക്കണം. ആവശ്യമെങ്കിൽ നിരീക്ഷണത്തിൽ പാർപ്പിക്കുന്നതിനുള്ള സൗകര്യവും വേണമെന്നും ആഭ്യന്തര മന്ത്രാലയം നിർദ്ദേശത്തിൽ പറയുന്നു.രണ്ടാം തവണയാണ് കുടിയേറ്റ തൊഴിലാളികളുടെ വിഷയത്തിൽ ആഭ്യന്തര സെക്രട്ടറി ചീഫ് സെക്രട്ടറിമാർക്ക് കത്ത് അയക്കുന്നത്. കാൽനടയായുള്ള പലായനത്തിനിടെ ദിനംപ്രതി നിരവധി കുടിയേറ്റ തൊഴിലാളികളാണ് മരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ആഭന്തര സെക്രട്ടറി മാർഗനിർദ്ദേശങ്ങളുമായി വീണ്ടും കത്തയച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP