Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാളപെറ്റെന്ന് പറഞ്ഞാൽ കയറെടുക്കുന്ന വി എസ്; സുധീരനേയും സുഗതകുമാരിയേയും വിഡ്ഢികളാക്കിയതോ? കാസർഗോട്ടെ ദുരിതങ്ങൾ ആഗോള കുത്തകയുടെ സൃഷ്ടിയോ? എൻഡോസൾഫാനെ അനുകൂലിച്ച് പുസ്തകവുമായി മാദ്ധ്യമ പ്രവർത്തകൻ

രഞ്ജിത് ബാബു

കാസർഗോഡ്: എൻഡോസൾഫാൻ മൂലമാണ് നിരവധി പേർ രോഗികളായതും കുറേപ്പേർ മരിച്ചതെന്നുമുള്ള വാദം കള്ളപ്രചാരണമാണെന്നു വിശദീകരിക്കുന്ന ഇംഗഌഷ് പുസ്തകത്തിന്റെ മലയാള പരിഭാഷ ഒരുങ്ങുന്നു.

ഏറെക്കാലം കാസർഗോഡ് ഇന്ത്യൻ എക്സ്‌പ്രസ് ബ്യൂറോ ചീഫായിരുന്ന കളത്തിൽ രാമകൃഷ്ണന്റെ 'എൻഡോസൾഫാൻ: ഗ്ലോബൽ കോൺസ്പിറസി ആൻഡ് എ കേരള ഫ്രോഡ് സ്‌റ്റോറി' എന്ന പുസ്തകത്തിന്റെ തർജ്ജമയാണ് തയ്യാറാവുന്നത്. മൈസുരുവിൽ മലയാളപരിഭാഷയുടെ പണിപ്പുരയിലാണ് രാമകൃഷ്ണൻ. 'എൻഡോസൾഫാൻ ആഗോള ഗൂഢാലോചനയും കേരളത്തിലെ കള്ളക്കഥകളും' എന്ന പേരിലായിരിക്കും മൊഴി മാറ്റപ്പെടുക. കേരളം കഴിഞ്ഞ പത്തുവർഷത്തിലധികമായി ചർച്ച ചെയ്തു കൊണ്ടിരിക്കുന്ന കാസർഗോട്ടെ എൻഡോസൾഫാൻ വിഷയത്തിൽ വ്യത്യസ്ത വീക്ഷണവുമായിട്ടാണ് ഇംഗ്ലീഷ് പുസ്തകം പ്രസിദ്ധീകരിച്ചത്.

കാസർഗോട്ടെ പ്ലാന്റേഷൻ കോർപറേഷന്റെ കശുവണ്ടിത്തോട്ടത്തിൽ വായുമാർഗം എൻഡോസൾഫാൻ തളിച്ചത് ഹെക്ടറിൽ വെറും 137 ലിറ്റർ എന്ന കണക്കിലാണ്. ആലപ്പുഴയിലും കൊല്ലത്തും പ്ലാന്റേഷൻ മേഖലയായ ഇടുക്കിയിലും വയനാട്ടിലും കാസർഗോഡിനേക്കാൾ എത്രയോ ഇരട്ടി എൻഡോസൾഫാൻ തളിച്ചിരുന്നുവെന്ന് പുസ്തകത്തിൽ പറയുന്നു. എന്നാൽ അവിടെയൊന്നും കാണാത്ത രോഗങ്ങളെങ്ങനെയാണ് കാസർഗോഡ് കാണുന്നതെന്ന സംശയം ഗ്രന്ഥകാരൻ പ്രകടിപ്പിക്കുന്നു. 2001 ലും 2011 ലും ഇന്ത്യൻ സെൻസർ ബോർഡ് കമ്മീഷണർ നടത്തിയ ഡിസെബിലിറ്റി സെൻസസിൽ മറ്റു ജില്ലകളെ അപേക്ഷിച്ചു കാസർഗോഡ് രോഗങ്ങൾ കുറവാണെന്നു പറയുന്നു.

കീടനാശിനി ഉല്പാദനത്തിന്റെ ആഗോള കുത്തക യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്കാണ്. എൻഡോസൾഫാൻ പേറ്റന്റ് അല്ലാത്ത കീടനാശിനി ആയതിനാൽ ഏതു രാജ്യത്തും കൂടുതലായി ഉൽപ്പാദിപ്പിക്കാം. കീടനാശിനി കുത്തകയ്ക്കു വേണ്ടിയുള്ള ആഗോള കിടമത്സരത്തിന്റെ ഫലമാണ് എൻഡോസൾഫാൻ വിരുദ്ധ സമരങ്ങൾ. വില കുറഞ്ഞതും ഫലപ്രദവുമായ എൻഡോസൾഫാൻ കീടനാശിനിയെ ആഗോളമായി ഇല്ലാതാക്കാനുള്ള ശ്രമത്തിന്റ ഭാഗമാണ് കാസർഗോട്ടെ എൻഡോസൾഫാൻ വിരുദ്ധ സമരമെന്നും പുസ്തകത്തിൽ പറയുന്നു.

യൂറോപ്യൻ യൂനിയൻ രാജൃങ്ങളുടെ ശാസ്ത്രമേൽക്കൊയ്മ ഉപയോഗിച്ച് എൻഡോസൾഫാനെതിരെ അത് ആരോഗ്യത്തിനു ഹാനികരമാണെന്ന വിധത്തിൽ പല പ്രചരണങ്ങളും നടത്തുകയുണ്ടായി. ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിൽ നടത്തിയ പഠനത്തിൽ എൻഡോസൾഫാൻ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നില്ലെന്ന് തെളിഞ്ഞിട്ടുള്ളതായും ഗ്രന്ഥകാരൻ വൃക്തമാക്കുന്നു. തണുപ്പു രാജ്യങ്ങളിൽ എൻഡോസൾഫാൻ എങ്ങനെ പ്രവർത്തിക്കുന്നു എന്നുള്ള പഠനങ്ങൾ ഉഷ്ണമേഖലാ രാജൃങ്ങളിലെ പഠനങ്ങൾക്ക് വിപരീതമാണ്.
ഡൽഹി സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റ് (സി.എസ്.സി) എന്ന സ്ഥാപനത്തിന് എൻഡോസൾഫാൻ വിഷയത്തിൽ പഠനറിപ്പോർട്ട് തയ്യാറാക്കാൻ കോടിക്കണക്കിനു രൂപ യൂറോപ്യൻ യൂനിയൻ നൽകിയതായും പുസ്തകത്തിൽ ആരോപിക്കുന്നു.

സി.എസ്.സി. യുടെ പഠനത്തിൽ പദ്രേ എന്ന ഗ്രാമത്തിലെ ജനങ്ങളുടെ രക്തത്തിൽ എൻഡോസൾഫാൻ കണ്ടെത്തിയെന്ന നിഗമനം ശാസ്ത്രലോകം തന്നെ തള്ളിക്കളയുകയായിരുന്നു. സി.എസ്.സി തന്നെ എൻഡോസൾഫാൻ വിരുദ്ധ സമരത്തിന് ചില സംഘടനകൾക്ക് വൻ തുക നല്കിയിരുന്നു. യൂറോപ്യൻ യൂനിയനിലെ കീടനാശിനി കമ്പനികളാണ് ഇതിന് പണം നൽകിയത്. ഒരു കീടനാശിനി കമ്പനിയെ വിപണിയിൽ ഇല്ലാതാക്കാൽ മറ്റു കീടനാശിനി കമ്പനികൾ നടത്തിയ അന്തർനാടകങ്ങളുടെ കഥകൾ പുസ്തകത്തിലൂടെ വെളിപ്പെടുത്തുന്നു.

കേരളത്തിലെ മുഴുവൻ ജനങ്ങളെയും വിഡ്ഢികളാക്കി പത്തു വർഷത്തിലധികമായി മുഖ്യധാരാ പത്രങ്ങളും ദൃശ്യമാധൃമങ്ങളും എൻഡോസൾഫാൻ വിരുദ്ധസമരത്തിന് പ്രചാരണം നടത്തുകയാണ്. കാള പെറ്റെന്നുകേട്ടാൽ കയറെടുക്കുന്ന വി എസ്. അച്ചുതാനന്ദനും വി എം.സുധീരനും സുഗതകുമാരിയും വിഡ്ഢികളാക്കപ്പെട്ടിരിക്കയാണ്. അമ്പതുവർഷത്തോളം യൂറോപൃൻ രാജൃങ്ങളിൽ എൻഡോസൾഫാൻ യഥേഷ്ടം ഉപയോഗിച്ചിരുന്നു. അന്നൊന്നും ഇല്ലാത്ത ആരോഗ്യപ്രശ്‌നങ്ങൾ ഇപ്പോഴുണ്ടായത് എങ്ങനെയെന്ന് രാമകൃഷ്ണൻ ചോദിക്കുന്നു.

കാസർഗോഡ് എന്മകജെയിലെ ജഢാധാരിക്കാവിൽ ആരാധനയ്‌ക്കെത്തുന്നവർ പരമ്പരാഗതമായി പ്രാർത്ഥിക്കുന്നത് അംഗവൈകല്യമില്ലാത്ത കുഞ്ഞു ജനിക്കണമെന്നാണ്. ഒരു നൂറ്റാണ്ടിലേറെയായി ഒരു പ്രത്യേകവിഭാഗക്കാർ ഇങ്ങനെ പ്രാർത്ഥിച്ചെങ്കിൽ മറ്റേതോ ജനിതക പ്രശ്‌നമാണ് ഇവരുടെ വൈകല്യത്തിനു കാരണമെന്ന് ഗ്രന്ഥകർത്താവ് പറയുന്നു. മലയാള പരിഭാഷയിറങ്ങുന്നതോടെ എൻഡോസൾഫാന്റെ പേരിലുള്ള വിവാദം കനക്കും, ചിലപ്പോൾ അതിന്റെ പേരിൽ നടക്കുന്നതു ഫണ്ടിങ്ങ് സമരം തന്നെയാണോയെന്നു ചർച്ച ചെയ്യപ്പെടുകയും ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP