Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അള്ളാഹുവിനെ സ്‌നേഹിക്കേണ്ടതു കൊന്ന് തിന്നാനെന്ന്‌ എവിടെ നിന്നാണ് ഈ മനുഷ്യ മൃഗങ്ങൾ പഠിച്ചത്? റംസാനിലെ ആദ്യ വെള്ളിയാഴ്ച നാലിടങ്ങളിലായി കൂട്ടകുരുതി ചെയ്തത് ഇരുന്നൂറിലധികം പേരെ: ഇവരോട് ഖുറാൻ പറഞ്ഞ് കൊടുക്കാൻ ഈ ലോകത്ത് ആരുമില്ലേ?

അള്ളാഹുവിനെ സ്‌നേഹിക്കേണ്ടതു കൊന്ന് തിന്നാനെന്ന്‌ എവിടെ നിന്നാണ് ഈ മനുഷ്യ മൃഗങ്ങൾ പഠിച്ചത്? റംസാനിലെ ആദ്യ വെള്ളിയാഴ്ച നാലിടങ്ങളിലായി കൂട്ടകുരുതി ചെയ്തത് ഇരുന്നൂറിലധികം പേരെ: ഇവരോട് ഖുറാൻ പറഞ്ഞ് കൊടുക്കാൻ ഈ ലോകത്ത് ആരുമില്ലേ?

കുവൈത്ത്: ഈശ്വരനിൽ വിശ്വസിക്കുന്നവർക്കൊക്കെ ഏറ്റവും ഭീതിതമായ ഒരു ദിനമായിരുന്നു ഇന്നലെ. മതത്തിന്റെ പേരിൽ മൂന്ന് ഭൂഖണ്ഡങ്ങളിൽ നാലിടങ്ങളിലായി ഇന്നലെ ഇസ്‌ലാമിന്റെ പേരിൽ കൊന്നൊടുക്കിയത് ഇരുന്നൂറിൽ അധികം പേരെ. കൊന്നവരും കൊല്ലപ്പെട്ടവരിൽ മഹാ ഭൂരിപക്ഷവും പരമ കാരുണ്യകനായ അള്ളാഹുവിനെ സ്‌നേഹിക്കുന്നവർ. പ്രവാചകന്റെ കാൽപ്പാടുകൾ പിന്തുടരാൻ ആഗ്രഹിക്കുന്നവർ. എന്നിട്ടും അവർ കൊല്ലുകയാണ്. നരഭോജികളെപ്പോലെ കൊന്ന് തിന്നുകയാണ്. ലോകത്തിന് മുഴുവൻ അശാന്തി വിതച്ച് കൊണ്ട് താണ്ഡവം ആടുകയാണ്. ആർക്കു വേണ്ടിയാണ് ഇവർ ഇങ്ങനെ കൂട്ടക്കൊല ചെയ്യുന്നത്? റംസാനിലെ ആദ്യ വെള്ളിയാഴ്ച നടത്തിയ ഈ കൂട്ടക്കൊലപാതകം നിത്യ നരകത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുക എന്ന പറഞ്ഞ് കൊടുക്കാൻ ഈ ലേകത്ത് ഖുറാൻ അറിയാവുന്നവർ ആരുമില്ലേ?

കുവൈത്ത്, സിറിയ, ടുണേഷ്യ, ഫ്രാൻസ് എന്നിവിടങ്ങളിലാണ് ഇസ്ലാമിന്റെ പേരിൽ തീവ്രവാദികൾ ഇന്നലെ ആക്രമണം നടത്തിയത്. റമദാനിലെ വിശുദ്ധ ദിനമായി അറിയപ്പടുന്ന വെള്ളിയാഴ്‌ച്ച നിസ്‌കാരവേളയിൽ കുവൈത്ത് പള്ളിയിലുണ്ടായ ആക്രമണമായരുന്നു ഇതിൽ ഏറ്റവും ഭീതിതം. മലയാളികൾ അടക്കം നിരവധി പേരുള്ള കുവൈത്ത് സിറ്റിയിലാണ് ഭീകരാക്രമണം ഉണ്ടായത്. ഷിയാ പള്ളിയിലുണ്ടായ ചാവേർ സ്‌ഫോടനത്തിൽ 28 പേർ മരിച്ചപ്പോൾ, ട്യൂണീസിയയിലെ സൂസിൽ ബീച്ച് റിസോർട്ടിൽ തീവ്രവാദി നടത്തിയ വെടിവയ്പിൽ വിദേശികളായ വിനോദസഞ്ചാരികൾ ഉൾപ്പെടെ 28 പേർ കൊല്ലപ്പെട്ടു. കൂടാതെ സിറിയയിലെ കൊബാനിയിൽ ഐ.എസിന്റെ കൂട്ടക്കുരുതിയില് 146 പൗരന്മാരും കൊല്ലപ്പെട്ടു.

ഇതിന് പുറമേ കിഴക്കൻ ഫ്രാൻസിലെ ലിയോണിനു 40 കിലോമീറ്റർ അകലെ സെയ്ന്റ് കോൻതാ ഫലാവീറിലെ ഗ്യാസ് ഫാക്ടറിയിൽ നടത്തിയ തീവ്രവാദി ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. യുഎസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഗ്യാസ് ഫാക്ടറിയുടെ ഗേറ്റിൽ അതിവേഗത്തിൽ വന്ന കാർ ഇടിപ്പിച്ചശേഷം സ്‌ഫോടനം നടത്തുകയായിരുന്നു. തലയറുത്ത നിലയിൽ ഒരാളുടെ മൃതദേഹം ആക്രമണസ്ഥലത്തു കാണപ്പെട്ടു.

റമദാൻ മാസത്തിൽ ഐഎസ് തീവ്രവാദികൾ കുർദ് ശക്തികേന്ദ്രമായ കൊബാനിയിൽ തിരിച്ചടികൾക്കുള്ള മറുപടിയായാണ് പകപോക്കൽ നടത്തിയത്. 70 പേരെ ഭീകരർ ബന്ദികളാക്കിയെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ദിവസം നഗരവകവാടത്തിനു പുറത്ത് മൂന്ന് ഐ.എസ്. ചാവേറുകൾ സ്വയം പൊട്ടിത്തെറിച്ചിരുന്നു. ഈ സ്‌ഫോടനങ്ങളുടെ മറവിൽ കൂടുതൽ ഭീകരർ നഗരത്തിലേക്കു നുഴഞ്ഞുകയറുകയായിരുന്നു. ഇന്നലെ കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു.

മൃതദേഹങ്ങൾ വീടുകളിലും തെരുവോരങ്ങളിലും ചിതറിക്കിടക്കുകയായിരുന്നെന്ന് സിറിയൻ മനഷ്യാവകാശ സംരക്ഷണസംഘം അറിയിച്ചു. കെട്ടിടങ്ങളിലേക്കു നുഴഞ്ഞുകയറിയ ഭീകരർ തലങ്ങും വിലങ്ങും വെടിയുതിർക്കുകയായിരുന്നു. കൊബാനിയിലെ ഓരോ കുടുംബത്തിലെയും ഒരാളെങ്കിലും കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. ആക്രമണങ്ങളെ തുടർന്ന് തുർക്കി അതിർത്തിയിലേക്കുള്ള പലായനം വർധിച്ചിട്ടുണ്ട്. ആയിരത്തോളം പേർ ഇന്നലെ ഇവിടെ എത്തിയിട്ടുണ്ടെന്നാണ് വിവരം.

കുവൈത്ത് സിറ്റിയിൽ റമസാനിലെ രണ്ടാം വെള്ളിയിൽ ജുമുഅ നമസ്‌കാരത്തിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. കുവൈത്ത് സിറ്റിയിലെ അൽ സവാബറിൽ അൽ ഇമാം അൽ സാദിഖ് മസ്ജിദിലുണ്ടായ സ്‌ഫോടനത്തിൽ 202 പേർക്കു പരുക്കേൽക്കുകയും ചെയ്തു. പലരുടെയും നില ഗുരുതരമാണ്. ഇതും ഭീകരാക്രമണമാണെന്ന് വ്യക്തമായിട്ടുണ്ട്. ഐഎസ് ഭീകരർ ആക്രമണതതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. രണ്ടായിരത്തോളംപേർ വെള്ളിയാഴ്ച നമസ്‌കാരം നിർവഹിക്കുന്നതിനിടെ ചാവേർ കടന്നുവന്നു പൊട്ടിത്തെറിക്കുകയായിരുന്നു. പള്ളിയുടെ ഭിത്തികളും മേൽക്കൂരകളും പൊട്ടിത്തകർന്നു. അബു സുലൈമാൻ അൽ മുവാഹിദ് എന്ന ചാവേറാണു സ്‌ഫോടനം നടത്തിയതെന്നാണ് ഐഎസ് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്.

കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് കുവൈത്ത് സിറ്റിയിലെ ദുരന്തസ്ഥലം സന്ദർശിച്ചു. ദേശീയ ഐക്യത്തെ വെല്ലുവിളിക്കാൻ വേണ്ടിയുള്ള ആക്രമണമാണെന്നും, എന്നാൽ ശത്രുക്കൾക്കു തകർക്കാൻ കഴിയാത്തവിധം കുവൈത്ത് ശക്തമാണെന്നും പ്രധാനമന്ത്രി ഷെയ്ഖ് ജാബർ അൽ മുബാറക് അൽ സബാഹ് പറഞ്ഞു. സംഭവത്തെത്തുടർന്നു മസ്ജിദുകൾക്ക് ഉൾപ്പെടെ സുരക്ഷ ശക്തമാക്കി.

വിശുദ്ധ റമസാനിൽ ഷിയാ മുസ്‌ലിംകൾക്കും ഐഎസ് വിരുദ്ധ മുസ്‌ലിംകൾക്കും െ്രെകസ്തവർക്കുമെതിരെ പോരാട്ടം ശക്തമാക്കാൻ ഐഎസ് ആഹ്വാനം ചെയ്തതിനെ ലോക രാഷ്ട്രങ്ങൾ അപലപിച്ചിരുന്നു. നിഷേധികളുടെ ആരാധനാലയം തകർക്കുക എന്ന ലക്ഷ്യത്തോടെയാണു കുവൈത്തിൽ സ്‌ഫോടനം നടത്തിയതെന്ന് ഐഎസ് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നു. മലയാളികളടക്കമുള്ള പ്രവാസികളും താമസിക്കുന്ന സ്ഥലമാണു സവാബർ. സംഘർഷങ്ങൾ പതിവില്ലാത്ത രാജ്യത്തു വൻ ഭീകരാക്രമണം നടന്നതിന്റെ ഞെട്ടലിലാണു സ്വദേശികളും വിദേശികളും.

ട്യൂണീസിയയിലെ സൂസിൽ ആക്രമണം നടത്തിയ തീവ്രവാദിയെ സുരക്ഷാസൈനികർ വെടിവച്ചു കൊന്നു. എ കെ 47 തോക്കുമേന്തിയാണ് തീവ്രവാദി ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ ദൃശ്യങ്ങളും മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ചിരിച്ച മുഖത്തോടെയാണ് തീവ്രവാദിയായ തോക്കുമേന്തി വെടിയുതിർത്തത്. ആക്രമണത്തിൽ അഞ്ച് ബ്രിട്ടീഷുകാരും കൊല്ലപ്പെട്ടു. 27 പേർ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ടൂനിസിന് 140 കിലോമീറ്റർ മാറി സുസയിലെ പഞ്ചനക്ഷത്ര ഹോട്ടലായ മർഹബക്ക് നേരെയാണ് ആയുധധാരി വെടിയുതിർത്തത്. ബീച്ചിൽ നിറയെ ആളുകൾ ഉള്ളപ്പോൾ ഉച്ചയോടെയായിരുന്നു ആക്രമണം. മരിച്ചവർ ഏത് രാജ്യക്കാരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഹോട്ടലിന് പിന്നിലൂടെ എത്തിയ സായുധധാരി വെടിയുതിർക്കുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് മുഹമ്മദ് അലി അരൂയി പറഞ്ഞു. നടന്നത് ഭീകരാക്രമണമാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ കൂടുതൽ തീവ്രവാദികൾ പങ്കാളിയല്‌ളെന്ന് അധികൃതർ അറിയിച്ചു. എന്നാൽ, കൂടുതൽ തീവ്രവാദികൾ ഉണ്ടായിരുന്നുവെന്നും മറ്റൊരു റിസോർട്ടിന് നേരെ ആക്രമണമുണ്ടായതായും റിപ്പോർട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

ട്യൂണീസിയയിൽ ഈ വർഷമുണ്ടാക്കുന്ന രണ്ടാമത്തെ പ്രധാന തീവ്രവാദി ആക്രമണമാണിത്. മാർച്ച് 18നു ട്യൂണിസിൽ ബാർഡോ ദേശീയ മ്യൂസിയത്തിലുണ്ടായ തീവ്രവാദി ആക്രമണത്തിൽ 20 വിദേശ വിനോദസഞ്ചാരികൾ ഉൾപ്പെടെ 24 പേർ കൊല്ലപ്പെട്ടിരുന്നു. വിനോദസഞ്ചാരിയെപ്പോലെ റിസോർട്ടിൽ എത്തിയ യുവാവാണു നിറയൊഴിച്ചത്. യൂറോപ്പിൽനിന്ന് ഒട്ടേറെ വിനോദസഞ്ചാരികൾ എത്താറുള്ള രാജ്യമാണു ട്യൂണീസിയ. തലസ്ഥാനമായ ട്യൂണിസിൽനിന്നു 140 കിലോമീറ്റർ അകലെയാണു സൂസ്.

കിഴക്കൻ ഫ്രാൻസിലെ ഗ്യാസ് ഫാക്ടറിയിൽ ആക്രമണം നടത്തിയ ഐഎസ് തീവ്രവാദി യാസിൻ സാഹ്‌ലി (35) പിടിയിലായിട്ടുണ്ട്. അറബിക് വാക്കുകൾ മൃതദേഹത്തിൽ എഴുതിവച്ചിട്ടുണ്ട്. യുഎസ് വ്യവസായ ഗ്രൂപ്പായ എയർ പ്രോഡക്ട്‌സിന്റേതാണു ഗ്യാസ് ഫാക്ടറി. യാസിനിന്റെ കൂട്ടാളികളെന്നു സംശയിക്കുന്ന ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തു.

അറബിക് വാക്കുകളുള്ള പതാകയും സംഭവസ്ഥലത്തുനിന്നു കണ്ടെടുത്തു. ആക്രമണത്തിനെത്തിയ കാറിൽ രണ്ടുപേർ യാത്രചെയ്തിരുന്നെന്നു സംശയിക്കുന്നു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. എന്നാൽ, പ്രദേശത്തെ ട്രാൻസ്‌പോർട്ട് കമ്പനി മാനേജരാണു മരിച്ചയാളെന്ന് ഫ്രഞ്ച് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തലയറുത്ത നിലയിൽ മൃതദേഹം സ്ഥലത്ത് എത്തിച്ചതാണോ സംഭവസ്ഥലത്തു തലയറുത്തതാണോ എന്നു വ്യക്തമല്ല.

ഇതു തീവ്രവാദി ആക്രമണമാണെന്നു ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വ ഒലോൻദ് ബ്രസൽസിൽ പറഞ്ഞു. ഗ്യാസ് ഫാക്ടറിയിൽ വൻ സ്‌ഫോടനമുണ്ടാക്കുകയായിരുന്നു ആക്രമണം നടത്തിയവരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദി ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടയാളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു.

യൂറോപ്യൻ യൂണിയൻ ഉച്ചകോടിക്കെത്തിയതായിരുന്നു അദ്ദേഹം. രാജ്യത്തു കൂടുതൽ ആക്രമണങ്ങൾ ഉണ്ടാവാതിരിക്കാനുള്ള സുരക്ഷാനടപടികൾ കൈക്കൊള്ളുമെന്ന് അദ്ദേഹം പറഞ്ഞു. ആക്രമണത്തെത്തുടർന്നു ബ്രസൽസിൽനിന്ന് അദ്ദേഹം പാരിസിൽ തിരിച്ചെത്തി. ആറു മാസം മുൻപാണു പാരിസിലെ ഷാർളി ഹെബ്ദോ വാരികയിൽ തീവ്രവാദി ആക്രമണമുണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP