Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പത്തുദിവസത്തെ കോഴ്‌സിന് ഫീസ് 1,25,000 രൂപ; ഹിപ്‌നോട്ടിക് സെയിൽസ്, മൈൻഡ് മാസ്റ്ററിങ് എന്ന് ഓമന പേരിട്ട് ആളെ കൂട്ടും; പ്രമുഖ ഹോട്ടലുകൾ കേന്ദ്രീകരിച്ച് വ്യാജകോഴ്‌സുകൾ; ചതിയിൽപെടുന്നവർക്ക് നഷ്ടപ്പെടുന്നത് ലക്ഷങ്ങൾ

പത്തുദിവസത്തെ കോഴ്‌സിന് ഫീസ് 1,25,000 രൂപ; ഹിപ്‌നോട്ടിക് സെയിൽസ്, മൈൻഡ് മാസ്റ്ററിങ് എന്ന് ഓമന പേരിട്ട് ആളെ കൂട്ടും; പ്രമുഖ ഹോട്ടലുകൾ കേന്ദ്രീകരിച്ച് വ്യാജകോഴ്‌സുകൾ; ചതിയിൽപെടുന്നവർക്ക് നഷ്ടപ്പെടുന്നത് ലക്ഷങ്ങൾ

കൊച്ചി: വിൽപ്പന ഇരട്ടിപ്പിച്ച് ബിസിനസിൽ മുന്നേറ്റം നടത്താൻ ആഗ്രഹമുണ്ടോ നിങ്ങൾക്ക്? ഹിപ്‌നോട്ടിക് സെയിൽസ് പഠിച്ചാൽ സംഗതി എളുപ്പമാണ്. പ്രൊഡക്റ്റുമായി കസ്റ്റമറെ കാണാൻ പോകുമ്പോഴോ അവർ തേടി വരുമ്പോഴോ നമ്മുടെ സംസാരത്തിലെ ഹിപ്‌നോട്ടിസത്തിന് അവർ അറിയാതെ വിധേയരാവും. പറഞ്ഞ വിലയ്ക്ക് കസ്റ്റമർ സാധനം വാങ്ങിക്കോളും.

കൊച്ചിയിലേയും തിരുവനന്തപുരത്തേയും തൃശൂരിലേയുമെല്ലാം പ്രമുഖ ഹോട്ടലുകൾ കേന്ദ്രീകരിച്ചു നടത്തുന്ന കോഴ്‌സിൽ വെറും രണ്ടു ദിവസം കൊണ്ട് ഇതുപഠിപ്പിച്ചു തരും. ഫീസ് പതിനാലായിരം രൂപ. രാവിലെ എട്ടര മുതൽ വൈകീട്ട് 6.30 വരെയാണ് കോഴ്‌സ് സമയം. താമസിച്ചു പഠിക്കേണ്ടവർ അതിനുള്ള ചെലവ് സ്വയം കണ്ടെത്തണം. ഉച്ചഭക്ഷണം സൗജന്യമാണ്. നിങ്ങളുടെ മനസ്സിനു തളർച്ചയുണ്ടോ, ഒന്നും ചെയ്യാനാകാത്ത അവസ്ഥയാണോ? അതിനുമുണ്ട് രണ്ടു ദിവസത്തെ കോഴ്‌സ്. മൈൻഡ് മാസ്റ്ററിങ്ങ് എന്ന ഈ രണ്ടു ദിവസത്തെ കോഴ്‌സിൽ മനസ്് 'പവർഫുൾ ' ആകും. നെഗറ്റീവായ ചിന്തകളെ പോസിറ്റീവ് ആക്കും. പിന്നെ വിചാരിച്ചാൽ നടക്കാത്ത ഒന്നുമില്ല. മനസ്സിലെ എല്ലാ കാര്യങ്ങളും കമ്പ്യൂട്ടറിൽ എന്ന പോലെ റീപ്രോഗ്രാം ചെയ്യും. കോഴ്‌സിന് വെറും 8500 രൂപ.

ഇതൊക്കെ പാവങ്ങൾക്കുള്ള കോഴ്‌സുകളാണ്. പണക്കാർക്ക് വേറെ വിധത്തിലാണ് കോഴ്‌സുകൾ. ഒരു ദിവസം 12,500 രൂപ ഫീസിൽ പത്തു ദിവസം ഒരു ലക്ഷത്തി ഇരുപത്തയ്യായിരം രൂപ ഫീസ് വാങ്ങുന്ന മറ്റൊരു കോഴ്‌സ് കൂടിയുണ്ട്. സോഷ്യൽ മീഡിയകളെപ്പറ്റി പത്തു ദിവസത്തെ കോഴ്‌സിനാണ് ഒരു ലക്ഷത്തി ഇരുപത്തയ്യായിരം രൂപ വാങ്ങുന്നത്. ഇനി കച്ചവടക്കാർക്ക് മനഃശ്ശക്തിയും കച്ചവടവും കൂട്ടാൻ രണ്ടു ദിവസത്തെ കോഴ്‌സുണ്ട്. ഫീസ് വെറും 33,000. അതായത് ഒരു ദിവസത്തെ ഫീസ് 16,500 രൂപ. എല്ലാ കോഴ്‌സും നടത്തുന്നത് അതത് സ്ഥലത്തെ പ്രമുഖ ഹോട്ടലുകളിലാണ്. മുൻകൂട്ടി ബുക്ക് ചെയ്തു പോകുന്നവർക്ക് ഫീസിൽ ചെറിയ ഇളവുണ്ട്. കോഴ്‌സ് ദിവസം നേരിട്ടു പോയി പണമടച്ച് കോഴ്‌സിൽ പങ്കെടുത്തു വരുകയുമാകാം. യോഗ്യത പണമുണ്ടാവണമെന്നു മാത്രം. മറ്റൊരു മാനദണ്ഡവുമില്ല.പ്രായപരിധി, വിദ്യാഭ്യാസം ഒന്നും അറിയുക കൂടി വേണ്ട.

ഇങ്ങനെ ഒരു സ്ഥാപനം 18 കോഴ്‌സുകളാണ് നടത്തുന്നത്. മാസത്തിൽ ഒരു കോഴ്‌സോ അതിലേറെ കോഴ്‌സുകളോ കേരളത്തിന്റെ വിവിധ ജില്ലാ ആസ്ഥാനത്തു വച്ച് നടത്തുന്നു. തിരുവനന്തപുരം കേശവദാസപുരത്തുള്ള ഒരു സ്ഥാപനം തിരുവനന്തപുരം, കൊച്ചി, തൃശൂർ എന്നിവിടങ്ങളിലാണ് ഇതുപോലെ കോഴ്‌സുകൾ നടത്തുന്നത്. കൊച്ചി, തൃശൂർ എന്നിവിടങ്ങളിലും ഇതുപോലെ ട്രെയിനിങ്ങ് കേന്ദ്രങ്ങൾ പൊന്തിവന്നിട്ടുണ്ട്. തിരുവനന്തപുരത്തെ സ്ഥാപനം അവകാശപ്പെടുന്നത് ഡോക്ടർ ആയ ഒരു ഇന്റർനാഷണൽ ട്രെയിനർ കോഴ്‌സുകൾ നടത്തുന്നുവെന്നും യു.കെ, യു.എസ്.എ, എന്നിവിടങ്ങൾ കഴിഞ്ഞാൽ കേരളത്തിൽ അവിടെ മാത്രമേ ഈ കോഴ്‌സുകൾ നടത്തുന്നുള്ളൂവെന്നാണ്. ലക്ഷങ്ങളും പതിനായിരങ്ങളും ചെലവാക്കി കോഴ്‌സിൽ ചേർന്നാൽ എന്താണ് ഗുണമെന്ന ചോദ്യത്തിന് ഇവർക്കു തന്നെ വ്യക്തമായ ഉത്തരമില്ല.

കോഴ്‌സ് കഴിഞ്ഞവർക്ക് പണനഷ്ടത്തിനു പുറമെ രണ്ടു ദിവസത്തെ കോഴ്‌സ് വഴി ലഭിച്ച സർട്ടിഫിക്കറ്റ് കൊണ്ട് ഒരു പ്രയോജനമില്ലെന്നും മനസ്സിലാകും. ഇത്തരം സ്ഥാപനങ്ങൾ തുടങ്ങാൻ അത്യാവശ്യം നല്ലവണ്ണം ഫർണിഷ് ചെയ്ത ഒരു ഓഫീസും ഫോൺ വന്നാൽ സംസാരിക്കാൻ നല്ല തരുണീമണികളും മാത്രം മതിയാകും. ബാക്കി കോഴ്‌സുകൾ എല്ലാം അതത് സ്ഥലത്തെ പ്രമുഖ ഹോട്ടലുകളിലാണ്.

വിവരമില്ലാത്ത പണക്കാർ മാത്രമല്ല, ഭാവിയെക്കുറിച്ച് സ്വപനങ്ങൾ നെയ്യുന്ന പാവപ്പെട്ട ചെറുപ്പക്കാരും ഇവരുടെ വലയിൽ വീഴുന്നുണ്ട്. മലയാളത്തിലെ പ്രമുഖ പത്രങ്ങളിൽ നല്ല ആകർഷകമായ പരസ്യം ചെയ്താണ് ഇരകളെ കണ്ടെത്തുന്നത്. ബി.എഡും .ടി.ടി.സി തുടങ്ങിയ യോഗ്യതകളുമുള്ള അദ്ധ്യാപകർ വരെ സ്വകാര്യ സ്‌കൂളുകളിൽ മൂവ്വായിരത്തിനും അയ്യായിരത്തിനുമൊക്കെ ജോലി ചെയ്തു വരുന്ന സംസ്ഥാനത്താണ് പഠിപ്പിക്കാൻ സർക്കാർ അനുശാസിക്കുന്ന യാതൊരു യോഗ്യതയുമില്ലാത്ത ചിലർ പത്ത് ദിവസത്തെ കോഴ്‌സിന് വരെ ലക്ഷങ്ങൾ ഫീസ് വാങ്ങി തട്ടിപ്പുസ്ഥാപനങ്ങൾ നടത്തുന്നത്. പരസ്യങ്ങളിലേക്കെങ്ങാനും അറിയാതെ വിളിച്ചു പോയാൽ വീട് പണയം വച്ചായാലും കോഴ്‌സ് പഠിക്കമെന്ന് തോന്നും. ഈ കോഴ്‌സ് പഠിക്കാതെ ജീവിച്ചിട്ടു കാര്യമില്ലെന്നു വരെ തോന്നിപ്പോകും. കോഴ്‌സും നടത്താനും സർട്ടിഫിക്കറ്റ് നൽകാനുമൊക്കെ നിരവധി മാനദണ്ഡങ്ങൾ പാലിക്കണമെന്നിരിക്കെയാണ് പത്രപരസ്യം വഴി ഈ തട്ടിപ്പുകൾ അരങ്ങേറുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP