Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മദനിക്ക് വീണ്ടും ഭാഗിക നീതി; രോഗബാധിതയായ അമ്മയെ കാണാൻ അഞ്ച് ദിവസം കേരളത്തിലെക്ക് പോകാൻ അനുമതി; കർണ്ണാടക പൊലീസ് സുരക്ഷ ഒരുക്കും; ജാമ്യ വ്യവസ്ഥയിൽ മറ്റ് ഇളവുകൾ ഇല്ല

മദനിക്ക് വീണ്ടും ഭാഗിക നീതി; രോഗബാധിതയായ അമ്മയെ കാണാൻ അഞ്ച് ദിവസം കേരളത്തിലെക്ക് പോകാൻ അനുമതി; കർണ്ണാടക പൊലീസ് സുരക്ഷ ഒരുക്കും; ജാമ്യ വ്യവസ്ഥയിൽ മറ്റ് ഇളവുകൾ ഇല്ല

ന്യൂഡൽഹി: പിഡിപി നേതാവ് അബ്ദുൾ നാസർ മദനിയുടെ ജാമ്യവ്യവസ്ഥയിൽ സുപ്രീംകോടതി ഇളവ് അനുവദിച്ചു. അസുഖമായി കിടക്കുന്ന അമ്മയെ കാണാൻ കേരളത്തിലേക്ക് പോകാനാണ് അനുമതി. അഞ്ച് ദിവസത്തേക്കാണ് ഇളവ്. മദനി കേരളത്തിൽ പോകുമ്പോൾ എല്ലാ സുരക്ഷാ ക്രമീകരണവും കർണ്ണാടക പൊലീസ് ഒരുക്കണം. കേരളാ പൊലീസുമായി ഇതിനായി ഏകോപനം ഉണ്ടാകണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. മദനിക്ക് വേണ്ടി സുപ്രീകോടതിയിലെ പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷണാണ് ഹജരായത്. എന്ന് കേരളത്തിൽ പോകണമെന്ന കാര്യം മദനിക്ക് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി. കോടതി വിധിയെ തുടർന്ന് നാളെ തന്നെ മദനി ബംഗളുരുവിൽ നിന്ന് കേരളത്തിലെത്തും.

ബംഗളുരു സ്‌ഫോടനക്കേസിൽ വിചാരണ പൂർത്തിയാക്കാൻ രണ്ട് വർഷം വേണ്ടി വരുമെന്ന് വിചാരണ കോടതി സുപ്രീംകോടതിയിൽ കത്ത് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് മദനിയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിച്ചത്. കഴിഞ്ഞ വർഷം നവംബറിൽ നാല് മാസത്തിനകം വിചാരണ പൂർത്തിയാക്കാമെന്ന് കർണാടക സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഈ കാലയളവ് പിന്നിട്ടതിനാൽ ജാമ്യവ്യവസ്ഥതകളിൽ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് മദനി സുപ്രീംകോടതിയെ സമീപിച്ചു. ഇതാണ് അംഗീകരിക്കപ്പെടുന്നു. മദനിക്ക് ഏറെ ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. വീൽചെയറിലാണ് യാത്ര. അമ്മയാണെങ്കിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിൽസിയിലുമാണ്. ഈ സാഹചര്യത്തിൽ മദനിക്ക് കേരളത്തിലേക്ക് പോകാൻ അവസരം നൽകാത്തത് നീതി നിഷേധമാണെന്ന് പ്രശാന്ത് ഭൂഷൺ വാദിച്ചു. ഇത് കോടതി അംഗീകരിക്കുകയും ചെയ്തു.

അതേ സമയം ബാംഗലൂർ സ്‌ഫോടന കേസിലെ വിചാരണ 2 കൊല്ലം നീളുമെന്ന കർണ്ണാടക സർക്കാർ കോടതിയിൽ അറിയിച്ചതും ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിക്കാൻ സുപ്രീം കോടതി പരിഗണിച്ചു. അതേ സമയം എന്തുകൊണ്ടാണ് വിചാരണ ഇത്രയും നീളുന്നത് അറിയിക്കാൻ കർണ്ണാടക സർക്കാറിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. മദനി പ്രതിയായ ബംഗലൂരു സ്‌ഫോടന കേസിന്റെ വിചാരണ പൂർത്തിയാക്കാൻ രണ്ട് വർഷത്തെ സമയം വേണമെന്ന് വിചാരണ കോടതി കർണാടക ഹൈക്കോടതിക്ക് കത്തുനൽകി നൽകിയിരുന്നു. വിചാരണ കോടതി ജഡ്ജിയുടെ കത്ത് ഹൈക്കോടതി സുപ്രീംകോടതിക്ക് അയച്ചു കൊടുക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കോടതിയുടെ നിരീക്ഷണങ്ങൾ.

കേസിന്റെ വിചാരണ പൂർത്തയാകാൻ രണ്ടു വർഷം വേണമെന്നു കേസ് പരിഗണിക്കുന്ന കോടതി സുപ്രീംകോടതിയെ അറിയിച്ചിരുന്നു. നിലവിൽ കേസ് പരിഗണിച്ച കോടതിയിൽ നിന്നും പുതിയ കോടതിയിലേയ്ക്കു എന്തിനു കേസിന്റെ വിചാരണ മാറ്റിയെന്നു കോടതി കർണാടക സർക്കാരിനോടു ചോദിച്ചു. ഇക്കാര്യത്തിൽ ഉടൻ വിശദീകരണം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. വിചാരണ നീളുന്നതിന്റെ കാരണം അറിയിക്കണമെന്നും കോടതി പറഞ്ഞു. നാലു മാസത്തിനകം വിചാരണ പൂർത്തിയാകുമെന്നായിരുന്നു കഴിഞ്ഞ ഡിസംബറിൽ കർണാടക സർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നത്.

എന്നാൽ രണ്ടു വർഷം വേണ്ടിവരുമെന്ന പുതിയ വാദത്തേയും കോടതി ചോദ്യം ചെയ്തു. വിചാരണ അനന്തമായി നീണ്ടു പോകുന്നതും ആരോഗ്യപ്രശ്‌നങ്ങളുമാണു മദനിയുടെ അഭിഭാഷകൻ പ്രധാനമായും കോടതിയിൽ ചൂണ്ടിക്കാണിച്ചത്. ഇക്കാര്യങ്ങൾ പരിഗണിച്ചാണു ജാമ്യവ്യവസ്ഥയിൽ ഇളവനുവദിക്കാൻ കോടതി തീരുമാനിച്ചത്. ബംഗളൂരു സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ടാണു മദനിയെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിൽ ലഭിച്ച ജാമ്യത്തിന്റെ കാലാവധി അവസാനിച്ചതിനെ തുടർന്നാണു മദനി വീണ്ടും കോടതിയെ സമീപിച്ചത്.

ബംഗലൂരു സ്‌ഫോടന കേസിന്റെ വിചാരണ നാല് മാസത്തിനുള്ളിൽ പൂർത്തിയാക്കാനാകുമെന്നാണ് മദനിയുടെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് കർണാടക സർക്കാർ നേരത്തെ സുപ്രീംകോടതിയെ അറിയിച്ചത്. അതിന് വിരുദ്ധമായ അഭിപ്രായാണ് വിചാരണ കോടതി നേരിട്ട് മേൽക്കോടതികളെ അറിയിച്ചിരിക്കുന്നത്. ചികിത്സക്കായി മദനിക്ക് സുപ്രീംകോടതി നൽകിയ ജാമ്യം ഇപ്പോഴും തുടരുകയാണ്. ഈ സാഹചര്യത്തിൽ വിചാരണ വീണ്ടും നീട്ടിക്കൊണ്ടുപോകാനും ബംഗളൂരുവിൽ തളച്ചിടാനും കർണാടക സർക്കാർ നടത്തുന്ന നീക്കം ചോദ്യം ചെയ്താണ് പി.ഡി.പി ചെയർമാൻ മദനി സുപ്രീംകോടതിയെ സമീപിച്ചത്. ചില സാക്ഷികളെ വീണ്ടും തിരിച്ചുവിളിക്കാൻ കർണാടക സർക്കാർ ശ്രമിക്കുന്നത് ഇതിന്റെ ഭാഗമായിട്ടാണെന്ന് മദനി ബോധിപ്പിച്ചു.

വിചാരണകോടതി മാറ്റിയതാണ് പ്രശ്‌നങ്ങൾക്ക് കാരണം. വിചാരണകോടതി അഞ്ച് വർഷമെടുത്ത് വിചാരണ പൂർത്തിയാക്കുന്ന സമയത്തായിരുന്നു മാറ്റം. ഇതിലൂടെ വീണ്ടും വിചാരണ നടത്തേണ്ട അവസ്ഥയുണ്ടായി. ഇത് കേസ് നീട്ടികൊണ്ട് പോകാനുള്ള തന്ത്രമാണെന്നാണ് മദനിയുടെ പക്ഷം. 2010 ജൂലൈ 11ന് അറസ്റ്റിലായത് മുതൽ വിചാരണ തടവുകാരനായി കഴിഞ്ഞ മദനിയുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.

ബംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലെ സിറ്റി സിവിൽ ജഡ്ജിക്ക് മുമ്പാകെയുള്ള വിചാരണ തീരുന്നത് വരെ എന്നായിരുന്നു കഴിഞ്ഞ നവംബർ 14ന് ജാമ്യം അനുവദിക്കുമ്പോൾ സുപ്രീംകോടതി പറഞ്ഞിരുന്നത്. നാലു മാസത്തിനകം വിചാരണ തീർക്കാമെന്ന് സർക്കാർ അന്ന് സുപ്രീംകോടതിക്ക് ഉറപ്പുനൽകി. അത് മറികടക്കാനാണ് കേസ് എൻ.ഐ.എ കോടതിയിലേക്ക് മാറ്റിയത്. ബംഗളുരുവിൽ ഒരു വർഷം മുമ്പ് പ്രത്യേക കോടതി പ്രവർത്തിച്ചുതുടങ്ങിയ ശേഷമായിരുന്നു തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP