Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രതിരോധ വകുപ്പിലെ ശാസ്ത്രജ്ഞൻ ചമഞ്ഞ് തട്ടിപ്പ്: കോട്ടയം സ്വദേശി കൊടുവള്ളിയിൽ പിടിയിൽ; വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് നിരവധിയാളുകൾക്ക് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതായും പരാതി; ഡിആർഡിഒയുടെ വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചതിന് രാജ്യദ്രോഹക്കുറ്റവും

പ്രതിരോധ വകുപ്പിലെ ശാസ്ത്രജ്ഞൻ ചമഞ്ഞ് തട്ടിപ്പ്: കോട്ടയം സ്വദേശി കൊടുവള്ളിയിൽ പിടിയിൽ; വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് നിരവധിയാളുകൾക്ക് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതായും പരാതി; ഡിആർഡിഒയുടെ വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചതിന് രാജ്യദ്രോഹക്കുറ്റവും

ജാസിം മൊയ്ദീൻ

കോഴിക്കോട്: പ്രതിരോധ വകുപ്പിലെ ശാസ്ത്രജ്ഞനാണെന്ന് പറഞ്ഞ് നിരവധിയാളുകളിൽ നിന്ന് പണംതട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ. കോട്ടയം ചങ്ങനാശ്ശേരി വാഴൂർ മണ്ണുപുരയിടത്തിൽ പി ആർ അരുൺ ആണ് കൊടുവള്ളി പൊലീസിന്റെ പിടിയിലായത്. നാല് മാസത്തിലധികമായി കിഴിക്കോത്ത് മറിവീട്ടിൽ താഴത്തെ ഫ്‌ളാറ്റിൽ താമസിച്ചു വരികയായിരുന്ന ഇയാൾ ഡിആർഡിഒയിലെ ശാസ്ത്രജ്ഞനാണെന്നാണ് നാട്ടുകാരോട് പറഞ്ഞിരുന്നത്. ഇടക്കിടക്ക് കാണാതാകുന്നതിനെ കുറിച്ച് ചോദിക്കുമ്പോൾ ഔദ്യോഗിക കാര്യങ്ങൾക്കായി ഡൽഹിയിൽ പോയതായിരുന്നു എന്ന് വിശദീകരണവും നൽകിയിരുന്നു.

പ്രതിരോധ വകുപ്പിന്റെ വ്യാജ തിരിച്ചറിയൽ കാർഡ് കാണിച്ച് ഇയാൾ സമീപ പ്രദേശങ്ങളിലെ നിരവധിയാളുകൾക്ക് ജോലി വാഗ്ദാനം നൽകുകയും അവരിൽ നിന്നാണ് ലക്ഷക്കണക്കിന് രൂപ കൈക്കലാക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ നിരവധി പേർ വഞ്ചനയ്ക്ക് ഇരകളായതോടെയാണ് ഇയാൾക്കെതിരെ സംശയം തുടങ്ങിയത്. ഇതിനെ തുടർന്ന് ഇയാൾക്ക് പണം നൽകിയ മറിവീട്ടിൽ താഴം സ്വദേശിയായ സുകേഷ് പൊലീസിൽ പരാതിപ്പെടുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അറസ്റ്റുണ്ടായിരിക്കുന്നത്. ഇയാൾ അറസ്റ്റിലായതോടെ നിരവധിപേരാണ് ഇപ്പോൾ സമാന പരാതികളുമായി പൊലീസ് സ്റ്റേഷനിലെത്തിയിരിക്കുന്നത്. പലരിൽ നിന്നും പണവും സ്വർണ്ണാഭരണങ്ങളും ഇയാൾ കൈക്കലാക്കിയിട്ടുണ്ട്. രണ്ടര പവന്റെ മാലയും ഇരുപത്തി അയ്യായിരം രൂപയുമാണ് പരാതിക്കാരനായ സുകേഷിൽ നിന്നും പ്രതി തട്ടിയെടുത്തിട്ടുള്ളത്.

പരാതി ലഭിച്ചതിനെ തുടർന്ന് വിശദമായ അന്വേഷണം നടത്തിയതിന് ശേഷമാണ് ഇൻസ്‌പെക്ടർ പി ചന്ദ്രമോഹന്റെയും എസ് ഐ. എ സായൂജ് കുമാറിന്റെയും നേതൃത്വത്തിലുള്ള സംഘം അരുണിനെ അറസ്റ്റ് ചെയ്തത്. ഒരാഴ്ചയോളം നീണ്ടു നിന്ന അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കൊടുവള്ളി പൊലീസ് വലയിലാക്കിയത്. വ്യാജ തിരിച്ചറിയിൽ കാർഡ് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതി പിടിയിലായ വിവരം അറിഞ്ഞ് വിവിധ ജില്ലകളിൽ നിന്നായി നിരവധി പേരാണ് കൊടുവള്ളി പൊലീസുമായി ബന്ധപ്പെടുന്നത്.

കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥർ കൊടുവള്ളിയിലെത്തി പ്രതിയെ ചോദ്യംചെയ്തു. ഡി ആർ ഡി ഒ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എസ് ഐ മാരായ ശ്രീകുമാർ, ഹരിദാസൻ, എ എസ് ഐ സജീവൻ, സി പി ഒ മാരായ അബ്ദുൽ റഹീം, അബ്ദുൽ റഷീദ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതിരോധ വിഭാഗത്തിന്റെ വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ച സംഭവത്തിൽ രാജ്യദ്രോഹം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർക്കുമെന്നാണ് സൂചന. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്ത് മഞ്ചേരി സബ് ജയിലിലേക്കയച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP