Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജ്യത്ത് ലോക്ഡൗൺ രക്ഷിച്ചെടുത്തത് 37,000 ത്തിനും 78,000ത്തിനും ഇടയിൽ ജീവനുകൾ; 20 ലക്ഷത്തോളം കേസുകൾ ഒഴിവാക്കാൻ കഴിഞ്ഞെന്നും സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം; ജൂൺ 21 നും 28 നും ഇടയിൽ കോവിഡ് കേസുകൾ ഏറ്റവും ഉയർന്ന തോതിൽ എത്തുമെന്ന് മറ്റൊരു പഠനം; പ്രതിദിനം 7500 ഓളം പോസിറ്റീവ് കേസുകൾ പ്രതീക്ഷിക്കാമെന്നും റിപ്പോർട്ട്; വെള്ളിയാഴ്ച 24 മണിക്കൂറിലെ ഏറ്റവും കൂടുതൽ കേസുകൾ; 6,088 പുതിയ കേസുകൾ; മഹാരാഷ്ട്രയിലും ഒരുദിവസത്തെ ഏറ്റവും വലിയ വർദ്ധന

രാജ്യത്ത് ലോക്ഡൗൺ രക്ഷിച്ചെടുത്തത് 37,000 ത്തിനും 78,000ത്തിനും ഇടയിൽ ജീവനുകൾ; 20 ലക്ഷത്തോളം കേസുകൾ ഒഴിവാക്കാൻ കഴിഞ്ഞെന്നും സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം; ജൂൺ 21 നും 28 നും ഇടയിൽ കോവിഡ് കേസുകൾ ഏറ്റവും  ഉയർന്ന തോതിൽ എത്തുമെന്ന് മറ്റൊരു പഠനം; പ്രതിദിനം 7500 ഓളം പോസിറ്റീവ് കേസുകൾ പ്രതീക്ഷിക്കാമെന്നും റിപ്പോർട്ട്; വെള്ളിയാഴ്ച 24 മണിക്കൂറിലെ ഏറ്റവും കൂടുതൽ കേസുകൾ; 6,088 പുതിയ കേസുകൾ; മഹാരാഷ്ട്രയിലും ഒരുദിവസത്തെ ഏറ്റവും വലിയ വർദ്ധന

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്ത് ലോക് ഡൗൺ തക്കസമയത്ത് ഏർപ്പടുത്തിയതുകൊണ്ട് 37,000 ത്തിനും 78,000 ത്തിനും ഇടയിൽ ജീവനുകൾ രക്ഷിക്കാൻ കഴിഞ്ഞുവെന്ന് പഠന റിപ്പോർട്ട്. സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയവും, ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്‌സ് ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി നടത്തിയ പഠനത്തിലാണ് ഈ വിലയിരുത്തൽ. ലോക് ഡൗണിന്റെ ഫലമായി 14 മുതൽ 29 ലക്ഷം കേസുകൾ ഒഴിവാക്കാനായി. പഠനറിപ്പോർട്ട് അനുസരിച്ച് 20 ലക്ഷം കകോവിഡ് 19 കേസുകളും 54,000 മരണങ്ങളും ഒഴിവാക്കാൻ കഴിഞ്ഞുവെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയ സെക്രട്ടറി പ്രവീൺ ശ്രീവാസ്തവ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അതേസമയം മറ്റൊരു പഠനപ്രകാരം, രാജ്യത്ത് ജൂൺ 21 നും 28 നും ഇടയിൽ കോവിഡ് കേസുകൾ ഏറ്റവും ഉയർന്ന തോതിൽ എത്തും. ഈ കാലയളവിൽ പ്രതിദിനം 7,000 - 7,500 പോസിറ്റീവ് കേസുകൾ ഉണ്ടായേക്കാമെന്നും ഒരുകൂട്ടം ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു. ജാദവ്പൂർ സർവകലാശാലയിലെ സെന്റർ ഫോർ മാത്തമാറ്റിക്കൽ ബയോളജി ആൻഡ് ഇക്കോളജി കോർഡിനേറ്ററും പ്രൊഫസറുമായ നന്ദദുലാൽ ബൈരാഗിയും മറ്റ് അഞ്ച് പേരുമാണ് പഠനം നടത്തിയത്.

ദിവസേന റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളുടെ എണ്ണം ജൂൺ അവസാനം വരെ ഉയർന്നുകൊണ്ടിരിക്കുമെന്നും പഠനം പ്രവചിക്കുന്നു. ജൂലൈ രണ്ടാം വാരം മുതൽ ദിവസേന സ്ഥിരീകരിക്കുന്ന കേസുകളിൽ കുറവ് ഉണ്ടായേക്കാമെന്നും പഠനത്തിൽ അംഗമായിരുന്ന ജാദവ്പൂർ സർവകലാശാലയിലെ സീനിയർ പ്രൊഫസർ നന്ദദുലാൽ ബൈരാഗി വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. കോവിഡിനെതിരായ നടപടികളും പരിശോധനയും ശക്തമാക്കിയതോടെ ഒക്ടോബറോടെ കുറയുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം ഒക്ടോബർ ആദ്യ വാരത്തിൽ അഞ്ച് ലക്ഷത്തിൽ എത്തുമെന്നും തുടർന്ന് ഇത് കുറയുന്ന പ്രവണത കാണിക്കാൻ തുടങ്ങുമെന്നും ബൈരാഗി പറഞ്ഞു. രോഗലക്ഷണമില്ലാത്തവരിൽ നിന്ന് രോഗം പകരുന്നതാണ് ഇതിന് കാരണമായി അദ്ദേഹം പറയുന്നത്.

പ്രത്യേക മരുന്നുകളുടെയും വാക്സിനുകളുടെയും അഭാവത്തിൽ, സാമ്പത്തിക പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള വഴികൾ തേടുമ്പോൾ തന്നെ കൊറോണ വൈറസ് വ്യക്തികളിൽ നിന്ന് വ്യക്തികളിലേക്ക് പകരുന്നത് തടയാൻ ഇന്ത്യ രാജ്യവ്യാപകമായി ലോക്ക്ഡൗൺ തുടരണമെന്നും ഗവേഷകർ അഭിപ്രായപ്പെട്ടു.

അേേതസമയം, വെള്ളിയാഴ്ച ഒരുദിവസത്തെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ. 6,088 പുതിയ കേസുകൾ. ഇതോടെ മൊത്തം കേസുകൾ 1,18,447 ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. മരണസംഖ്യ-3583. വേൾഡോമീറ്ററിന്റെ കണക്ക് പ്രകാരം രാജ്യത്ത് 1,24, 073 പോസിറ്റീവ് കേസുകൾ ഉണ്ട്. മരണസംഖ്യ-3707. രോഗമുക്തി നേടിയവർ-51,307.

മഹാരാഷ്ട്രയിൽ ഇന്ന് ഏറ്റവും വലിയ വർധന

മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണം ദിവസവും ഉയരുന്നു. ഏറ്റവും കൂടുതൽ പേർക്ക് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് ഇന്നാണ്. 2940 പേരാണ് വൈറസ് ബാധിതർ. ഇതോടെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം 44,582 ആയി. രാജ്യത്ത് ഇന്ന ആറായിരം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിൽ പകുതിപേരും മഹാരാഷ്ട്രയിലാണ്. ഇന്ന് 148 പേരാണ് മരിച്ചത്.

ധാരാവിയിൽ ഇന്ന് 53 കേസുകളാണ് പുതുതായി സ്ഥിരീകരിച്ചത്. ഇതോടെ ധാരാവിയിൽ മാത്രം 1478 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മരണം 57 ആയി. കോവിഡ് വ്യാപനം തുടരുന്നതിനിടെ, പൊലീസുകാരിൽ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയരുന്നതിൽ മഹാരാഷ്ട്രയിൽ ആശങ്ക വർധിക്കുന്നു. 48 മണിക്കൂറിനിടെ 278 പൊലീസുകാർക്കാണ് സംസ്ഥാനത്ത് കോവിഡ് കണ്ടെത്തിയത്. ഇതോടെ കോവിഡ് സ്ഥിരീകരിച്ച പൊലീസുകാരുടെ എണ്ണം മഹാരാഷ്ട്രയിൽ 1700ലേക്ക് അടുക്കുന്നു. 1666 പേർക്കാണ് ഇതുവരെ കോവിഡ് കണ്ടെത്തിയത്.

കോവിഡ് സ്ഥിരീകരിച്ച പൊലീസുകാരിൽ 1177 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നതായി മഹാരാഷ്ട്ര സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. 473 പേർ ഇതുവരെ രോഗമുക്തി നേടി ആശുപത്രി വിട്ടു. 16 പൊലീസുകാർക്കാണ് ഇതുവരെ കൊറോണ വൈറസ് ബാധയെ തുടർന്ന് ജീവൻ നഷ്ടമായതെന്നും മഹാരാഷ്ട്ര പൊലീസ് വ്യക്തമാക്കുന്നു.അതേസമയം മഹാരാഷ്ട്രയിൽ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയരുകയാണ്. 41642 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് കണ്ടെത്തിയത്. 24 മണിക്കൂറിനിടെ 2345 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 11726 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടപ്പോൾ 1454 പേർക്ക് ഇതുവരെ ജീവൻ നഷ്ടമായി. 24 മണിക്കൂറിനിടെ 64പേർക്കാണ് മരണം സംഭവിച്ചതെന്നും സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.



ഗുജറാത്തിൽ 6 മാസം പ്രായമായ ഇരട്ടക്കുട്ടികൾക്ക് കോവിഡ്

ഗുജറാത്തിൽ ആറ് ദിവസം മാത്രം പ്രായമുള്ള ഇരട്ടകളായ നവജാത ശിശുക്കൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ആൺകുഞ്ഞിനും പെൺകുഞ്ഞിനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഗുജറാത്തിലെ മെഹ്‌സനാ ജില്ലയിലായിരുന്നു സംഭവം.

കോവിഡ് ബാധിച്ച മോലിപുർ സ്വദേശിയായ യുവതിക്ക് പിറന്ന കുട്ടികൾക്കാണ് രോഗം പടർന്നത്. ഈ മാസം 16 ന് വഡനഗർ ജില്ലാ ആശുപത്രിയിലാണ് യുവതി കുട്ടികൾക്ക് ജന്മം നൽകിയത്. ഇത് ആദ്യമായാണ് സംസ്ഥാനത്ത് നവജാത ശിശുക്കൾക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. 18 ന് ആൺകുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച പെൺകുഞ്ഞിനും രോഗം കണ്ടെത്തി.

ലോക്ക്ഡൗൺ കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടായില്ലെന്ന് രാഹുൽ

ലോക്ക്ഡൗൺ കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടായില്ലെന്ന് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. 22 പ്രതിപക്ഷ പാർട്ടികൾ പങ്കെടുത്ത യോഗത്തിലാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്.

കൊറോണ വൈറസ് വ്യാപനം തടയുക, കോവിഡ്- 19 രോഗം നിയന്ത്രണ വിധേയമാക്കുക എന്നീ രണ്ട് ലക്ഷ്യങ്ങളോടെയാണ് ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്. എന്നാൽ വൈറസ് ബാധ വർധിക്കുകയാണ്. എന്നാൽ നിയന്ത്രണങ്ങൾ നീക്കുന്നു. പ്രത്യേകിച്ച് ഫലമൊന്നും ഉണ്ടാകാത്തതിനാൽ നിയന്ത്രണങ്ങൾ നീക്കുന്നു എന്നാണ് ഇതിൽനിന്ന് വ്യക്തമാകുന്നത്.

ലോക്ക്ഡൗൺ ഏർപ്പെടുത്തിയതുമൂലം ജനങ്ങൾക്ക് കോടികളുടെ നഷ്ടമുണ്ടായി. എന്നാൽ അവരുടെ അക്കൗണ്ടുകളിൽ 7,500 രൂപവീതമെങ്കിലും നിക്ഷേപിക്കാൻ സർക്കാർ തയ്യാറാവുന്നില്ല. കുടിയേറ്റ തൊഴിലാളികളെയും ചെറുകിട - ഇടത്തരം വ്യവസായ മേഖലയിൽ പണിയെടുക്കുന്നവരെയും സഹായിക്കാനും അവർക്ക് റേഷൻ അനുവദിക്കാനും സർക്കാർ തയ്യാറാകാത്തപക്ഷം ലോക്ക്ഡൗൺ വിപരീത ഫലമുണ്ടാക്കും. സാമ്പത്തിക പാക്കേജ് സ്വീകാര്യമല്ല. ജനങ്ങൾക്ക് വായ്പകളല്ല, സാമ്പത്തിക സഹായമാണ് വേണ്ടത്. പാർട്ടികളുടെ നിലപാട് വ്യക്തമാക്കുന്നതിന് പകരം രാജ്യത്തിനുവേണ്ടി ശബ്ദമുയർത്തുകയാണ് ഈ ഘട്ടത്തിൽ വേണ്ടത്. ഇപ്പോൾ എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ കോടിക്കണക്കിനു പേർ ദാരിദ്ര്യത്തിലേക്ക് തള്ളിയിടപ്പെടുമെന്നും രാഹുൽഗാന്ധി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP