Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആഭ്യന്തര വിമാനയാത്ര തിങ്കളാഴ്ച മുതൽ; കൊച്ചിയിൽ നിന്ന് ആഴ്ചയിൽ 113 സർവീസുകൾ; സമ്പൂർണമായ യന്ത്രസംവിധാനങ്ങൾ ഉപയോഗിച്ചുള്ള ചെക്ക്-ഇൻ അടക്കം സുരക്ഷിത യാത്രയ്ക്ക് സിയാൽ സജ്ജം; വിമാനയാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇങ്ങനെ

ആഭ്യന്തര വിമാനയാത്ര തിങ്കളാഴ്ച മുതൽ; കൊച്ചിയിൽ നിന്ന് ആഴ്ചയിൽ 113 സർവീസുകൾ; സമ്പൂർണമായ യന്ത്രസംവിധാനങ്ങൾ ഉപയോഗിച്ചുള്ള ചെക്ക്-ഇൻ അടക്കം സുരക്ഷിത യാത്രയ്ക്ക് സിയാൽ സജ്ജം; വിമാനയാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇങ്ങനെ

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി:കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള ആഭ്യന്തര വിമാനയാത്രയ്ക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനുമതി നൽകിയതോടെ കൊച്ചിവിമാനത്താവളം ഒരുങ്ങി. മുപ്പത് ശതമാനം സർവീസുകൾ നടത്താനാണ് വിമാനക്കമ്പനികൾക്ക് വ്യോമയാന മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുള്ളത്. ഇതനുസരിച്ച് കൊച്ചിയിൽ നിന്ന് പ്രതിവാരം 113 സർവീസുകൾ ഉണ്ടാകും. സമ്പൂർണമായി യന്ത്രസംവിധാനങ്ങൾ ഉപയോഗിച്ചുള്ള ചെക്ക്-ഇൻ, സുരക്ഷാ പരിശോധന, തിരിച്ചറിയൽ പ്രക്രിയകൾ നടത്താൻ കൊച്ചി വിമാനത്താവളം തയ്യാറായിട്ടുണ്ട്.

മെയ് 25 മുതൽ ജൂൺ 30 വരെ നിശ്ചയിച്ചിട്ടുള്ള ആദ്യഘട്ട സമയപ്പട്ടികയനുസരിച്ച് അഗത്തി, ബാംഗ്ലൂർ, കോഴിക്കോട്, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, കണ്ണൂർ, മുംബൈ, മൈസൂർ, പൂണെ എന്നീ നഗരങ്ങളിലേയ്ക്കും തിരിച്ചും കൊച്ചി സർവീസുണ്ടാകും. വെബ് ചെക്ക് ഇൻ, ആരോഗ്യ സേതു മൊബൈൽ ആപ്, സ്വയം വിവരം നൽകൽ എന്നിവ സംബന്ധിച്ചുള്ള കേന്ദ്രസർക്കാർ മാനദണ്ഡങ്ങൾ പാലിച്ചുവേണം യാത്രക്കാർ വിമാനത്താവളത്തിൽ എത്തേണ്ടത്. എയർ ഏഷ്യ, എയർ ഇന്ത്യ, അലയൻസ് എയർ, ഇൻഡിഗോ, സ്പൈസ്ജെറ്റ്, വിസ്താര, എയർ ഇന്ത്യ എക്സ്പ്രസ് എന്നീ എയർലൈനുകളാണ് സർവീസ് നടത്തുന്നത്. യാത്രയ്ക്ക് നാല് മണിക്കൂർ മുമ്പുതന്നെ യാത്രക്കാർക്ക് ടെർമിനലിനുള്ളിൽ പ്രവേശിക്കാം. രണ്ടുമണിക്കൂറിന് മുമ്പെങ്കിലും ടെർമിനലിൽ റിപ്പോർട്ട് ചെയ്തിരിക്കണം. വിമാനക്കമ്പനികൾ ഓൺലൈൻ ബുക്കിങ് തുടങ്ങിക്കഴിഞ്ഞു. മറ്റ് സംസ്ഥാനത്തേയ്ക്ക് പോകുന്നവർ ആതത് സ്ഥലങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം. ഇതിനുവേണ്ടി പാസ് ആവശ്യമാണെങ്കിൽ അത് ലഭ്യമാക്കണം. കൊച്ചിയിൽ എത്തിച്ചേരുന്ന യാത്രക്കാർ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള ക്വാറന്റൈൻ, കോവിഡ് ജാഗ്രതാ ആപ് സംബന്ധിച്ചുള്ള നിബന്ധനകൾ പാലിക്കണം.

വിമാനയാത്രക്കാർ ശ്രദ്ധിക്കേണ്ടത്

കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചുള്ള സൗകര്യങ്ങൾ കൊച്ചി വിമാനത്താവളത്തിൽ ഒരുക്കിയിട്ടുണ്ട്. വിമാനത്താവളത്തിൽ എത്തുന്നവർ താഴെ പറയുന്ന ക്രമം അനുസരിക്കുക

* യാത്രക്കാർ വെബ് ചെക് ഇൻ ചെയ്തിരിക്കണം. മാസ്‌ക് ധരിച്ചുവേണം ടെർമിനലിൽ എത്താൻ. ബോർഡിങ് ഗേറ്റിന് തൊട്ടുമുമ്പ് ഫേസ് ഷീൽഡ്, മാസ്‌ക്, സാനിറ്റൈസർ പായ്ക്കറ്റുകൾ എന്നിവയടങ്ങിയ കിറ്റ് എയർലൈനുകൾ നൽകും. ഇവ, യാത്രയിൽ ഉപയോഗിക്കണം. ഒരു ഹാൻഡ് ബാഗേജ്, ചെക്ക്-ഇന്നിലൂടെ കൊണ്ടുപോകാവുന്ന ഒരു ബാഗ് എന്നിവ മാത്രമേ അനുവദിച്ചിട്ടുള്ളൂ.

് * വാഹനങ്ങളിൽ നിന്ന് ഇറങ്ങി ടെർമിനലിന്റെ പുറപ്പെടൽ ഭാഗത്ത് എത്തുന്നതുവരെയുള്ള വഴികളിലും ഇടനാഴികളിലും സാമൂഹിക അകലം പാലിക്കലുമായി ബന്ധപ്പെട്ട അടയാളങ്ങൾ പതിപ്പിച്ചിട്ടുണ്ട്. വരിയിൽ നിൽക്കുമ്പോൾ തറയിലെ അടയാളങ്ങളിൽ മാത്രം നിൽക്കുക.

* ടെർമിനലിനുള്ളിലേയ്ക്ക് പ്രവേശിക്കുന്നതിന് മുമ്പ് സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക. ചുവരിൽ ഓട്ടോമാറ്റിക് സാനിറ്റൈസർ യന്ത്രം സ്ഥാപിച്ചിട്ടുണ്ട്.

* നിങ്ങളുടെ മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയതിട്ടുള്ള ആരോഗ്യസേതു ആപ്പ് ജീവനക്കാരനെ കാണിക്കുക. ആപ് ഡൗൺലോഡ് ചെയ്തിട്ടില്ലെങ്കിൽ ഒന്നാം ഗേറ്റിന്റെ അരികിൽ പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്‌കുമായി ബന്ധപ്പെടുക. അവർതരുന്ന ഫോറം പൂരിപ്പിച്ച് വീണ്ടും ഡിപ്പാർച്ചർ ഗേറ്റിന് അരികിൽ എത്തുക.

* ഇതുകഴിഞ്ഞാൽ ശരീര ഊഷ്മാവ് പരിശോധിക്കുന്ന സ്ഥലമാണ്. ഇതിനായി സ്ഥാപിച്ചിട്ടുള്ള സ്‌കാനറിന് മുന്നിലും തുടർന്ന് സുരക്ഷാ ബോക്സിന് മുന്നിലും എത്തുക. സുരക്ഷാ ബോക്സിനുള്ളിലെ കണ്ണാടി സ്‌ക്രീനിനുള്ളിലെ സിഐ.എസ്.എഫ് ജീവനക്കാർക്ക് മൊബൈൽ ഫോണിലെ വെബ് ചെക്ക് ഇൻ സ്‌ക്രീനിലുള്ള ബോർഡിങ് പാസ് കാണിക്കുക. ഇത് സ്‌കാൻ ചെയ്യാൻ ക്യാമറാസംവിധാനം സിയാൽ സജ്ജമാക്കിയിട്ടുണ്ട്.

* ഇനി ബാഗേജ് അണുവിമുക്തമാക്കലാണ്. ഇതിനായി പ്രത്യേകസംവിധാനം ഒരുക്കിയിട്ടുണ്ട്. ഹാൻഡ് ബാഗേജ് മാത്രമുള്ള യാത്രക്കാർക്ക് ഇവിടെ നിന്ന് നേരിട്ട് സുരക്ഷാ-പരിശോധനാ ഭാഗത്തേയ്ക്ക് പോകാം. ചെക്ക്-ഇൻ ബാഗ് ഉണ്ടെങ്കിൽ മാത്രം ചെക്ക് ഇൻ കൗണ്ടറിൽ എത്തി വെബ് ചെക്ക് ഇൻ സ്‌ക്രീൻ, എയർലൈൻ ജവനക്കാരെ കാണിക്കുക. ബാഗ്ഗേജ് ഏൽപ്പിക്കുക.

* ഒന്നാം നിലയിലെ സുരക്ഷാപരിശോധനയാണ് ഇനി. പരിശോധനയ്ക്ക് തൊട്ടുമുമ്പ് സിഐ.എസ്.എഫ് ജീവനക്കാരനെ ബോർഡിങ് പാസ് കാണിച്ചശേഷം സുരക്ഷാപരിശോധനയ്ക്ക് വിധേയമാകുക.

* സുരക്ഷാപരിശോധന കഴിഞ്ഞാൽ നിശ്ചിത ഗേറ്റിന് മുന്നിൽ സാമൂഹിക അകലം പാലിച്ച് സജ്ജമാക്കിയിട്ടുള്ള ഇരിപ്പിടങ്ങളിൽ ഇരിക്കുക. കേന്ദ്രസർക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്, ടെർമിനലിനുള്ളിൽ കടകൾ പ്രവർത്തിക്കും. ഭക്ഷണസാധനങ്ങൾ കടകളിൽ നിന്ന് വാങ്ങി, ഗേറ്റിനു മുന്നിലുള്ള സീറ്റുകളിൽ വന്നിരുന്ന കഴിക്കാവുന്നതാണ്.

* ബോർഡിങ് അറിയിപ്പ് വന്നാൽ, എയ്റോബ്രിഡ്ജിൽ പ്രവേശിക്കുന്നത് തൊട്ടുമുമ്പ് എയർലൈൻ ജീവനക്കാർ നൽകുന്ന സുരക്ഷാ കിറ്റ് വാങ്ങുക. ഇവിടെ സജ്ജമാക്കിയിട്ടുള്ള ക്യാമറയിൽ മൊബൈൽ ഫോണിലുള്ള ബോർഡിങ് പാസ് കാണിക്കുക. ഇവിടേയും ശരീര ഊഷ്മാവ് പരിശോധനയുണ്ടാകും. കൂടിയ ഊഷ്മാവ് തിരിച്ചറിയപ്പെട്ടാൽ യാത്രക്കാരനെ പ്രത്യേകം സജ്ജീകരിച്ച ഐസൊലേഷൻ ഭാഗത്തേയ്ക്ക് മാറ്റും. തുടർന്ന് ആംബുലൻസിൽ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകും.

* സുരക്ഷാ കിറ്റിലുള്ള സാധനങ്ങൾ അണിഞ്ഞുവേണം വിമാനത്തിലിരിക്കാൻ.

* വിമാനത്താവളത്തിൽ എത്തിച്ചേരുന്ന യാത്രക്കാരുടെ ബാഗേജ് അണുവിമുക്തമാക്കും. വ്യോമയാന മന്ത്രാലയത്തിന്റെ നിർദ്ദേശമനുസരിച്ച്, ട്രോളികൾ ഉപയോഗിക്കുന്നത് അഭികാമ്യമല്ല. ടെർമിനലിന് പുറേത്തക്ക് ഇറങ്ങുമ്പോൾ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ക്വാറന്റൈൻ/ ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുക. യാത്രക്കാർക്കായി പ്രീ പെയ്ഡ് ടാക്സി സൗകര്യം ലഭ്യമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP