Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബ്ലോഗെഴുത്തിലൂടെ മാവോയിസ്റ്റുകളെ ഒതുക്കാൻ പുതുതന്ത്രം; രൂപേഷിന്റെ മക്കൾക്ക് തുറന്നകത്തെഴുതി ആഭ്യന്തരമന്ത്രി; അച്ഛന്റേയും അമ്മയുടേയും പാതകളെ മഹത്വവൽക്കരിക്കരുതെന്ന് ആമിയോടും സവേരയോടും ചെന്നിത്തല

ബ്ലോഗെഴുത്തിലൂടെ മാവോയിസ്റ്റുകളെ ഒതുക്കാൻ പുതുതന്ത്രം; രൂപേഷിന്റെ മക്കൾക്ക് തുറന്നകത്തെഴുതി ആഭ്യന്തരമന്ത്രി; അച്ഛന്റേയും അമ്മയുടേയും പാതകളെ മഹത്വവൽക്കരിക്കരുതെന്ന് ആമിയോടും സവേരയോടും ചെന്നിത്തല

തിരുവനന്തപുരം: വേറിട്ട വഴിയലൂടെ മാവോയിസത്തെ തുടച്ചു നീക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മാവോയിസ്റ്റ് തീവ്രവാദമുയർത്തുന്ന ഭീഷണികൾ അക്കമിട്ട് നിരത്തുകയാണ് ലക്ഷ്യം. പുതു തലമുറ മാവോയിസത്തിലേക്ക് വീണു പോകാതിരിക്കാനുള്ള തന്ത്രം. പൊലീസ് പിടിയിലായ രൂപേഷിന്റേയും ഷൈനയുടേയും മക്കളുടെ ആശങ്കകൾ ആഭ്യന്തര മന്ത്രി ഏറ്റെടുക്കുന്നു. ഒപ്പം അച്ഛന്റേയും അമ്മയുടേയും വഴിയിലേക്ക് വീണു പോകരുതെന്ന നിർദ്ദേശവും. സ്വന്തം ബ്ലോഗിലൂടെയാണ് ആമിക്കും സവേരയ്ക്കും ചെന്നിത്തല തുറന്ന കത്തെഴുതുന്നത്.

മാതാപിതാക്കളുടെ സാമിപ്യവും, സ്‌നേഹവും, പിന്തുണയും ഏറ്റവുമധികം ആവിശ്യമുള്ള പ്രായത്തിൽ നിങ്ങൾക്കത് ലഭിക്കാതെ വരുന്നതിൽ ഞാൻ ദുഃഖിതനാണ്. ഒരു പൊതുപ്രവർത്തകൻ എന്നതിലുപരി രണ്ട് കുട്ടികളുടെ പിതാവ് എന്ന നിലയിൽ നിങ്ങൾ നേരിടുന്ന അതീവ വിഷമകരമായ ഈ അവസ്ഥയെപ്പറ്റി ഞാൻ ബോധവാനും ആശങ്കാകുലനുമാണ്. മാതാപിതാക്കൾ കൈക്കൊള്ളുന്ന തെറ്റായ മാർഗങ്ങൾക്കും, സമീപനങ്ങൾക്കും കുട്ടികളായ നിങ്ങൾ ഒരിക്കലും ഉത്തരവാദികളല്ലന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നുവെന്നാണ് ചെന്നിത്തല പറയുന്നത്.

നിങ്ങളുടെ മാതാപിതാക്കൾ നടന്നുപോയ പാതകളെ മഹത്വവൽക്കരിക്കാനും, നിങ്ങൾ രണ്ടുപേരെയും അതുവഴി നയിക്കാനും ഒരു പക്ഷെ ആളുകളുണ്ടായേക്കാം. എന്നാൽ ആ പാത തിരഞ്ഞെടുക്കുകയോ, അതുവഴി ചരിക്കുകയോ ചെയ്യരുത്. നശിപ്പിക്കലല്ല, പടുത്തയർത്തലാണ് മഹത്തായ കർമ്മം, വെറുക്കുന്നതല്ല, സ്‌നേഹിക്കുക എന്നതാണ്മാനവിക ധർമ്മം, അതിലൂടെ മാത്രമ പുതിയൊരു സമൂഹസൃഷ്ടി സാധ്യമാവുകയുള്ളുവെന്ന ഓർമ്മപ്പെടുത്തലാണ് ചെന്നിത്തല നടത്തുന്നത്.

രമേശ് ചെന്നിത്തലയുടെ ബ്ലോഗ് ലേഖനത്തിന്റെ പൂർണ്ണ രൂപം

ആമിക്കും സവേരക്കും ഒരു തുറന്ന കത്ത്

നമ്മുടെ സമൂഹത്തെ ഗുരുതരമായി ബാധിച്ചു കൊണ്ടിരിക്കുന്ന അഴിമതിയെന്ന മാരക വിപത്തിനെക്കുറിച്ചാണ് കഴിഞ്ഞ തവണ ഞാൻ എന്റെ ബ്‌ളോഗിലെഴുതിയത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ജനങ്ങളുടെ സമാധാന ജീവിതം നശിപ്പിച്ച് ഗറില്ലാ സമരത്തിലൂടെ ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിക്കാൻ ശ്രമിക്കുന്ന മാവോയിസ്റ്റ് തീവ്രവാദം ഉയർത്തുന്ന ആശങ്കകളോടൊപ്പം മാതാ പിതാക്കളിൽ നിന്ന് വേർപെട്ട് അവരുടെ സാമീപ്യവും, സ്‌നേഹവും , കരുതലും ലഭിക്കാതെ പോകുന്ന രണ്ടു പാവം പെൺകുട്ടികളുട ജീവിതത്തെക്കുറിച്ചുള്ള വേദനയുമാണ് ഇത്തവണ എന്റെ ബ്‌ളോഗിലൂടെ പങ്കുവയ്കാൻ ഞാനാഗ്രഹിക്കുന്നത്.

മാവോയിസ്റ്റ് നേതാക്കളായ രൂപേഷിന്റെയും , ഷൈനയുടെയും മക്കളായ ആമി, സവേര എന്നിവരെക്കുറിച്ചാണ് രണ്ട് പാവം പെൺകുട്ടികൾ എന്ന് ഞാൻ ഉദ്ദേശിച്ചത്. അവരോട് സ്‌നേഹത്തോടെയും വാൽസല്യത്തോടെയും ചിലത് കൂടി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. മാതാപിതാക്കളുടെ സാമിപ്യവും, സ്‌നേഹവും, പിന്തുണയും ഏറ്റവുമധികം ആവിശ്യമുള്ള പ്രായത്തിൽ നിങ്ങൾക്കത് ലഭിക്കാതെ വരുന്നതിൽ ഞാൻ ദുഃഖിതനാണ്. ഒരു പൊതുപ്രവർത്തകൻ എന്നതിലുപരി രണ്ട് കുട്ടികളുടെ പിതാവ് എന്ന നിലയിൽ നിങ്ങൾ നേരിടുന്ന അതീവ വിഷമകരമായ ഈ അവസ്ഥയെപ്പറ്റി ഞാൻ ബോധവാനും ആശങ്കാകുലനുമാണ്. മാതാപിതാക്കൾ കൈക്കൊള്ളുന്ന തെറ്റായ മാർഗങ്ങൾക്കും, സമീപനങ്ങൾക്കും കുട്ടികളായ നിങ്ങൾ ഒരിക്കലും ഉത്തരവാദികളല്ലന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു. അത് മൂലം ഈ രണ്ട് പെൺകുട്ടികളുടെയും ജീവിതത്തിൽ കരിനിഴൽ വീഴരുതെന്നും ഞാൻ ആഗ്രഹിക്കുന്നു. പൊള്ളയായ പ്രചരണങ്ങളിലും, അസത്യ പ്രഘോഷണങ്ങളിലും നിങ്ങൾ രണ്ടു പെൺകുട്ടികളും വീണു പോകരുത്. വിദ്യാഭ്യാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും, പഠിച്ച് മിടുക്കികളായി സമൂഹത്തിനും, രാജ്യത്തിനും വിലപ്പെട്ട സംഭാവനകൾ നൽകാൻ കഴിയുന്നവരായി നിങ്ങൾ മാറണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും എന്നെ സമീപിക്കാം, നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് എന്നോട് സംസാരിക്കാം. ആയുധങ്ങളുടെയും, ആക്രമങ്ങളുടെയും പാത ആരെയും എവിടെയും കൊണ്ടു ചെന്നെത്തിക്കുകയില്ല. നിങ്ങളുടെ മാതാപിതാക്കൾ നടന്നുപോയ പാതകളെ മഹത്വവൽക്കരിക്കാനും, നിങ്ങൾ രണ്ടുപേരെയും അതുവഴി നയിക്കാനും ഒരു പക്ഷെ ആളുകളുണ്ടായേക്കാം. എന്നാൽ ആ പാത തിരഞ്ഞെടുക്കുകയോ, അതുവഴി ചരിക്കുകയോ ചെയ്യരുത്. നശിപ്പിക്കലല്ല, പടുത്തയർത്തലാണ് മഹത്തായ കർമ്മം, വെറുക്കുന്നതല്ല, സ്‌നേഹിക്കുക എന്നതാണ്മാനവിക ധർമ്മം, അതിലൂടെ മാത്രമ പുതിയൊരു സമൂഹസൃഷ്ടി സാധ്യമാവുകയുള്ളു.

നിരോധിത സംഘടനയായ സി പി എം എൽ മാവോയിസ്റ്റ് ഏങ്ങിനെയാണ് നമ്മുടെ ജനാധിപത്യ സംവിധാനത്തെ തകർക്കാൻ ശ്രമിക്കുന്നതെന്നും, ആ ശ്രമം ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ദുരന്തമായി മാറുന്നതെങ്ങിനെയെന്നും നമുക്ക് പരിശോധിക്കാം.

രൂപേഷിന്റെയും ഷൈനയുടെയും , ഇവരുടെ സഹപ്രവർത്തകരായ ചില മാവോയിസ്റ്റ് പ്രവർത്തകർ എന്നിവരുടെ അറസ്റ്റ് മാവോയിസ്റ്റ് വിരുദ്ധ പോരാട്ടത്തിലെ വഴിയൊരു നാഴികക്കല്ലാണെന്ന വസ്തുത ഞാൻ നേരത്തെ കേരളത്തിലെ പ്രമുഖ അച്ചടി മാദ്ധ്യമങ്ങളിൽ എഴുതിയ ലേഖനത്തിലൂടെ ജനങ്ങളുമായി പങ്കുവച്ചിരുന്നു. കേരളത്തിലെ മാവോയിസ്റ്റ് ഗറില്ലാ പ്രസ്ഥാനങ്ങളുടെ പ്രമുഖ നേതാവായ രൂപേഷിന്റെയും സഹപ്രവർത്തകരുടെയും അറസ്റ്റിലൂടെ പശ്ചിമഘട്ടമേഖലയിൽ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന മാവോയിസ്റ്റ് ഗറില്ലാ സംഘടനയുടെ പ്രവർത്തനത്തെ കാര്യമായി ക്ഷീണിപ്പിക്കുകയും ജനാധിപത്യമാർഗങ്ങളിലൂടെ സമാധാനവും പുരോഗതിയും വികസനവും കാംക്ഷിക്കുന്ന കേരളത്തിലെ വലിയൊരു വിഭാഗം ജനങ്ങളെ സന്തോഷിപ്പിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ മുപ്പത്തഞ്ച് വർഷങ്ങളിൽ മാവോയിസ്റ്റ് ആക്രമണങ്ങൾ മൂലം രാജ്യത്താകമാനം പതിനയ്യായിരം പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ മൂവായിരത്തോളം സുരക്ഷാ ഭടന്മാരും ഉൾപ്പെടുന്നു. 2010 ഫെബ്രുവരിയിൽ പശ്ചിമ ബംഗാളിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള മാവോയിസ്റ്റ് ഗറില്ലകൾ നടത്തിയ ആക്രമണങ്ങളിൽ ഈസ്റ്റേൺ ഫ്രണ്ടിയർ റൈഫിൾസിലെ 24 സുരക്ഷാഭടന്മാരാണ് കൊല്ലപ്പെട്ടത്. കിഷൻജിയെന്ന് പേരിൽ അറിയപ്പെടുന്ന മാവോയിസ്റ്റ് നേതാവാണ് ഈ ആക്രമം സംഘടിപ്പിച്ചത്. 2010 ഏപ്രിൽ 6 ന് ചത്തീസ് ഗഡിൽ 75 സി ആർ പി എഫ് ഭടന്മാരെ പതിയിരുന്നുള്ള ആക്രമണത്തിലൂടെ അവർ വകവരുത്തി. കേന്ദ്ര സർക്കാരിന്റെ നക്‌സൽ വിരുദ്ധ നീക്കമായ ഓപ്പറേഷൻ ഗ്രീൻ ഹണ്ടിന് പ്രതികാരമെന്ന നിലയിലാണ് ഈ കൊടുംക്രൂരത അരങ്ങേറിയത്. 2013 മെയ് 25 ന് ബസ്തർ ജില്ലയിൽ മാവോയിസ്റ്റ് ഭീകരവാദികൾ നടത്തിയ ആക്രമണം മനുഷ്യത്വത്തിന്റെ എല്ലാ സീമകളെയും അതിലംഘിക്കുന്നതായിരുന്നു.

കോൺഗ്രസിന്റെ പ്രമുഖ നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ വിദ്യാചരൺ ശുക്‌ള, പാർട്ടി നേതാക്കളായ മഹേന്ദ്ര കർമ, നന്ദകുമാർ പട്ടേൽ ഉൾപ്പെടെയുള്ള 27 ഓളം പേരെ പതിയിരുന്ന് നടത്തിയ മൃഗീയക്രമണത്തിലൂടെ അവർ കൊലപ്പെടുത്തി. കൊല്ലപ്പെട്ട വിദ്യാചരണൻ ശുക്‌ള ഉൾപ്പെടെയുള്ള നേതാക്കളുമായി എനിക്ക് വളരെ അടുത്ത വ്യക്തി ബന്ധമാണുണ്ടായിരുന്നത്. എന്റെ മനസിനെ അതിയായ വേദനിപ്പിച്ച സംഭവം കൂടിയായിരുന്നു അത്. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര ഭീഷണിയാണ് മാവോയിസ്റ്റുകളുടെ പ്രവർത്തനമെന്ന് പ്രധാനമന്ത്രിയായിരുന്ന മന്മോഹൻ സിങ് വെളിപ്പെടുത്തിയതും ഈ പശ്ചാത്തലത്തിലാണ്. കേരളത്തിൽ എഴുപതുകളിൽ ശക്തിപ്രാപിച്ച മാവോയിസ്റ്റ് പ്രവർത്തനത്തെ തുടച്ച് നീക്കാൻ കഴിഞ്ഞത് അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന ലീഡർ കെ കരുണാകന്റെ ശക്തവും, തന്ത്രപരവുമായ നീക്കങ്ങളിലൂടെയായിരുന്നു. മാവോയിസ്റ്റ് ഭീഷണിയുടെ രൗദ്രത കേരളീയർക്ക് അത്ര കണ്ട് അനുഭവപ്പെടാതെ പോയത് ഇത് മൂലമാണ്.

കഴിഞ്ഞ ദിവസം മാവോയിസ്റ്റുകൾ എന്ന് പറയപ്പെടുന്ന ചില കേന്ദ്രങ്ങളിൽ നിന്ന് ആഭ്യന്തര മന്ത്രിക്കുള്ള മറുപടി എന്ന പേരിൽ ചില ഊമക്കത്തുകൾ പ്രചരിപ്പിക്കുന്നതായി മാദ്ധ്യമങ്ങളിൽ നിന്ന് മനസിലാക്കാൻ കഴിഞ്ഞു.
തങ്ങൾ ഇപ്പോഴും പ്രവർത്തനം തുടരുന്നുണ്ട് എന്ന അവകാശ വാദത്തോടെയാണ് മാവോയിസ്റ്റ് ഗറില്ലകളുടേത് എന്ന പേരിൽ മാദ്ധ്യമങ്ങൾക്ക് ഇത്തരമൊരു കത്ത് ലഭിച്ചതെന്ന് ഞാൻ മനസിലാക്കുന്നു. എറണാകുളത്തെ നിറ്റാ ജലാറ്റിൻ, പാലക്കാട്ടെ കെ എഫ് സി ഔട്ട്‌ലെറ്റ് എന്നിവക്ക് നേരെ നടന്ന ആക്രമണങ്ങളിലെ പ്രതികൾ പിടിക്കപ്പെടുകയും, കോയമ്പത്തൂരിൽ രൂപേഷിന്റെ നേതൃത്വത്തിലുള്ളസംഘം പൊലീസിന്റെ വലയിലാവുകയും ചെയ്തതോടെ കേരളത്തിലെ മാവോയിസ്റ്റ് ഭീഷണി അതിന്റെ അന്ത്യത്തോട് അടുക്കുകയാണെന്ന വസ്തുത മറച്ച് വച്ചു കൊണ്ടുള്ള വ്യാജപ്രചരണമാണിതെന്ന് ഉറപ്പിച്ച് പറയാൻ കഴിയും. ഇവരുടെ അറസ്റ്റിന് ശേഷം കേരളത്തിൽ കാര്യമായ യാതൊരു മാവോയിസ്റ്റ് പ്രവർത്തനവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്ന് മാത്രമല്ല അവരോട് അനുഭാവം പുലർത്തിയിരുന്ന പലരും നിശബ്ദരാവുകയും ചെയ്തു. പരിസ്ഥിതി മനുഷ്യാവകാശ സംഘടനകളുടെ കുപ്പായമണിഞ്ഞ് കേരളീയ സമൂഹത്തിൽ നുഴഞ്ഞ് കയറി, അസ്വസ്ഥതകൾ സൃഷ്ടിക്കാനുള്ള മാവോയിസ്റ്റ് തന്ത്രത്തെ അതീവ ജാഗ്രതതയോടെ തന്നെ സംസ്ഥാന ആഭ്യന്തര വകുപ്പ് നേരിട്ടത്. ആദിവാസി മേഖലകളിലെ പിന്നോക്കാവസ്ഥ ചൂഷണം ചെയ്ത് ചുവടുറപ്പിക്കാനുള്ള ശ്രമത്തെ ആ മേഖലകളിൽ വികസനത്തിന്റെ പുത്തൻ വഴിത്താരകൾ വെട്ടിത്തുറന്ന് കൊണ്ട് ചെറുത്ത് തോൽപ്പിക്കാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞു. സെക്രട്ടറിയേറ്റ് നടയിലെ നിൽപ്പ് സമരവേദിയിൽ ആദിവാസികൾ ഉയർത്തിയ എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരം കാണാൻ സർക്കാരിന് കഴിഞ്ഞു. അക്രമത്തിലേക്ക് വഴിതുറക്കാതെ, ഒരു തുള്ള രക്തം പോലും തെരുവിൽ വീഴാതെ ആദിവാസികളുടെ ആവിശ്യങ്ങൾ മുഴുവൻ സർക്കാർ അംഗീകരിക്കുകയും, അവരെ പുതിയ പ്രഭാതത്തിലേക്കും, വെളിച്ചത്തിലേക്കും ആനയിക്കുകയും ചെയ്തു. പട്ടിക ജാതി മേഖലയുടെ വികസനത്തിനും, അവിടെ അധിവസിക്കുന്ന ആദിവാസി ജനതയുടെ ഉന്നമനത്തിനുമായി പതിനാറ് സുപ്രധാന തിരുമാനങ്ങളാണ് യു ഡി എഫ് സർക്കാർ കൈക്കൊണ്ടിട്ടുള്ളത്. 2001 ൽ എ കെ ആന്റണി സർക്കാർ തുടക്കമിട്ട ആദിവാസി പുനരധിവാസ പദ്ധതി പുനരുജ്ജീവിപ്പിച്ച് 7693.2257 ഹെക്ടർ നിക്ഷിപ്ത വനഭൂമി ആദിവാസികൾക്ക് പതിച്ചു നൽകാനുള്ള നിർദേശമാണ് അതിൽ പ്രധാനപ്പെട്ടത്. കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് ഭൂരഹിത പട്ടിക വർഗക്കാർക്ക് വിതരണം ചെയ്യുന്നതിന് അനുവദിച്ച ഈ ഭൂമിയിൽ വാസയോഗ്യവും,കൃഷിയോഗ്യവുമായ ഭൂമി കണ്ടെത്താൻ സർക്കാർ പ്രതിനിധികളും, പട്ടിക വർഗ സംഘടനകളുടെ പ്രതിനിധികളും ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിച്ച് സംയുക്ത പരിശോധന നടത്താനുള്ള നിർദേശമാണ് മറ്റൊന്ന്.കേരളത്തിലെ ആദിവാസി ഊര് ഭൂമികളെ പട്ടികവർഗമേഖലയിൽ ഉൾപ്പെടുത്തുന്ന പെസ(1996)നിയമം നടപ്പിലാക്കാനുള്ള തിരുമാനവും ഇതിൽ പ്രധാനപ്പെട്ടതാണ്. ഇതിന്റെ കരട് സമയബന്ധിതമായി തെയ്യാറാക്കാൻ ഒരു വിദഗ്ധ സമിതിയേയും സർക്കാർ ചുമതലപ്പെടുത്തും. അട്ടപ്പാടിയിൽ പരമാവധി അഞ്ച് ഏക്കർ വരെ ഭൂരഹിത പട്ടിക വർഗ കുടുംബത്തിന് നൽകും. അതോടൊപ്പം അട്ടപ്പാടിയെ സമഗ്ര കാർഷികമേഖലയാക്കാനും, ആറളത്തെ ജൈവമേഖലയാക്കാനും, ആദിവാസി പുനരധിവാസ മിഷൻ പുനഃസ്ഥാപിച്ച് അതിന് നേതൃത്വം നൽകാൻ മിഷൻ ചീഫിനെ നിയോഗിക്കുക , ആറളത്ത് പ്രൈമറി സ്‌കൂളും, ഐ ടി സി യും സ്ഥാപിക്കുക തുടങ്ങിയ കാര്യങ്ങളും നടപ്പിലാക്കുന്നതിന് വേണ്ട മാർഗ നിർദേശങ്ങൾ സർക്കാർ സ്വരൂപിച്ചിട്ടുണ്ട്. ആദിവാസി സംഘടനകളെല്ലാം തന്നെ ഈ ശ്രമങ്ങളെ സ്വാഗതം ചെയ്യുകയും, സർക്കാരിനൊപ്പം തോളോട് തോൾ ചേർന്ന് അവരുടെ ആവിശ്യങ്ങളുടെയും ആഗ്രങ്ങളുടെയും സാക്ഷാൽക്കാരത്തിനായി പരിശ്രമിക്കുകയും ചെയ്യുന്നു. ഞാൻ കെ പി സി സി പ്രസിഡന്റായിരുന്ന കാലയളവിൽ 2012 ജൂൺ 6,7 തീയതികളിൽ അട്ടപ്പാടിയിലെ മേലെമുള്ളിയിലും 2013 ലെ പുതുവർഷത്തിൽ അട്ടപ്പാടിയിലെ തന്നെ ആനവായിലെയും ആദിവാസി ഊരുകൾ സന്ദർശിച്ച്, അവിടെ തന്നെ താമസിച്ച്, അവരുടെ ഭക്ഷണം കഴിച്ച് അവരുമായി ആശയവിനിമയും നടത്തുകയും, പരാതികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. തുടർന്ന് അവരുടെ പരാതികളും, ആവിശ്യങ്ങളും അടങ്ങുന്ന ഒരു റിപ്പോർട്ട് സംസ്ഥാന സർക്കാരിന് സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ ഒട്ടേറെ പദ്ധതികൾ നടപ്പിലാക്കുകയുണ്ടായി. അതോടൊപ്പം ഡോ. ഇന്ദുചൂഡനെ പദ്ധതികൾ എകോപിപ്പിക്കുന്നിതിനുള്ള നോഡൽ ഓഫീസറായി സർക്കാർ നിയമിക്കുകയും ചെയ്തു. മാവോയിസ്റ്റാകുന്നത് കുറ്റകരമല്ലെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകിട്ടുണ്ട്. അതോടൊപ്പം തന്നെ എല്ലാ ജില്ലകളിലെയും ആദിവാസി മേഖലകൾ സന്ദർശിച്ച് ഓരോ മാസവും റിപ്പോർട്ട് നൽകാൻ ഞാൻ എസ് പി മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആദിവാസികൾ നേരിടുന്ന പ്രശ്‌നങ്ങളെ മനസിലാക്കാനും പരിഹരിക്കാനും 14 മേഖലകളായി തിരിച്ച് മുതിർന്ന ഐ എ എസ്, ഐ പി എസ് ഉദ്യോഗസ്ഥർക്ക് ചുമതല നൽകിട്ടുണ്ട്.

ഈ കഴിഞ്ഞ പുതുവർഷദിനത്തിലും ഞാൻ കുടുംബ സമേതം വയനാട്ടിലെ ആദിവാസി ഊരുകൾ സന്ദർശിക്കുകയും അവരോടൊപ്പം കഴിയുകയും, ആശയവിനിമയം നടത്തുകയുമുണ്ടായി. ആദിവാസിമേഖലയിൽ ചുവടുറപ്പിക്കാനും, അവരെ ആയുധം ധരിപ്പിച്ച് നിത്യ ദുരിതങ്ങളിലേക്കും തള്ളിവിടാനും മാവോയിസ്റ്റുകൾ ശ്രമിച്ചപ്പോൾ ഒറ്റ ആദിവാസി സംഘടനയും അവർക്ക് പിന്തുണ നൽകാനോ, അവരോട് സഹാനുഭൂതി പ്രകടിപ്പിക്കാനോ ഉണ്ടായില്ലെന്നോർക്കണം. അങ്ങിനെ നൂറു ശതമാനവും പരാജിതരായ ആക്രമകാരികളുടെ ജൽപ്പനമായേ ഞങ്ങൾ ഇപ്പോഴുമുണ്ടെന്ന തരത്തിലുള്ള ഊമക്കത്തുകളെ നോക്കിക്കാണാൻ കഴിയൂ. എ കെ നാൽപ്പത്തേഴ് തോക്കുകൾ പോലുള്ള മാരകായുധങ്ങളും, സ്‌ഫോടക വസ്തുക്കളുമായി ആദിവാസി സമൂഹത്തെ സമുദ്ധരിക്കാൻ ഇറങ്ങിപ്പുറപ്പെട്ട മാവോയിസ്റ്റുകൾക്ക് ആദിവാസികളുൾപ്പെടെയുള്ള വലിയൊരു ജനവിഭാഗത്തിന്റെ ജനാധിപത്യ ബോധത്തിന് മുന്നിൽ പരാജയപ്പെട്ടു എന്നതാണ് സത്യം. ആഭ്യന്തര മന്ത്രിക്കുള്ള മറുപടി എന്ന പേരിൽ മാദ്ധ്യമങ്ങൾക്ക് ലഭിച്ച കത്തിൽ അക്രമകൾക്കുണ്ടായ ഇക്കാര്യത്തിലുണ്ടായ ഇളിഭ്യത വായിച്ചെടുക്കാം.

എന്നാൽ ആദിവാസി മേഖലകളിൽ അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സർക്കാർ സംവിധാനങ്ങളെ പൂർണമായും ഇല്ലായ്മയ ചെയ്ത് അവരെ വികസന രാഹിത്യത്തിൽ കുടുക്കിയിടാനുള്ള തന്ത്രമാണ് മാവോയിസ്റ്റുകൾ മെനഞ്ഞത് എന്നാൽ കേരളത്തിൽ അവർ പൂർണമായി പരാജയപ്പെടുകയാണുണ്ടായത്.

കേരളത്തിന്റെ മണ്ണിൽ നിന്ന് മാവോയിസ്റ്റ് ഭീഷണിയെ പൂർണമായും തുടച്ച് നീക്കാൻ ആഭ്യന്തര വകുപ്പ് പ്രതിജ്ഞാ ബദ്ധമാണെന്ന് ആവർത്തിച്ച് വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഏറ്റ് മുട്ടലുകളിലൂടെ ആരെയെങ്കിലും ഇല്ലാതാക്കുക എന്നത് കേരളത്തിലെ പൊലീസ് സംവിധാനത്തിന്റെ ലക്ഷ്യമല്ല. ആരുടെയും മനുഷ്യവകാശം ലംഘിക്കുകയോ, സമാധാനപൂർണമായ പ്രതിഷേധങ്ങളുടെ വായ്മൂടിക്കെട്ടുകയോ ചെയ്യുന്നത് യു ഡി എഫ് സർക്കാരിന്റെ നയമല്ല. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന ഉത്തരവാദിത്വപ്പെട്ട മന്ത്രി എന്ന നിലയിൽ എന്റെ കടമകളും , ഉത്തരവാദിത്വങ്ങളും നിറവേറ്റിയെ മതിയാകൂ. അതിന് എന്നെ അനുവദിക്കണമെന്നും, വിധ്വംസക പ്രവർത്തനങ്ങളിൽ നിന്ന് നിങ്ങൾ പിൻവാങ്ങമെന്നുമുള്ള ആഭ്യർത്ഥനയുമാണ് എനിക്ക് മുന്നോട്ട് വയ്കാനുള്ളത്. പൊലീസ് സ്റ്റേഷനിൽ സത്യഗ്രഹമിരിക്കുമെന്ന് മാവോയിസ്റ്റ് നേതാവ് രൂപേഷ് പറഞ്ഞതായി മാദ്ധ്യമങ്ങിലൂടെ അറഞ്ഞു. എ കെ നാൽപ്പത്തേഴിന് പകരം സമാധാനപൂർണമായ പ്രതിഷേധവഴികൾ തിരഞ്ഞെടുക്കാനുള്ള ഈ മനസ്ഥിതി സ്വാഗതാർഹമാണ്.

ആയുധം കൊണ്ട് മാവോയിസ്റ്റ് ഭീഷണി അടിച്ചമർത്താമെന്ന വ്യാമോഹമൊന്നും സർക്കാരിനില്ല, ചർച്ചയുടെയും സമാധാനത്തിന്റെയും വഴികളിലൂടെയായിരിക്കണം എല്ലാ പ്രശ്‌നങ്ങൾക്കും പരാതികൾക്കും പ്രതിസന്ധികൾക്കും പരിഹാരമുണ്ടാകേണ്ടത്. ആ വഴിയിലേക്ക് കടന്നുവരാനും, ആയുധങ്ങളും, അക്രമങ്ങളും ഉപേക്ഷിച്ചു കൊണ്ട് പുതിയ സമൂഹ നിർമ്മിതിക്കായി പ്രവർത്തിക്കാനും ഞാൻ ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു.

രമേശ് ചെന്നിത്തല
സംസ്ഥാന ആഭ്യന്തര മന്ത്രി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP