Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വ്യാജ ബിരുദത്തിന്റെ പേരിൽ ഡൽഹി മന്ത്രിക്ക് ജയിലെങ്കിൽ സ്മൃതി ഇറാനിക്കും അതു വേണ്ടേ? കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ ബിരുദം വ്യാജമെന്ന സൂചന ശക്തമായി; കുടുങ്ങിയത് മോദി മന്ത്രിസഭയിലെ സൂപ്പർ സ്റ്റാർ

വ്യാജ ബിരുദത്തിന്റെ പേരിൽ ഡൽഹി മന്ത്രിക്ക് ജയിലെങ്കിൽ സ്മൃതി ഇറാനിക്കും അതു വേണ്ടേ? കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ ബിരുദം വ്യാജമെന്ന സൂചന ശക്തമായി; കുടുങ്ങിയത് മോദി മന്ത്രിസഭയിലെ സൂപ്പർ സ്റ്റാർ

ന്യൂഡൽഹി : വിദ്യാഭ്യാസ യോഗ്യത തിരുത്തിയെന്ന പരാതിയിൽ കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി നിയമക്കുരുക്കിലേക്ക്. പരാതി നിലനിൽക്കുമെന്നും മതിയായ തെളിവുണ്ടെങ്കിൽ കേസെടുക്കാമെന്നും ഡൽഹി മെട്രോപൊളിറ്റൻ കോടതി. കൂടുതൽ തെളിവുണ്ടെങ്കിൽ ഹാജരാക്കാം. ഓഗസ്റ്റ് 28നു കേസ് വീണ്ടും പരിഗണിക്കും. അതിനിടെ സ്മൃതി ഇറാനിയുടെ അറസ്റ്റിനും രാജിക്കും വേണ്ടി പ്രതിപക്ഷവും സജീവമായിട്ടുണ്ട്.

ഫ്രീലാൻസ് എഴുത്തുകാരനായ അഹ്‌മെർ ഖാനാണു പരാതിക്കാരൻ. മൂന്നു തെരഞ്ഞെടുപ്പുകളിൽ നാമനിർദേശ പത്രികയ്‌ക്കൊപ്പം സ്മൃതി ഇറാനി നൽകിയ സത്യവാങ്മൂലത്തിൽ മൂന്നു വ്യത്യസ്ത യോഗ്യത രേഖപ്പെടുത്തിയെന്നാണു പരാതി. തെരഞ്ഞെടുപ്പ് വേളയിൽ െതറ്റായ വിവരങ്ങൾ നൽകുന്നതു ജനപ്രാതിനിധ്യ നിയമത്തിലെ 125-ാം വകുപ്പിന്റെ ലംഘനമാണ്. ആറു മാസം തടവും പിഴയും ലഭിക്കാവുന്ന കുറ്റം. വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിൽ ഡൽഹി ആം ആദ്മി സർക്കാരിലെ മുൻ നിയമ മന്ത്രി ജിതേന്ദ്ര സിങ് തോമർ അറസ്റ്റിലായതിനു പിന്നാലെയാണ് വിദ്യാഭ്യാസത്തിന്റെ ചുമതലയുള്ള കേന്ദ്ര മന്ത്രിക്കെതിരെ ഇതേ വിഷയത്തിൽ കോടതി നടപടിയാരംഭിച്ചത്. സ്മൃതിയെ മന്ത്രിസ്ഥാനത്തു നിന്നു പുറത്താക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസും ആം ആദ്മി പാർട്ടിയും രംഗത്തുവന്നു. എന്നാൽ, സ്മൃതിയോ ലളിത് മോദി വിവാദത്തിൽ ഉൾപ്പെട്ട വിദേശകാര്യ മന്ത്രി സുഷമ സ്വരാജോ രാജിവയ്ക്കില്ലെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് വ്യക്തമാക്കി.

2004 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ 1996ൽ ഡൽഹി സർവകലാശാലയുടെ സ്‌കൂൾ ഓഫ് കറസ്‌പോണ്ടൻസിൽനിന്ന് ബി.എ. ബിരുദം നേടിയെന്നു പറയുന്നു. 2011ൽ ഗുജറാത്തിൽനിന്നു രാജ്യസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഡൽഹി സർവകലാശാലയുടെ സ്‌കൂൾ ഓഫ് കറസ്‌പോണ്ടൻസിൽനിന്ന് ബി.കോം പാർട്ട് ഒന്ന് യോഗ്യത നേടിയെന്നാണു സത്യവാങ്മൂലം. എന്നാൽ, 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ അമേഠിയിൽനിന്നും രാഹുൽഗാന്ധിക്കെതിരേ മത്സരിക്കാൻ നൽകിയ സത്യവാങ്മൂലത്തിൽ ഡൽഹി സർവകലാശാലയിലെ ഓപ്പൺ ലേണിങ്ങിൽനിന്നും ബി.കോം പാർട്ട് ഒന്ന് പൂർത്തിയാക്കിയെന്നും പറയുന്നു. അമേഠിയിലെ സത്യവാങ്മൂലത്തിൽ വിദ്യാഭ്യാസ സ്ഥാപനം മാറി. ഇതു സംബന്ധിച്ച പരാതി പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതാണെന്നും തെളിവുണ്ടെങ്കിൽ ഹാജരാക്കാമെന്നും മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് ആകാശ് ജെയിൻ പറഞ്ഞു.

സ്മൃതിക്കെതിരേ എഫ്.ഐ.ആർ. എടുക്കാൻ കോടതി നിർദേശിച്ചില്ലെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തിന്റെ രാജി ആവശ്യം ബിജെപി. തള്ളി. യോഗ്യതയുമായി ബന്ധപ്പെട്ട പ്രശ്‌നം അച്ചടിപ്പിശകാണെന്നും ബിജെപി. പറഞ്ഞു. സ്മൃതിയുടെ കേസ് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നിർമ്മിച്ചെന്നതല്ല. വ്യാജ ബിരുദക്കേസിൽ അറസ്റ്റിലായ ഡൽഹി മുൻ നിയമമന്ത്രി ജിതേന്ദർ തോമറിന്റെ കേസുമായി ഇതിനു വ്യത്യാസമുണ്ടെന്നും പാർട്ടി പറഞ്ഞു.

സത്യവാങ്മൂലത്തിൽ മൂന്നുതരത്തിൽ വിദ്യാഭ്യാസ യോഗ്യത സമർപ്പിച്ചതു നിയമത്തിന്റെയും സത്യപ്രതിജ്ഞയുടെയും ലംഘനമാണെന്നു പരാതിക്കാരൻ വാദിച്ചു. മന്ത്രിയുമായി തനിക്കു വഴക്കില്ല. വിദ്യാഭ്യാസവകുപ്പുമന്ത്രി എന്ന നിലയിൽ അവരുടെ വിശ്വാസ്യതയെ ബാധിക്കുന്ന ഗുരുതര വിഷയമാണിതെന്ന് അഹമെർ ഖാൻ പറഞ്ഞു. ഉയർന്ന വിദ്യാഭ്യാസമാണോ കുറഞ്ഞ വിദ്യാഭ്യാസമാണോ എന്നതൊന്നും പ്രശ്‌നമല്ല. കേസ് മുന്നോട്ടുകൊണ്ടുപോകാൻ ഇനിയും കടമ്പകളുണ്ടെന്നും ഖാൻ പറഞ്ഞു. മൂന്നു തിരഞ്ഞെടുപ്പുകളിൽ മൂന്നു രേഖകൾ ഹാജരാക്കിയ സ്മൃതി ഇറാനി ജനപ്രാതിനിധ്യ നിയമം ലംഘിച്ചതായി അഹ്മറിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ.കെ. മനൻ വാദിച്ചു. ഹർജി സമർപ്പിക്കുന്നതിലുള്ള കാലതാമസം അത് തള്ളിക്കളയാനുള്ള കാരണമായി കണക്കാക്കാനാവില്ലെന്ന് അഞ്ചു പേജ് ഉത്തരവിൽ കോടതി വ്യക്തമാക്കി.

ഹർജിക്കാരൻ കൂടുതൽ തെളിവുകൾ ഹാജരാക്കിയാലേ കേസ് തുടരൂ എന്നതു സ്മൃതിക്കു പിടിവള്ളിയാണ്. സ്മൃതി കുറ്റാരോപിതയല്ലെന്ന് അവരുടെ അഭിഭാഷകൻ അനിൽ സോണി പ്രതികരിച്ചു. ജിതേന്ദർ സിങ്ങിനെതിരേ സ്വീകരിച്ച നടപടികൾ സ്മൃതിക്കെതിരേ സ്വീകരിക്കണമെന്ന് ആം ആംദ്മി പാർട്ടി ആവശ്യപ്പെട്ടു. തൽസ്ഥാനത്തു തുടരാൻ സ്മൃതിക്ക് അർഹതയില്ല. സ്വമേധയാ രാജിവച്ചില്ലെങ്കിൽ പ്രധാനമന്ത്രി പുറത്താക്കണമെന്നു കോൺഗ്രസ് ആവശ്യപ്പെട്ടു. സ്മൃതി ഇറാനി രാജിവയ്‌ക്കേണ്ടതില്ലെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. അതിനിടെ, ബഹാമാസിൽ നടക്കുന്ന കോമൺവെൽത്ത് രാജ്യങ്ങളിലെ വിദ്യാഭ്യാസ വകുപ്പുമന്ത്രിമാരുടെ സമ്മേളത്തിൽ പങ്കെടുക്കാൻ സ്മൃതി ഇറാനി യാത്രതിരിച്ചു.

അതിനിടെ ഡൽഹി കോടതിവിധിയുടെ പശ്ചാത്തലത്തിൽ സ്മൃതി ഇറാനി മന്ത്രിസ്ഥാനം രാജിവെയ്ക്കണമെന്ന ആവശ്യവുമായി കോൺഗ്രസ്സും ആം ആദ്മി പാർട്ടിയും രംഗത്തെത്തി. എന്നാൽ, സ്മൃതി ഇറാനിയുടെ കാര്യത്തിൽ സംഭവിച്ചത് അച്ചടിപ്പിശക് (ടൈപ്പോഗ്രാഫിക്കൽ എറർ) മാത്രമാണെന്ന വാദമുയർത്തി മന്ത്രിയെ ബിജെപി. ന്യായീകരിച്ചു. തോമറിനെതിരെ സ്വീകരിച്ചതു പോലെ സ്മൃതിക്കെതിരെയും കേന്ദ്ര സർക്കാർ നടപടിയെടുക്കണമെന്ന് ആം ആദ്മി പാർട്ടി നേതാവ് അശുതോഷ് ആവശ്യപ്പെട്ടു. തെറ്റായ വിവരങ്ങൾ നൽകിയതു വഴി ഗുരുതര ക്രമക്കേടാണ് സ്മൃതി നടത്തിയതെന്നും കേസിൽ നിഷ്പക്ഷ അന്വേഷണം നടക്കാൻ അവർ മന്ത്രി സ്ഥാനം ഒഴിയണമെന്നും കോൺഗ്രസ് വക്താവ് അജയ് മാക്കൻ പറഞ്ഞു. എൻഎസ്‌യുഐയുടെ നേതൃത്വത്തിൽ മന്ത്രിയുടെ ഓഫിസിലേക്ക് പ്രകടനം നടത്തി. വ്യാജ ഡിഗ്രി ഉള്ളയാൾ വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല വഹിക്കുന്നതു നാണക്കേടാണെന്ന് എൻഎസ്‌യുഐ അഖിലേന്ത്യാ പ്രസിഡന്റ് റോജി എം. ജോൺ പറഞ്ഞു. സ്മൃതിയുടെ രാജി ആവശ്യപ്പെട്ട് ഇന്നു 12നു തലസ്ഥാന നഗരിയിലെ ജന്തർ മന്തറിൽ കോൺഗ്രസ് പ്രക്ഷോഭം നടത്തും.

എന്നാൽ സ്മൃതി ഇറാനി സമർപ്പിച്ച വിദ്യാഭ്യാസ യോഗ്യതാ രേഖകളിലുണ്ടായ തെറ്റുകൾ അച്ചടിപ്പിശകു മാത്രമാണെന്നു ബിജെപി. വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ഹാജരാക്കിയ ആം ആദ്മി പാർട്ടി മുന്മന്ത്രി ജിതേന്ദ്ര സിങ് തോമറുമായി സ്മൃതിയെ താരതമ്യപ്പെടുത്തരുതെന്നും ബിജെപി വക്താവ് സാംബിത് പത്ര പറഞ്ഞു. കുറ്റക്കാരനെന്നു കണ്ടെത്തിയ തോമറിനെതിരെ പൊലീസ് അന്വേഷണം നടക്കുകയാണ്. സ്മൃതിയുടെ കാര്യത്തിൽ തെളിവുകൾ ഹാജരാക്കാൻ മാത്രമാണു കോടതി ആവശ്യപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുപിഎ മന്ത്രിമാരെ പോലെ എൻഡിഎയിലെ മന്ത്രിസഭാംഗങ്ങൾ ക്രമക്കേടു നടത്തില്ലെന്നു കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP