Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓപ്പറേഷൻ സുലൈമാനി രാഷ്ട്രീയക്കാർക്ക് പിടിച്ചില്ല; ഫോൺ വിളിച്ചാൽ എടുക്കാത്ത കളക്ടറെ വേണ്ടെന്നു ഡിസിസി പ്രസിഡന്റ്; തിരിച്ചടിച്ച് കോഴിക്കോട് കളക്ടർ പ്രശാന്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

ഓപ്പറേഷൻ സുലൈമാനി രാഷ്ട്രീയക്കാർക്ക് പിടിച്ചില്ല; ഫോൺ വിളിച്ചാൽ എടുക്കാത്ത കളക്ടറെ വേണ്ടെന്നു ഡിസിസി പ്രസിഡന്റ്; തിരിച്ചടിച്ച് കോഴിക്കോട് കളക്ടർ പ്രശാന്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

മറുനാടൻ മലയാളി ബ്യൂറോ

 കോഴിക്കോട്: കോഴിക്കോട് കളക്ടർ പ്രശാന്ത് നായർക്കെതിരെ ജില്ലയിലെ കോൺഗ്രസ് നേതാക്കൾ രംഗത്ത്. കളക്ടറെ തൽസ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് കോൺഗ്രസ് നേതാക്കളുടെ ആവശ്യം. ഡിസിസി പ്രസിഡന്റ് കെ.സി അബുവും എം.കെ രാഘവൻ എംപിയും ആവശ്യപ്പെട്ടു.

കെപിസിസി നിർവാഹക സമിതി യോഗത്തിലാണ് ഇവർ ഇക്കാര്യം ആവശ്യപ്പെട്ടത്.

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനായാണ് പ്രശാന്തിനെ അറിയപ്പെടുന്നത്. അതുകൊണ്ട് കൂടിയാണ് പ്രശാന്തിനെതിരെ എ ഗ്രൂപ്പ് നേതാക്കൾ രംഗത്ത് വരുന്നതെന്നാണ് സൂചന.

എന്നാൽ, തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെ പരിഹാസരൂപേണയാണ് കളക്ടർ പ്രശാന്ത് നേരിട്ടത്. 'പടച്ചോനേ.... എന്നിറ്റും ഞമ്മള് ഫോൺ എടുക്കൂല്ലാന്നും, തിരിച്ച് ബിളിക്കൂല്ലാന്നും ഞമ്മടെ കെട്ട്യോളും കുട്ട്യോളും പറഞിക്കണ്..' എന്ന് കോഴിക്കോട് ഭാഷയിൽ തന്നെ മറുപടി ഫേസ്‌ബുക്കിലാണ് കളക്ടർ പോസ്റ്റു ചെയ്തത്.

ഇതിനൊപ്പം എസ്എംഎസ് അയച്ച് പരാതിപ്പെട്ട ഒരാളുടെ പരാതി ഞൊടിയിടയിൽ പരിഹരിച്ച സംഭവവും കളക്ടർ അറ്റാച്ച് ചെയ്തിട്ടുണ്ട്. സ്വപ്‌ന മനോജ് എന്ന യുവതിയുടെ ഫേസ്‌ബുക്ക് പോസ്റ്റിലാണ് അമിത വേഗത്തിൽ പാഞ്ഞ സ്വകാര്യ ബസിനെതിരെ കളക്ടറുടെ അടിയന്തര നടപടിയുടെ കാര്യം സൂചിപ്പിച്ചിട്ടുള്ളതും. വിവരമുള്ളവരോടും ജനകീയനാകുന്നവരോടുമുള്ള ചിലരുടെ എതിർപ്പാണ് ഇപ്പോൾ ഉയർന്ന വിവാദങ്ങൾക്കു പിന്നിലെന്നാണ് കളക്ടറെ അനുകൂലിക്കുന്നവർ പറയുന്നത്.

I was coming back from Calicut to Kuttippuram on 6th of july in a FP - Vinayaka (Bus No : KL08BC9595) from the calicut...

Posted by Swapna Manoj on Wednesday, July 8, 2015

പ്രശാന്തിനെ ജില്ലാ കളക്ടർ സ്ഥാനത്ത് നിന്ന് മാറ്റി പകരം മറ്റാരെയെങ്കിലും കളക്ടറായി നിയമിക്കണമെന്നാണ് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ.സി അബു ആവശ്യപ്പെട്ടത്. കളക്ടറെ വിളിച്ചാൽ ഫോണിൽ കിട്ടില്ലെന്നതാണ് കെ.സി അബുവിന്റെ പരാതി. വിളിച്ചാൽ കളക്ടർ ഫോൺ എടുക്കില്ല. എം.കെ രാഘവൻ എംപിക്കും ഇതേ അഭിപ്രായമാണെന്നും കെ.സി അബു നിർവാഹകസമിതി യോഗത്തെ അറിയിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ മുൻ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട് കളക്ടർ പ്രശാന്ത്. ആഭ്യന്തരമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ഇരുന്നോട്ടെ. എന്നാലും കോഴിക്കോടിന് ഇത്തരമൊരു കളക്ടർ വേണ്ടെന്നാണ് കെ.സി അബു യോഗത്തിൽ നിലപാടെടുത്തത്.

ഫേസ്‌ബുക്കിലും വാട്‌സ് ആപ്പിലും അക്കൗണ്ട് തുറന്ന് കലക്ടർ ഷൈൻ ചെയ്യുകയാണെന്നാണ് അബുവിന്റെ പരാതി. കലക്ടർ സിപിഎമ്മിന്റെ ചട്ടുകമായി പ്രവർത്തിക്കുകയാണെന്നും അബു പറഞ്ഞു. ഇതു തന്റെ മാത്രം അഭിപ്രായം അല്ലെന്നും എം.കെ രാഘവൻ എംപിയോട് ചോദിച്ചാൽ മതിയെന്നും അദ്ദേഹം യോഗത്തിൽ തുറന്നടിച്ചു. യോഗത്തിൽ ഇക്കാര്യം പറയാൻ രാഘവൻ തന്നെ പ്രത്യേകം ഏൽപിച്ചിട്ടുണ്ടെന്നും അബു വെളിപ്പെടുത്തി.

കോഴിക്കോട് കലക്ടർ പ്രശാന്ത് ഫോൺ വിളിച്ചാൽ എടുക്കുന്നില്ല. ഈ വയസ്സു കാലത്ത് വാട്ട്‌സ്അപ്പിലും ഫേസ്‌ബുക്കിലും ഒന്നും പോകാൻ എനിക്ക് പറ്റില്ല. കടുത്ത കമ്മ്യൂണിസ്റ്റാണ് കലക്ടർ. ഇദ്ദേഹത്തെ വച്ച് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മുന്നോട്ടു പോകാൻ പറ്റില്‌ളെന്നും അബു പറഞ്ഞു. മുമ്പ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന ആളല്ലേ കലക്ടർ എന്ന് കെപിസിസി അംഗങ്ങളിൽ നിന്ന് ചോദ്യം വന്നപ്പോഴാണ് ഇതു തന്റെ മാത്രം അഭിപ്രായമല്ലെന്നു അബു പറഞ്ഞത്. ആഭ്യന്തര മന്ത്രിയുടെ ഓഫീസിൽ ഉണ്ടായിരുന്നപ്പോൾ പരാതികൾ ഇല്ലായിരുന്നെന്നും ഓഫീസ് ഭരണം മെച്ചപ്പെട്ടിരുന്നുവെന്നും കമന്റുകൾ ഉയർന്നു.

ചാർജെടുത്ത് ചുരുങ്ങിയ കാലംകൊണ്ട് മികച്ച കളക്ടറെന്ന് പേരെടുത്തയാളാണ് പ്രശാന്ത്. ഓപ്പറേഷൻ സുലൈമാനി, ഫേസ്‌ബുക്കിൽ കോഴിക്കോട് ജില്ലക്കായി പ്രത്യേകം പേജ് എന്നിവയിലൂടെ സോഷ്യൽ മീഡിയയിൽ പ്രശാന്ത് വൻ തരംഗമായിരുന്നു. ജില്ലാഭരണ കൂടങ്ങളുടെ ഫേസ്‌ബുക്ക് പേജുകളിൽ രാജ്യത്ത് തന്നെ ഏറ്റവുമധികം ഹിറ്റും ഫോളോവേഴ്‌സും ഉള്ള പേജാണ് കോഴിക്കോട് ജില്ലയുടേത്. ചുരുങ്ങിയ കാലം കൊണ്ട് ജനപ്രതിനിധികളേക്കാൾ ജനകീയനായി പ്രശാന്ത് മാറിയിരുന്നു. ഇതിൽ കോൺഗ്രസിലെ എ വിഭാഗത്തിന് അമർഷവുമുണ്ടായി. ജനപ്രതിനിധികളോട് പോലും ആലോചിക്കാതെ കളക്ടർ സ്വന്തം നിലയ്ക്ക് പ്രഖ്യാപനങ്ങൾ നടത്തുന്നതായാണ് വിമർശനം.

ആഭ്യന്തര മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരിക്കെ ഏറെ പ്രശംസ നേടിയ പ്രവർത്തനമാണ് പ്രശാന്ത് നടത്തിയത്. ആഭ്യന്തര വകുപ്പിലെ രാഷ്ട്രീയ ഇടപെടലും കുറഞ്ഞു. എന്നാൽ ഐഎഎസുകാരനായ വ്യക്തി നിശ്ചിത കാലം കളക്ടറായി പ്രവർത്തിക്കണമെന്ന് ചട്ടമുണ്ട്. അല്ലാത്ത പക്ഷം പ്രൊമോഷനുകളെ ബാധിക്കും. ഈ സാഹചര്യത്തിലാണ് ചെന്നിത്തലയുടെ അനുവാദത്തോടെ കളക്ടറായി പ്രശാന്ത് കോഴിക്കോട് എത്തിയത്. ആഭ്യന്തരമന്ത്രിയുടെ ഇടപെടൽ തന്നെയാണ് പ്രധാന ജില്ലയുടെ തലപ്പത്ത് പ്രശാന്തിനെ എത്തിച്ചതും. എന്നാൽ കോഴിക്കോട് പ്രശാന്ത് എത്തിയതോടെ രാഷ്ട്രീയക്കാർ വെട്ടിലായി.

പരാതിക്കാർ പോലും ജനപ്രതിനിധികളെ ഒഴിവാക്കി പ്രശാന്തിനെ കാണുന്ന സ്ഥിതി വന്നു. ഇതിനൊപ്പമാണ് ഓപ്പറേഷൻ സുലൈമാനി പോലുള്ള പദ്ധതികൾ വൻ വിജയമായത്. ഇതോടെ പ്രശാന്തായി കോഴിക്കോട്ടെ താരം. രാഷ്ട്രീയക്കാരുടെ പതിവ് ശുപാർശകൾ കളക്ടർ അവഗണിക്കുകയും ചെയ്തതോടെ കാര്യങ്ങൾ വഷളായി. നിയമം വിട്ടൊന്നും ചെയ്യില്ലെന്ന് പലരോടും പ്രശാന്ത് സൂചിപ്പിക്കുകയും ചെയ്തു. ഇതോടെയാണ് കോൺഗ്രസിലെ എ വിഭാഗം പ്രശാന്തിനെതിരെ നീക്കം ശക്തമാക്കിയത്. കോഴിക്കോട്ട് പ്രശാന്തിനെ കളക്ടറാക്കിയതിൽ മുസ്ലിം ലീഗും തൃപ്തരായിരുന്നില്ല.

ലീഗിനോട് ആലോചിക്കാതെയാണ് പ്രശാന്തിനെ കോഴിക്കോട് കളക്ടറാക്കിയത്. മുസ്ലിം ലീഗിലെ വമ്പന്മാരെ കുടുക്കാനായി രമേശ് ചെന്നിത്തല നടത്തിയ നീക്കമായി ഇതിനെ വ്യാഖ്യാനിക്കുകയും ചെയ്തിരുന്നു. ഓപ്പറേഷൻ സുലൈമാനി പോലൊരു പദ്ധതി ആരോടും ആലോചിക്കാതെ സ്വന്തം നിലയ്ക്ക് നടപ്പാക്കിയതോടെ ശത്രുക്കളും കൂടി. ഇതാണ് എംപിയുടേയും ഡിസിസി പ്രസിഡന്റിന്റേയും വിമർശനത്തിലേക്ക് കാര്യങ്ങളെത്തിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP