Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് രണ്ടക്കം കടന്നത് കേരളത്തിൽ മാത്രം; രാഹുൽ പിൻവാങ്ങിയിരിക്കെ ലോക്‌സഭാ പ്രതിപക്ഷ നേതൃപദവി ന്യായമായും ലഭിക്കേണ്ടിയിരുന്നത് തരൂരിന്; വന്നത് ആരാലും അറിയപ്പെടാത്ത അധിർ രഞ്ജൻ ചൗധരിയും; സ്ഥാനത്തും അസ്ഥാനത്തും ഇടത് ഭരണത്തെ പുകഴ്‌ത്തി തരൂർ തിരിച്ചടിക്കുമ്പോൾ പ്രശംസ വാരിച്ചൊരിഞ്ഞു മുഖ്യമന്ത്രിയും സിപിഎം സൈബർ കേന്ദ്രങ്ങളും; ദേശീയ രാഷ്ട്രീയത്തിലെ കണക്ക് കേരള രാഷ്ട്രീയത്തിൽ തരൂർ തീർക്കുമ്പോൾ

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് രണ്ടക്കം കടന്നത് കേരളത്തിൽ മാത്രം; രാഹുൽ പിൻവാങ്ങിയിരിക്കെ ലോക്‌സഭാ പ്രതിപക്ഷ നേതൃപദവി ന്യായമായും ലഭിക്കേണ്ടിയിരുന്നത് തരൂരിന്; വന്നത് ആരാലും അറിയപ്പെടാത്ത  അധിർ രഞ്ജൻ ചൗധരിയും; സ്ഥാനത്തും അസ്ഥാനത്തും ഇടത് ഭരണത്തെ പുകഴ്‌ത്തി തരൂർ തിരിച്ചടിക്കുമ്പോൾ പ്രശംസ വാരിച്ചൊരിഞ്ഞു മുഖ്യമന്ത്രിയും സിപിഎം സൈബർ കേന്ദ്രങ്ങളും; ദേശീയ രാഷ്ട്രീയത്തിലെ കണക്ക് കേരള രാഷ്ട്രീയത്തിൽ തരൂർ തീർക്കുമ്പോൾ

എം മനോജ് കുമാർ

തിരുവനന്തപുരം: എന്താണ് കോൺഗ്രസിന്റെ ഗ്ലാമർ താരം ശശി തരൂരിന്റെ ലക്ഷ്യം. കൊറോണ കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്കും തരൂർ നൽകുന്ന പിന്തുണ കേരളത്തിന്റെ കോൺഗ്രസ് നേതൃത്വത്തിന്റെ ഉറക്കം കെടുത്തുകയാണ്. നിർദ്ദോഷകരമായ പ്രസ്താവനകളല്ല തരൂരിന്റെ ഭാഗത്ത് നിന്നും വരുന്നത് എന്നതാണ് കോൺഗ്രസിന്റെ അസ്വസ്ഥതകൾക്കുള്ള പ്രധാന കാരണം. അടിയുറച്ച പിന്തുണയാണ് കൊറോണ കാര്യത്തിൽ തരൂർ ഇടത് സർക്കാരിനു നൽകുന്നത്. ദേശീയ രാഷ്ട്രീയ സംഭവവികാസങ്ങളിൽ, കോൺഗ്രസിന്റെ ആഭ്യന്തര പൊളിറ്റിക്‌സുമായി ഇതിനുള്ള അഭേദ്യബന്ധമാണ് തരൂരിന്റെ നീക്കങ്ങളിൽ കോൺഗ്രസ് അപകടം മണക്കാൻ കാരണം. കഴിഞ്ഞ ശനിയാഴ്ച ഇന്ദിരാഭവനിൽ ചേർന്ന കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ ശക്തമായ വിമർശനമാണ് ശശി തരൂർ എംപിക്ക് നേരെ ഉയർന്നത്. തരൂരിനെ നിയന്ത്രിക്കേണ്ട ആവശ്യമാണ് കോൺഗ്രസ് നേതാക്കൾ രാഷ്ട്രീയ കാര്യസമിതിയിൽ ചൂണ്ടിക്കാട്ടിയത്. ഇതൊന്നും കൂസാതെയാണ് തരൂരിന്റെ മുന്നോട്ടുള്ള പോക്ക്. ദേശീയ രാഷ്ട്രീയത്തിലെ കണക്ക് കേരള രാഷ്ട്രീയത്തിൽ തീർക്കുന്ന നിലപാടാണ് തരൂരിന്റെത് എന്ന് കോൺഗ്രസ് നേതാക്കൾ തന്നെ അടക്കം പറഞ്ഞു തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് തനിക്ക് നേരെ വരുന്ന കോൺഗ്രസ് മൂക്കുകയർ തരൂർ തട്ടിക്കളയുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം തരൂർ ന്യായമായും പ്രതീക്ഷിച്ചിരുന്നത് സോണിയ പിൻവാങ്ങിയ അവസ്ഥയിൽ ലോകസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനമായിരുന്നു. തരൂരിനെക്കാളും മികച്ച രീതിയിൽ കോൺഗ്രസിൽ നിന്നും ആരുമുണ്ടായിരുന്നില്ല. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാൻ രാഹുൽഗാന്ധി വിസമ്മതിച്ച അവസ്ഥയിൽ തരൂരിന് ഒരു ബദൽ കോൺഗ്രസിലുണ്ടായിരുന്നില്ല. പ്രതിപക്ഷ നേതാവ് സ്ഥാനം തനിക്ക് ലഭിക്കും എന്ന് തന്നെയാണ് തരൂർ കരുതിയത്. പക്ഷെ സോണിയ ചുമതലപ്പെടുത്തിയത് ബംഗാളിൽ നിന്നുള്ള ആരാലും അറിയപ്പെടാത്ത അധിർ രഞ്ജൻ ചൗധരിയെയും. തരൂരിന്റെ രാഷ്ട്രീയ ജീവിതത്തിൽ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു കോൺഗ്രസ് അധ്യക്ഷ സോണിയയുടെ തീരുമാനം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ മാനം രക്ഷിച്ച സ്റ്റേറ്റുകളാണ് കേരളവും തമിഴ്‌നാടും പഞ്ചാബും. കേരളത്തിലേ ഇരുപത് സീറ്റുകളിൽ 19 ലോക്‌സഭാ സീറ്റും കോൺഗ്രസ് സ്വന്തമാക്കിയപ്പോൾ തമിഴ്‌നാട്, പഞ്ചാബ് എന്നിവിടങ്ങളിൽ ഇത്ര തിളക്കമുള്ള ജയമില്ല. ലോക്‌സഭാ സീറ്റുകളിൽ രണ്ടക്കം കേരളം കടന്നപ്പോൾ രണ്ടക്കത്തിലേക്ക് ഈ രണ്ടു സംസ്ഥാനങ്ങളും വന്നില്ല. അതുകൊണ്ട് തന്നെ തരൂർ പ്രതിപക്ഷ നേതൃസ്ഥാനം പ്രതീക്ഷിച്ചിരുന്നു. പക്ഷെ സോണിയ സ്ഥാനം നൽകിയത് ബംഗാളിൽ നിന്നുള്ള അധിർ രഞ്ജൻ ചൗധരിക്കും. ഇത് തരൂർ ഒരിക്കലും പ്രതീക്ഷിച്ച തീരുമാനമായിരുന്നില്ല. കോൺഗ്രസിന് ലീഡർ ഷിപ്പ് സെൻട്രലിൽ ഇല്ലാതിരുന്നിട്ട് കൂടി അതിനു യോജ്യനായ തരൂരിനെ സോണിയ പരിഗണിച്ചില്ല. നെഹ്റു കുടുംബത്തിന്റെ താത്പര്യങ്ങൾ പാർട്ടി താത്പര്യങ്ങൾക്ക് ഉപരിയാണെന്ന് തെളിയിക്കുന്നതായിരുന്നു സോണിയയുടെ തീരുമാനം. തരൂർ അത് മനസിലാക്കുകയും ചെയ്തു.

തരൂർ പ്രതിപക്ഷ നേതൃസ്ഥാനത്ത് വന്നാൽ നല്ല രീതിയിൽ ശോഭിക്കും. ഇത് നെഹ്റു കുടുംബത്തിനു രുചിക്കുന്ന കാര്യമല്ല. രാഹുൽ പ്രതിപക്ഷ നേതൃസ്ഥാനത്തില്ലെങ്കിലും രാഹുലിനെ കവർ ചെയ്യുന്ന ഒരാളെ നെഹ്റു കുടുംബത്തിനു തത്ക്കാലം ആവശ്യമില്ല. ഇതാണ് അധിർ രഞ്ജൻ ചൗധരിക്ക് കടന്നുവരവ് എളുപ്പമാക്കിയത്. കോൺഗ്രസിന്റെ അടിസ്ഥാന നയങ്ങളെ പോലും ലംഘിക്കുന്ന പ്രസ്താവനകളാണ് പ്രതിപക്ഷ നേതാവിൽ നിന്നും വന്നിട്ടുള്ളത്. ഇത് കോൺഗ്രസ് നേതാക്കൾക്ക് തന്നെ പലപ്പോഴും പ്രതിരോധിക്കേണ്ടിയും വന്നു. ചൈനയ്ക്ക് എതിരെ അതിരൂക്ഷ വിമർശനം അധിർ രഞ്ജൻ ചൗധരി നടത്തിയപ്പോൾ ഉടൻ തന്നെ കോൺഗ്രസ് വക്താവ് ആനന്ദ് ശർമ്മ അത് തിരുത്തി. അത് പ്രതിപക്ഷ നേതാവിന്റെ വ്യക്തിപര നിലപാടാണ് എന്നാണു ആനന്ദ് ശർമ്മ പ്രതികരിച്ചത്. കോൺഗ്രസിന്റെ അവസ്ഥ ഇതാണെന്ന് മനസിലാക്കിയിട്ടും സോണിയ അടക്കമുള്ള നേതാക്കൾ അനങ്ങിയിട്ടില്ല. ഏതു തീരുമാനവും രാഹുൽ ഗാന്ധി വഴി പോകുന്നതാണ് സോണിയഗാന്ധിക്ക് താത്പര്യം. രാഹുൽ ഗാന്ധി ലോകസഭയിലെ പ്രതിപക്ഷ നേതാവല്ല, കോൺഗ്രസിന്റെ അധ്യക്ഷനുമല്ല. എന്നിട്ടും ഇതാണ് അവസ്ഥ. ഇത് തരൂരും മനസിലാക്കിയിട്ടുണ്ട്. തരൂർ ഈ കാര്യങ്ങളിൽ തീർത്തും അസംതൃപ്തനാണ്. ഇതാണ് തരൂരിന്റെ കേരളത്തിലെ പൊട്ടിത്തെറിക്ക് പിന്നിലെ കാരണം. രാഹുൽ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കണം എന്നാണ് സോണിയ ആവശ്യപ്പെടുന്നത്. രാഹുൽ തത്ക്കാലം അതിനു സന്നദ്ധനല്ല. സെൻട്രലിൽ കോൺഗ്രസിന് ആരും നിയന്ത്രിക്കാനില്ലാത്ത അവസ്ഥയാണ്. നേതാക്കൾ നാല് വഴിക്ക് നാല് രീതിയിൽ നീങ്ങുകയാണ്. തരൂരിന് ആണെങ്കിലും ഒരു സ്ഥാനവും നൽകാൻ സോണിയ തയ്യാറുമല്ല. ഈ അസംതൃപ്തിയാണ് പിണറായി വിജയനെയും ശൈലജ ടീച്ചറിനെയുമൊക്കെ കൊറോണ കാര്യത്തിൽ തരൂർ പിന്തുണയ്ക്കുന്നതിനു പിന്നിൽ. കോൺഗ്രസിലെ ആഭ്യന്തര രാഷ്ട്രീയത്തിന്റെ പ്രതിഫലനമാണ് തരൂരിന്റെ പ്രതികരണങ്ങൾ.

കോൺഗ്രസ് വാളെടുക്കുന്നത് മനസിലാക്കി ഉള്ളാലെ ചിരിച്ച് തന്റെ പ്രവർത്തനങ്ങളുമായി തരൂർ മുന്നോട്ടു പോകുന്ന കാഴ്ചയാണ് കേരള രാഷ്ട്രീയം ദർശിക്കുന്നത്. പിണറായി വിജയനും ശൈലജ ടീച്ചർക്കും നൽകുന്ന അതേ പിന്തുണ തരൂർ തുടർന്നു പോവുകയാണ്. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ അന്തർദേശീയ നേതാക്കളും മാധ്യമങ്ങളും കേരളത്തെ പുകഴ്‌ത്തുമ്പോൾ അതിനെക്കാൾ വലിയ പിന്തുണയാണ് തരൂർ നൽകുന്നത്. പ്രമുഖ ബ്രിട്ടീഷ് മാധ്യമമായ 'ദ ഗാർഡി'യനിൽ കെ.കെ. ശൈലജയെ കുറിച്ച് വന്ന ലേഖനം തരൂർ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ കൊറോണ കാര്യത്തിൽ വളരെ ഫലപ്രദമായ നടപടികളാണ് കൈക്കൊള്ളുന്നത് എന്നും ഇതെല്ലാം വളരെ വിജയപ്രഥമാണ് എന്നും തരൂർ തുറന്നടിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനും തരൂരിനെ പ്രശംസിക്കേണ്ട ഘട്ടത്തിൽ അതിനു മടിക്കാറുമില്ല. കൊവിഡ് പരിശോധനയ്ക്ക് വേണ്ടി തരൂർ റാപ്പിഡ് ടെസ്റ്റിങ് കിറ്റുകൾ അടക്കം എത്തിച്ചപ്പോൾ മുഖ്യമന്ത്രിയും അഭിനന്ദനം കോരിച്ചൊരിഞ്ഞിരുന്നു. രാഷ്ട്രീയമായി ഇടത് സർക്കാരിനെ കടിച്ചു കുടയേണ്ട ഘട്ടത്തിൽ തരൂരും ഇടത് സർക്കാരും തമ്മിലുള്ള ഭായി-ഭായി ബന്ധം കേരളത്തിലെ നേതാക്കൾക്ക് ഒട്ടും രുചിക്കുന്നില്ല.ദേശീയ രാഷ്ട്രീയമാണ് തരൂരിന് മുന്നിലുള്ള വിഷയം. അത് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നിലംപരിശായ ശേഷം ആരംഭിച്ചതാണിത്. പരാജയത്തിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത് രാഹുൽ പ്രതിപക്ഷത്തിന്റെ നേതൃസ്ഥാനം ഏറ്റെടുക്കാൻ വിസമ്മതിച്ചതോടെയാണ് തരൂരിന്റെ പ്രശ്‌നങ്ങൾ ആരംഭിക്കുന്നത്.

വരുന്ന വർഷം കേരളം നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. അന്താരാഷ്ട്ര തലത്തിൽ തന്നെ കൊറോണ വിഷയത്തിൽ കേരളത്തിനു ലഭ്യമായ തിളക്കമുള്ള ഇമെജുമായാണ് പിണറായി വിജയൻ സർക്കാർ തിരഞ്ഞെടുപ്പിനെ നേരിടുക. കൊറോണ മാത്രമല്ല മഹാപ്രളയത്തെയും അതിനു ശേഷം വന്ന പ്രളയത്തെയും പിണറായി സർക്കാർ നേരിട്ട രീതിയും അഭിനന്ദനാർഹമായിരുന്നു. ഇത് വോട്ടായി മാറുമെന്ന പേടി കോൺഗ്രസിനുണ്ട്. ഇത് വോട്ടായി മാറിയാൽ കേരളം ചരിത്രം തിരുത്തിയെഴുതി പിണറായി സർക്കാർ തന്നെ വീണ്ടും അധികാരത്തിൽ വരും. അഞ്ച് വർഷം ഭരണമില്ലാതെ തുടരുന്ന അവസ്ഥ കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം പ്രയാസകരമായ കാര്യമാണ്. വരുന്ന അഞ്ച് വർഷം അധികാരത്തിൽ നിന്ന് മാറിനിൽക്കേണ്ടി വന്നാൽ കോൺഗ്രസ് കേരളത്തിൽ ചിഹ്നഭിന്നമാകും. കോൺഗ്രസ് മാത്രമല്ല യുഡിഎഫും.

യുഡിഎഫ് രൂപീകരിച്ച ശേഷം പതിറ്റാണ്ടുകൾ തന്നെ പിന്നിടുമ്പോൾ ഇത്തരമൊരു പ്രതിസന്ധി കോൺഗ്രസ് നേതൃത്വത്തിൽ മുന്നിൽ ഇതാദ്യമായാണ് വരുന്നത്. ഈ രാഷ്ട്രീയ പശ്ചാത്തലം മുന്നിൽ നിൽക്കെയാണ് മുഖ്യമന്ത്രിക്ക് തരൂർ നൽകുന്ന ബ്ലാങ്ക് ചെക്ക് കോൺഗ്രസിന് മുന്നിൽ രാഷ്ട്രീയ പ്രതിസന്ധി തീർക്കുന്നത്. കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ രൂക്ഷ വിമർശനം തരൂരിന് നേരെ ഉയർന്നിരികെ അത് പുറത്തും പ്രതിഫലിച്ച് തുടങ്ങിയിട്ടുണ്ട്. തരൂരിന്റെ നിലപാടുകൾക്കെതിരെ പരോക്ഷ വിമർശനവുമായി കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മറുനാടനോട് പ്രതികരിച്ചിരുന്നു. കേരള രാഷ്ട്രീയത്തിലെ ദൈനംദിന കാര്യങ്ങൾ തരൂരിന് അറിയാത്ത പ്രശ്‌നമുണ്ട്. അതാണ് തരൂർ വിവാദത്തിൽ ചാടുന്നത്. അന്തർദേശീയ തലത്തിൽ പ്രവർത്തിക്കുന്ന നേതാവ് എന്ന നിലയിൽ ആ രീതിയിലുള്ള നിലപാടാണ് തരൂർ കൈക്കൊള്ളുന്നത്. പ്രതിപക്ഷ നേതാവിന്റെ മറുനാടനോടുള്ള പ്രതികരണത്തിൽ ഒരു കാര്യം വ്യക്തമാണ്. നിലവിലെ തരൂർ നിലപാട് കോൺഗ്രസിന് കേരളത്തിൽ തലവേദന സൃഷ്ടിക്കുകയാണ്. ഇതുകൊണ്ട് തന്നെ തരൂരിന് എതിരെ കോൺഗ്രസിനുള്ളിൽ അമർഷം ശക്തമായിരിക്കുകയാണ്. രാഷ്ട്രീയ കാര്യസമിതിയിൽ തരൂരിന് എതിരെ ഉയർന്ന പ്രതിഷേധം ഇതിന്റെ ഭാഗം തന്നെയാണ്. ഇടത് സർക്കാരിനെ സ്ഥാനത്തും ആസ്ഥാനത്തും പുകഴ്‌ത്തി തരൂരും ശക്തമായി തിരിച്ചടിക്കുക തന്നെയാണ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP