Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉതുപ്പിന്റെ അറസ്റ്റിൽ ഞെട്ടി മുഖ്യമന്ത്രിയുടെ അടുപ്പക്കാർ; ഇന്റർപോൾ കൈമാറുന്നത് സിബിഐയ്ക്ക്; എത്ര ശ്രമിച്ചാലും രക്ഷിക്കാൻ കേരളാ പൊലീസിന് ആവില്ല; മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സംരക്ഷണയിൽ കോടീശ്വരനായ പള്ളി കമാണ്ടർ കേരളത്തിലെ കോൺഗ്രസിന്റെ അന്തകനാകുമോ?

ഉതുപ്പിന്റെ അറസ്റ്റിൽ ഞെട്ടി മുഖ്യമന്ത്രിയുടെ അടുപ്പക്കാർ; ഇന്റർപോൾ കൈമാറുന്നത് സിബിഐയ്ക്ക്; എത്ര ശ്രമിച്ചാലും രക്ഷിക്കാൻ കേരളാ പൊലീസിന് ആവില്ല; മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സംരക്ഷണയിൽ കോടീശ്വരനായ പള്ളി കമാണ്ടർ കേരളത്തിലെ കോൺഗ്രസിന്റെ അന്തകനാകുമോ?

ബി രഘുരാജ്‌

കുവൈത്ത്: നേഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് ഉതുപ്പ് വർഗ്ഗീസ് പ്രതിസ്ഥാനത്തായതോടെ തന്നെ കേരളത്തിലെ ഉന്നത രാഷ്ട്രീയ നേതൃത്വവും അങ്കലാപ്പിലായി. എല്ലാ പാർട്ടിയിലും ഉതുപ്പിന് അടുപ്പക്കാരുണ്ടായിരുന്നു. അതിന്റെ സാധ്യതകൾ ഉപയോഗിച്ച് രക്ഷപ്പെടാനും ഉതുപ്പ് ശ്രമിച്ചു. ഇതിന് ബിജെപി സൗഹൃദങ്ങളും ഉപയോഗിക്കാൻ ഉതുപ്പ് പരമാവധി നോക്കി. ഹൈക്കോടതിയിൽ ജാമ്യാപേക്ഷ വാദത്തിന് ബിജെപി നേതാവിനെ തന്നെ എത്തിക്കാൻ ശ്രമിച്ചു. എന്നാൽ ഒന്നും നടന്നില്ല. അതിന് മുമ്പ് തന്നെ ഉതുപ്പ് വർഗ്ഗീസിന്റെ ബന്ധങ്ങൾ ബിജെപി അധ്യക്ഷൻ അമിത് ഷാ തിരിച്ചറിഞ്ഞു. ഇതോടെ ഉതുപ്പിനെ രക്ഷിക്കാൻ ശ്രമിക്കേണ്ടെന്ന് എല്ലാ ബിജെപിക്കാർക്കും മുന്നറിയിപ്പും നൽകി. ഇതിന്റെ പ്രതിഫലനമാണ് അബുദാബിയിൽ ഇന്റർപോളിന്റെ വലയിൽ ഉതുപ്പ് കുടുങ്ങിയത്.

കേസിൽ എത്ര ഉന്നതരുണ്ടെങ്കിലും വലവീശിപ്പിടിക്കാനാണ് സിബിഐയ്ക്ക് കിട്ടിയിരിക്കുന്ന നിർദ്ദേശം. ആദായ നികുതി വകുപ്പും അന്വേഷണങ്ങളിൽ സജീവമാണ്. കേരളത്തിലെ കോൺഗ്രസിനെ അഴിമതിക്കുരുക്കിൽ തളയ്ക്കാനുള്ള വക ഈ അന്വേഷണത്തിൽ കിട്ടുമെന്നാണ് അമിത് ഷായുടെ പ്രതീക്ഷ. അതു തന്നെയാകും വരും ദിനങ്ങളിൽ അന്വേഷണത്തിൽ പ്രതിഫലിക്കുക. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അടുത്തയാളുകളെല്ലാം ഭയപ്പാടിലുമാണ്. പുതുപ്പള്ളി സ്വദേശിയായ ഉതുപ്പിന് മുഖ്യമന്ത്രിയുമായുള്ള ബന്ധം പരസ്യമാണ്. പുതുപ്പള്ളിയിലെ വിവാദ ചാരിറ്റബിൾ സംഘടനയിലും ഉതുപ്പ് ട്രസ്റ്റിയായിരുന്നു. ഈ ട്രസ്റ്റുമായി ബന്ധപ്പെട്ട വിവാദങ്ങളിലാണ് ഇത്തവണ മുഖ്യമന്ത്രിയായ ശേഷം ഉമ്മൻ ചാണ്ടി ആദ്യം കുടുങ്ങിയത്. ഇതിലെ കള്ളക്കളിയുൾപ്പെടെ എല്ലാം ഉതുപ്പിന് അറിയാം. എല്ലാത്തനുമുപരി ശതകോടികളുടെ സ്വത്ത് നേടാൻ മുഖ്യമന്ത്രിയുടെ ഓഫീസിനേയും ഉതുപ്പ് സമർത്ഥമായി ഉപയോഗിച്ചിട്ടുണ്ട്. യാക്കോബായ സഭയുടെ കമാണ്ടർ പദവിയിൽ ഉതുപ്പിനെ എത്തിച്ചതും ഉന്നത ബന്ധങ്ങളാണ്.

അതുകൊണ്ട് കൂടിയാണ് ഉതുപ്പ് വിലസിയത്. റിക്രൂട്ട്‌മെന്റ് കേസിൽപ്പെട്ടിട്ടും കുവൈത്തിൽ പരസ്യമായി കഴിഞ്ഞു. നേഴ്‌സുമാരിൽ നിന്ന് പരസ്യമായി പിരിവുമെടുത്തു. ഇതിനെല്ലാം കാരണം ഉമ്മൻ ചാണ്ടിയുടെ ബന്ധം നൽകിയ ആത്മവിശ്വാസമാണെന്നാണ് വിലയിരുത്തൽ. മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ രക്ഷിക്കുമെന്ന് ഉതുപ്പ് തന്നെ പലരോടും പറഞ്ഞു. ഇതിനെയാണ് സിബഐയുടെ ഇടപെടൽ പൊളിച്ചത്. അതുകൊണ്ട് തന്നെ സോളാർ കേസ് പോലെ റിക്രൂട്ട്‌മെന്റേ തട്ടിപ്പ് കേസ് അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ തിരിയാൻസാധ്യത ഏറെയാണ്. ഇത് തരിച്ചറിഞ്ഞ് തന്നെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രവർത്തനവും. എന്തുവന്നാലും തങ്ങളെ ഉതുപ്പ് ഒറ്റികൊടുക്കില്ലെന്ന വിശ്വാസത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ പല ഉന്നതരും.

ഉമ്മൻ ചാണ്ടി ചെയർമാനും, ഉതുപ്പ് വർഗീസ് ഡയറക്ടർ ബോർഡ് അംഗവുമായിരുന്ന പുതുപ്പള്ളിയിലെ ആശ്രയ ട്രസ്റ്റിനെ മറയാക്കിയാണ് കോടികളുടെ തട്ടിപ്പ് അരങ്ങേറിയിട്ടുള്ളതെന്നാണ് ആക്ഷേപം. കമ്പനി ആക്ട് അനുസരിച്ച് 2007ൽ രജിസ്റ്റർ ചെയ്യപ്പെട്ട ആശ്രയ ട്രസ്റ്റിൽ ഉമ്മൻ ചാണ്ടിയും ഉതുപ്പ് വർഗീസും യഥാക്രമം ചെയർമാനും, ഡയക്ടർ ബോർഡ് അംഗവുമായിരുന്നു. ഉതുപ്പ് വർഗീസിന്റെ ദുരൂഹമായ സാമ്പത്തിക ഇടപാടുകൾ ആശ്രയ ട്രസ്റ്റ് വഴിയാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ ആരോപിച്ചിരുന്നു. കുവൈറ്റിലേക്ക് നേഴ്‌സുമാരെ റിക്രൂട്ട്‌മെന്റ് ചെയ്ത കേസിൽ കൊച്ചിയിലെ അൽ സറാഫാ ഏജൻസി ഉടമ ഉതുപ്പ് വർഗീസ് 250 കോടിയിലേറെ രൂപ വെട്ടിച്ചതായാണ് കേസ്. ഇയാളുടെ വെട്ടിപ്പിന് ഇരയായ നേഴ്‌സുമാർ കഴിഞ്ഞ ഡിസംബർ 25ന് ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിയിലെ വീട്ടിൽ നിരാഹാരസമരം നടത്തിയിരുന്നു. അതിനുശേഷമുള്ള നാലുമാസത്തിനിടയിലാണ് ഇയാൾ വീണ്ടും തട്ടിപ്പ് നടത്തിയത്. ഈ വിഷയമെല്ലാം സിബിഐ അന്വേഷിക്കും.

കേസിന്റെ തുടക്കത്തിൽ ഉതുപ്പിനായി മുഖ്യമന്ത്രി ഇടപെട്ടിരുന്നുവെന്ന് ആരോപണം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിമർശനവുമായി പ്രതിപക്ഷ നേതാവ് രംഗത്ത് വന്നതും. എന്നിട്ടും ഉതുപ്പിനെതിരെ പ്രതികരിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല. സാധാരണ കേസായി ഒതുക്കാനും ഒത്തുതീർപ്പാക്കാനുമായിരുന്നു നീക്കം. എന്നാൽ തട്ടിപ്പിനിരയായവരുടെ പരാതിയെത്തുടർന്ന് കേസ് സിബിഐക്ക് കൈമാറുകയുമായിരുന്നു. കടുത്ത നടപടികളുമായി മുന്നോട്ട് പോയ സിബിഐ ഇന്റർപോളിനെ സമീപിച്ചതോടെ ഉമ്മൻ ചാണ്ടി നിസഹായനായി. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാൻ കരാർ ലഭിച്ച ഉതുപ്പിന്റെ അൽ സറാഫ ഏജൻസിക്ക് 19500 രൂപയാണ് ഒരു ഉദ്യോഗാർത്ഥിയിൽ നിന്നും ഈടാക്കാൻ അനുവാദമുണ്ടായിരുന്നത്. എന്നാൽ 25 ലക്ഷം വരെയാണ് ഉതുപ്പ് നേഴ്‌സുമാരിൽ നിന്നും വാങ്ങിയത്. മുന്നൂറ് കോടിയോളം രൂപ ഇത്തരത്തിൽ തട്ടിയതായാണ് സിബിഐയുടെ കണ്ടെത്തൽ.

അതിനിടെ തട്ടിപ്പിലൂടെ നേടിയ 506 കോടി രൂപ ഹവാല ഇടപാടുവഴി വിദേശത്തേക്കു കടത്തിയ ഏജന്റിനെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ചോദ്യംചെയ്തു. മുംബൈ വ്യവസായി അലക്‌സാണ്ടർ കോശി പ്രിൻസ് വൈദ്യനെയാണ് ആദായനികുതി വകുപ്പ് അധികൃതർ ഇന്നലെ ചോദ്യംചെയ്തത്. കുവൈത്ത് നഴ്‌സ് റിക്രൂട്ട്‌മെന്റ് കേസിലുൾപ്പെട്ട മുംബൈയിലെ മാത്യു ഇന്റർനാഷണൽ, കൊച്ചിയിലെ അൽസറഫ എന്നീ സ്ഥാപനങ്ങളുമായി അടുത്ത ബന്ധമുള്ള വ്യവസായിയാണ് അലക്‌സാണ്ടർ. മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന മാത്യു ഇന്റർനാഷണൽ വഴിയാണ് റിക്രൂട്ട്‌മെന്റുകാരുടെ വിശ്വസ്തനായ ഹവാല ഏജന്റായി മാറിയത്. കള്ളപ്പണമെന്ന അന്വേഷണവും രാഷ്ട്രീയ നേതൃത്വത്തെ ലക്ഷ്യമിട്ടാണ്. ഉമ്മൻ ചാണ്ടിയുടെ ചാരിറ്റബിൾ ട്രസ്റ്റായ ആശ്രയയിലേക്ക് കാര്യങ്ങളെത്തിക്കാനാണ് നീക്കമെന്നാണ് സൂചന. മുംബൈയിലെ സ്വകാര്യകമ്പനിയുടെ ഡയറക്ടറായ ഇയാൾ കൂടുതൽ ഏജൻസികളുമായി ഹവാല ഇടപാടുകൾ നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും എൻഫോഴ്‌സ്‌മെന്റ് അറിയിച്ചു. ഇതും രാഷ്ട്രീയ നേതൃത്വത്തെ കുടുക്കാനുള്ള സാധ്യതകളിലേക്കാണ് വിരൽ ചുണ്ടുന്നത്.

അബുദാബിയിലെ ഹോട്ടലിൽനിന്ന് ഇന്റർപോളാണ് ഉതുപ്പിനെ കസ്റ്റഡിയിലെടുത്തത്. ഇക്കാര്യം കേസന്വേഷിക്കുന്ന സിബിഐ സംഘത്തെ ഇന്റർപോൾ അറിയിച്ചു. കുറ്റവാളികളെ കൈമാറാൻ ഇന്ത്യയും യുഎഇയും തമ്മിൽ കരാറുള്ളതിനാൽ ഉതുപ്പിനെ വിട്ടുകിട്ടാൻ പ്രയാസമുണ്ടാകില്ല. രാജ്യാന്തര നിയമപ്രകാരമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം ഉതുപ്പിനെ ഇന്ത്യയിലേക്ക് കൊണ്ടുവരും. ഇതിന് ആഴ്ചകൾ എടുക്കുമെന്ന് സിബിഐ വൃത്തങ്ങൾ പറഞ്ഞു. അതിന് ശേഷം ഉതുപ്പിനെ സിബിഐ വിശദമായി ചോദ്യം ചെയ്യും. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓഫീസുമായുള്ള ബന്ധവും അന്വേഷിക്കും. ഉതുപ്പിന്റെ മൊഴിയെടുത്ത ശേഷമാകും അന്വേഷണത്തിന്റെ ഗതി മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ തിരിക്കുക. കുവൈത്തിലേക്ക് റിക്രൂട്ട്‌ചെയ്തതിന്റെ മറവിൽ നേഴ്‌സുമാരിൽനിന്ന് 300 കോടിയോളം രൂപ ഉതുപ്പ് തട്ടിയെടുത്തെന്നാണ് സിബിഐ കേസ്. ഉതുപ്പിന്റെ ഉടമസ്ഥതയിലുള്ള അൽ ശറഫ മാൻപവർ കൺസൾട്ടൻസി സ്ഥാപനം കുവൈത്തിലേക്ക് റിക്രൂട്ട്‌ചെയ്ത ഓരോ നേഴ്‌സിൽനിന്നും 20 ലക്ഷം രൂപവരെ തട്ടിയെടുത്തു. 19,000 രൂപയാണ് നിയമപ്രകാരമുള്ള കൺസൾട്ടൻസി ഫീസ്.

കൊച്ചിയിലെ മുൻ പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്‌സ് എൽ അഡോൾഫസ് ഒന്നാംപ്രതിയായ കേസിൽ ഉതുപ്പ് മൂന്നാംപ്രതിയാണ്. നേരത്തെ മുൻകൂർ ജാമ്യത്തിനായി ഉതുപ്പ് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും തള്ളി. വിദേശത്തുള്ള പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഇതോടെയാണ് ഉതുപ്പിന്റെ അറസ്റ്റിന് സിബിഐ നീക്കം തുടങ്ങിയത്. സിബിഐ നൽകിയ അപേക്ഷയിൽ ഇന്റർപോൾ ഉതുപ്പിനു വേണ്ടി റെഡ് കോർണർ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇതോടെ ഉതുപ്പിനെ രക്ഷിക്കാനുള്ള കേരളത്തിലെ രാഷ്ട്രീയ ഉന്നതരുടെ നീക്കവും പൊളിഞ്ഞു. വിദേശ റിക്രൂട്ട്‌മെന്റിലെ ഏജൻസികളുടെ ചൂഷണം തടയേണ്ട കേന്ദ്രസർക്കാർ ഉദ്യോഗസ്ഥനായ പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്‌സ് ലോറൻസ് അഡോൾഫസിന്റെ സഹായത്തോടെയായിരുന്നു ഉതുപ്പിന്റെ തട്ടിപ്പ്. ഉതുപ്പിനെതിരെ നഴ്‌സുമാർ നൽകിയ പരാതി അഡോൾഫസ് ഉതുപ്പിന് അയച്ചുനൽകിയതായും കണ്ടത്തിയിരുന്നു.

ജോജിയെന്ന ആളിനെ വെടിവച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി കൂടിയാണ് ഉതുപ്പ്. അന്നു വെടിയേറ്റപ്പോൾ ശരീരത്തിൽ തുളച്ചുകയറിയ വെടിയുണ്ടകൾ തകർത്തത് ജോജിയുടെ ജീവിതമായിരുന്നു. ഉന്നത രാഷ്ട്രീയബന്ധവും സാമുദായിക ബന്ധവും പണംമുടക്കി നേടിയെടുത്ത മൈലക്കാട് എം വി ഉതുപ്പ് എന്ന ക്രിമിനൽ വ്യവസായ പ്രമുഖന്റെ അഹന്തയ്ക്കു മുൻപിൽ തോറ്റു കൊടുക്കില്ലെന്ന നിശ്ചയദാർഢ്യത്തോടെ പോരാടുകയാണ് ജോജി. പുതുപ്പള്ളിയിലെ മൈലക്കാടു കുര്യാക്കോസിന്റെ മകനായ ജോജിക്കു തന്റെ സമ്പത്തിന്റെ ഒരു ഭാഗം ചികിത്സയ്ക്കായി വില്‌ക്കേണ്ടി വന്നു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെന്ന രാഷ്ട്രീയക്കാരന്റെ പിൻബലമുണ്ടെന്ന അഹങ്കാരത്തിലാണ് ഉതുപ്പിന്റെ പ്രവർത്തനങ്ങളെന്ന് ജോജിയും ആരോപിച്ചിരുന്നു.

തന്റെ അനിയന്റെ ഭാര്യയുമായുള്ള ഉതുപ്പിന്റെ രഹസ്യബന്ധത്തെക്കുറിച്ച് മുഖ്യമന്ത്രിയോടു മാത്രമേ താൻ സംസാരിച്ചിട്ടുള്ളൂ(അന്ന് ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവാണ്)അത് ഉതുപ്പ് അറിഞ്ഞത് ഒന്നുകിൽ ഉമ്മൻ ചാണ്ടിയിൽനിന്ന്, അല്ലെങ്കിൽ പി എ ആയിരുന്ന ജിക്കു മോനിൽനിന്ന്. താൻ മുഖ്യമന്ത്രിയുമായി ഈ വിഷയം സംസാരിക്കുന്നത് പുതുപ്പള്ളിയിൽ അദ്ദേഹത്തിന്റെ സ്റ്റേറ്റ് കാറിൽ വച്ചാണ്. ആ സമയം ജിക്കുവായിരുന്നു ഉമ്മൻ ചാണ്ടിയോടൊപ്പമുണ്ടായിരുന്നത്. തന്റെ അനിയന്റെ ഭാര്യയുമായി ഉതുപ്പിനുള്ള ബന്ധത്തിൽ സംശയം തോന്നിയ അനിയൻ തന്നെയാണ് ഫോൺ റെക്കോഡ് മോദിലിട്ട് ഇരുവരുടെയും സംസാരം കയ്യോടെ പിടിച്ചത്. ഈ വിവരം താൻ ഉമ്മൻ ചാണ്ടിയോട് പറഞ്ഞു ദിവസങ്ങൾക്കു ശേഷമാണ് ഉതുപ്പിൽ നിന്നും ആക്രമണം ഉണ്ടായത്. തന്നെ തിരഞ്ഞു വന്ന ഉതുപ്പ് ഒരു പറമ്പിൽ വച്ചാണ് കയ്യിൽ കരുതിയ തോക്കെടുത്ത് വെടിവച്ചതെന്നാണ് ജോജിയുടെ പരാതി.

ഉതുപ്പിനെതിരായ വധശ്രമക്കേസ് ഇപ്പോൾ എതാണ്ട് അട്ടിമറിക്കപ്പെട്ട അവസ്ഥയിലാണ്. രാഷ്ട്രീയസ്വാധീനമുപയോഗിച്ചു പല സാക്ഷികളേയും ഉതുപ്പ് ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. കേരളപൊലീസ് അന്വേഷിക്കുന്ന കേസിൽ തനിക്ക് വിശ്വാസമില്ലെന്നും ജോജി വ്യക്തമാക്കിയിരുന്നു. ഈ വിഷയങ്ങളും സിബിഐ പരിശോധിക്കുമെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP