Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം അതിവേഗം കുതിക്കുന്നു; തുടർച്ചയായ ദിവസങ്ങളിൽ അയ്യായിരത്തിലേറെ രോഗികൾ; രാജ്യത്ത് ഇതുവരെ 118,226 പേർക്ക് കോവിഡ് ബാധ; രോഗ മുക്തരാകുന്നവരുടെ നിരക്ക് നാൽപ്പത് ശതമാനം; തമിഴ്‌നാട്ടിലും മഹാരാഷ്ട്രയിലും കാര്യങ്ങൾ നിയന്ത്രണാതീതം; തമിഴ്‌നാട്ടിൽ ഇന്നലെ മാത്രം കോവിഡ് ബാധിച്ചുള്ള മരണം ഏഴ്; മഹാരാഷ്ട്രയിൽ കോവിഡ് ബാധിതരുടെ എണ്ണം അര ലക്ഷത്തിലേക്ക് നീങ്ങുന്നു

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം അതിവേഗം കുതിക്കുന്നു; തുടർച്ചയായ ദിവസങ്ങളിൽ അയ്യായിരത്തിലേറെ രോഗികൾ; രാജ്യത്ത് ഇതുവരെ 118,226 പേർക്ക് കോവിഡ് ബാധ; രോഗ മുക്തരാകുന്നവരുടെ നിരക്ക് നാൽപ്പത് ശതമാനം; തമിഴ്‌നാട്ടിലും മഹാരാഷ്ട്രയിലും കാര്യങ്ങൾ നിയന്ത്രണാതീതം; തമിഴ്‌നാട്ടിൽ ഇന്നലെ മാത്രം കോവിഡ് ബാധിച്ചുള്ള മരണം ഏഴ്; മഹാരാഷ്ട്രയിൽ കോവിഡ് ബാധിതരുടെ എണ്ണം അര ലക്ഷത്തിലേക്ക് നീങ്ങുന്നു

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് രോഗബാധിതരുടെ എണ്ണം അതിവേഗം വർദ്ധിക്കുന്നു. തുടർച്ചയായ ദിവസങ്ങളിലും കോവിഡ് ബാധിതരുടെ എണ്ണം അയ്യായിരത്തിന് മുകളിലാണ് റിപ്പോർട്ടു ചെയ്യുന്നത്. 118,226 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് രോഗം ബാധിച്ചത്. മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും യാതൊരു നിയന്ത്രണവും ഇല്ലാത്ത വിധത്തിലാണ് കോവിഡ് പടർന്നുപിടിക്കുന്നത്. രോഗവ്യാപനം രൂക്ഷമായ മഹാരാഷ്ട്രയിൽ ആകെ കേസുകൾ അര ലക്ഷത്തിലേക്ക് കടക്കുമെന്ന വിധത്തിലാണ് കാര്യങ്ങൾ. ഡൽഹിയിൽ തുടർച്ചയായി മൂന്ന് ദിവസങ്ങളിൽ അഞ്ഞൂറിലധികം കേസുകൾ റിപ്പോർട്ട് ചെയ്തു.

രോഗവ്യാപനത്തിനൊപ്പം രോഗമുക്തി നേടുന്നവരുടെ എണ്ണവും കൂടുന്നുണ്ടെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിശദീകരണം. 40.32 ശതമാനം ആണ് രാജ്യത്തെ കോവിഡ് മുക്തിനിരക്ക്. വ്യാഴാഴ്ചവരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്തെ 555 ലാബുകളിലായി 26,15,920 സാപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധനയ്ക്ക് വിധേയമാക്കിയത് 1,03,532 സാംപിളുകളാണ്. നിലവിൽ 391 സർക്കാർ ലാബുകളിലും 164 സ്വകാര്യ ലാബുകളിലുമാണ് കോവിഡ് പരിശോധന സൗകര്യമുള്ളത്. രാജ്യത്ത് 3027 ഓളം കോവിഡ് ആശുപത്രികളും കോവിഡ് ആരോഗ്യ കേന്ദ്രങ്ങളും സജ്ജമാക്കി. ഇതിനു പുറമെ 7,013 കോവിഡ് കെയർ കേന്ദ്രങ്ങളും കണ്ടെത്തി. സംസ്ഥാനങ്ങൾക്കായി 65 ലക്ഷം പിപിഇ കിറ്റുകളും, 101.07 ലക്ഷം എൻ95 മാസ്‌കുകളുമാണ് കേന്ദ്രം വിതരണം ചെയ്തത്.

തമിഴ്‌നാട്ടിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധന. ഇന്നലെ 776 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് ഇന്ന് മാത്രം ഏഴ് പേർ മരിച്ചു. രോഗം ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം 94 ആയി. ചെന്നൈയിൽ മാത്രം ഇന്ന് 567 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇവിടെ രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ കേരളത്തിൽ നിന്ന് തിരിച്ചെത്തിയതാണ്. ഡൽഹിയിൽ നിന്ന് ട്രെയിനിൽ ചെന്നൈയിലെത്തിയ രണ്ടുപേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രാജധാനി എക്സ്‌പ്രസിലാണ് ഇവർ ഡൽഹിയിൽ നിന്ന് എത്തിയത്. തേനി, തെങ്കാശി അതിർത്തി ജില്ലകളിലും കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വലിയ വർധനയാണ് ഉണ്ടായിരിക്കുന്നത്. രോഗവ്യാപന നിരക്കിൽ ഗുജറാത്തിന് മുന്നിലെത്തിയ തമിഴ്‌നാട്ടിൽ 12448 പേർക്കാണ് രോഗം ബാധിച്ചതെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന ഔദ്യോഗികവിവരം.

പ്രതിദിനം അയ്യായിരത്തിന് മേൽ വർധനയാണ് രോഗബാധിതരുടെ എണ്ണത്തിൽ ഉണ്ടാകുന്നത്. 24 മണിക്കൂറിനിടെ 5609 പേർക്കാണ് പുതിയതായി രോഗം ബാധിച്ചത്. കൊവിഡ് ബാധിച്ച് ഇതുവരെ 3435 പേർ മരിച്ചു. 24 മണിക്കൂറിനിടെ 132 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ 63624 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 45299 പേർക്ക് രോഗം ഭേദമായി.

കോവിഡ് വ്യാപനം അതിരൂക്ഷമായ മഹാരാഷ്ട്രയിൽ വ്യാഴാഴ്ച പുതുതായി 2345 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 41,000 കടന്നു. വ്യാഴാഴ്ച 64 പേർ കൂടി മരിച്ചു. മുംബൈയിൽ അതിവേഗമാണ് രോഗം പടരുന്നത്. 1382 പേരിൽ വൈറസ് ബാധ സ്ഥിരീകരിച്ചു; കോവിഡ് ബാധിതരുടെ എണ്ണം കാൽ ലക്ഷം കടന്നു. 41 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 1454 ആയി. മഹാരാഷ്ട്രാ പൊലീസിലെ രണ്ട് പേർകൂടി മരിച്ചതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിക്കുന്ന പൊലീസുകാരുടെ എണ്ണം 14 ആയി. വൈറസ് സ്ഥിരീകരിച്ച പൊലീസുകാരുടെ എണ്ണം സംസ്ഥാനത്ത് 1400-ലേക്ക് അടുക്കുകയാണ്. ധാരാവി ചേരിപ്രദേശത്ത് വ്യാഴാഴ്ച 47 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ഇവിടെ രോഗബാധിതർ 1452 ആയി.

ഡൽഹിയിൽ വ്യാഴാഴ്ച പുതുതായി 571 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഒറ്റദിവസത്തെ ഉയർന്നനിരക്കാണിത്. 18 പേർ മരിച്ചു. മെട്രോ സർവീസ് ഒഴികെയുള്ള പൊതുഗതാഗതം വീണ്ടും ആരംഭിച്ച് നഗരം സാധാരണജീവിതത്തിലേക്ക് മടങ്ങുന്നവേളയിൽ കേസുകളുടെ എണ്ണം പ്രതിദിനം കൂടുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. വൈകാതെ മെട്രോയും പുനരാരംഭിക്കുമെന്നാണ് വിവരം. ഇതോടെ കോവിഡ്‌വ്യാപനം രൂക്ഷമായേക്കാമെന്ന് വിദഗ്ദ്ധർ പറയുന്നു. എന്നാൽ, കേസുകൾ കൂടിയാലും പ്രതിരോധനടപടികൾ സജ്ജമാക്കിയിട്ടുണ്ടെന്ന് ഡൽഹി സർക്കാർ അറിയിച്ചിട്ടുണ്ട്. നിലവിൽ, 5,898 രോഗികളാണ് ഡൽഹിയിലുള്ളത്. 5,567 പേർ രോഗമുക്തി നേടിക്കഴിഞ്ഞു.

ഗുജറാത്തിൽ വ്യാഴാഴ്ച 371 പേർക്കുകൂടി കോവിഡ് കണ്ടെത്തി. 24 പേർ കൂടി മരിച്ചു. സംസ്ഥാനത്ത് 269 പേർ കൂടി രോഗമുക്തി നേടിയതോടെ രോഗം ഭേദപ്പെട്ടവരുടെ ആകെ എണ്ണം 5488 ആയി. രോഗം സ്ഥിരീകരിച്ചവരിൽ 9449 പേർ അഹമ്മദാബാദിലാണ്-വ്യാഴാഴ്ച 233 പേരിലാണ് ഇവിടെ വൈറസ് കണ്ടെത്തിയത്. 17 പേർ കൂടി മരിച്ചതോടെ അഹമ്മദാബാദിലെ മരണം 619 ആയി.

മഹാരാഷ്ട്ര അടക്കമുള്ള ഇതരസംസ്ഥാനങ്ങളിൽ നിന്ന് കർണാടകത്തിൽ തിരിച്ചെത്തുന്നവരിൽ കോവിഡ് ബാധ കണ്ടെത്തുന്നത് തുടരുകയാണ്. സംസ്ഥാനത്ത് 143 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. കേരളത്തിൽ നിന്ന് ഉഡുപ്പിയിലെത്തിയ അറുപതുകാരിക്കും രോഗം സ്ഥിരീകരിച്ചു. പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 80 പേരും മഹാരാഷ്ട്രയിൽ നിന്നെത്തിയവരാണ്. രോഗികളുടെ എണ്ണം 1605 കടന്നെങ്കിലും 571 പേർ രോഗംമാറി ആശുപത്രി വിട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP