Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മദനിക്ക് നീതി നിഷേധിക്കുന്നതിൽ ഒടുവിൽ സുപ്രീംകോടതിക്കും സഹികെട്ടു; ബംഗളൂരു സ്‌ഫോടനക്കേസിൽ വിചാരണ വൈകുന്നതിൽ അതൃപ്തി; പ്രത്യേക കോടതി രൂപീകരിക്കുന്നതിൽ തടസമെന്തെന്ന് ചോദ്യം? രണ്ടാഴ്ചയ്ക്കകം കർണ്ണാടക നിലപാട് അറിയിക്കണം

മദനിക്ക് നീതി നിഷേധിക്കുന്നതിൽ ഒടുവിൽ സുപ്രീംകോടതിക്കും സഹികെട്ടു; ബംഗളൂരു സ്‌ഫോടനക്കേസിൽ വിചാരണ വൈകുന്നതിൽ അതൃപ്തി; പ്രത്യേക കോടതി രൂപീകരിക്കുന്നതിൽ തടസമെന്തെന്ന് ചോദ്യം? രണ്ടാഴ്ചയ്ക്കകം കർണ്ണാടക നിലപാട് അറിയിക്കണം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പിഡിപി നേതാവ് അബ്ദുൾ നാസർ മദനി അടക്കമുള്ളവർ പ്രതികളായ ബംഗളൂരു സ്‌ഫോടന കേസിലെ വിചാരണ നടപടികൾ വൈകുന്നതിൽ കർണ്ണാടക സർക്കാറിന് സുപ്രീംകോടതിയുടെ വിമർശനം. പ്രത്യേക കോടതി രൂപീകരിക്കുന്നതിൽ തടസം എന്താണെന്ന് വ്യക്തമാക്കണമെന്ന് സുപ്രീംകോടതി കർണ്ണാടക സർക്കാറിനോട് ആവശ്യപ്പെട്ടു.

കർണാടക സർക്കാരിനെ കടുത്ത ഭാഷയിലാണ് കോടതി വിമർശിച്ചത്. വിചാരണ പെട്ടെന്ന് പൂർത്തിയാക്കാൻ പ്രത്യേക കോടതി രൂപീകരിക്കുന്ന കാര്യത്തിൽ എന്തുതീരുമാനം എടുത്തെന്ന് കോടതി ചോദിച്ചു. ഇക്കാര്യം അറിയിക്കാൻ സർക്കാരിന് രണ്ടാഴ്ച സമയം നൽകി. കേസ് രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് പി. ഡി.പി നേതാവ് അബ്ദുൾനാസർ മദനി നൽകിയ ഹർജിയാണ് സുപ്രീം കോടതി ഇന്ന് പരിഗണിച്ചത്. വിചാരണ പരപ്പന അഗ്രഹാര ജയിലിലെ കോടതിയിലേക്ക് മാറ്റണമെന്നാണ് മദനി ആവശ്യപ്പെട്ടിരിക്കുന്നത്.

ബംഗളൂരു അഡീഷണൽ സിറ്റി സിവിൽ ജഡ്ജി 49ാം നമ്പർ കോടതിയിൽ വിചാരണ വൈകുന്നുവെന്ന് സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ മദനി കുറ്റപ്പെടുത്തി. വിചാരണ പൂർത്തിയാക്കാൻ രണ്ടുകൊല്ലം വേണ്ടിവരുമെന്ന് കർണാടക ഹൈക്കോടതിയെ വിചാരണക്കോടതി അറിയിച്ചിരിക്കുകയാണ്. മദനി പ്രതിയായ ബംഗലൂരു സ്‌ഫോടന കേസിന്റെ വിചാരണ പൂർത്തിയാക്കാൻ രണ്ട് വർഷത്തെ സമയം വേണമെന്ന് വിചാരണ കോടതി വ്യക്തമാക്കിയരുന്നു. ഇക്കാര്യം അറിയിച്ച് വിചാരണ കോടതി കർണാടക ഹൈക്കോടതിക്ക് കത്തുനൽകി. വിചാരണ കോടതി ജഡ്ജിയുടെ കത്ത് ഹൈക്കോടതി സുപ്രീംകോടതിക്ക് അയച്ചു. ഈ സാഹചര്യത്തിലാണ് വിമർശനം.

ബംഗലൂരു സ്‌ഫോടന കേസിന്റെ വിചാരണ നാല് മാസത്തിനുള്ളിൽ പൂർത്തിയാക്കാനാകുമെന്നാണ് മഅദനിയുടെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് കർണാടക സർക്കാർ നേരത്തെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. അതിന് വിരുദ്ധമായ അഭിപ്രായാണ് വിചാരണ കോടതി നേരിട്ട് മേൽക്കോടതികളെ അറിയിച്ചിരിക്കുന്നത്. ചികിത്സക്കായി മദനിക്ക് സുപ്രീംകോടതി നൽകിയ ജാമ്യം ഇപ്പോഴും തുടരുകയാണ്. വിചാരണ വീണ്ടും നീട്ടിക്കൊണ്ടുപോകാനും ബംഗളൂരുവിൽ തളച്ചിടാനും കർണാടക സർക്കാർ നടത്തുന്ന നീക്കം ചോദ്യം ചെയ്താണ് പി.ഡി.പി ചെയർമാൻ മദനി സുപ്രീംകോടതിയെ സമീപിച്ചത്.

ചികിത്സക്കായി മദനിക്ക് സുപ്രീംകോടതി നൽകിയ ജാമ്യം ഇപ്പോഴും തുടരുകയാണ്. ഇതിനിടെ മദനിയുടെ ജാമ്യവ്യവസ്ഥയിൽ സുപ്രീംകോടതി ഇളവ് അനുവദിച്ചിരുന്നുു. അസുഖമായി കിടക്കുന്ന അമ്മയെ കാണാൻ കേരളത്തിലേക്ക് പോകാനാണ് അനുമതി. അഞ്ച് ദിവസത്തേക്കാണ് ഇളവ് നൽകിയത്. പിന്നീട് വീണ്ടും ബംഗളുരുവിലെത്തി. ഈ സാഹചര്യത്തിൽ വിചാരണ വീണ്ടും നീട്ടിക്കൊണ്ടുപോകാനും ബംഗളൂരുവിൽ തളച്ചിടാനും കർണാടക സർക്കാർ നടത്തുന്ന നീക്കം ചോദ്യം ചെയ്താണ് പി.ഡി.പി ചെയർമാൻ മദനി സുപ്രീംകോടതിയെ സമീപിച്ചത്. ചില സാക്ഷികളെ വിസ്താരത്തിനായി വീണ്ടും തിരിച്ചുവിളിക്കാൻ കർണാടക സർക്കാർ ശ്രമിക്കുന്നത് ഇതിന്റെ ഭാഗമായിട്ടാണെന്ന് മദനി ബോധിപ്പിച്ചു.

വിചാരണകോടതി മാറ്റിയതാണ് പ്രശ്‌നങ്ങൾക്ക് കാരണം. വിചാരണകോടതി അഞ്ച് വർഷമെടുത്ത് വിചാരണ പൂർത്തിയാക്കുന്ന സമയത്തായിരുന്നു മാറ്റം. ഇതിലൂടെ വീണ്ടും വിചാരണ നടത്തേണ്ട അവസ്ഥയുണ്ടായി. ഇത് കേസ് നീട്ടികൊണ്ട് പോകാനുള്ള തന്ത്രമാണെന്നാണ് മദനിയുടെ പക്ഷം. 2010 ജൂലൈ 11ന് അറസ്റ്റിലായത് മുതൽ വിചാരണ തടവുകാരനായി കഴിഞ്ഞ മദനിയുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.

ബംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലെ സിറ്റി സിവിൽ ജഡ്ജിക്ക് മുമ്പാകെയുള്ള വിചാരണ തീരുന്നത് വരെ എന്നായിരുന്നു കഴിഞ്ഞ നവംബർ 14ന് ജാമ്യം അനുവദിക്കുമ്പോൾ സുപ്രീംകോടതി പറഞ്ഞിരുന്നത്. നാലു മാസത്തിനകം വിചാരണ തീർക്കാമെന്ന് സർക്കാർ അന്ന് സുപ്രീംകോടതിക്ക് ഉറപ്പുനൽകി. അത് മറികടക്കാനാണ് കേസ് എൻ.ഐ.എ കോടതിയിലേക്ക് മാറ്റിയത്. ബംഗളുരുവിൽ ഒരു വർഷം മുമ്പ് പ്രത്യേക കോടതി പ്രവർത്തിച്ചുതുടങ്ങിയ ശേഷമായിരുന്നു തീരുമാനം.

1998ലെ കോയമ്പത്തൂർ ബോംബ് സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ഒൻപതു വർഷം വിചാരണത്തടവുകാരനായി തമിഴ്‌നാട്ടിൽ ജയിലിൽ മദനി കഴിഞ്ഞു. 2007 ഓഗസ്റ്റ് 1ന് ഈ കേസിൽ കുറ്റക്കാരനല്ലെന്നു കണ്ട് പ്രത്യേക കോടതി വെറുതേ വിട്ടു. ഇപ്പോൾ 2008 ജൂലൈ 25ലെ ബംഗളൂരു സ്‌ഫോടന പരമ്പര കേസിൽ പ്രതിയായതിനാൽ വീണ്ടും കേസിൽപ്പെട്ടു. ഈ കേസിലും മദനിക്ക് എതിരെ വ്യക്തമായ തെളിവില്ലെന്നാണ് വിലയിരുത്തലുകൾ. ആ സാഹചര്യത്തിൽ ദേശ ദ്രോഹം കുറ്റം ഉൾപ്പെടുത്തി മദനിയെ ജയിലിൽ അടയ്ക്കുകയായിരുന്നു. എന്നാൽ കടുത്ത ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ഉപാധികളോടെ ജാമ്യം കിട്ടി.

എന്നാൽ കേരളത്തിൽ ചികിൽസ തേടാൻ അനുവദിക്കണമെന്ന മദനിയുടെ ആവശ്യം പോലും കർണ്ണാടക പൊലീസ് അംഗീകരിക്കുന്നില്ല. ഇതിനിടെയാണ് വിചാരണ നീട്ടാനുള്ള കള്ളക്കളികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP