Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യ അഭിമുഖീകരിക്കുന്നത് ലോകം കണ്ട ഏറ്റവും വലിയ അഞ്ചാമത്തെ ചൂട്; ഇന്ത്യൻ ചരിത്രത്തിലെ രണ്ടാമത്തെയും; മരണം 2000 കടന്നു

ഇന്ത്യ അഭിമുഖീകരിക്കുന്നത് ലോകം കണ്ട ഏറ്റവും വലിയ അഞ്ചാമത്തെ ചൂട്; ഇന്ത്യൻ ചരിത്രത്തിലെ രണ്ടാമത്തെയും; മരണം 2000 കടന്നു

കനത്ത വേനലിൽ ഇന്ത്യ കത്തുകയാണ്.. സഹിക്കാൻ പററാത്ത ചൂടിൽ പിടിച്ച് നിൽക്കാനാവാതെ ജനങ്ങളും മറ്റ് ജീവജാലങ്ങളും പരക്കം പായുകയാണ്. ഒരിറ്റ് ദാഹജലം ലഭിക്കാതെ പിടയുന്ന പ്രാണനുമായി നെട്ടോട്ടമോടുന്ന ജീവനുകൾ നിരവധിയാണ്. ഇന്ത്യ ഇപ്പോൾ അഭിമുഖീകരിക്കുന്നത് ലോകം കണ്ട ഏറ്റവും വലിയ അഞ്ചാമത്തെ ചൂടാണെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ചൂടുകാലവുമാണിത്. ദുരന്തങ്ങളെക്കുറിച്ചുള്ള ഇന്റർനാഷൺ ഡാറ്റാബേസിൽ നിന്നുള്ള കണക്കുകളാണിത് വ്യക്തമാക്കുന്നത്. കനത്ത താപത്തിന് മുന്നിൽ പിടിച്ച് നിൽക്കാനാവാതെ മരിച്ച് വീണവരുടെ എണ്ണം 2207 കടന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ശനിയാഴ്ച 202 പേർകൂടി മരിച്ചതോടെയാണിത്.

ആന്ധ്രാപ്രദേശ് 146, തെലങ്കാന 52, ഒഡിഷ 4 എന്നീ തോതിലാണ് ഇന്നലെ മരണങ്ങളുണ്ടായിരിക്കുന്നത്. ആന്ധ്രയിലെ ആകെ മരണസംഖ്യ 1636 ആയി. തെലങ്കാന 541, ഒഡിഷ 21 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ മരണസംഖ്യ. ഇന്നലെ മഹാരാഷ്ട്രയിലെ നാഗ്പുരിലാണ് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് 47.1 ഡിഗ്രി സെൽഷ്യസാണിത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്തിന്റെ നല്ലൊരു ഭാഗം ചൂടിൽ വെന്തുരുകുന്നുണ്ടെങ്കിലും ആന്ധ്രപ്രദേശിനെയും തെലുങ്കാനെയെയുമാണ് ഇത് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള കനത്ത ചൂട് കുറച്ച് ദിവസങ്ങൾ കൂടി തുടരുമെന്നാണ് കാലാവസ്ഥാപ്രവാചകർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.കനത്ത താപവാതമാണ് പ്രസ്തുത ചൂടിന് വഴിയൊരുക്കിയിരിക്കുന്നത്.

ഇത്തരത്തിൽ അപകടകരമായ താപവാതം ഇതിനേക്കാൾ ഇന്ത്യയിൽ രൂക്ഷമായിരുന്നത് 1998ലായിരുന്നു. അന്ന് അത്യുഷ്ണത്താൽ 2541 പേരാണ് മൃതിയടഞ്ഞത്. 2003ലാണ് ലോകചരിത്രത്തിൽ ഏറ്റവും കൂടിയ ചൂട് സംജാതമായത്. യൂറോപ്പിനെയായിരുന്നു ആ താപവാതം വേട്ടയാടിയത്. ഇതിനെത്തുടർന്ന് 71,310 പേരാണ് മരണമടഞ്ഞത്. ബെൽജിയത്തിലെ ബ്രസൽസിലുള്ള സെന്റർ ഫോർ റിസർച്ച് ഓൺ ദി എപിഡെമിയോളജി ഓഫ് ഡിസാസ്‌റ്റേർസ്(സിആർഇഡി) മെയിന്റയിൻ ചെയ്യുന്ന എമർജൻസി ഇവന്റ്‌സ് ഡാറ്റാബേസി(ഇഎംഡാറ്റ്)ലെ വിവരങ്ങളാണിവ.

താപവാതത്താലുണ്ടാകുന്ന യഥാർത്ഥ മരണസംഖ്യ കണക്കാക്കുന്നതിൽ പലവിധ ബുദ്ധിമുട്ടുകളുണ്ടെന്നാണ് കാലാവസ്ഥാ വിഗദ്ധനും വെതർ അണ്ടർഗ്രൗണ്ട് സ്ഥാപകനുമായ ജെഫ് മാസ്‌റ്റേർസ് പറയുന്നത്. അതായത് ഇതിന് മുമ്പ് തന്നെ ഹൃദ്രോഗവും ശ്വാസകോശവുമുള്ളവർ അധികതാപം കാരണം മരിച്ചാലും ഇവർ ചൂട് കൊണ്ട് മരിച്ചതാണെന്ന് കണക്കാക്കാറില്ലെന്നാണ് അദ്ദേഹം പറയുന്നത്. അതിനാൽ ചൂടു കാരണമുള്ള മരണസംഖ്യ എപ്പോഴും കണക്കാക്കുന്നതിനേക്കാൾ കൂടുതലാവാനാണ് സാധ്യതയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അതിനാൽ ഇന്ത്യയിൽ ഇപ്പോഴുള്ള ചൂടിൽ മരണമടഞ്ഞവരുടെ എണ്ണവും ഇപ്പോൾ കണക്കാക്കിയതിനേക്കാൾ കൂടാനാണ് സാധ്യത.

അഹമ്മദാബാദിൽ 2010ൽ ഉണ്ടായ ചൂടിൽ മരണമടഞ്ഞവരുടെ സംഖ്യയെ 2009ലെയും 2011ലെയും മരണസംഖ്യയുമായി താരതമ്യപ്പെടുത്തി ഒരു വിശകലനം നടത്താൻ അഹമ്മദാബാദ് ഹീറ്റ് ക്ലൈമറ്റ് സ്റ്റഡി ഗ്രൂപ്പ് മുന്നിട്ടിറങ്ങിയിരുന്നു. ഇവരുടെ പഠനഫലം 2014 മാർച്ചിൽ പ്ലോസ്‌വൺ ജേർണലിൽ പ്രസിദ്ധീകരിച്ചിരുന്നു. ഞെട്ടിപ്പിക്കുന്ന സത്യങ്ങളാണിത് വെളിപ്പെടുത്തുന്നത്. അതായത് 2010ൽ കണക്ക് കൂട്ടിയതിനേക്കാൾ എത്രയോ ഇരട്ടി ആളുകൾ അമിത ചൂട് കാരണം മരിച്ചിട്ടുണ്ടെന്നാണ് അതിലൂടെ വെളിവായിരിക്കുന്നത്.2010ൽ അമിത ചൂട് കാരണം 50 പേർ മരിച്ചുവെന്നായിരുന്നു ഔദ്യോഗിക കണക്കുകൾ വെളിപ്പെടുത്തിയിരുന്നത്. എന്നാൽ മറ്റുള്ള വർഷങ്ങളിലേതിനേക്കാൾ1344പേർ ചൂട് കാരണം മരിച്ചിട്ടുണ്ടെന്നായിരുന്നു പ്രസ്തുത പഠനം കണ്ടെത്തിയത്. ചൂട് കാരണം ആളുകൾ മരിക്കുന്നത് കുറയ്ക്കാനായുള്ള ഫലപ്രദമായ നടപടികൾ സംഘടിപ്പിക്കുന്നതിനായി പ്രസ്തുത പ ഠനത്തിനെ ഗവേഷകർ നഗരാധികൃതരുമായി യോജിച്ച് പ്രവർത്തിക്കുന്നുണ്ട്.

കഴിഞ്ഞ കാലത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ഏറ്റവും അപകടകരമായി ചൂട്കാലങ്ങളെക്കുറിച്ചുള്ള ഒരു ലിസ്റ്റ് പുറത്തിറക്കിയിട്ടുണ്ട്. ഈ ലിസ്റ്റ് പ്രകാരം 1998ലും 2002ലും 2003ലും 2015ലും രാജ്യത്ത് കടുത്ത ചൂട് ദുരന്തങ്ങളാണ് അരങ്ങേറിയത്. ഇതിൽ ആയിരങ്ങൾക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. ഇതിൽ 1998ൽ ഇന്ത്യയിലുണ്ടായ അത്യുഷ്ണത്തിൽ 2541 പേരാണ് മൃതിയടഞ്ഞത്. ലോകത്തിലെ തന്നെ നാലാം സ്ഥാനത്തുള്ള കടുത്ത ഉഷ്ണകാലമായിരുന്നു അത്. 2002ൽ രാജ്യത്തുണ്ടായ ഉഷ്ണദുരന്തത്തിൽ 1030 പേരാണ് മരിച്ചത്. ലിസ്റ്റിൽ ഈ ഉഷ്ണദുരന്തത്തിന് 9ാം സ്ഥാനമാണുള്ളത്. 2003ൽ ചൂട് കാരണം ഇവിടെ 1210 പേരാണ് മരിച്ചത്. ലിസ്റ്റിലെ 8ാം സ്ഥാനത്തുള്ള ഉഷ്ണദുരന്തമാണിത്. ലിസ്റ്റ് പ്രകാരം ഏറ്റവും വലിയ രണ്ടാമത്തെ ഉഷ്ണദുരന്തം ഉണ്ടായിരിക്കുന്നത 2010ൽ റഷ്യയിലാണ്. ആ ദുരന്തത്തിൽ 55,736 പേരാണ് മരിച്ചത്.

താപവാതത്തിന്റെ തീവ്രതയും ആവൃത്തിയും ഭാവിയിൽ വർധിച്ച് വരുമെന്നാണ് ഐഐടി ബോംബെ, ടിഐഎസ്എസ്, ഓസ്‌ട്രേലിയയിലെ മൊണാഷ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ ഗവേഷകർ നടത്തിയ പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്.2015 ഏപ്രിലിൽ പ്രസിദ്ധീകരിച്ച ജേണൽ റീജിയണൽ എൻവയോൺമെന്റൽ ചേഞ്ചിൽ ഇവരുടെ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. തെക്കേ ഇന്ത്യയിലും വടക്കെ ഇന്ത്യയിലും താപവാതം സാധാരണ സംഭവമായത്തീർന്നിരിക്കുകയാണെന്നാണ് പ്രസ്തുത പഠനത്തിലൂടെ ഗവേഷകർ മുന്നറിയിപ്പ് നൽകുന്നത്. മൺസൂൺ എത്തുന്നത് വരെ ഈ ചൂട് നിലനിൽക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP