Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭർത്താവും വീട്ടുകാരും കൂടുതൽ പണമാവശ്യപ്പെട്ട് ഉത്രയെ ശല്യം ചെയ്തിരുന്നെന്നും മകളെ വീട്ടിൽ കൊണ്ടുവന്നു താമസിപ്പിക്കുന്നതിന് ആലോചിച്ചിരിക്കെയാണ് ആദ്യം പാമ്പുകടിയെന്ന് അച്ഛനും അമ്മയും; സ്വത്ത് തട്ടിയെടുക്കാനായി സഹോദരനാണ് ഭാര്യയെ അപായപ്പെടുത്തിയതെന്നു കാട്ടി സൂരജും പരാതിയുമായി രംഗത്ത്; ഇനി നിർണ്ണായകം ഭർത്താവിന്റെ മൊഴിയെടുക്കൽ തന്നെ; ഉത്രയുടെ പാമ്പുകടി മരണത്തിൽ ദുരൂഹത തുടരുമ്പോൾ

ഭർത്താവും വീട്ടുകാരും കൂടുതൽ പണമാവശ്യപ്പെട്ട് ഉത്രയെ ശല്യം ചെയ്തിരുന്നെന്നും മകളെ വീട്ടിൽ കൊണ്ടുവന്നു താമസിപ്പിക്കുന്നതിന് ആലോചിച്ചിരിക്കെയാണ് ആദ്യം പാമ്പുകടിയെന്ന് അച്ഛനും അമ്മയും; സ്വത്ത് തട്ടിയെടുക്കാനായി സഹോദരനാണ് ഭാര്യയെ അപായപ്പെടുത്തിയതെന്നു കാട്ടി സൂരജും പരാതിയുമായി രംഗത്ത്; ഇനി നിർണ്ണായകം ഭർത്താവിന്റെ മൊഴിയെടുക്കൽ തന്നെ; ഉത്രയുടെ പാമ്പുകടി മരണത്തിൽ ദുരൂഹത തുടരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം : പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി വീണ്ടും പാമ്പിന്റെ കടിയേറ്റു മരിച്ച സംഭവത്തിൽ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്‌പി. അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തുന്ന പ്രാഥമിക അന്വേഷണം. കേസ് ഇപ്പോഴും ലോക്കൽ പൊലീസാണ് അന്വേഷിക്കുന്നത്. ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തിൽ കൊലപാതക സാധ്യത കണ്ടെത്തിയാൽ കേസ് അന്വേഷണം പൂർണ്ണമായും ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കും.

കേസിൽ അന്വേഷണം നടത്തുന്നത് തെളിവുകൾ നഷ്ടമാകാതിരിക്കാനുള്ള കരുതലുമായാണ്. അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘം വെള്ളിയാഴ്ച യുവതിയുടെ വീട്ടിലെത്തി അന്വേഷണം നടത്തിയിരുന്നു. ഏറം വെള്ളാശ്ശേരി വീട്ടിൽ വിജയസേനന്റെയും മണിമേഖലയുടെയും മകൾ ഉത്ര(25)യാണ് മരിച്ചത്. മാർച്ച് രണ്ടിന് അടൂർ പറക്കോട്ടുള്ള ഭർത്താവിന്റെ വീട്ടിൽെവച്ചാണ് ഉത്രയ്ക്ക് ആദ്യം പാമ്പുകടിയേറ്റത്. അതിന്റെ ചികിത്സ തുടരവേ മെയ്‌ ഏഴിന് സ്വന്തം വീട്ടിൽവെച്ച് ഭർത്താവിന്റെയൊപ്പം ഒരേമുറിയിൽ തങ്ങുമ്പോഴാണ് ഉത്രയ്ക്ക് വീണ്ടും പാമ്പുകടിയേറ്റത്.

കേസിൽ ഭർത്താവിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ഇതാകും നിർണ്ണായകം. രാവിലെ ഉത്രയുടെ അമ്മ ചായയുമായി ചെന്നു വിളിച്ചപ്പോൾ മകൾ ചലനമില്ലാതെ കിടക്കുന്നതാണ് കണ്ടത്. ഉടനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. പാമ്പുകടിയേറ്റതാണ് മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. ഇടതുകൈയിൽ പാമ്പ് കടിച്ചതിന്റെ പാടും ഉണ്ടായിരുന്നു. വീട്ടിലെത്തി ഉത്രയും ഭർത്താവും കിടന്ന മുറി പരിശോധിച്ചപ്പോൾ മൂർഖനെ കണ്ടെത്തുകയും അതിനെ കൊല്ലുകയും ചെയ്തു. രണ്ടുതവണ പാമ്പ് കടിച്ചത് യുവതി അറിഞ്ഞില്ലെന്നത് സംശയാസ്പദമാണെന്ന് രക്ഷിതാക്കൾ പറയുന്നു.

ആദ്യതവണ ഭർത്താവിന്റെ വീട്ടിൽെവച്ച് ഉത്ര ബോധംെകട്ടുവീണപ്പോഴാണ് ആശുപത്രിയിൽ കൊണ്ടുപോയത്. പരിശോധനയിലാണ് പാമ്പുകടിയേറ്റ വിവരമറിയുന്നത്. അണലിയാണ് കടിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു. പിന്നീട് പ്ലാസ്റ്റിക് സർജറി നടത്തിയിരുന്നു. ഇതിന്റെ മുറിപ്പാടുകൾ ഉണങ്ങുംമുൻപേയാണ് രണ്ടാമത് മൂർഖന്റെ കടിയേറ്റ് ഉത്ര മരിച്ചത്. ഇങ്ങനെ രണ്ട് തവണ പാമ്പ് കടിച്ചതിലെ സംശയങ്ങളാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിലേക്ക് എത്തുന്നത്.

ഉത്രയുടെ വീട്ടിലെ മുറിയിലായിരുന്നു സംഭവം. ഭർത്താവ് സൂരജിനൊപ്പം കിടന്നുറങ്ങുമ്പോഴായിരുന്നു പാമ്പുകടിയേറ്റത്. ഇതിനു പിന്നിൽ ദൂരൂഹതയുണ്ടെന്നും സംഭവം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഉത്രയുടെ മാതാപിതാക്കൾ കൊല്ലം റൂറൽ എസ്‌പി ഹരിശങ്കറിനു പരാതി നൽകിയിരുന്നു. സൂരജിന്റെ അസ്വാഭാവിക പെരുമാറ്റവും വീട്ടുകാരുമായുണ്ടായ അസ്വാരസ്യവുമാണ് ഇത്തരമൊരു പരാതിയിലേക്കു നയിച്ചത്. മരണം സംഭവിച്ചതിന്റെ തലേന്ന് വലിയൊരു ബാഗുമായി സൂരജ് വീട്ടിലെത്തിയെന്നാണു മാതാപിതാക്കൾ പറയുന്നത്. ഉത്രയുടെ വീട്ടിലെ എസി മുറിയുടെ വാതിലും ജനലുകളും അടച്ചനിലയിലായിരുന്നു. എന്നിട്ടും പാമ്പ് എങ്ങനെ മുറിക്കകത്തെത്തി എന്നാണു പരിശോധിക്കുന്നത്. സൂരജ് കൊണ്ടുവന്ന ബാഗിൽ പാമ്പുണ്ടായിരുന്നെന്നാണു സംശയം. ഉത്രയുടെ ഭർത്താവിന് പാമ്പു പിടിത്തക്കാരുമായി ബന്ധമുണ്ടെന്ന ആരോപണവും അന്വേഷിക്കും.

മാർച്ച് 2ന് അടൂർ പറക്കോടെ ഭർതൃവീട്ടിൽ വച്ചും ഉത്രയ്ക്കു പാമ്പു കടിയേറ്റിരുന്നു. അന്ന് അണലി വർഗത്തിൽപ്പെട്ട പാമ്പിന്റെ കടിയാണേറ്റത്. ഇതിന്റെ തുടർചികിത്സയ്ക്കും വിശ്രമത്തിനുമാണ് ഉത്ര സ്വന്തം വീട്ടിൽ എത്തിയത്. സൂരജിനു പാമ്പുപിടിത്തക്കാരുമായി ബന്ധമുണ്ടെന്ന് ഉത്രയുടെ അച്ഛൻ ആരോപിച്ചിരുന്നു. സൂരജിനെ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സൂരജ് പാമ്പുകളെ കയ്യിലെടുത്ത് കളിപ്പിക്കാറുണ്ടെന്ന് ഉത്രയുടെ ബന്ധുക്കൾ പറയുന്നു. അടൂരിലെ ഭർതൃവീട്ടിലും ഒരുതവണ ഉത്ര പാമ്പിനെ കണ്ടിരുന്നു. സൂരജ് ഇതിനെ കൈകൊണ്ട് പിടിച്ചു ചാക്കിലാക്കിയതായി ഉത്ര പറഞ്ഞിരുന്നതായും ബന്ധുക്കൾ പറയുന്നു. അതിനിടെ, സ്വത്ത് തട്ടിയെടുക്കാനായി സഹോദരനാണ് ഉത്രയെ അപായപ്പെടുത്തിയതെന്നു കാട്ടി സൂരജും റൂറൽ എസ്‌പിക്കു പരാതി നൽകി. ഇതോടെ പരാതിക്ക് പുതു മാനവും വന്നു.

മകൾക്കു വിവാഹസമ്മാനമായി നൽകിയ സ്വർണാഭരണങ്ങൾ പലതും കാണാനില്ലെന്നും രക്ഷിതാക്കൾ ആരോപിച്ചു. 2018ലായിരുന്നു ഉത്രയുടെ വിവാഹം. ഒരു വയസ്സുള്ള മകനുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ഉടൻ ലഭിക്കുമെന്നും കൂടുതൽ തെളിവുകൾ ഇതോടെ ലഭ്യമാകുമെന്നുമാണ് അന്വേഷണ സംഘം കരുതുന്നത്. രണ്ടാമത് പാമ്പുകടിയേറ്റ ദിവസം ദമ്പതിമാർ എ.സി. മുറിയിൽ രണ്ട് കട്ടിലിലാണ് കിടന്നത്. രാത്രി ഒൻപതരയ്ക്ക് ഉത്രയുടെ അമ്മ മുറിയുടെ ജനാലകൾ അടച്ചിരുന്നു. പിന്നീട് ഭർത്താവ് സൂരജാണ് ജനാലകൾ തുറന്നിട്ടത്. ഭർത്താവും വീട്ടുകാരും കൂടുതൽ പണമാവശ്യപ്പെട്ട് ഉത്രയെ ശല്യംചെയ്തിരുന്നെന്നും ഇതുകാരണം മകളെ വീട്ടിൽ കൊണ്ടുവന്നു താമസിപ്പിക്കുന്നതിന് ആലോചിച്ചിരിക്കെയാണ് ആദ്യം പാമ്പുകടിയേറ്റതെന്നും രക്ഷിതാക്കൾ പറഞ്ഞു.

മകളുടെ മരണത്തിൽ ദുരൂഹതയാരോപിച്ച് രക്ഷിതാക്കൾ റൂറൽ ജില്ലാ പൊലീസ് സൂപ്രണ്ട് ഹരിശങ്കറിന് പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് പരാതി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്‌പി. അശോക് കുമാറിനെ ചുമതലപ്പെടുത്തുകയായിരുന്നു. പ്രാഥമിക റിപ്പോർട്ടിൽ അസ്വാഭാവികതയുണ്ടെങ്കിലേ കേസ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കൂ. അതിനിടെ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടില്ലെന്നും അഞ്ചൽ എസ്‌ഐ. പുഷ്പകുമാറാണ് അന്വേഷിക്കുന്നതെന്നും സിഐ. സി.എൽ.സുധീർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP